പരുന്തുംപാറയിലെ സർക്കാർ ഭൂമി കയ്യേറ്റം; രണ്ട് വില്ലേജുകളിൽ ഇന്ന് ഡിജിറ്റൽ സർവേ

പരുന്തുംപാറയിലെ സർക്കാർ ഭൂമി കയ്യേറ്റം; രണ്ട് വില്ലേജുകളിൽ ഇന്ന് ഡിജിറ്റൽ സർവേ

തൊടുപുഴ: ഇടുക്കി പരുന്തുംപാറയിൽ സർക്കാർ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇന്ന് സർവേ വകുപ്പ് ഡിജിറ്റൽ സർവേ ആരംഭിക്കും. മഞ്ജുമല, പീരുമേട് വില്ലേജുകളിലാണ് സർവേ. മേഖലയിലെ സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തും. 15 ഉദ്യോ​ഗസ്ഥരടങ്ങുന്ന സംഘമാണ് രേഖകൾ പരിശോധിക്കുക.

കയ്യേറ്റ ഭൂമിയെന്നു കണ്ടെത്തിയ മഞ്ജുമല വില്ലേജിലെ സർവേ നമ്പർ 441ലേയും പീരുമേട് വില്ലേജിലെ സർവേ നമ്പർ 534ലേയും രേഖകൾ വിശദമായി പരിശോധിക്കും. മേഖലയിൽ പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും റവന്യൂ വകുപ്പ് പരിശോധിക്കും. പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് കയ്യേറി സ്ഥാപിച്ച കുരിശ് ഇന്നലെ റവന്യൂ സംഘം പൊളിച്ചു മാറ്റിയിരുന്നു.

സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റവന്യൂ മന്ത്രി വ്യക്തമാക്കി.
ഈ മാസം രണ്ടാം തീയതിയാണ് പരുന്തുംപാറയിലെ കൈയേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകാൻ ജില്ല കലക്ടർ പീരുമേട് എൽ ആർ തഹസിൽദാരെ ചുമതലപ്പെടുത്തിയത്. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പരിശോധന നടത്താനും നിർദ്ദേശവും നൽകി. ഇത് പ്രകാരം പുരുന്തുംപാറയിൽ കൈയേറ്റ നടത്തി കെട്ടിടങ്ങൾ പണിത സജിത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇത് മറികടന്നാണ് കയ്യേറ്റ ഭൂമിയിൽ ഇയാൾ കുരിശ് സ്ഥാപിച്ചത്.

സംഭവം വിവാദമായതോടെ, മറ്റൊരു സ്ഥലത്ത് നിർമിച്ച കുരിശ് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയായിരുന്നുവെന്നും, ഇത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. ധ്യാന കേന്ദ്രമാണ് പണിയുന്നതെന്നാണ് സജിത് ജോസഫ് പ്രദേശവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കയ്യേറ്റ ഭൂമിയിലെ കുരിശ് നിർമാണവും. 2017 ൽ സൂര്യനെല്ലിയിലും ഇത്തരത്തിൽ കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് ജില്ല ഭരണകൂടം പൊളിച്ചു നീക്കുകയും ചെയ്തു.

പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം; അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂരില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം; അസം സ്വദേശി അറസ്റ്റില്‍

പെരുമ്പാവൂര്‍: സിം കാര്‍ഡ് എടുക്കാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ച് നല്‍കുന്ന കേന്ദ്രത്തിന് പൂട്ടിട്ട് പൊലീസ്. പണം നല്‍കിയാല്‍ ഏതു പേരിലും ആധാര്‍ കാര്‍ഡ് നിര്‍മിച്ചു നല്‍കുന്ന പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തെ ‘ഓപ്പറേഷന്‍ ക്ലീന്‍’ന്റെ ഭാഗമായി പരിശോധനയിലാണ് പിടികൂടിയത്.

പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്‌സിലെ മുറിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. അസം മൊബൈല്‍ ഷോപ്പിലാണു വ്യാജരേഖ നിര്‍മിക്കുന്ന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി ഹാരിസുല്‍ ഇസ്ലാമിനെ(26) പെരുമ്പാവൂര്‍ എഎസ്പി ശക്തി സിങ് ആര്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി റെയ്ഹാനുദീനെ (20) കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

‘എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം; മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം’

‘എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം; മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം’

കൊച്ചി: തന്റെ സംസ്‌കാര ചടങ്ങുകളെക്കുറിച്ച് അന്തരിച്ച സിപിഎം നേതാവ് എം എം ലോറന്‍സ് പറയുന്ന വീഡിയോ ക്ലിപ്പുമായി മകള്‍ സുജാത. ‘എനിക്ക് സ്വര്‍ഗത്തില്‍ പോകണം, യേശുവിനെ കാണണം. മകള്‍ പറയുന്നിടത്ത് തന്നെ അടക്കണം. അതില്‍ മാറ്റം വരുത്താന്‍ പാടില്ലെന്ന്’ മകള്‍ സുജാത പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ലോറന്‍സ് പറയുന്നു.

