നാവായിക്കുളത്ത് എംഡിഎംഎ വിൽപ്പനക്കാരൻ പിടിയിൽ

നാവായിക്കുളത്ത് എംഡിഎംഎ വിൽപ്പനക്കാരൻ പിടിയിൽ

കല്ലമ്പലം: നാവായിക്കുളത്ത് മാരക മയക്കുമരുന്നായ എംഡിഎംഎ ചെറിയ പൊതികളിലാക്കി വിൽപ്പന നടത്തിയിരുന്ന യുവാവിനെ ഡാൻസഫ് സംഘം പിടികൂടി. കല്ലമ്പലം മുള്ളറംകോട് സന്ധ്യ നിവാസിൽ സനൽ എസ് (36) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മീഡിയം അളവിലുള്ള എംഡിഎംഎയും പോലീസ് പിടിച്ചെടുത്തു.

പ്രതി ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ നാവായിക്കുളം ചിറ്റായിക്കോടിന് സമീപത്ത് നിന്നാണ് സനലിനെ എംഡിഎംഎയുമായി പിടികൂടിയത്.

ഡാൻസഫ് എസ്.ഐ. മനു, എസ്.ഐ. ബിജുകുമാർ, എ.എസ്.ഐ. അനൂപ്, എസ്.സി.പി.ഒ. വിനീഷ്, സി.പി.ഒമാരായ ഫാറൂഖ്, സുജിൽ, സുനി രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറുമെന്ന് അറിയിച്ചു.

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി ‘പടയപ്പ’; വെയിറ്റിംഗ് ഷെഡും കടയും തകർത്തു

മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ ഭീതി പരത്തി ‘പടയപ്പ’; വെയിറ്റിംഗ് ഷെഡും കടയും തകർത്തു

മൂന്നാർ: മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ വീണ്ടും പടയപ്പയെന്ന ഒറ്റയാന്റെ സാന്നിധ്യം. സൈലന്റ് വാലിയിൽ വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്ന കടയും തകർത്തു കടയിലുണ്ടായിരുന്ന സാധനങ്ങളും നശിപ്പിച്ചു. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സൈലൻറ് വാലി എസ്റ്റേറ്റ് മേഖലയിലാണ് ഇന്ന് പുലർച്ചെയോടെ പടയപ്പ വീണ്ടും നാശം വിതച്ചത്. റോഡരികിലെ ബസ് വെയിറ്റിംഗ് ഷെഡും അതിനോട് ചേർന്നിരുന്ന കടയും ആന തകർത്തു. കടയ്ക്കുള്ളിലുണ്ടായിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും പൂർണമായും നശിച്ചതായി വ്യാപാരി പറഞ്ഞു.

കഴിഞ്ഞ ഒരു മാസമായി മൂന്നാർ സൈലന്റ് വാലി എസ്റ്റേറ്റിലെ വിവിധ ഡിവിഷനുകളിൽ കാട്ടാന സ്ഥിരമായി എത്തുന്നത് തൊഴിലാളികളിലും പ്രദേശവാസികളിലും ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. മേഖലയിലെ കൃഷിയിടങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് പടയപ്പ വരുത്തിവെച്ചിട്ടുള്ളത്.

സൈലന്റ് വാലി എസ്റ്റേറ്റിലെ ഒന്നും രണ്ടും ഡിവിഷനുകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പയെ പതിവായി കണ്ടുവരുന്നത്. എസ്റ്റേറ്റ് റോഡുകളിലും തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടടുത്തും കാട്ടാന എത്തുന്നതോടെ വലിയ ഭീതിയിലാണ് കുടുംബങ്ങൾ കഴിയുന്നത്. രാത്രികാലങ്ങളിൽ ലയങ്ങൾക്ക് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

രാത്രിക്ക് പുറമെ പകൽ സമയങ്ങളിലും പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം തുടരുന്നത് തൊഴിലാളികളുടെ ജോലിക്കും ഭീഷണിയായിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് പലരും ജോലിക്കിറങ്ങുന്നത്. വനവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും, പടയപ്പയെ ജനവാസ മേഖലയിൽ നിന്ന് കാട്ടിലേക്ക് തുരത്താൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; ‘ഓപ്പറേഷന്‍ പാര്‍പ്പിട’ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

