ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; വീണ്ടും 64,000ലേക്ക്

ബ്രേക്കില്‍ നിന്ന് കാലെടുത്ത് സ്വര്‍ണവില; വീണ്ടും 64,000ലേക്ക്

കൊച്ചി: ഇന്നലെ സഡന്‍ ബ്രേക്കിട്ട സ്വര്‍ണവില വീണ്ടും കുതിപ്പിന്റെ സൂചന നല്‍കി മുന്നേറി. ഇന്ന് 320 രൂപയാണ് വര്‍ധിച്ചത്. 63,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി.

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്നലെ 560 രൂപ കുറഞ്ഞതോടെയാണ് 64000ല്‍ താഴെ പോയത്. ഒരാഴ്ചയ്ക്കിടെ ഏകദേശം മൂവായിരത്തോളം രൂപ വര്‍ധിച്ച ശേഷമാണ് ഇന്നലെ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക, ചൂട് കൂടും; ജാഗ്രതാ മുന്നറിയിപ്പ്

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക, ചൂട് കൂടും; ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11 മണിമുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.

പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയും വളരെ നല്ലതാണ്.

വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാഹാളുകളില്‍ കുടിവെള്ളം ഉറപ്പാക്കണം.ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം വന്നത് തെലങ്കാനയിൽ നിന്ന്

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി; സന്ദേശം വന്നത് തെലങ്കാനയിൽ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെത്തുടർന്ന് രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. നാല് മണിക്കൂറോളം പരിശോധനകൾ നടത്തി.

പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയ റെയില്‍വേ അധികൃതര്‍ ജാഗ്രത തുടരുമെന്നും അറിയിച്ചു.

സംഭവത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. സുരക്ഷ ശക്തമാക്കാൻ യോ​ഗത്തിൽ തീരുമാനമായി. തിരുവനന്തപുരത്ത് ഇത് രണ്ടാം തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള ഹോട്ടലിൽ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

കോട്ടയം റെയില്‍വേ സ്റ്റേഷനിൽ ബോംബ് ഭീഷണി ഉണ്ടായതിനെ തുടർന്ന് യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ പൊലീസ് വിശദമായി പരിശോധിച്ചു. അന്വേഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

‘സൗജന്യ റേഷനും പണവും കിട്ടിയാല്‍ ആളുകള്‍ ജോലി ചെയ്യുമോ?’; തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി

‘സൗജന്യ റേഷനും പണവും കിട്ടിയാല്‍ ആളുകള്‍ ജോലി ചെയ്യുമോ?’; തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി

ഡല്‍ഹി: തെരഞ്ഞെടുപ്പിനു മുമ്പായി സൗജന്യങ്ങള്‍ പ്രഖ്യാപിക്കുന്ന പതിവിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സൗജന്യ റേഷനും പണവും കിട്ടിയാല്‍ പിന്നെ ആളുകള്‍ ജോലി ചെയ്യാന്‍ മടിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

നഗര മേഖലകളിലെ വീടില്ലാത്തവര്‍ക്ക് അഭയ സ്ഥാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ബിആര്‍ ഗവായിയുടെയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയുടെയും നിരീക്ഷണം. ”സൗജന്യങ്ങള്‍ കിട്ടുന്നതുകൊണ്ട് ജനങ്ങള്‍ ജോലിക്കു പോവില്ല. അവര്‍ക്കു റേഷന്‍ കിട്ടുന്നുണ്ട്, പണം കിട്ടുന്നുണ്ട്, ഒരു ജോലിയും ചെയ്യാതെ തന്നെ”- കോടതി പറഞ്ഞു. സൗജന്യങ്ങള്‍ കൊടുക്കുന്നതിനു പകരം ജനങ്ങളെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാക്കി, രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിയാക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

നഗര ദാരിദ്ര്യ നിര്‍മാര്‍ജന മിഷന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി വരികയാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കടരമണി കോടതിയെ അറിയിച്ചു. വീടില്ലാത്തവര്‍ക്ക് വീട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അതില്‍ വരുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ എപ്പോള്‍ പ്രവര്‍ത്തന ക്ഷമമാവുമെന്ന് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ആറാഴ്ചയ്ക്കു ശേഷം പരിഗണിക്കാന്‍ മാറ്റി.

