റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, 88,500ന് മുകളില്‍

റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് ആയിരം രൂപ, 88,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നത് തുടരുന്നു. ഇന്ന് പവന് ആയിരം രൂപയാണ് വര്‍ധിച്ചത്. 88,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരിക്കുകയാണ്. ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. 11,070 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി എണ്‍പതിനായിരം പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വില ഉയരാന്‍ കാരണമാകുന്നുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലന്‍സ്

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം തള്ളി ദേവസ്വം വിജിലന്‍സ്

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപ്പാലക ശില്‍പ്പങ്ങളിലേത് സ്വര്‍ണം തന്നെയെന്ന് സമ്മതിച്ച് ദേവസ്വം ഉദ്യോഗസ്ഥരുടെ മൊഴി. 2019ലെ ദേവസ്വം ഉത്തരവില്‍ ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയത് അബദ്ധമാണെന്ന വിചിത്ര വിശദീകരണവും അന്നത്തെ ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സിന് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യഥാര്‍ഥ ചെമ്പ് പാളിയില്‍ നേരിയ അളവിലാണ് സ്വര്‍ണം പൊതിഞ്ഞിരുന്നത്. അതുകൊണ്ടാണ് ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതെന്നാണ് 2019ലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ മൊഴി നല്‍കിയത്. വിവാദ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് 1999ല്‍ വിജയ് മല്യ സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പ് പാളി തന്നെയാണെന്നും ഉദ്യോഗസ്ഥര്‍ സമ്മതിച്ചു.

അതിനിടെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയേക്കില്ല. ദേവസ്വം ഉദ്യോഗസ്ഥരുടെ നടപടിയും സംശയാസ്ദപദമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ശബരിമലയില്‍ നിന്ന് കിട്ടിയത് ചെമ്പു പാളി എന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ഇത് നുണയെന്ന് പറയുന്ന അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത് സ്വര്‍ണത്തില്‍ പൊതിഞ്ഞ ചെമ്പു പാളി എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തി.

അതുകൊണ്ട് തന്നെ യഥാര്‍ഥ പാളി ഉണ്ണികൃഷ്ണന്‍ പോറ്റി എന്തു ചെയ്‌തെന്നും തിരികെ കൊണ്ടുവന്നത് യഥാര്‍ഥ പാളിയാണോ എന്നതില്‍ വ്യക്തതയില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ചെമ്പു പാളി എന്ന് രേഖപ്പെടുത്തിയതില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയും വിജിലന്‍സ് സംഘം പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുന്ന അന്വേഷണ റിപ്പോര്‍ട്ട് ഈയാഴ്ച തന്നെ കോടതിയില്‍ സമര്‍പ്പിച്ചേക്കും.

നിയമസഭാ സമ്മേളനം ഇന്ന്

നിയമസഭാ സമ്മേളനം ഇന്ന്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നിയമസഭാ സമ്മേളനം ഇന്ന് നടക്കും. ശബരിമല സ്വർണപ്പാളി വിവാദമുൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സ്വർണം കാണാതായതിന്റെ ഉത്തരവാദിത്വത്തിൽ നിന്നു സർക്കാരിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞു മാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. ‌

സ്വർണം കാണാതായതിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നേരത്തെ പ്രശ്നം അടിയന്തര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരി​ഗണനയിലായതിനാൽ ചർച്ച അനുവദിച്ചിരുന്നില്ല.

സർവകലാശാല നിയമഭേദ​ഗതി ബില്ലും ഡിജിറ്റൽ സർവകലാശാല ഭേദ​ഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ചം​ഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോ​ഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവകലാശാല നിയമഭേ​ദ​ഗതി ബിൽ. മുൻപ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും.