2022 ഫെബ്രുവരി 25-നാണ് എം എം ലോറന്‍സ് ഇക്കാര്യം പറഞ്ഞതെന്നാണ് മകള്‍ പറയുന്നത്. ഹൈക്കോടതിയ്ക്ക് വീഡിയോ കൈമാറിയിട്ടുണ്ടെന്നും തങ്ങളോട് ചോദിക്കാതെയാണ് പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നല്‍കാനുള്ള തീരുമാനം പാര്‍ട്ടി എടുത്തതെന്നും പെണ്‍മക്കള്‍ ആരോപിക്കുന്നു.

വീഡിയോ തെളിവായി കണക്കാക്കണമെന്ന് കാണിച്ച് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിൽ നടന്ന ഹിയറിങ്ങിലും തന്റെ അഭിപ്രായം പറഞ്ഞിരുന്നു. പക്ഷേ തെളിവില്ലാത്തതിനാൽ അവർ സ്വീകരിച്ചില്ലെന്നും സുജാത പറഞ്ഞു. നേരത്തെ മെഡിക്കൽ കോളജിന് ലോറൻസിന്റെ മൃതദേഹം വിട്ടുകൊടുക്കരുതെന്ന പെൺമക്കളായ ആശയും സുജാതയും നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

ലൈറ്റർ ഉപയോഗിച്ച് തീയിട്ടു; 2 ഓട്ടോയും കടയും കത്തിച്ചു: അക്രമി പിടിയിൽ

ലൈറ്റർ ഉപയോഗിച്ച് തീയിട്ടു; 2 ഓട്ടോയും കടയും കത്തിച്ചു: അക്രമി പിടിയിൽ

പേരൂർക്കടയിൽ ‌മൂന്നിടങ്ങളിലായി രണ്ട് ഓട്ടോറിക്ഷയ്ക്കും ഒരു തട്ടുകടയ്ക്കും ലൈറ്റർ ഉപയോഗിച്ച് തീയിട്ട അക്രമി പിടിയിൽ. കല്ലയം ചെട്ടിമുക്ക് സ്വദേശി രമേശിനെ (40) പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്തത്. പേരൂർക്കട ജയ്നഗർ എച്ച് നമ്പർ–60 സരിതാഭവനിൽ സുധാകരൻ, കുടപ്പനക്കുന്ന് ഇരപ്പുകുഴി ഇആർഎ 2എ കൃഷ്ണരാഗത്തിൽ ചന്ദ്രബാബു എന്നിവരുടെ ഓട്ടോറിക്ഷകൾക്കും കോൺകോർഡിയ ലൂഥറൻ എച്ച്എസ്എസിന് മുന്നിൽ കൃഷ്ണമ്മ നടത്തുന്ന പച്ചക്കറികടയ്ക്കുമാണ് തീയിട്ടത്. ‌റോഡിലൂടെ രണ്ടര കിലോമീറ്ററോളം നടന്നാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

തടിപ്പലക കൊണ്ടും പ്ലാസ്റ്റിക് പെട്ടികൾ കൊണ്ടും തട്ടുണ്ടാക്കി, ടാർപോളിൻ മേൽക്കൂരയായി കെട്ടിയാണ് കൃഷ്ണമ്മ കട നടത്തിയിരുന്നത്. പുലർച്ചെ 3ന് ആണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ കെടുത്തി. സാധനങ്ങൾ കത്തിനശിച്ചതോടെ കൃഷ്ണമ്മയുടെ ഉപജീവനം മുട്ടി. സംഭവം അറിഞ്ഞ് ഒട്ടേറെപ്പേർ പ്രതിഷേധവുമായി എത്തി.ഇരപ്പുകുഴിയിൽ ചന്ദ്രബാബുവിന്റെ റോഡരികിലെ വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്. പുലർച്ചെ 3.45ഓടെയായിരുന്നു സംഭവം. ഇതുവഴി പോയ പൊലീസ് സംഘമാണ് സംഭവം കണ്ടത്. ഇവർ അഗ്നിരക്ഷാസേനയുടെ സഹായത്തോടെ തീ കെടുത്തി.

