by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
മോസ്കോ: കരിങ്കടലിലും ഊർജ മോഖലകള്‍ ലക്ഷ്യമാക്കിയുമുള്ള ആക്രമണങ്ങൾ താല്‍ക്കാലികമായി നിർത്തിവയ്‌ക്കാൻ റഷ്യ- യുക്രൈൻ ധരണ. യുഎസിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. വെടിനിർത്തലിന് മുപ്പത് ദിവസത്തേക്കാണ് പ്രാബല്യം.
എണ്ണ ശുദ്ധീകരണശാലകൾ, എണ്ണ-വാതക പൈപ്പ്‌ലൈനുകൾ, അണുശക്തി നിലയങ്ങൾ, ഇന്ധന സംഭരണ ശാലകൾ, പമ്പിങ് സ്റ്റേഷനുകൾ എന്നിവയാണ് റഷ്യയും യുക്രൈനും താൽക്കാലികമായി ആക്രമണങ്ങൾ നിർത്താൻ ധാരണയായത്. റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഏതാനും ഉപരോധങ്ങൾ പിൻവലിക്കാൻ യുഎസ് തീരുമാനിച്ചു.
by Midhun HP News | Mar 26, 2025 | Latest News, കായികം
ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ അര്‍ജന്റീനക്കെതിരെ ബ്രസീലിന് നാണംകെട്ട തോല്‍വി. ലോക ചാംപ്യന്മാരായ അര്‍ജന്റീന ബദ്ധവൈരികളും മുന്‍ ചാംപ്യന്മാരുമായ ബ്രസീലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തകര്‍ത്തത്. സൂപ്പര്‍ താരം മെസി ഇയ്യാതെയിറങ്ങിയാണ് അര്‍ജന്റീനന്‍ പട കരുത്ത് കാട്ടിയത്. 1964 ന് ശേഷം, അര്‍ജന്റീനയോട് 61 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ ഇത്ര വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്.
ബ്രസീലിനെതിരായ മത്സരത്തിനു തൊട്ടുമുമ്പു തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയ അര്‍ജന്റീന, ബദ്ധവൈരികള്‍ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ലോകകപ്പ് യോഗ്യതാനേട്ടം രാജകീയമാക്കി. ഗോളടിയും ഇടയ്ക്ക് തമ്മിലടിയും നിറഞ്ഞതായിരുന്നു എല്‍ക്ലാസിക്കോയിലെ ആവേശപ്പോരാട്ടം. ബ്രസീല്‍ നിരയില്‍ സൂപ്പര്‍ താരം നെയ്മറും കളിക്കാനുണ്ടായിരുന്നില്ല.
അർജന്റീനയ്ക്കായി യൂലിയൻ അൽവാരസ് (4–ാം മിനിറ്റ്), എൻസോ ഫെർണാണ്ടസ് (12–ാം മിനിറ്റ്), അലക്സിസ് അക്അലിസ്റ്റർ (37–ാം മിനിറ്റ്), ജൂലിയാനോ സിമിയോണി (71–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം നേടി. ആദ്യ നാല് മിനിറ്റിനുള്ളില്‍ തന്നെ ലീഡ് നേടിയ അര്‍ജന്റീന മത്സരം വരുതിയിലാക്കി. നാലാം ഗോൾ നേടിയ സിമിയോണി, അര്‍ജന്റീനയ്ക്കായുള്ള തന്റെ ആദ്യ ഗോള്‍കൂടിയാണ് നേടിയത്. ബ്രസീലിന്റെ ഏക ആശ്വാസ ഗോൾ 26–ാം മിനിറ്റിൽ മാത്യൂസ് കുഞ്ഞയുടെ വകയാണ്.
തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ നിന്നും ഒന്നാം സ്ഥാനക്കാരായാണ് അർജന്റീന ലോകകപ്പ് യോഗ്യത നേടിയിട്ടുള്ളത്. ബ്രസീലിനെതിരായ വിജയത്തോടെ, 14 കളികളിൽനിന്ന് 10–ാം ജയം കുറിച്ച അർജന്റീനയ്ക്ക് 31 പോയിന്റാണുള്ളത്. ലാറ്റിനമേരിക്കയിൽ നിന്നും ലോകകപ്പിന് ആദ്യം യോഗ്യത നേടുന്ന ടീമാണ് ലയണൽ സ്കലേനി പരിശീലിപ്പിക്കുന്ന നീലപ്പട.
