by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി അന്തരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് ആണ് മരണവാര്‍ത്ത പങ്കുവെച്ചത്.
‘മനുഷ്യാവകാശ സമൂഹത്തിന്റെ അനുകമ്പയുള്ള നേതാവായ സാകിയ അപ്പ വെറും 30 മിനിറ്റ് മുമ്പ് അന്തരിച്ചു!’- ടീസ്റ്റ എക്സില്‍ കുറിച്ചു. 2002 ഫെബ്രുവരി 28-നാണ് അഹമ്മദാബാദ് നഗരത്തിലെ ഗുല്‍ബര്‍ഗ് ഹൗസിങ് കോളനിയില്‍ ആക്രമിച്ച് കയറിയ ജനക്കൂട്ടം ഇസ്ഹാന്‍ ജാഫ്രിയെ വധിച്ചത്. അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് അദ്ദേഹം നേരിട്ട് ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചിട്ടും സഹായിച്ചില്ല എന്നായിരുന്നു സാകിയ ജാഫ്രിയുടെയും കുടുംബത്തിന്റേയും ആരോപണം.
2006 മുതല്‍ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടത്തിലായിരുന്നു സാകിയ ജാഫ്രി. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും മറ്റ് ഉന്നതര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം സകിയ കോടതിയെ സമീപിച്ചിരുന്നെങ്കിലും കേസ് സുപ്രീം കോടതി തള്ളിയിരുന്നു.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമ്പദ്വ്യവസ്ഥയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികളുടെ സംഭാവന കണക്കിലെടുത്ത് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ക്രമീകരിക്കും ധനമന്ത്രി പറഞ്ഞു.
കാറ്ററിങ് ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, സ്വതന്ത്ര കോണ്‍ട്രാക്ടന്മാര്‍, സോഫ്ട്വെയര്‍ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ഗിഗ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്. മണിക്കൂര്‍ അനുസരിച്ചോ പാര്‍ട്ട് ടൈമായോ ആണ് ഇത്തരം ജോലികള്‍. പാര്‍ട്ട് ടൈമായി പല വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നവരും ഇതിന് കീഴില്‍വരും.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ് ഫോം തൊളിലാളികള്‍. ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ തൊഴിലെടുക്കുന്നവര്‍, ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളില്‍ തൊഴിലെടുക്കുന്നവര്‍, ഡെലിവറി തൊഴിലാളികള്‍ തുടങ്ങിയവരും പ്ലാറ്റ്ഫോം തൊഴിലാളികളാണ്.
2029-30 ആകുമ്പോഴേക്കും ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ എണ്ണം 23.5 ദശലക്ഷമാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക് കൂട്ടല്‍. 2020-21 ല്‍ കണക്കാക്കിയ 7.7 ദശലക്ഷത്തിന്റെ മൂന്നിരട്ടിയാണ്. ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് അനുയോജ്യമായ സാമൂഹിക സുരക്ഷാ നടപടികള്‍ രൂപപ്പെടുത്തുന്നതിന് 2020 ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് വ്യവസ്ഥ ചെയ്തിരുന്നു.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 2025ലെ കേന്ദ്ര ബജറ്റില്‍ കേരളത്തിനോടുള്ള സമീപനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായി താല്‍പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ അനുവദിച്ചുവെന്നതാണ് ബജറ്റില്‍ പൊതുവെ കാണുന്നത്. എല്ലാവരോടും തുല്യസമീപനമല്ല ഉണ്ടായത്. കേരളത്തിന് ന്യായമായ ചില ആവശ്യങ്ങളുണ്ടായിരുന്നു. കേരളത്തിന് നല്ലതോതില്‍ സാമ്പത്തികമായി വെട്ടിക്കുറവ് ഉണ്ടായെന്നും ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വയനാട് ദുരന്തത്തിനു വേണ്ടിയുള്ള പക്കേജ് ന്യായമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചില്ല. 20 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ സ്‌കീമായിരുന്നു വിഴിഞ്ഞം. അതും പരിഗണിച്ച് പ്രത്യേകമായി പണം അനുവദിച്ചിട്ടില്ല. പ്രധാനമായി അനുവദിക്കേണ്ട സ്ഥാപനങ്ങളോന്നും അനുവദിച്ചിട്ടില്ല. അഞ്ച് ഐഐടികളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ബജറ്റില്‍ പറഞ്ഞിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. 2025ലെ ബജറ്റില്‍ നിക്ഷേപം, എക്‌സ്‌പോര്‍ട്ട്, വികസനം എന്നിവ മാത്രമാണ് പരിഗണിച്ചിട്ടുള്ളത്.
എല്ലാ ഗവ. സെക്കന്‍ഡറി സ്‌കൂളുകളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇതിനകം തന്നെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ ആ വകയിലും പണം കേരളത്തിന് ലഭിക്കില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരമില്ലത്താണ് ഈ ബജറ്റ്. വളത്തിന്റെ സബ്‌സിഡി 3400 കോടി, പെട്രോളിയം സബ്‌സിഡി 2600 കോടിയായി കുറഞ്ഞു. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിയ്ക്കായി ഒരു രൂപപോലും ഉയര്‍ത്തിയിട്ടില്ല. വിള ഇന്‍ഷൂറന്‍സിന് 3600 കോടിയാണ് കുറച്ചത്. പൊതുവില്‍ ബജറ്റില്‍ നിക്ഷേപം വരുന്ന കാര്യങ്ങളൊന്നുമില്ലെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
by Midhun HP News | Feb 1, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വന്‍നികുതി ഇളവ് ലഭിക്കുന്നതരത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ നികുതി ഘടന അനുസരിച്ച് 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്‍ നിന്ന് ലാഭിക്കാനാകുക 80,000 രൂപ. 12 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പുതിയ നികുതി ഘടന പ്രഖ്യാപിച്ചത്. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70000 രൂപയും 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 1,10,000 രൂപയുടെയും ഇളവ് ആണ് ലഭിക്കുക. പുതിയ നികുതി സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിക്കുക. പഴയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് നിലവിലെ സ്‌കീം തുടരും.
മിഡില്‍ ക്ലാസിനെ സഹായിക്കാന്‍ ആദായനികുതി പരിധി വര്‍ധിപ്പിക്കണമെന്ന വിവിധ കോണുകളില്‍ നിന്നുള്ള ആവശ്യം കണക്കിലെടുത്താണ് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75,000 രൂപയുടെ ഇളവും കൂടി കണക്കാക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
പരിഷ്‌കരിച്ച നികുതി ഘടന അനുസരിച്ച് പുതിയ സ്‌കീം തെരഞ്ഞെടുക്കുന്നവര്‍ക്ക് 12 ലക്ഷം രൂപ വരെ നികുതി ഇല്ല. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75,000 രൂപ കൂടി കണക്കാക്കുമ്പോള്‍ 12.75 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. എന്നാല്‍ 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടെ നാലുലക്ഷം രൂപ മുതലുള്ള വരുമാനം നികുതി വിധേയമാകും. അതായത് സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ആയ 75000 രൂപ കൂടി കൂട്ടി 12.75 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന വരുമാനത്തിനാണ് പരിഷ്‌കരിച്ച നികുതി സ്ലാബ് ബാധകമാകുക.
വിവിധ സ്ലാബുകളാക്കിയാണ് നികുതി ഘടന പരിഷ്‌കരിച്ചത്. ഇവരുടെ ആദ്യ നാലു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. എന്നാല്‍ നാലുലക്ഷം മുതല്‍ എട്ടു ലക്ഷം വരെ കണക്കാക്കുമ്പോള്‍ അഞ്ചുശതമാനം നികുതി വരും. എട്ടുമുതല്‍ പന്ത്രണ്ട് ലക്ഷം രൂപ വരെയുള്ള പരിധിയില്‍ 10 ശതമാനം നികുതിയാണ് ഈടാക്കുക. 12-16 ലക്ഷം വരുമാന പരിധിയില്‍ 15 ശതമാനം നികുതിയാണ് വരുക. 16-20 ലക്ഷം പരിധിയില്‍ 20 ശതമാനം നികുതി വരും. 20-24 ലക്ഷം പരിധിയില്‍ 25 ശതമാനവും 24 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് പുതിയ നികുതി സ്ലാബ്.
അതായത് 25 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇനത്തില്‍ 1,10,000 രൂപയുടെ ഇളവ് ലഭിക്കും. 18 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 70000 രൂപയും 12 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 80000 രൂപയും ആദായനികുതിയില്‍ ഇളവ് ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച
ആദായ നികുതി ഘടന ലളിതമാക്കാന്‍ ലക്ഷ്യമിട്ട് പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദായനികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ആദായ നികുതി ബില്‍. 1961 ലെ നിലവിലുള്ള ആദായനികുതി നിയമത്തിന് പകരമായി വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും പ്രയോജനം ലഭിക്കുന്ന തരത്തില്‍ നികുതി ഘടന ലഘൂകരിക്കുന്ന ബില്‍ ആണ് അവതരിപ്പിക്കുക എന്നും ധനമന്ത്രി പറഞ്ഞു.
നിലവിലെ നികുതി ചട്ടക്കൂട് ലളിതമാക്കാനും ആദായനികുതി നിയമത്തിന്റെ സങ്കീര്‍ണ്ണത 60% വരെ കുറയ്ക്കാനും നികുതിദായകര്‍ക്ക് ഇത് കൂടുതല്‍ പ്രാപ്യമാക്കാനും ഉദ്ദേശിച്ചുള്ളതിനാല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പ്രാധാന്യമര്‍ഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
by Midhun HP News | Feb 1, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിനായി കേന്ദ്ര ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍. മഖാന ബോര്‍ഡ്, പ്രത്യേക കനാല്‍ പദ്ധതി, ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പട്ന ഐഐടിയുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ ജനാധിപത്യ സഖ്യം ഭരിക്കുന്ന ബിഹാറില്‍ ഈ വര്‍ഷം അവസാനത്തോടെയാകും തെരഞ്ഞെടുപ്പ് നടക്കുക. പട്‌ന വിമാനത്താവളം നവീകരിക്കല്‍. പുതിയ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട്, പുതിയ ഫുഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്റര്‍പ്രണര്‍ഷിപ്പ ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംസ്ഥാനത്ത് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനത്തില്‍ പറയുന്നു.
മിതിലാഞ്ചല്‍ മേഖലയിലെ അരലക്ഷം ഹെക്ടര്‍ ഭൂമിക്ക് പ്രയോജനം ചെയ്യാനായി വെസ്റ്റേണ്‍ കോസി കനാല്‍ പദ്ധതിക്കായി പ്രത്യേക സാമ്പത്തിക സഹായം നല്‍കുമെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്നും ബജറ്റില്‍ പറയുന്നു. ബിഹാറിനായി നിരവധി പ്രഖ്യാപനങ്ങളുള്ള ബജറ്റിനെ എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാന്‍ അഭിനന്ദിച്ചു. ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി, എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് സ്ഥാപിക്കല്‍ തുടങ്ങിയവ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുമെന്ന് പാസ്വാന്‍ പറഞ്ഞു.
ബിഹാറില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കാനുള്ള തീരുമാനത്തെ ജെഡിയു നേതാക്കള്‍ സ്വാഗതം ചെയ്തു. ഇത് കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും പുതിയ അവസരങ്ങള്‍ തുറക്കുമെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ഝാ പറഞ്ഞു. ഈ സംരംഭം ഉല്‍പാദനം, സംസ്‌കരണം, മൂല്യവര്‍ധനവ്, വിപണനം എന്നിവ വര്‍ദ്ധിപ്പിക്കുകയും മിഥിലയിലും ബിഹാറിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുമെന്നും സഞ്ജയ് ഝാ പറഞ്ഞു.
ബിഹാറിന് വാരിക്കോരി നല്‍കിയപ്പോള്‍ ഇത്തവണയും കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ തഴഞ്ഞു. കേരളം കേന്ദ്ര ബജറ്റില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന് 2,000 കോടിയുടെ പാക്കേജും രാജ്യത്തിന്റെ അഭിമാന പദ്ധതി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് 5,000 കോടിയും ചോദിച്ചിരുന്നു. വായ്പ പരിധി പ്രവാസി സംരക്ഷണ പദ്ധതികള്‍ക്കായി 300 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1,000 കോടിയും ചോദിച്ചിരുന്നെങ്കിലും ബജറ്റില്‍ കേരളത്തിനായി യാതൊരു പ്രഖ്യാപനവും ഇല്ല.
by Midhun HP News | Feb 1, 2025 | Latest News, ജില്ലാ വാർത്ത
കായിക്കര പോസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ്, ആധാർ അക്കൗണ്ട് മേള.
5 വയസിൽ താഴെ ഉള്ള കുട്ടികൾക്കു ആധാർ രജിസ്ട്രേഷൻ സൗജന്യമായി പോസ്‌റ്റോഫീസ് മുഖേന ചെയ്ത് കൊടുക്കുന്നു.
ആവശ്യമായ രേഖകൾ :
1.കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്
2.രക്ഷിതാവിന്റെ ( ആരുടെ അഡ്രസ്സിൽ ആണോ കുഞ്ഞിന് ആധാർ ലഭ്യമാക്കേണ്ടത് ) ആധാർ കാർഡ് 3.രക്ഷിതാവിന്റെ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ
കൂടാതെ, പോസ്‌റ്റോഫീസിൽ നിലവിലുള്ള സേവിങ്സ് സ്കീംമുകളുടെ മേളയും ഇതോടൊപ്പം നടത്തുന്നു.
ആവശ്യമായ രേഖകൾ :
ആധാർ കോപ്പി, പാൻകാർഡ് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.
സ്ഥലം : കായിക്കര ആശാൻ സ്മാരക ഹാൾ
തീയതി : 1/02/2025 ( ശനി )
സമയം : 10.30 മുതൽ വരെ
കൂടുതൽ വിവരങ്ങൾക്ക്, 7994227916 / 7217737689
Recent Comments