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ

പാക്കിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതകൾ

കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തില്‍ തന്നെ പതറി. 26 റണ്‍സിനിടെ ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മുനീബ അലി(2), സദഫ് ഷമാസ്(6), അലിയ റിയാസ്(2) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ നാലാം വിക്കറ്റില്‍ സിദ്ര ആമിനും നതാലിയ പെര്‍വൈസും ചേര്‍ന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു. 33 റണ്‍സെടുത്ത നതാലിയയും പിന്നാലെ ക്യാപ്റ്റന്‍ ഫാത്തിമ സനയും(2) പുറത്തായി. അതോടെ ടീം 30.5 ഓവറില്‍ 102-5 എന്ന നിലയിലായി.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്രീസില്‍ നിലയറപ്പിച്ച് ബാറ്റേന്തിയ സിദ്ര ആമിനാണ് പാകിസ്താനെ മുന്നോട്ടുനയിച്ചത്. താരം അര്‍ധസെഞ്ചുറി തികച്ചതോടെ ടീമിന് നേരിയ ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തി തിരിച്ചടിച്ചു. സിദ്ര നവാസ്(14), രമീന്‍ ഷമീം(0) എന്നിവര്‍ കൂടാരം കയറി. പിന്നാലെ പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സിദ്ര ആമിനും പുറത്തായതോടെ ടീം പരാജയം മണത്തു. 106 പന്തില്‍ 81 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒടുക്കം 159-ന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സില്‍ ഓള്‍ ഔട്ടായി. അവസാന ഘട്ടത്തില്‍ കൂറ്റനടികളുമായി കളം വാണ റിച്ച ഘോഷിന്റെ ബാറ്റിങാണ് ഈ നിലയ്ക്ക് സ്‌കോറെത്തിച്ചത്. കാമിയോ ഇന്നിങ്‌സുമായി കളം വാണ താരം 20 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 35 റണ്‍സുമായി പുറത്താകാതെ നിന്നു. സ്മൃതി മന്ധാന- പ്രതിക റാവല്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സ്‌കോര്‍ 48ല്‍ നില്‍ക്കെ സ്മൃതിയെ മടക്കിയാണ് പാകിസ്ഥാന്‍ കൂട്ടുകെട്ട് പൊളിച്ചത്. സ്മൃതി 32 പന്തില്‍ 4 ഫോറുകള്‍ സഹിതം 23 റണ്‍സുമായി മടങ്ങി. പാക് ക്യാപ്റ്റന്‍ ഫാത്തിമ സന സ്മൃതിയ എല്‍ബിഡബ്ല്യു കുരുക്കില്‍പ്പെടുത്തി. സ്‌കോര്‍ 67ല്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. പ്രതിക റാവലാണ് മടങ്ങിയത്. താരം 37 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സെടുത്തു. സാദിയ ഇഖ്ബാല്‍ ഇന്ത്യന്‍ ഓപ്പണറെ ക്ലീന്‍ ബൗള്‍ഡാക്കി.മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് കൂടാരം കയറിയത്. താരം 19 റണ്‍സെടുത്തു. ഡിയാന ബയ്ഗിനാണ് വിക്കറ്റ് വീഴ്ത്തിയത്. ഹര്‍ലീന്‍ ഡിയോളിനു അര്‍ധ സെഞ്ച്വറി 4 റണ്‍സ് അകലെ നഷ്ടമായി. 65 പന്തില്‍ ഒരു സിക്‌സും 4 ഫോറും സഹിതം ഹര്‍ലീന്‍ 46 റണ്‍സെടുത്തു. താരത്തെ റമീന്‍ ഷമീമാണ് മടക്കിയത്. ഹര്‍ലീനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മത്സരം പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടില്‍ ചെറു പ്രാണികള്‍ നിറഞ്ഞത് കളി ഇടയ്ക്ക് നിര്‍ത്തി വയ്ക്കാന്‍ ഇടയാക്കി. പ്രാണികളെ തുരത്തിയ ശേഷം 15 മിനിറ്റുകള്‍ കഴിഞ്ഞാണ് മത്സരം പുനരാരംഭിച്ചത്. മത്സരം വീണ്ടും തുടങ്ങിയതിനു പിന്നാലെ അഞ്ചാം വിക്കറ്റായി ജെമിമ റോഡ്രിഗസും പുറത്തായി. താരം 37 പന്തില്‍ 5 ഫോറുകള്‍ സഹിതം 32 റണ്‍സെടുത്തു. നസ്‌റ സന്ധുവാണ് ജെമിമയെ വിക്കറ്റിനു മുന്നില്‍ കുരുക്കി മടക്കിയത്.

പിന്നീട് ദീപ്തി ശര്‍മ- സ്നേഹ് റാണ സഖ്യം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇരുവരും മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ തുടരെ മടങ്ങി. ദീപ്തി 25 റണ്‍സും സ്നേഹ് റാണ 20 റണ്‍സുമാണ് സ്വന്തമാക്കിയത്. ദീപ്തിയെ ഡയാന ബയ്ഗും സ്നേഹ് റാണയെ ഫാത്തിമ സനയുമാണ് പുറത്താക്കിയത്. പിന്നാലെയാണ് റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ്. അവസാന ഓവറിലെ അവസാന രണ്ട് പന്തിലും ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. കൃത്യം 50 ഓവറില്‍ ഇന്ത്യ ഓള്‍ ഔട്ടായി.

അയിലം ഗവൺമെന്റ് എച്ച് എസിൽ എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവ്

അയിലം ഗവൺമെന്റ് എച്ച് എസിൽ എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവ്

അയിലം ഗവൺമെന്റ് എച്ച് എസിൽ എൽ പി എസ് ടി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ പോസ്റ്റ് ചെയ്യുന്നതിനുള്ള ഇന്റർവ്യൂ 7- 10- 2025 ചൊവ്വാഴ്ച 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റ് സഹിതം ഹാജരാക്കുക.

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വി & എച്ച്എസ്എസിലെ യുവജനോത്സവം നാളെ

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വി & എച്ച്എസ്എസിലെ യുവജനോത്സവം നാളെ

ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ വി & എച്ച്എസ്എസിൽ ദൃശ്യോത്സവം 2025 സംഘടിപ്പിക്കുന്നു. ഒക്ടോബർ 6, 7 തീയതികളിലായി ഗവൺമെന്റ് മോഡൽ വിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്.

സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംവിധായകനും തിരക്ക് തിരക്കഥാകൃത്തും കേരള സർക്കാരിന്റെ ഔദ്യോഗിക സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ മെമ്പർ സെക്രട്ടറിയുമായ ഡോക്ടർ പ്രമോദ് പയ്യന്നൂർ നിർവഹിക്കും. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ തുളസീധരൻപിള്ള മുഖ്യാതിഥിയാകും. പിടിഎ പ്രസിഡന്റ് സന്തോഷ്, ഹെഡ്മാസ്റ്റർ കെ അനിൽകുമാർ, പ്രിൻസിപ്പൽ ജവാദ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എ ഹസീന, എസ് എം സി ചെയർമാൻ ആദേശ് പി, സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാർ എസ്, എം പി ടി എ പ്രസിഡന്റ് സൗമ്യ എൽ, കലോത്സവം കൺവീനർ കിരൺകുമാർ പി, സ്കൂൾ ചെയർപേഴ്സൺ അവന്തിക എസ് നായർ തുടങ്ങി മറ്റു പ്രമുഖരും പങ്കെടുക്കും.