കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം പൂരം കുടമാറ്റത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രവും; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലം പൂരത്തില്‍ ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തില്‍. പൂരത്തിന്റെ ഭാഗമായുള്ള കുടമാറ്റത്തില്‍ നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പമാണ് ആര്‍എസ്എസ് സ്ഥാപകനേതാവ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ആര്‍എസ്എസ് നേതാവിന്റെ ചിത്രം ഉയര്‍ത്തിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേത്ര ആചാരങ്ങളിലും ഉത്സവങ്ങളിലും രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയാണ് ഉണ്ടായിട്ടുള്ളത്. തുടര്‍ച്ചയായി ക്ഷേത്രാചാരങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തുവാനാണ് സിപിഎമ്മും ബിജെപിയും മത്സരിക്കുന്നത്. ഇത് വളരെ അപകടകരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഉത്സവങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ഹൈക്കോടതി അടുത്തിടെ നിര്‍ദേശിച്ചിരുന്നു.

കുടമാറ്റത്തില്‍ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, ബി ആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയതിനോടൊപ്പമാണ് ഹെഗ്‌ഡെ വാറിന്റെ ചിത്രവും ഉയര്‍ത്തിയത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് കൊല്ലം പൂരം നടക്കാറുള്ളത്. പുതിയകാവ് ക്ഷേത്രം അണിനിരത്തിയ കുടമാറ്റത്തിലാണ് ഹെഗ്‌ഡേവാറിന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്.

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ; സംഭവം വർക്കലയിൽ

അവധി ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ; സംഭവം വർക്കലയിൽ

അവധി ചോദിച്ചതിന് ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്. ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വർക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവധി ചോദിച്ചതിന് പിന്നാലെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് അടിപിടിയിൽ എത്തുകയുമായിരുന്നു. ഹോട്ടലുടമയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തുംഎന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മദര്‍ശനി), റീമ കല്ലിങ്കല്‍ (തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ.ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.ചലച്ചിത്ര രചനാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്‌നം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. നടന്‍ ജഗദീഷിനാണ് റൂബി ജൂബിലി അവാര്‍ഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരങ്ങള്‍.

വര്‍ക്കലയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

വര്‍ക്കലയിൽ ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

‘അയ്യര്‍ ദി ഗ്രേറ്റ്’- മാര്‍ച്ചിലെ മികച്ച താരം, ഐസിസി പുരസ്‌കാരം ശ്രേയസിന്

‘അയ്യര്‍ ദി ഗ്രേറ്റ്’- മാര്‍ച്ചിലെ മികച്ച താരം, ഐസിസി പുരസ്‌കാരം ശ്രേയസിന്

ദുബായ്: മാര്‍ച്ച് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ക്ക്. ഇന്ത്യയെ ചാംപ്യന്‍സ് ട്രോഫി കിരീടത്തിലേക്ക് നയിച്ച മികവാണ് താരത്തെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. ന്യൂസിലന്‍ഡ് താരങ്ങളായ രചിന്‍ രവീന്ദ്ര, ജേക്കബ് ഡഫി എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് നേട്ടം സ്വന്തമാക്കിയത്. മൂവരുമാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.

കഴിഞ്ഞ മാസത്തെ മികച്ച താരവും ഇന്ത്യന്‍ ടീമില്‍ നിന്നു തന്നെയായിരുന്നു. ശുഭ്മാന്‍ ഗില്ലായിരുന്നു ഫെബ്രുവരിയിലെ താരം.

ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ശ്രേയസ് അയ്യര്‍ ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച ബാറ്റിങാണ് പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരവും അയ്യരാണ്. ടൂര്‍ണമെന്റില്‍ അയ്യര്‍ 243 റണ്‍സ് സ്വന്തമാക്കി.

2013നു ശേഷം ഏകദിനത്തില്‍ ഇന്ത്യ നേടിയ ആദ്യ ഐസിസി കിരീടമാണ് ചാംപ്യന്‍സ് ട്രോഫി. ഈ നേടത്തിലേക്ക് ടീമിനെ നയിക്കുന്നതില്‍ സ്ഥിരതടോയെ ബാറ്റ് വീശിയ ശ്രേയസ് അയ്യരുടെ പ്രകടനം നിര്‍ണായകവുമായി.

ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ നിന്നടക്കം പുറത്താക്കപ്പെട്ട് കഴിഞ്ഞ വര്‍ഷം താരത്തിനു തിരിച്ചടികളുടേതായിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം നേടി ഈ വര്‍ഷം താരം മടങ്ങിയെത്തി. പിന്നാലെയാണ് ചാംപ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനം.