by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി അന്യ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഫെലോഷിപ്പ് തുക.
അപേക്ഷകര്‍ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവരുമായിരിക്കണം. മാധ്യമ പഠന വിദ്യാര്‍ത്ഥികള്‍ക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല.
സൂക്ഷ്മവിഷയങ്ങള്‍, സമഗ്രവിഷയങ്ങള്‍, സാധാരണ വിഷയങ്ങള്‍ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നല്‍കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിന് ഫെലോഷിപ്പ് നല്‍കില്ല. പട്ടികജാതി-പട്ടികവര്‍ഗ-മറ്റ് അര്‍ഹവിഭാഗങ്ങള്‍, കുട്ടികള്‍, സ്ത്രീകള്‍, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങള്‍ക്കു മുന്‍ഗണന നല്‍കും. പഠനങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോറവും നിയമാവലിയും അക്കാദമി വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. (www.keralamediaacademy.org).
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2422275 എന്ന നമ്പറില്‍ ബന്ധപ്പെടാം. അപേക്ഷയും സിനോപ്സിസും 2025 ഫെബ്രുവരി 5-നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തില്‍ ലഭിക്കണം.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നല്‍കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആറ്റുകാല്‍ ട്രസ്റ്റ് ഓഫീസില്‍ ചേര്‍ന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഉത്സവങ്ങളില്‍ നിര്‍ബന്ധിത പിരിവ് പാടില്ല. ഉൽസവദിവസങ്ങളിലു൦ , പ്രത്യേകിച്ച് പൊങ്കാല ദിനത്തിലു൦ ഭക്ഷണം, വെള്ളം വിതരണം ചെയ്യല്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണം. ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും പരസ്യങ്ങൾ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി, കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, ഓടകള്‍ വൃത്തിയാക്കല്‍, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, മാലിന്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ഡ് കൗണ്‍സിലര്‍മാര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വ്വീസുകള്‍ നടത്തുന്നില്ല. അതിനാല്‍ പൊങ്കാല ദിവസത്തില്‍ എയര്‍ക്രാഫ്റ്റ് മാര്‍ഗ്ഗേനയുള്ള പുഷ്പവൃഷ്ടി ഉണ്ടാവില്ല.
കോര്‍പ്പറേഷന്‍ പരിധിയിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം 6 മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം 6വരെ മദ്യനിരോധനം ഏര്‍പ്പെടുത്തും. ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് നല്‍കേണ്ട എസ്റ്റിമേറ്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് വിവിധ നിര്‍വഹണ ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
കുറ്റമറ്റ രീതിയില്‍ പൊങ്കാല മഹോത്സവം നടത്തുന്നതിന് ബന്ധപ്പെട്ട എല്ലാവരും മുന്‍കൈയ്യെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശിച്ചു. ആറ്റുകാല്‍ പൊങ്കാലയില്‍ ഹരിതപ്രോട്ടോകോള്‍ പാലിക്കുമെന്നും പെട്രോള്‍ പമ്പുകള്‍ക്ക് സമീപം അടുപ്പ് കൂട്ടുന്നത് ഭക്തജനങ്ങള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ആണ് പൊങ്കാലയുടെ നോഡല്‍ ഓഫീസര്‍.
പൊങ്കാല കഴിഞ്ഞ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അതിവേഗം നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാലിന്യം നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ സഹകരണം ഉണ്ടാകണമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
പൊങ്കാലയോടനുബന്ധിച്ച് മൂവായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ രണ്ട് ഘട്ടങ്ങളിലായി വിന്യസിക്കുമെന്നും വിവിധയിടങ്ങളില്‍ പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ തോംസണ്‍ ജോസ് അറിയിച്ചു. വഴിയോര കടകള്‍ റോഡില്‍ ഇറക്കി കച്ചവടം നടത്തുന്നത് നിയന്ത്രിക്കുമെന്നും ക്ഷേത്ര പരിസരത്ത് കൊടിതോരണങ്ങളും മറ്റ് അനധികൃത പരസ്യങ്ങളും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിപ്പിക്കുമെന്നും 450 ജീവനക്കാര്‍, 30 ഫയര്‍ എന്‍ജിനുകൾ, ആറ് ആംബുലന്‍സ് എന്നിവ വിന്യസിപ്പിക്കുമെന്നും ഫയര്‍ ആന്റ് സേഫ്റ്റി അധികൃതര്‍ അറിയിച്ചു.