കൈക്കൂലിയായി വാങ്ങിയത് 45 ലക്ഷം രൂപ; ‘ഓപ്പറേഷന്‍ പാര്‍പ്പിട’ത്തില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ നടത്തിയ സംസ്ഥാനവ്യാപക മിന്നല്‍ പരിശോധനയില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കല്‍, അനധികൃത നിര്‍മാണങ്ങള്‍ എന്നിവയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. അഴിമതി നടന്നതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘ഓപ്പറേഷന്‍ പാര്‍പ്പിടം’ എന്ന പേരില്‍ ബുധനാഴ്ച സംസ്ഥാനത്തെ 68 ഓഫീസുകളിലായാണ് പരിശോധന നടത്തിയത്. ആറ് കോര്‍പ്പറേഷനുകള്‍, 30 മുന്‍സിപ്പാലിറ്റികള്‍, 24 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധന അര്‍ദ്ധരാത്രി വരെ നീണ്ടു. കെട്ടിടങ്ങളുടെ പ്ലാന്‍ തയ്യാറാക്കുന്നതിലും അനുമതിക്കായി സമര്‍പ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, എന്‍ജിനീയര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കരാറുകാര്‍, ഏജന്റുമാര്‍ എന്നിവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി 45 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.

കെട്ടിട അനുമതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അനധികൃതമായി പണം കൈപ്പറ്റിയെന്ന സംശയം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ കരാറുകാരും കണ്‍സള്‍ട്ടന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന നിരവധി ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുന്നംകുളം മുന്‍സിപ്പാലിറ്റി സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടനിലക്കാര്‍ വഴി 21.5 ലക്ഷം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയെന്നും എന്നാല്‍ ഈ ഇടപാടുകളെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ലെന്നും വിജിലന്‍സ് പറഞ്ഞു.

കൊച്ചി കോര്‍പ്പറേഷന്റെ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫിസിലെ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍, ഒരു ഓവര്‍സിയര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ ചേര്‍ന്ന് കരാറുകാരില്‍ നിന്ന് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ആകെ 12.69 ലക്ഷം രൂപ കൈപ്പറ്റി. നെടുമങ്ങാട് മുന്‍സിപ്പാലിറ്റിയിലെ സര്‍വേയറുടെ സ്വകാര്യ വാഹനത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 45,000 രൂപ കണ്ടെത്തി. നെയ്യാറ്റിന്‍കര, വര്‍ക്കല മുന്‍സിപ്പാലിറ്റികള്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് തുടങ്ങി നിരവധി തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇടപാടുകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

കെട്ടിട പെര്‍മിറ്റുകള്‍, ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകള്‍, കെട്ടിട നമ്പറുകള്‍, നികുതി നിര്‍ണയം എന്നിവ നല്‍കുന്നതില്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടന്നതായി പരിശോധനയില്‍ തെളിഞ്ഞു. നടപടിക്രമങ്ങള്‍ പാലിക്കാതെ അനധികൃതമായുള്ള നിര്‍മാണങ്ങള്‍ക്ക് കൂട്ടുനിന്നെന്നും, പല കേസുകളിലും കൈക്കൂലി വാങ്ങിയ ശേഷം ഉദ്യോഗസ്ഥര്‍ ഒക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റുകളും കെട്ടിട നമ്പറുകളും നല്‍കിയെന്നും ആരോപണമുണ്ട്. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്ക് റെസിഡന്‍ഷ്യല്‍ കെട്ടിട നമ്പറുകള്‍ നല്‍കി നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കിയതായും, അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായും വിജിലന്‍സ് നിരീക്ഷിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മാണങ്ങള്‍, തീരദേശ പരിപാലന ചട്ടങ്ങളുടെ ലംഘനം, അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കല്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ പരിശോധനയില്‍ പുറത്തുവന്നതായി പ്രസ്താവനയില്‍ പറയുന്നു. പരിശോധനയില്‍ കണ്ടെത്തിയ എല്ലാ ക്രമക്കേടുകളിലും വിശദമായ തുടര്‍ അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍, വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്‌സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐപിഎസ് അഭ്യര്‍ത്ഥിച്ചു.

ചോദ്യച്ചോര്‍ച്ച: ‘ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ല’; പ്രധാനമന്ത്രി

