by Midhun HP News | May 6, 2026 | Latest News, സിനിമ
സിനിമാ നിർമാതാവും നടൻ ജീവയുടെ അച്ഛനുമായ ആർ ബി ചൗധരിയുടെ വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. അച്ഛന്റെ പെട്ടെന്നുള്ള മരണവാർത്ത ജീവയെയും മാനസികമായി തകർത്തിരിക്കുകയാണ്. ചെന്നൈയിൽ വച്ച് ആരോടോ ഫോണിൽ സംസാരിക്കവേ നിയന്ത്രണം വിട്ട് കരയുന്ന ജീവയുടെ വിഡിയോ ദൃശ്യങ്ങൾ പ്രേക്ഷകരിലും നൊമ്പരമായി മാറി.
നടൻ ശിവ ഉൾപ്പടെയുള്ളവർ താരത്തെ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. അച്ഛനൊപ്പമുള്ള ജീവയുടെ മുൻ വിഡിയോകളും ആരാധകരെ കണ്ണീരിലാഴ്ത്തി. ജനുവരി 31 ന് ചെന്നൈയിൽ വച്ചു നടന്ന തലൈവർ തമ്പി തലൈമയിൽ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് ചൗധരിയെ അവസാനമായി സിനിമാ പ്രേക്ഷകർ കണ്ടത്.
പരിപാടിക്കിടെ മകൻ ജീവയെ ചുംബിക്കുന്ന ചൗധരിയുടെ വിഡിയോ വീണ്ടും ആരാധകർ പങ്കുവയ്ക്കുകയാണ്. ഒജി പ്രൊഡ്യൂസർ എന്ന് വിളിച്ചാണ് ജീവ തന്റെ അച്ഛനെ അന്ന് വേദിയിലേക്ക് സ്വാഗതം ചെയതത്. “ഇന്ന് ഞാൻ ഇവിടെ വന്നത് എല്ലാവർക്കും നന്ദി പറയാനാണ്. ഈ വിജയത്തിന് നിങ്ങളെല്ലാവരോടും നന്ദി പറയുന്നു”.- എന്നാണ് വേദിയിൽ വച്ച് ചൗധരി പറഞ്ഞത്.
ജീവയെ സ്നേഹപൂർവ്വം ചുംബിച്ചു കൊണ്ടാണ് അദ്ദേഹം വേദി വിട്ടതും. അതേസമയം രജനികാന്ത്, ചിരഞ്ജീവി, പവൻ കല്യാൺ തുടങ്ങിയ സൂപ്പർ താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു. മെയ് 5 ന് ഉദയ്പൂരിന് സമീപം ബിയാവർ പാലി പിണ്ട്വാര റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
അദ്ദേഹം സഞ്ചരിച്ചിരുന്ന എസ്‌യുവി നിയന്ത്രണം വിട്ട് റോഡ് ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണുള്ളത്.
റോഡിന്റെ വശത്തുള്ള വലിയ കൊക്കയിലേക്ക് മറിഞ്ഞു വീഴാൻ സാധ്യതയുള്ള രീതിയിലായിരുന്നു വാഹനം നിന്നിരുന്നതെങ്കിലും ഭാഗ്യവശാൽ ഹൈവേയിലെ ഡിവൈഡറിൽ തട്ടി നിൽക്കുകയായിരുന്നു. 1988 മുതൽ സിനിമാ നിർമാണ രംഗത്ത് സജീവമായ ആർ ബി ചൗധരി, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ സൂപ്പർ ഗുഡ് ഫിലിംസിന്റെ അമരക്കാരനായിരുന്നു.ഏകദേശം നൂറോളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. 1990-ൽ വിക്രമൻ സംവിധാനം ചെയ്ത ‘പുതു വസന്തം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ് സിനിമയിൽ ചുവടുറപ്പിച്ചത്. ഈ ചിത്രത്തിന് തമിഴ്‌നാട് സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിരുന്നു. പിന്നീട് സൂര്യവംശം, തുള്ളാത മനവും തുള്ളും, പൂവേ ഉനക്കാക, ആനന്ദം, ജില്ല തുടങ്ങിയ എണ്ണമറ്റ സൂപ്പർഹിറ്റ് സിനിമകൾ അദ്ദേഹം നിർമിച്ചു.
മലയാളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘കീർത്തിചക്ര’ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ 2025-ൽ പുറത്തിറങ്ങിയ ‘മാരീശൻ’ എന്ന ചിത്രമാണ് അദ്ദേഹം നിർമിച്ചത്. ജീവയെ കൂടാതെ അദ്ദേഹത്തിന്റെ മറ്റൊരു മകനായ ജിതൻ രമേശും സിനിമാ രംഗത്ത് സജീവമാണ്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോർക്ക്: സൈബർ തട്ടിപ്പും ഡിജിറ്റൽ നിരീക്ഷണവും ആസ്പദമാക്കിയുള്ള റിപ്പോർട്ടിങ്ങിന് ഇന്ത്യൻ മാധ്യമപ്രവർത്തകരായ ആനന്ദ് ആർ കെ, സുപർണ ശർമ എന്നിവർക്ക് പുലിറ്റ്സർ പുരസ്കാരം. ‘ഇല്ലസ്‌ട്രേറ്റഡ് റിപ്പോർട്ടിങ് ആൻഡ് കമന്ററി’ വിഭാഗത്തിലാണ് പുരസ്‌കാരം. ലോകത്ത് വർധിച്ചു വരുന്ന ഡിജിറ്റൽ തട്ടിപ്പുകളെയും നിരീക്ഷണ സംവിധാനങ്ങളുടെ ഭീഷണിയെയും പറ്റി വാക്കുകളും ചിത്രങ്ങളും കോർത്തിണക്കി ബ്ലൂംബെർഗിന് വേണ്ടി ഒരുക്കിയ “trAPPed” എന്ന ഇല്ലസ്‌ട്രേറ്റഷന്‍ പരമ്പരയാണ് അവാർഡിനർഹമായത്.
ഇന്ത്യയിലെ ന്യൂറോളജിസ്റ്റ് ‘ഡിജിറ്റൽ അറസ്റ്റിന്’ ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ അറസ്റ്റിലൂടെ സൈബർ കുറ്റവാളികൾ ഇരകളെ മനശാസ്ത്രപരമായി തട്ടിപ്പിനിരയാക്കുന്നതിനെ കുറിച്ചുള്ളതാണ് ലേഖനം. ദക്ഷിണേഷ്യയിലുടനീളം വർധിച്ചു വരുന്ന ഓൺലൈന്‍ തട്ടിപ്പുൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ പ്രതീകാത്മകമായി വരച്ചു കാട്ടുന്ന അന്വേഷണാത്മക റിപ്പോർട്ടാണിത്.
സൈബർ കുറ്റ കൃതൃങ്ങളുടെ ആഴം നൂതനമായ ശൈലിയിലൂടെ അവതരിപ്പിച്ചതിനെ പുലിറ്റ്സർ ബോർഡ് മാധ്യമ പ്രവർത്തകരെ പ്രശംസിച്ചു. ബ്ലൂ ഇന്‍ ഗ്രീന്‍, ഗ്രാഫിറ്റീസ് വാൾ തുടങ്ങിയ ഗ്രാഫിക് നോവലുകളിലൂടെ പ്രശസ്തനായ വ്യക്തിയാണ് ആനന്ദ് ആർ കെ. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് സുപർണ ശർമ. ബ്ലൂം ബെർഗിന്‍റെ ഏഷ്യയിലെ മുതിർന്ന അന്വേഷണ റിപ്പോർട്ടറാണ് നതാലിയേ ഒബിക്കോ.
ഇല്ലസ്ട്രേറ്റർ റിപ്പോർട്ടിങ് അവാർഡിനു പുറമെ യുഎസ് സർക്കാരും മറ്റ് ഭരണ കൂടങ്ങളും രഹസ്യമായി ഉപയോഗിക്കുന്ന മാസ് സർവെയ്‍ലന്‍സ് സാങ്കേതിക വിദ്യയെ കുറിച്ചുള്ള റിപ്പോർട്ടിങിന് മറ്റൊരു ഇന്ത്യൻ മാധ്യമ പ്രവർത്തക അനിരുദ്ധ ഗോഷാലിനും പുലിറ്റ്സർ അംഗീകാരം ലഭിച്ചു. കൊളംബിയ സർവകലാശാല നല്‍കിവരുന്ന പുലിറ്റ്സർ പുരസ്‌കാരം പത്രപ്രവർത്തനം, സാഹിത്യം, സംഗീതം എന്നീ മേഖലകളിലെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ്. പത്ര സ്വാതന്ത്ര്യം, അന്വേഷണാത്മക സ്വാതന്ത്യം എന്നിവയെ കുറിച്ച് ആഗോള തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വർഷത്തെ പുരസ്കാര പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

by Midhun HP News | May 6, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യുഎസ് നടപടിയായ ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ താല്ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാന്റെയും മറ്റു രാജ്യങ്ങളുടെയും അഭ്യർഥന മാനിച്ചാണ് പദ്ധതി താല്ക്കാലികമായി നിർത്തിയതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും പ്രൊജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് അറിയിച്ചു. ഇറാനും യുഎസും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ദിവസങ്ങളായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ഇസ്‍ലാമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ചർച്ചകൾ പിന്നീടും തുടർന്നു. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും ട്രംപ് അറിയിച്ചു. ഇറാനെതിരായ ആക്രമണം ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ പൂര്‍ത്തിയായെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിരുന്നു.
ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. ഹോര്‍മുസ് തുറക്കാന്‍ യുഎന്നില്‍ പ്രമേയം കൊണ്ടുവരാനാണ് അമേരിക്കയുടെ നീക്കം. ഗള്‍ഫ് രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രമേയം കൊണ്ടുവരിക.

by Midhun HP News | May 6, 2026 | Latest News, കേരളം
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറ ശങ്കരപാണ്ഡ്യമെട്ടില്‍ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്റെ ഭാര്യ ശാന്തിയാണ് മരിച്ചത്. സംഭവത്തില്‍ ജഗന്‍മോഹന്റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനെ(50) ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തു.