പൊങ്കാല മഹോത്സവ ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ രാത്രി 10വരെ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കുമെന്നും കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനം ലഭ്യമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടകരെ ആറ്റുകാല്‍ എത്തിക്കും.
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വാർഡ് കൗൺസിലർമാർ, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്:ചിറയിൻകീഴ് ശ്രീ ശാർക്കര ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 13 ന് നടക്കും. രാവിലെ 10.15 ന് പണ്ടാര അടുപ്പിൽ തീ തെളിക്കും. 11.30 ന് നിവേദ്യവും നടക്കും.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
കവി ഓരനല്ലൂർ ബാബു എഴുതിയ നാവായിക്കുളത്തിൻ്റെ സമഗ്ര ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകം ‘നാവായിക്കുളത്തിൻ്റെ ഇതിഹാസം’ എന്ന ചരിത്ര പുസ്തകം കല്ലമ്പലം പ്രസ് ക്ലബിനു വേണ്ടി ഗ്രനഥകാരനിൽ നിന്നും മനോരമ ലേഖകൻ എം.എസ്.മനു ഏറ്റുവാങ്ങി.
കേരള കൗമുദി ഓഫിസിൽ നടന്ന ചടങ്ങിൽ എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വർക്കല താലൂക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ നാവായിക്കുളത്തിൻ്റെ എല്ലാ മേഖലകളെയും സ്പർശിക്കുന്നതാണ് ഈ പുസ്തകം. ചരിത്ര അന്വേഷികൾക്ക് എക്കാലത്തും സഹായകരമാകും വിധത്തിൽ ചുരുക്കത്തിൽ ലളിതമായി സ്പർശിച്ചു പോകുന്ന വായന അനുഭവം നൽകുന്ന പുസ്തകം. ഇതൊരു മാതൃകയാക്കി പഞ്ചായത്തുകൾ മുൻകൈ എടുത്ത് ഇത്തരത്തിൽ പൈതൃക സംബന്ധമായ വിവരങ്ങൾ രേഖപ്പെടുത്താൻ സംവിധാനം ഉണ്ടാക്കണം എന്ന ആവശ്യം പ്രകൃതി സ്നേഹികളും ചരിത്ര അന്വേഷകരും ആവശ്യപ്പെടുന്നു. പുതിയ തലമുറക്ക് ഇത്തരം ചരിത്ര രേഖകൾ വലിയ സഹായകരമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
ചിറയിൻകീഴ്: മഹാത്മാഗാന്ധി കുടുംബ സംഗമത്തിന് ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. താഴംപള്ളി വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് ലിപിൻ ലോറൻസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു .
കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് വെളിവാക്കുന്നത് ബിജെപിയുടെ അധികാര താൽപര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബീഹാർ നിയമസഭയാണെന്ന് തെറ്റിദ്ധരിച്ചാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു.
രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി തുക വകയിരുത്തേണ്ട കേന്ദ്ര ബഡ്ജറ്റ് ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രമായി ചിലവഴിക്കുന്നത് വരാൻ പോകുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ വേണ്ടിയാണെന്നും, കേന്ദ്രത്തിന്റെ ഈ നടപടി തകർക്കുന്നത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ മാത്രമല്ല രാജ്യത്തിന്റെ ദേശീയ കാഴ്ചപ്പാടിനെ കൂടിയാണെന്നും കെ.പി ശ്രീകുമാർ കൂട്ടിച്ചേർത്തു. മത്സ്യബന്ധന മേഖലയെ പൂർണ്ണമായും അവഗണിക്കുന്ന നയമാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.ജെ ആനന്ദ്, കെ.എസ് അജിത് കുമാർ, കെ.പി രാജശേഖരൻ നായർ, എഫ്. ജെഫേഴ്സൺ, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ആർ അഭയൻ, മംഗലപുരം ബ്ലോക്ക് പ്രസിഡണ്ട് എം.എസ് നൗഷാദ്, ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.എസ് അനൂപ്, മണ്ഡലം പ്രസിഡണ്ട്മാരായ മോനി ശാർക്കര, സുനിൽ പെരുമാതുറ, എം.എ ജബ്ബാർ, കീഴുവിലം ബിജു, കടയറ ജയചന്ദ്രൻ, കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ എസ്.എം.ഷഹീർ, മനുമോൻ.ആർ.പി, വി.ബേബി, ഷൈജു വലിയകട, ബ്ലോക്ക് ഭാരവാഹികളായ വർഗ്ഗീസ്, ജയന്തി കൃഷ്ണ, ജെറോം, ജോയി ലിയോൺസ്, പുതുക്കരി സുരേഷ്, അശോകൻ പഴഞ്ചിറ തുടങ്ങിയവർ പങ്കെടുത്തു. മഹാത്മാഗാന്ധി കുടുംബ സംഗമങ്ങൾ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന 75 വാർഡുകളിലും നടത്തുവാൻ തീരുമാനിച്ചതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.ആർ അഭയൻ അറിയിച്ചു.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 36 മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കാന്‍സര്‍, അപൂര്‍വ രോഗങ്ങള്‍, മറ്റ് ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയില്‍ 36 ജീവന്‍രക്ഷാ മരുന്നുകള്‍ കൂടി ചേര്‍ക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
അഞ്ചു ശതമാനം കസ്റ്റംസ് തീരുവ ഈടാക്കുന്ന പട്ടികയില്‍ ആറ് ജീവന്‍രക്ഷാ മരുന്നുകളെ കൂടി ഉള്‍പ്പെടുത്തും. 36 മരുന്നുകള്‍ ബള്‍ക്കായി നിര്‍മ്മിച്ചാലും ഇളവ് ബാധകമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ലിഥിയം ബാറ്ററികളുടെയും അനുബന്ധ മേഖലകളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായും ബജറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോബാള്‍ട്ട്, ലിഥിയം-അയണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക്, മറ്റ് 12 നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ അവശ്യ വസ്തുക്കളുടെ മേലുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ നീക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് നിര്‍ദേശം ഇവി ബാറ്ററികളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും വില കുറയാന്‍ സഹായകമാകും.
പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ബാറ്ററികള്‍, സെമികണ്ടക്ടറുകള്‍, പുനരുപയോഗ ഊര്‍ജ്ജ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഈ വസ്തുക്കള്‍ അത്യന്താപേക്ഷിതമാണ്. ഈ നടപടി ഇലക്ട്രിക് വാഹനങ്ങള്‍ അടക്കമുള്ളവയുടെ നിര്‍മ്മാണത്തിന് ഈ വസ്തുക്കളെ ആശ്രയിക്കുന്ന വ്യവസായങ്ങളുടെ ചെലവ് കുറയ്ക്കും.
കൂടാതെ, ഇലക്ട്രിക് ബാറ്ററി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന 35 അധിക ഇനങ്ങളും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മ്മാണത്തിനുള്ള 28 ഇനങ്ങളും തീരുവയില്‍ നിന്ന് ഒഴിവാക്കി. അധിക നികുതി ഈടാക്കാതെ ബാറ്ററി ഉല്‍പ്പാദനത്തിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും ഇറക്കുമതി ചെയ്യാന്‍ കമ്പനികളെ ഇത് അനുവദിക്കുന്നു. ഇത് വിലകുറഞ്ഞ ഇവി ബാറ്ററികള്‍ക്ക് കാരണമാകുമെന്നാണ് പ്രതീക്ഷ. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Recent Comments