14 കളികളിൽ നിന്ന് അഞ്ചാം തോൽവി വഴങ്ങിയ ബ്രസീൽ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 കളികളിൽനിന്ന് ഏഴു ജയവും അഞ്ച് സമനിലയും സഹിതം 23 പോയിന്റുമായി ഇക്വഡോറാണ് രണ്ടാമത്. 14 കളികളിൽനിന്ന് അഞ്ച് ജയം, ആറു സമനില സഹിതം 21 പോയിന്റുമായി യുറഗ്വായ് മൂന്നാം സ്ഥാനത്തുണ്ട്.
by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നത്തിന് ചികിത്സ തേടിയതിന് ഇൻഷ്യുറൻസ് ക്ലെയിം നിഷേധിച്ച നടപടി ശരിവെച്ച് സുപ്രീം കോടതി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ഹരിയാന സ്വദേശി മഹിപാലിന്റെ ഭാര്യ സുനിതയുടെ ക്ലെയിമാണ് എൽഐസി നിഷേധിച്ചത്.
സ്ഥിരം മദ്യപനാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ടാണ് പോളിസി ആരംഭിച്ചതെന്ന എല്‍ഐസിയുടെ വാദം ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. ജീവൻ ആരോഗ്യ പോളിസിയെടുത്ത് ഒരു വർഷത്തോളമായപ്പോഴാണ് മഹിപാല്‍ കഠിനമായ വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചു. പോളിസി പ്ലാനിലെ ഏഴാം വകുപ്പ് (എക്സ് ഐ) ചൂണ്ടിക്കാട്ടിയാണ് ക്ലെയിം നിഷേധിക്കപ്പെട്ടത്. അതായത് സ്വയം വരുത്തിവെക്കുന്ന പരിക്കുകൾ (ആത്മഹത്യശ്രമം), മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്നിവയുടെ ചികിത്സ ചെലവ് ക്ലെയിം ചെയ്യില്ലെന്ന് ഇതിൽ വ്യക്തമാക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്തു എൽഐസി സുപ്രിം കോടതിയെ സമീപിച്ചത്. മഹിപാൽ സ്ഥിരം മദ്യപാനിയാണെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മദ്യപാനം മൂലം കരൾ രോഗം ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപഭോക്ത കമ്മിഷനും പിന്നീട് ദേശീയ ഉപഭോക്ത തർക്കപരിഹാര കമ്മിഷനും 5,21,650 രൂപ നഷ്ടപരിഹാരമായി നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ മൂന്ന് ലക്ഷം രൂപ എൽഐസി നൽകി കഴിഞ്ഞതിനാൽ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തിരിച്ചുപിടിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.
by Midhun HP News | Mar 26, 2025 | Latest News, ദേശീയ വാർത്ത
ഡൽഹിയിൽ 16 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയത്. 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയാണ് കൊല ചെയ്തത്. ഡൽഹി വസീറാബാദിലാണ് സംഭവം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു.
മോട്ടോർ സൈക്കിളിൽ എത്തിയതായിരുന്നു സംഘം 16 കാരനെ വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയത്. അഞ്ച് മിനിട്ടിനുള്ളിൽ തിരിച്ചെത്താമെന്ന് പറഞ്ഞായിരുന്നു വീട്ടിൽ നിന്നും വിദ്യാർഥി പോയത്. പിന്നീട് മാതാപിതാക്കൾക്ക് വന്ന ഫോൺ സംഭാഷണത്തിലാണ് കുട്ടിയെ വിട്ടു കിട്ടുന്നതിനായി 10 ലക്ഷം രൂപ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഡൽഹിയിലെ ഒരു വനമേഖലയിൽ കുത്തി കൊലപ്പെടുത്തിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു.
