ഇന്ത്യയ്ക്ക് തിരിച്ചടി?, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പ് ബുംറയുടെ പരിക്ക് ഭേദമാകാന്‍ സാധ്യത കുറവ്

ഇന്ത്യയ്ക്ക് തിരിച്ചടി?, ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പ് ബുംറയുടെ പരിക്ക് ഭേദമാകാന്‍ സാധ്യത കുറവ്

ഡല്‍ഹി: വരാനിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം പ്രതീക്ഷിക്കുന്ന ഇന്ത്യയ്ക്ക് ഇന്ത്യന്‍ പേസര്‍ ബുംറയുടെ പരിക്ക് തിരിച്ചടിയാകുമെന്ന് സൂചന. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തൊട്ടുമുന്‍പ് ബുംറയ്ക്ക് 100 ശതമാനം കായികക്ഷമത നേടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മുതല്‍ ബുംറയെ നടുവേദന അലട്ടുകയാണ്.

ന്യൂസിലന്‍ഡിലെ പ്രശസ്ത ഡോക്ടറായ റോവന്‍ ഷൗട്ടനുമായി പേസര്‍ ബന്ധപ്പെട്ടിരുന്നുവെന്നും ചാംപ്യന്‍സ്് ട്രോഫിക്ക് മുമ്പ് ചികിത്സയ്ക്കായി അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ടൂര്‍ണമെന്റിന് ബുംറ 100 ശതമാനം ഫിറ്റ്‌നസ് നേടാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബുംറ ഇല്ലെങ്കില്‍ ആ കുറവ് പരിഹരിക്കാന്‍ ബിസിസിഐ മറ്റുവഴികള്‍ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ചാംപ്യന്‍സ് ട്രോഫിക്ക് മുമ്പ് ബുംറയ്ക്ക് സുഖം പ്രാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹര്‍ഷിത് റാണയെയും മുഹമ്മദ് സിറാജിനെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് സെലക്ടര്‍മാര്‍ ശ്രമിക്കുന്നത്. ബുംറയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കല്‍ ടീം ന്യൂസിലന്‍ഡിലെ ഷൗട്ടനുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ബുംറ 100 ശതമാനം കായികക്ഷമത നേടി തിരിച്ചെത്താന്‍ സാധ്യത കുറവാണെന്ന് സെലക്ടര്‍മാര്‍ കരുതുന്നതായും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുംറ വേഗത്തില്‍ സുഖം പ്രാപിച്ചില്ലെങ്കില്‍ ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് ഹര്‍ഷിത് റാണ തെരഞ്ഞെടുക്കപ്പെട്ടേക്കാം. 2022 ലെ ടി20 ലോകകപ്പ് പരിക്കിനെ തുടര്‍ന്ന് ബുംറ കളിച്ചിരുന്നില്ല. അന്ന് ബുംറയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഡോ. ഷൗട്ടന്‍ ആയിരുന്നു.

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു

തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി എന്ന 67 കാരിക്കാണ് പരിക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിന് കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വെച്ചായിരുന്നു സംഭവം.

ഇവിടെ 12 വീടുകള്‍ അടങ്ങിയ ലായം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല്‍ ചവിട്ടി ഒടിച്ചുവെന്നാണ് വിവരം. മറ്റു വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വെച്ചതിനെത്തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. അന്നലക്ഷ്മിയുടെ ഇടുപ്പെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

റേഷന്‍ സമരം: സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്

റേഷന്‍ സമരം: സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക്

തിരുവനന്തപുരം: പണിമുടക്ക് പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികളെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍. ഉച്ചയ്ക്ക് 12 മണിക്ക് ചര്‍ച്ച നടത്താനാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ക്ഷണിച്ചിട്ടുള്ളത്. ചര്‍ച്ച പരാജയപ്പെട്ടാല്‍ പണിമുടക്കുന്ന റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇ പോസ് മെഷീനുകള്‍ പിടിച്ചെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെ എട്ടു മുതല്‍ 256 റേഷന്‍ കടകള്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടച്ചിടുന്ന റേഷന്‍ കടകള്‍ ഏറ്റെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം ഇതിനുള്ള നടപടികള്‍ തുടങ്ങാനാണ് തീരുമാനം. എല്ലാ ജില്ലകളിലും കണ്‍ട്രോല്‍ റൂമുകള്‍ തുറക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച മുതല്‍ സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ നിരത്തിലിറക്കുമെന്നും ഭക്ഷ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. നാല്‍പ്പതിലേറെ മൊബൈല്‍ റേഷന്‍ കടകള്‍ നാളെ നിരത്തിലിറക്കാനാണ് തീരുമാനം. വേതന പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഭക്ഷ്യ-ധന മന്ത്രിമാര്‍ റേഷന്‍ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്നുമുതല്‍ പ്രാബല്യത്തില്‍. പത്ത് രൂപ മുതല്‍ 50 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് വില കൂട്ടിയത്.

62 കമ്പനികളുടെ 341 ബ്രാന്‍ഡുകള്‍ക്കാണ് ഇന്ന് മുതല്‍ പുതിയ വില. പുതുക്കിയ മദ്യവില വിവരപ്പട്ടിക ബെവ്‌കൊ പുറത്തിറക്കി. 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, ആയിരത്തിനു മുകളില്‍ 40 രൂപയുമാണ് കൂട്ടിയത്. അതേസമയം വില കുറയ്ക്കാനും തീരുമാനമുണ്ട്. 45 കമ്പനികളുടെ 107 ബ്രാന്റുകള്‍ക്കാണ് വില കുറയുക. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വിലവര്‍ധിപ്പിച്ചിട്ടുണ്ട്. ബെവ്‌കോ നിയന്ത്രണത്തില്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന ജവാന്‍ റം വില 640 രൂപയില്‍ നിന്ന് 650 ആയി ഉയര്‍ത്തി. ബിയറുകള്‍ക്ക് 20 രൂപവരെ വിലകൂടി. പ്രീമിയം ബ്രാന്‍ഡികള്‍ക്ക് 130 രൂപവരെ കൂടിയിട്ടുണ്ട്.

15 മാസത്തിനുശേഷമാണ് മദ്യത്തിന്റെ വില വര്‍ധന. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023-24 ബഡ്ജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. ബെവ്‌കോയും മദ്യകമ്പനികളും തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വിലകൂട്ടി നല്‍കും.

മദ്യത്തിന്റെ ഉത്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ബെവ്‌കോ മദ്യവില കൂട്ടിയത്. എഥനോള്‍ വില കൂടിയതാണ് മദ്യവില കൂടാന്‍ കാരണമായി പറയുന്നത്. ഇതേ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.

ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർച്ചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം.

ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാൽ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും പതിവ് പോലെ ക്ഷേത്രം നട 3.30 ന് തുറക്കും. ഉത്സവത്തിന് മുൻപേ ക്ഷേത്രം ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

കനത്ത ചൂടിന് ആശ്വാസം, മഴ വീണ്ടും സജീവമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പ്

കനത്ത ചൂടിന് ആശ്വാസം, മഴ വീണ്ടും സജീവമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വ്യാഴാഴ്ചയോടെ മഴ സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് 30 ന് മഞ്ഞ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യരേഖാ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.