പരീക്ഷയില്ല, പോസ്റ്റ് ഓഫീസുകളില്‍ 21,413 ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാം

പരീക്ഷയില്ല, പോസ്റ്റ് ഓഫീസുകളില്‍ 21,413 ഒഴിവുകള്‍; എങ്ങനെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യ പോസ്റ്റല്‍ വകുപ്പ് ഗ്രമീണ്‍ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്കുള്ള നിയമനങ്ങള്‍ ക്ഷണിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലെ ഒഴിവുകളാണ് നികത്തുന്നത്. ഈ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാര്‍ച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ indiapostgdsonline.gov.in ലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താം. പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഈ ജോലിക്ക് അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കുന്നതാണ്.

100 രൂപയാണ് അപേക്ഷ ഫീസ്. നെറ്റ്ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ഫീസ് അടക്കാം. സ്ത്രീകള്‍, എസ് സി/എസ് ടി വിഭാഗങ്ങളില്‍പ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. എഴുത്ത് പരീക്ഷയില്ലാതെ സിസ്റ്റം-ജനറേറ്റഡ് മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഡോക്യുമെന്റ് വെരിഫിക്കേഷനും, ആവശ്യമെങ്കില്‍ മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനും വിധേയരാകണം. താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

അപേക്ഷിക്കേണ്ട വിധം

ഇന്ത്യ പോസ്റ്റിന്റെ ഔദ്യോ?ഗിക വെബ്‌സൈറ്റായ https://www.indiapost.gov.in/ സന്ദര്‍ശിക്കുക

ഹോംപേജില്‍ കാണുന്ന ‘രജിസ്റ്റര്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.

ലഭിച്ച ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കുക.

ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക.

ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക.

അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.

ചെട്ടികുളങ്ങര കുംഭഭരണി: മാര്‍ച്ച് നാലിന് പ്രാദേശിക അവധി

ചെട്ടികുളങ്ങര കുംഭഭരണി: മാര്‍ച്ച് നാലിന് പ്രാദേശിക അവധി

ആലപ്പുഴ: ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് നാലിന് ചൊവ്വാഴ്ച്ച മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാൻ. ഇന്ന് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാൻ ഇപ്പോൾ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കൽ വെൻ്റിലേഷനിൽ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാൻ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല.

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.

സ്ത്രീധനം കുറഞ്ഞുപോയി; കാസര്‍കോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി

സ്ത്രീധനം കുറഞ്ഞുപോയി; കാസര്‍കോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി

കാസര്‍കോട്: 21കാരിയെ വാട്‌സ് ആപ്പിലുടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്. കാസര്‍കോട് നെല്ലിക്കട്ട സ്വദേശിയായ റസാഖാണ് യുവതിയെ മുത്തലാഖ് ചൊല്ലിയത്. ഫെബ്രുവരി 21നാണ് യുഎഇയില്‍ ജോലി ചെയ്യുന്ന അബ്ദുള്‍ റസാഖ് ഭാര്യാ പിതാവിന് മുത്തലാഖ് സന്ദേശം വാട്ട്‌സ് ആപ്പ് വഴി അയച്ചത്. കല്ലൂരാവി സ്വദേശിനിയാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. ഭര്‍തൃമാതാവും സഹോദരിയും നിരന്തരം പീഡിപ്പിക്കുകയും മുത്തലാഖ് ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറഞ്ഞു. സ്ത്രീധനമായി റസാഖ് 50 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവാഹ ദിവസം 20 പവന്‍ മാത്രമേ നല്‍കിയിരുന്നുള്ളൂ. സ്ത്രീധനം കുറഞ്ഞതോടെ ഭര്‍ത്താവിന്റെ മാതാപിതാക്കളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായും ഭക്ഷണമില്ലാതെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മാനസികമായി പീഡിപ്പിതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; നിയമ വിദ്യാര്‍ഥിനി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; നിയമ വിദ്യാര്‍ഥിനി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: പയ്യോളിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത്. 25 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ആര്‍ദ്രയെ വീടിന് മുകളില്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുകള്‍ നിലയിലെ മുറി പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ തകര്‍ത്തുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ലോ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആര്‍ദ്ര.

ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആര്‍ദ്രയും ഷാനും തമ്മില്‍ ഉള്ള വിവാഹം.എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആര്‍ദ്രയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം പൊലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.