by Midhun HP News | Mar 26, 2025 | Latest News, ജില്ലാ വാർത്ത
സഹകരണ എക്‌സ്‌പോ മൂന്നാം പതിപ്പ് ഏപ്രിൽ 21ന് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുമയുടെ പൂരം എന്ന് പേരിട്ടിരിക്കുന്ന എക്‌സ്‌പോയിൽ സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വൈവിധ്യമാർന്ന 400-ൽ പരം ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടാകുമെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
70,000 ചതുരശ്ര അടിയിലുള്ള ശീതീകരിച്ച 250-ലധികം പ്രദർശന സ്റ്റാളുകളും വിവിധ ജില്ലകളിൽ നിന്നുള്ള വൈവിധ്യമാർന്ന വിഭവങ്ങൾ ഒരുക്കിക്കൊണ്ടുള്ള 12000 ചതുരശ്ര അടിയിലുള്ള ഫുഡ് കോർട്ടും പ്രോഡക്ട് ലോഞ്ചിംഗ്, പുസ്തക പ്രകാശനം എന്നിവയ്ക്കായി പ്രത്യേക വേദിയും, സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസപരിണാമങ്ങൾ എന്നിവയും, വിവിധ ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുളള സഹകരണ വകുപ്പിന്റെ പവിലിയനും എക്‌സ്‌പോയിലുണ്ട്. ദേശീയതലത്തിൽ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങളുടെയും മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുണ്ട്.
ഇന്റർനാഷണൽ കോ-ഓപറേറ്റീവ് അലയൻസിന്റെ അന്താരാഷ്ട്ര സഹകരണ വർഷം 2025- ന്റെ പ്രമേയമായ ‘സഹകരണ സംഘങ്ങൾ ഒരു മികച്ച ലോകം അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, സാംസ്‌കാരിക യുവജന സമ്മേളനങ്ങൾ, കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏപ്രിൽ 30 വരെയാണ് എക്‌സ്‌പോ. എക്സ്പോയുടെ പോസ്റ്റർ മന്ത്രി പ്രകാശനം ചെയ്തു.
by Midhun HP News | Mar 26, 2025 | Latest News, കേരളം
മലയാളികളുടെ ചിരിയിടങ്ങളിൽ എന്നും മായാതെ നിൽക്കുന്ന ഒരു പേരാണ് നടൻ ഇന്നസെന്റിന്റേത്. തമാശകളുടെ തമ്പുരാൻ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വർഷം തികയുകയാണ്. തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളായിരുന്നു ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തിലേക്ക് പെട്ടെന്ന് അടുപ്പിച്ചത്. സിനിമയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം മാത്രം മതിയായിരുന്നു പലപ്പോഴും മലയാളികൾക്ക് മതിമറന്നു ചിരിക്കാന്‍.
മാന്നാര്‍ മത്തായി സ്പീക്കിങിലെ മത്തായിച്ചന്‍, കല്യാണ രാമനിലെ പോഞ്ഞിക്കര, മണിച്ചിത്രത്താഴിലെ ഉണ്ണിത്താന്‍ അങ്ങനെ അദ്ദേഹത്തിന്റെ എത്ര എത്ര കഥാപാത്രങ്ങളിലൂടെ മലയാളികൾ പൊട്ടിച്ചിരിച്ചു. എന്നാല്‍ കാബൂളിവാല പോലുള്ള ചിത്രങ്ങളില്‍ അദ്ദേഹം കണ്ണുനനയിക്കുകയും ചെയ്തു. എണ്ണം പറഞ്ഞ ചില വില്ലന്‍ കഥാപാത്രങ്ങളിലും ഇന്നസെന്റ് തിളങ്ങി.
പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ പോലുള്ള കഥാപാത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവ തന്നെ. 2023 മാര്‍ച്ച് 26 നാണ് മലയാള സിനിമാ ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്നസെന്റ് കടന്നു പോയത്.
ഇപ്പോഴിതാ ഇന്നസെന്റ് വിയോഗത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. നടൻ ശ്രീനിവാസനുമായി ഏറെ നേരം കഴിഞ്ഞ ദിവസം ഇന്നസെന്റിനെ കുറിച്ച് സംസാരിച്ചു എന്ന് പറഞ്ഞാണ് സംവിധായകൻ കുറിപ്പ് തുടങ്ങുന്നത്.
“സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ”- എന്നും സത്യൻ അന്തിക്കാട് കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.
സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാ പ്രതിസന്ധികൾ തരണം ചെയ്യാൻ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു –
“ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?”. “അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.”എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതിരാവിലെ ഫോൺ റിങ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്.
Recent Comments