വൈദ്യുതി ബില്‍, മൊബൈല്‍ റീചാര്‍ജുകള്‍ വാട്‌സ്ആപ്പിലൂടെ; പുതിയ അപ്‌ഡേറ്റ്

വൈദ്യുതി ബില്‍, മൊബൈല്‍ റീചാര്‍ജുകള്‍ വാട്‌സ്ആപ്പിലൂടെ; പുതിയ അപ്‌ഡേറ്റ്

ഡല്‍ഹി: യുപിഐ പേയ്മെന്റ് സേവനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ ബില്‍ പേയ്മെന്റ് സംവിധാനം തയ്യാറാക്കാനൊരുങ്ങി മെറ്റയുടെ മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. രാജ്യത്ത് പേയ്‌മെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അടുത്തിടെയാണ് വാട്‌സ്ആപ്പിന് അനുമതി ലഭിച്ചത്. താമസിയാതെ, വൈദ്യുതി, മൊബൈല്‍ റീചാര്‍ജുകള്‍ തുടങ്ങിയ മറ്റ് സേവനങ്ങളും വാട്‌സ്ആപ്പില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പില്‍ യുപിഐ പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് പണം അയക്കുന്നതിന് സമാനമായിരിക്കും ബില്ലുകളും അടയ്ക്കുന്ന രീതി. വാട്സ്ആപ്പ് 2.25.3.15 ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ ഡയറക്ട് ബില്‍ പേയ്മെന്റ് ഫീച്ചര്‍ മെറ്റ പരീക്ഷിക്കുന്നതായാണ്‌റിപ്പോര്‍ട്ട്. പേയ്‌മെന്റ് സേവനങ്ങള്‍ക്കായി രാജ്യത്ത് മറ്റ് ആപ്പുകളുണ്ടെങ്കിലും 40 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് പുതിയ ഫീച്ചറിന്റെ വരവ് കൂടുതല്‍ നേട്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഒറ്റ ആപ്പില്‍ തന്നെ മെസേജിങ്,കോളിങ്, എഐ ഫീച്ചര്‍ എന്നിവ ലഭ്യമാകുമെന്നതിനാലാണിത്.

വാട്‌സ്ആപ്പില്‍ ബില്ലിങ് സേവനം വരുന്നതോടെ വൈദ്യുതി, ഗ്യാസ്, മൊബൈല്‍ അല്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ബില്‍ ഉള്‍പ്പെടെ അടയ്ക്കാനാകും. യുപിഐ പേയ്മെന്റ് സേവനത്തിലൂടെ വാട്സ്ആപ്പ് വിപണിയില്‍ പുതിയ മുന്നേറ്റം നടത്തുമെന്നും വൈവിധ്യമാര്‍ന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാകും പുതിയ അപ്‌ഡേറ്റെന്നാണ് റിപ്പോര്‍ട്ട്.

‘എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പുമായി തൃഷ

‘എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു’; പോസ്റ്റുകൾ ശ്രദ്ധിക്കരുതെന്ന് ആരാധകർക്ക് മുന്നറിയിപ്പുമായി തൃഷ

നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തൃഷ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്റെ അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നും അതുവരെ അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും നടി മുന്നറിയിപ്പ് നൽകി.

2017 ലും എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതിനെത്തുടർന്ന് തൃഷ സോഷ്യൽ മീഡിയയിൽ നിന്ന് ചെറിയ ബ്രേക്ക് എടുത്തിരുന്നു. പിന്നീട് എക്സ് അക്കൗണ്ട് താല്ക്കാലികമായി നടി ഡീ ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് തൃഷ എക്സിൽ സജീവമായത്. അജിത്തിനൊപ്പമെത്തിയ വിടാമുയർച്ചിയാണ് തൃഷയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിടാമുയർച്ചി ഇപ്പോഴും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാളത്തിൽ‌ ടൊവിനോയ്ക്കൊപ്പം ഐ‍ഡന്റിറ്റി എന്ന ചിത്രത്തിലും തൃഷ അഭിനയിച്ചിരുന്നു.