ബാറിൽ മദ്യപിച്ചവർ തമ്മിൽ സംഘർഷം: രണ്ടു പേർക്ക് വെട്ടേറ്റു; 4 പേർക്കെതിരെ കേസ്

ബാറിൽ മദ്യപിച്ചവർ തമ്മിൽ സംഘർഷം: രണ്ടു പേർക്ക് വെട്ടേറ്റു; 4 പേർക്കെതിരെ കേസ്

ബാറിൽ ഒരുമിച്ചിരുന്നു മദ്യപിച്ചവർ തമ്മിൽ വാക്കേറ്റത്തുടർന്നുണ്ടായ സംഘട്ടനത്തിൽ 2 പേർക്ക് വെട്ടേറ്റു. വെട്ടുകത്തി കൊണ്ടുള്ള ആക്രമണത്തിൽ തലയ്ക്കും കൈകൾക്കും ഗുരുതര പരുക്കേറ്റ പോത്തൻകോട് ഗാന്ധിനഗർ ‘കൈലാസ’ത്തിൽ ആർ.സജീവ്‌രാജ് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജിനും (26) വെട്ടേറ്റു. സംഭവത്തിൽ അയിരൂപ്പാറ സ്വദേശികളായ വിഷ്ണു, ശ്യാം എന്നിവരടക്കം 4 പേർക്കെതിരെ പോത്തൻകോട് പൊലീസ് കേസെടുത്തു.

ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പ്രതികളിൽ ഒരാളുടെ കയ്യിൽ സജീവ്‌ രാജ് മദ്യക്കുപ്പി പൊട്ടിച്ചു കുത്തിയതായാണു പൊലീസിനു ലഭിച്ച വിവരം. ബാറിൽ നിന്ന് ഇറങ്ങിപ്പോയവർ രാത്രി 11ന് വെട്ടുകത്തിയുമായി തിരിച്ചെത്തി ആക്രമിക്കുകയായിരുന്നു. സജീവ് രാജിന്റെ തലയോട്ടിക്കു പൊട്ടലുണ്ട്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ആംബുലൻസ് വരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. വധശ്രമം, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.

വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ ഒളിപ്പിച്ച് ഒഴുകുന്നു പള്ളിക്കൽ പുഴ

വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ ഒളിപ്പിച്ച് ഒഴുകുന്നു പള്ളിക്കൽ പുഴ

നിറഞ്ഞ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ ഭംഗി കൊണ്ട് ആരെയും ആകർഷിക്കും വിധമാണ് പള്ളിക്കൽ പുഴ. പുഴയുടെ വിവിധ ഭാഗങ്ങൾ വിനോദ സഞ്ചാരത്തിന് പ്രയോജനം ആകും വിധത്തിൽ ധാരാളം സാധ്യതകൾ ഒളിഞ്ഞിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്താനും സംരക്ഷിക്കാനും നടപടിയില്ല. കുളത്തൂപ്പുഴയിൽ നിന്നാണ് തുടക്കം. ഇത്തിക്കര ആറിന്റെ ഭാഗമായ പള്ളിക്കൽ പുഴ രണ്ട് ജില്ലക‌ളുടെ അതിർത്തികൾ പങ്കുവയ്ക്കുന്നു. വളഞ്ഞു പുളഞ്ഞ് ഒഴുകുന്ന പുഴയുടെ ഭംഗി ആസ്വദിക്കാൻ സഞ്ചാരികൾ കുറച്ച് സമയം ചെലവിടാറുണ്ട്.

എന്നാൽ അതിനു വേണ്ട സൗകര്യം ഒരുക്കിയിട്ടില്ല. അതിനാൽ സഞ്ചാരികൾ വരാൻ മടിക്കുന്നു. തീരങ്ങളിലെ അസൗകര്യങ്ങളും അപകട ഭീഷണിയും കാരണം വരുന്നവർ അധിക സമയം ചെലവിടാൻ തയാറാകുന്നില്ല. മുൻ വർഷങ്ങളിൽ നടന്ന അനധികൃത മണ്ണെടുപ്പ് മൂലം തീരങ്ങൾ ഇടിഞ്ഞ നിലയിലാണ്. വൻ കയങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പലപ്പോഴും വലിയ അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. പകൽക്കുറി ക്ഷേത്രത്തിന് സമീപം പുഴയിൽ വിശാലമായ കുളിക്കടവ് നിർമിച്ചിട്ടുണ്ട്. ഇത് ധാരാളം പേർ പ്രയോജനപ്പെടുത്തുന്നു. എന്നാൽ ആഴക്കയങ്ങൾ ഭീഷണിയാണ്. പുഴയുടെ കുറുകെ കടക്കുന്നതിന് പകൽക്കുറി ക്ഷേത്രത്തിന് അടുത്തായി ഒരു തൂക്കുപാലം നിർമിച്ചിട്ടുണ്ട്.