റിട്ട. ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

റിട്ട. ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടി; കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കൊച്ചി: വിരമിച്ച ഹൈക്കോടതി ജഡ്ജിയില്‍ നിന്നും ഓണ്‍ലൈനായി 90 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികളെ കൊച്ചി സൈബര്‍ പൊലീസ് പിടികൂടി. കോഴിക്കോട് വടകര സ്വദേശികളായ മിര്‍ഷാദ്, മുഹമ്മദ് ഷര്‍ജില്‍ എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ എരൂര്‍ അമൃത ലെയ്ന്‍ സ്വപ്നത്തില്‍ ശശിധരന്‍ നമ്പ്യാര്‍ക്കാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ട്രേഡിങ് വഴി 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

പ്രതികള്‍ക്ക് കംബോഡിയ, ചൈന കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ആറ് പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സംഘങ്ങളില്‍ നിന്ന് പ്രതിഫലമായി 30 ലക്ഷം രൂപ ഇവര്‍ക്ക് കിട്ടിയതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്ത് ഇവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്

ആദിത്യ ബിര്‍ള ഇക്വിറ്റി ലേണിങ് എന്ന പേരിലുള്ള ഓഹരിവിപണി സംബന്ധിച്ച വാട്‌സാപ്പ് ഗ്രൂപ്പില്‍ റിട്ട. ജഡ്ജിയെ അംഗമാക്കിയിരുന്നു. തുടര്‍ന്ന് പണം നിക്ഷേപിച്ചാല്‍ 850 ശതമാനം ലാഭം ലഭിക്കുമെന്ന വാഗ്ദാനമുണ്ടായി. ഗ്രൂപ്പില്‍ തന്നെ പങ്കുവെച്ച ലിങ്കിലേക്ക് ജഡ്ജി പണം കൈമാറുകയും ചെയ്തു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനും 30-നും ഇടയ്ക്ക് ജഡ്ജിയുടെ പല അക്കൗണ്ടുകളില്‍ നിന്നായി 90 ലക്ഷം രൂപ തട്ടിപ്പുകാര്‍ കൈക്കലാക്കി. എന്നാല്‍, വാഗ്ദാനം ചെയ്ത ലാഭവിഹിതമോ, നല്‍കിയ പണമോ തിരികെ ലഭിച്ചില്ല. തുടര്‍ന്ന് തൃപ്പൂണിത്തുറ ഹില്‍പ്പാലസ്പൊലീസ് സ്റ്റേഷനില്‍ ഈ മാസം അഞ്ചിന് പരാതി നല്‍കി. തുടര്‍ന്ന് കേസ് സൈബര്‍ പൊലീസിന് കൈമാറുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ വലയിലാക്കുന്നവരെ വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താന്‍ ആവശ്യപ്പെടുന്നു. തുടക്കത്തില്‍ ചെറിയ തുക നിക്ഷേപിക്കുന്നവര്‍ക്കുപോലും തട്ടിപ്പുകാര്‍ അമിത ലാഭം നല്‍കും. നിക്ഷേപിച്ചതിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീന്‍ഷോട്ട് നല്‍കും. ഒടുവില്‍ പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ജിഎസ്ടിയുടെയും നികുതിയുടെയും മറവില്‍ കൂടുതല്‍ പണം തട്ടിയെടുക്കുന്നു.

നിങ്ങള്‍ക്ക് ലഭിച്ചതായി കാണിക്കുന്ന വന്‍ തുക സ്‌ക്രീനില്‍ മാത്രമേ കാണാന്‍ കഴിയൂ. ഒരിക്കലും ആ തുക നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകംതന്നെ വിവരം 1930 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സൈബര്‍ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പള്ളിപ്പുറത്ത് രണ്ട് കെഎസ്ആർടിസി ബസും പാൽ വണ്ടിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

പള്ളിപ്പുറത്ത് രണ്ട് കെഎസ്ആർടിസി ബസും പാൽ വണ്ടിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ ഭാഗത്തുനിന്ന് വന്ന ഫാസ്റ്റ് പാസഞ്ചർ നിർത്തി ആളിനെ ഇറക്കുന്ന സമയത്ത് തൊട്ടു പുറകെ വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് നിർത്തിയിരുന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. തൊട്ടു പിറകെ വന്ന പാൽ വണ്ടിയും ബസിനു പിന്നിലിടിച്ചു. ബസ് യാത്രക്കാർക്ക് നിരവധിപേർക്ക് സാരമായി പരിക്കുകൾ ഏറ്റു.

സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പച്ചംകുളം, കൊല്ലമ്പുഴ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി

സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പച്ചംകുളം, കൊല്ലമ്പുഴ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി

കൊടകര കുഴൽപണ കേസിൽ ബി.ജെ.പി നേതാക്കളെ ഇ.ഡി കേസിൽ നിന്നും ഒഴിവാക്കി സംരക്ഷിച്ചുവെന്നാരോപിച്ച് സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പച്ചംകുളം, കൊല്ലമ്പുഴ ബ്രാഞ്ച് കമ്മിറ്റികൾ സംയുക്തമായി പന്തംകൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു.

‘ബാലസംഘം വേനൽതുമ്പി കലാജാഥ 2025’; സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു

‘ബാലസംഘം വേനൽതുമ്പി കലാജാഥ 2025’; സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു

ബാലസംഘം വേനൽതുമ്പി കലാജാഥ 2025 ആറ്റിങ്ങൽ ഏരിയ തല സെലക്ഷൻ ക്യാമ്പ് കുന്നുവാരം യു.പി.എസിൽ ആരംഭിച്ചു. ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് നയൻരാജ്, ജില്ലാ കോഡിനേറ്റർ ഭാഗ്യാമുരളി, ഏര്യാ കോഡിനേറ്റർ വിഷ്ണു രാജ്, ഏര്യാ കൺവീനർ ഗെയിറ്റി ഗ്രേറ്റൽ, ഏര്യാ പ്രസിഡന്റ് ശ്രീഷ, ഏര്യാ കൺവീനർ പഞ്ചമം സുരേഷ് എന്നിവർ നേതൃത്വം നൽകി.

സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി എം പ്രദീപ്, ഏര്യാ കമ്മിറ്റി അംഗങ്ങളായ സി.ജി.വിഷ്ണു ചന്ദ്രൻ,
ആർ രാജു, എസ് ചന്ദ്രൻ, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ ബാബു, എസ് സതീഷ് കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

‘ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്’

‘ആശ സമരത്തെ ഐഎന്‍ടിയുസി ഒറ്റുന്നു; സര്‍ക്കാര്‍ നടപ്പാക്കുന്നത് ചന്ദ്രശേഖരന്റെ നിലപാട്’

തിരുവനന്തപുരം: പ്രതിപക്ഷം സമരത്തിനൊപ്പം നില്‍ക്കുമ്പോള്‍ ഐഎന്‍ടിയുസി സമരത്തെ ഒറ്റുന്നുവെന്ന് സെക്രട്ടേറിയറ്റ് നടയില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍. ചര്‍ച്ചയിലും ഐഎന്‍ടിയുസി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും സര്‍ക്കാര്‍ നടപ്പാക്കുന്നത് ആര്‍ ചന്ദ്രശേഖരന്റെ നിലപാടാണെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു

സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന യൂണിയനുകളുടെ നിലപാടാണ് ചന്ദ്രശേഖരന്‍ സ്വീകരിച്ചതെന്ന് സമരസമതി നേതാവ് എസ് മിനി പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാടെങ്കിലും പക്ഷേ, അതിനൊരു കമ്മിറ്റി ഉണ്ടാക്കണമെന്ന സര്‍ക്കാരിന്റെ അഭിപ്രായത്തിനൊപ്പമാണ് നിന്നത്. അതിന് തയ്യാറല്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പാവപ്പെട്ട ആശ വര്‍ക്കര്‍മാര്‍ വേതനം ആവശ്യപ്പെടുമ്പോള്‍ കമ്മിറ്റി തീരുമാനിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. അതിനൊപ്പം ചേരുന്ന എല്ലാവരെയും തൊഴിലാളി വിരുദ്ധരായാണ് കാണുന്നതെന്നും മിനി പറഞ്ഞു.