ചോദ്യച്ചോര്‍ച്ച: ‘ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, കുറ്റക്കാരെ വെറുതെ വിടില്ല’; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭവും പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധവും ശക്തമാകുന്നതിനിടെ, രാജ്യത്തെ യുവാക്കള്‍ക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവിയും ക്ഷേമവുമാണ് സര്‍ക്കാരിന് ഏറ്റവും പ്രധാനപ്പെട്ടതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസുകളില്‍ വേഗത്തിലുള്ള വിചാരണയും കര്‍ശനമായ ശിക്ഷയും ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘രാജ്യത്തെ യുവാക്കളുടെ ക്ഷേമത്തിനും ഭാവിക്കുമാണ് പ്രഥമ പരിഗണന. എല്ലാ പേപ്പര്‍ ചോര്‍ച്ച കേസുകളുടെയും വിചാരണ വേഗത്തിലാക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും, ഉത്തരവാദികള്‍ക്ക് ഏറ്റവും വേഗത്തിലും കര്‍ശനമായും ശിക്ഷ ഉറപ്പാക്കും. ആവശ്യമായ നടപടികള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ എടുക്കുന്ന നിരവധി തീരുമാനങ്ങളിലെ പ്രധാന ഘട്ടമാണിത്. നമ്മുടെ യുവാക്കളുടെ ഭാവി വച്ച് കളിക്കാന്‍ ശ്രമിക്കുന്ന ഒരാളെയും വെറുതെ വിടില്ല’ -മോദി കുറിച്ചു.

ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തിന് പിന്തുണ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സിജെപി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാച്ചിട്ടുണ്ട്. പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തമേറ്റ് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. മോദിയുടെ ട്വീറ്റ്, റീട്വീറ്റ് ചെയ്തുകൊണ്ടും സിജെപി മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 152 പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും എന്നാല്‍ അതില്‍ ഒരാള്‍ക്ക് പോലും ശിക്ഷ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കുട്ടികള്‍ എന്ത് തെറ്റാണ് ചെയതത്? അവര്‍ ചോദിച്ചത് അവരുടെ അവകാശങ്ങളാണ്. സമാധാനപരമായി പ്രതിഷേധിച്ച അവരെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം ന്യായമാണെന്നും രാഹുല്‍ പറഞ്ഞു.

ലളിതമ്മ (87) അന്തരിച്ചു

ലളിതമ്മ (87) അന്തരിച്ചു

VRA 75 വിശ്വത്തിൽ ലളിതമ്മ (87) അന്തരിച്ചു.
ഭർത്താവ് : വിശ്വനാഥപിള്ള

മക്കൾ:ഗിരിജകുമാരി
വിജയകുമാർ (late)
രാമാകുമാരി
പ്രസന്നകുമാരി
അനിതകുമാരി

സംസ്ക്കാരം ഇന്ന് 4 മണിക്ക്

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

പ്രക്ഷോഭം ശക്തമാക്കി സിജെപി, സമരവേദിക്ക് സമീപം രാത്രിയും സംഘര്‍ഷം, ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും

ന്യൂഡല്‍ഹി : നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ( സിജെപി) നേതൃത്വത്തിലുള്ള സമരം തുടരുന്നു. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സിജെപി സമരം 34-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞദിവസങ്ങളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചു. തലസ്ഥാനത്ത് ഇന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമരക്കാരുമായി വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്കായി കേന്ദ്രമന്ത്രി ജെ പി നഡ്ഡയുടെ വസതിയിലെത്താനുള്ള നിര്‍ദേശം സിജെപി നേതാക്കള്‍ തള്ളിയിരുന്നു. ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം ഇന്നലെ രാത്രിയിലും സംഘര്‍ഷമുണ്ടായി. സന്‍സദ് മാര്‍ഗിലാണ് സംഘര്‍ഷം ഉടലെടുത്തത്. പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. ലാത്തി വീശിയ പൊലീസ്, വിദ്യാര്‍ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സെന്‍ട്രല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ചില മെട്രോ സ്റ്റേഷന്‍ കവാടങ്ങള്‍ അടയ്ക്കുകയും പ്രദേശം കനത്ത സുരക്ഷാ വലയത്തിലാക്കുകയും ചെയ്തിരുന്നു. നിയന്ത്രണം കടുപ്പിക്കുമ്പോഴും ജന്തര്‍ മന്തറിലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് യുവാക്കളാണ് സമരവേദിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സിജെപി സമരത്തിന് രാജ്യത്തിനകത്തും പിന്തുണയേറുകയാണ്.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പു നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ചുക് അറിയിച്ചിട്ടുള്ളത്. ചോദ്യപേപ്പർ ചോർച്ചയും , യുവാക്കൾക്കെതിരായ പൊലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോൺഗ്രസ് തീരുമാനം. പാർലമെന്റ് കവാടത്തിലും പാർലമെന്റിന് ഉള്ളിലും കോൺഗ്രസ് പ്രതിഷേധിക്കും. ലോക്സഭയിലും രാജ്യസഭയിലും വിദ്യാർഥി പ്രക്ഷോഭവും നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ഉന്നയിക്കും. പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിനുള്ള ചില അനുനയ ശ്രമങ്ങൾ സ്പീക്കറുടെ ഭാഗത്തു നിന്നും ഉണ്ടായേക്കും.