4 നാണ് ശാന്തി മരിച്ചത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ അറിയിച്ചു. ജഗന്‍ മോഹന്‍ തിരിച്ചെത്തിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശാന്തിയെ പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് നിര്‍ണായകമായത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

by Midhun HP News | May 6, 2026 | Latest News, കേരളം
നടൻ സന്തോഷ് കെ നായരുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊന്നും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സന്തോഷിന് അനുശോചനം രേഖപ്പെടുത്തി നടൻ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിപ്പോൾ നൊമ്പരമായി മാറുന്നത്.
പുലർച്ചെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്കിടയിൽ ഏനാത്ത് വെച്ച് അപകടത്തിൽപ്പെട്ട വണ്ടികൾ താൻ കണ്ടിരുന്നുവെന്നും, എന്നാൽ അത് സന്തോഷിന്റേതായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും കിഷോർ സത്യ കുറിച്ചു.
‘മോഹിനിയാട്ടം’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആ കഥാപാത്രം സന്തോഷിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവാകുമെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും, പക്ഷേ വിധി മറ്റൊന്നായിപ്പോയെന്നും കിഷോർ സത്യ വേദനയോടെ ഓർത്തെടുത്തു.
സന്തോഷ് ഓടിച്ചിരുന്ന കാറും എതിരെ വന്ന പാഴ്സൽ ലോറിയും എംസി റോഡിൽ അടൂരിനും ഏനാത്തിനുമിടയിൽ എംജി ജംക്‌ഷനിൽ ഇന്നലെ രാവിലെ 6.15 നു കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന
സുഹൃത്തിനും ലോറി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി സുധീഷിനും പരിക്കുണ്ട്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ സന്തോഷിന് ഹൃദയാഘാതവുമുണ്ടായി. മൃതദേഹം ഗുരുവായൂർ ഇരിങ്ങപ്പുറം അനന്തപുരി വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് ഒരു മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
കിഷോർ സത്യ പങ്കുവച്ച കുറിപ്പ്
രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോൾ ഏനാത്ത് വഴി ഞങ്ങൾ കടന്നുപോയി. അപ്പോൾ വഴിയിൽ ഒരു ലോറിയും ഇന്നോവ കാറും ആക്സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആൾക്കാർ അവിടെ കൂടിയിരുന്നു കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.ഏതാണ്ട് 9 മണി ആയപ്പോൾ ഒരു സുഹൃത്താണ് നടൻ സന്തോഷേട്ടൻ അപകടത്തിൽപ്പെട്ട് മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയിൽ നടന്ന അപകടത്തിൽപ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്. ഒത്തിരി സങ്കടം വന്നു.
കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയിൽ ഒരു മികച്ച വേഷത്തിൽ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കൽ കൂടെ നമ്മെ വേദനിപ്പിച്ചു. ആദരാഞ്ജലികൾ…

by Midhun HP News | May 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റു വാങ്ങിയെങ്കിലും എല്‍ഡിഎഫിന് തിരിച്ചുവരാന്‍ സിപിഎം നേതാവ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്നാണ് സിപിഎമ്മിലെ ഭൂരിപക്ഷം നേതാക്കളും അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തോല്‍വിയുടെ പേരില്‍ നേതൃത്വം ഒഴിയേണ്ടതില്ലെന്നും തിരിച്ചുവരവിന് പിണറായി അനിവാര്യമാണെന്നുമാണ് നേതാക്കള്‍ പറയുന്നത്. ഇത്തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലം പാര്‍ട്ടിയെ നയിച്ചത് പിണറായി വിജയന്‍ ആണ്. ഇതില്‍ പത്തു വര്‍ഷം മുഖ്യമന്ത്രിയായാണ് പാര്‍ട്ടിയെ നയിച്ചത്. ഇപ്പോള്‍ ഒരു തോല്‍വിയുടെ പേരില്‍ പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. അത്തരത്തില്‍ മാറിനിന്നാല്‍ തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും പിണറായിയുടെ മേല്‍ വരും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ജയപരാജയങ്ങളെ സ്വാഭാവികമായി കാണുന്ന രീതിയാണ് ഉള്ളതെന്നും നേതാക്കള്‍ പറയുന്നു. നിലവില്‍ ഭരണപക്ഷം ശക്തമാണ്. ഒട്ടുമിക്ക യുഡിഎഫ് നേതാക്കളും സഭയിലെത്തിയിട്ടുണ്ട്. ഇവരെ നേരിടാന്‍ ശക്തമായ പ്രതിപക്ഷ നേതാവ് ആവശ്യമാണ്. കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനാണ്. എന്നാല്‍ ശക്തമായ ഭരണപക്ഷത്തെ നേരിടാന്‍ പിണറായി വിജയനെ പോലെ കരുത്തുള്ള നേതാവ് തന്നെ വേണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Recent Comments