സമരം സെറ്റില്‍ ചെയ്യുന്നത് സംബന്ധിച്ചാണ് മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ അവിടെ ആശമാര്‍ രാജ്യവ്യാപകമായി നേരിടുന്ന പ്രശ്‌നങ്ങളാണ് പറഞ്ഞത്. ഇത്രകാലവും ആശ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം പ്രഖ്യാപിച്ചത് ഒരു കമ്മിറ്റിയുമായിരുന്നില്ലെന്നും യോഗത്തില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രശ്‌നങ്ങളാണ് ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടിയതെന്നും സമരസമിതി നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് യോഗത്തില്‍ ചന്ദ്രശേഖരന്‍ വിശദീകരിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിസന്ധി കാണാതെ പോകരുതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഉടന്‍ ഓണറേറിയം വര്‍ധിപ്പിക്കുന്നതും വിരമിക്കല്‍ ആനുകൂല്യം നല്‍കുന്നതും പ്രായോഗികമല്ലെന്നു വാദിച്ചതായും സമരസമിതി നേതാക്കള്‍ പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ വയ്ക്കാമെന്ന നിര്‍ദേശം വച്ചത് താനല്ലെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇത്തരമൊരു വാര്‍ത്തകള്‍ എങ്ങനെയുണ്ടായെന്ന് തനിക്കറിയില്ല. ഐഎന്‍ടിയുസി ആശ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പമാണ്. സമരം ഒത്തുതീര്‍പ്പാക്കണമെന്ന നിര്‍ദേശമാണ് മന്ത്രി വിളിച്ച ചര്‍ച്ചയില്‍ ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. എന്നാല്‍ താനൊരു നിര്‍ദേശം വവച്ചു. അത് മന്ത്രി വീണാ ജോര്‍ജ് അംഗീകരിച്ചുവെന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമില്ലാതെ തെറ്റിദ്ധാരണ പരത്തുകയാണ് ചെയ്യുന്നത്. വിട്ടുവീഴ്ച മനോഭാവത്തോടെ ഇരുകൂട്ടരും ചെയ്താലേ സമരം അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

‘കേരളത്തിന്റെ വികസനം തടയുന്നു, സർക്കാരിനെ ദുർബലപ്പെടുത്താൻ ​ഗവർണറെ ഉപയോ​ഗിക്കുന്നു’

മധുര: കേന്ദ്രത്തിലെ ബിജെപി സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിനെതിരെ പോരാടുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാൻ സിപിഎം പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കുന്നതും നവലിബറൽ നയങ്ങൾക്ക് ബദൽ നൽകുന്നതും ഉൾപ്പെടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ സവിശേഷതകൾ ചൂണ്ടിക്കാണിക്കുന്ന പ്രമേയം പാർട്ടി അംഗീകരിച്ചു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര സർക്കാർ വ്യാജവും അടിസ്ഥാനരഹിതവുമായ പ്രചാരണം നടത്തുകയാണെന്നു പ്രമേയം ആരോപിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാർ സംസ്ഥാനത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പ്രമേയം പറയുന്നു. പ്രതിപക്ഷമായ കോൺഗ്രസും ഈ ശ്രമത്തിൽ പങ്കുചേർന്നുവെന്നും ആരോപണമുണ്ട്. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളുടെ തുടർ ഭരണം പിന്തുടരുന്ന ബദൽ വികസന നയങ്ങൾ സമഗ്ര വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക ക്ഷേമ നേട്ടങ്ങളിൽ കേരളം മുന്നിലാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായുള്ള സംസ്ഥാനത്തിന്റെ ജിഡിപി വളർച്ച രാജ്യത്തിന്റെ വളർച്ചയേക്കാൾ കൂടുതലാണ്. തൊഴിലില്ലായ്മ വെല്ലുവിളിയെ നേരിടാനുള്ള ശ്രമങ്ങളാണ് ബദൽ വികസന നയത്തിലൂടെ ശ്രമിക്കുന്നതെന്നും പ്രമേയത്തിൽ പറയുന്നു.

വിവിധങ്ങളായ തടസങ്ങൾ മറികടക്കുക, ആകർഷകമായ നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുക, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മറികടക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ നവീകരിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി സംസ്ഥാനം വലിയ മുന്നേറ്റങ്ങൾ നടത്തുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവ ശക്തിപ്പെടുത്താനും ശ്രമങ്ങൾ തുടരും.

സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താൻ ബിജെപിയുടെ കീഴിലുള്ള കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു. ബില്ലുകൾക്ക് അംഗീകാരം നൽകാതെയും സംസ്ഥാനത്തിന്റെ നിയമ നിർമാണ അധികാരത്തെ ദുർബലപ്പെടുത്തുന്നതിനും ഗവർണറെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനും കേന്ദ്രം ശ്രമിക്കുന്നു. വിവേചനം മറച്ചുവെക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനെതിരെ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രചാരണങ്ങൾ നടത്തുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി.