കണ്ണൂരില്‍ പേപ്പട്ടി കടിച്ച് 13 പേര്‍ക്ക് പരിക്ക്; കടിയേറ്റവര്‍ ചികിത്സയില്‍

കണ്ണൂരില്‍ പേപ്പട്ടി കടിച്ച് 13 പേര്‍ക്ക് പരിക്ക്; കടിയേറ്റവര്‍ ചികിത്സയില്‍

കണ്ണൂര്‍: പേപ്പട്ടിയുടെ കടിയേറ്റ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയും പേപ്പട്ടി ഓടിച്ചിട്ട് കടിച്ചത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

ഭീകരത സൃഷ്ടിച്ച പേപ്പട്ടിയെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് പിന്‍തുടര്‍ന്ന് തെരഞ്ഞുപോയപ്പോള്‍ റെയില്‍വെ ക്വാര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. കടിയേറ്റവരില്‍ സ്ത്രീകളും പുരുഷന്‍മാരന്‍മാരും ഉള്‍പ്പെടും. ഇതില്‍ ഏഴു പേര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ മുതല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ യാത്രക്കാരെ തെരുവ് നായ അക്രമിച്ചിരുന്നു. വൈകിട്ടാണ് വ്യാപകമായ ഭീകരത അഴിച്ചുവിട്ടത്. റെയില്‍വെ സ്റ്റേഷനില്‍ തെരുവുനായയുടെ ശല്യം അതിരൂക്ഷമാണെന്ന് യാത്രക്കാരനായ രഘൂത്തമന്‍ പറഞ്ഞു. റെയില്‍വെ അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. തെരുവുനായ്ക്കള്‍ റെയില്‍വെ സ്റ്റേഷന് അകത്ത് കയറിയാല്‍ ഓടിച്ചു വിടാറുണ്ടെന്നാണ് റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ശബരിമല ഫോട്ടോഷൂട്ടില്‍ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്

ശബരിമല ഫോട്ടോഷൂട്ടില്‍ അതൃപ്തി അറിയിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: പതിനെട്ടാംപടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ടില്‍ അതൃപ്തി വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പൊലീസുകാരുടെ നടപടി അനുചിതമാണെന്നാണ് ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ശബരിമല ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്റര്‍ എഡിജിപി എസ് ശ്രീജിത്തിനെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിച്ചു.

മികച്ച സേവനം നടത്തിയ ശേഷം പടിക്കല്‍ കലം ഉടയ്ക്കുന്ന പ്രവൃത്തിയാണു പൊലീസുകാരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ബോര്‍ഡ് യോഗം വിലയിരുത്തി. ശബരിമലയില്‍ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാരെ മുഴുവന്‍ ബാധിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമല ഡ്യൂട്ടിക്കു ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണു പതിനെട്ടാംപടിയില്‍നിന്ന് ഫോട്ടോ എടുത്തത്.

ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. ആചാര ലംഘനമുണ്ടായതായി ആരോപിച്ച് പന്തളം കൊട്ടാരവും കേരള ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. തുടര്‍ന്ന് ഫോട്ടോ എടുത്ത എസ്എപി ക്യാംപിലെ 23 പൊലീസുകാരെ കണ്ണൂര്‍ കെഎപി-4 ക്യാംപില്‍ നല്ലനടപ്പ് പരിശീലനത്തിന് അയയ്ക്കാന്‍ എഡിജിപി എസ് ശ്രീജിത്ത് നിര്‍ദേശം നല്‍കി. നടപടിയെ തുടര്‍ന്ന് 23 പൊലീസുകാരും ശബരിമലയില്‍ നിന്ന് പരിശീലനത്തിനായി മടങ്ങി.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും; കൊള്ള നടത്തി 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും; കൊള്ള നടത്തി 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സാമൂഹിക ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ അയിരത്തിലേറെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ പരിശോധനയിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ഗസറ്റഡ് ഉദ്യോഗസ്ഥര്‍, കോളജ് അധ്യാപകര്‍, ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവര്‍ ക്ഷേമപെന്‍ഷന്‍ നിയമവിരുദ്ധമായി കൈപ്പറ്റുന്നതായാണ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തയത് നേരത്തതെന്ന സര്‍ക്കാര്‍ അനര്‍ഹമായവര്‍ സാമൂഹിക ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി മനസ്സിലാക്കിയിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് പരിശോധന നടത്തിയത്.

പാലക്കാട്, തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ കോളജ് അധ്യാപകരാണ് സാമൂഹികക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയത്. ഹയര്‍സെക്കന്‍ഡറി അധ്യാപകരായ മൂന്നു പേര്‍ പെന്‍ഷന്‍ വാങ്ങുന്നു. ആരോഗ്യവകുപ്പിലെ 373 പേരും പൊതുവിദ്യാഭ്യാസവകുപ്പിലെ 224 പേരും നിയമവിരുദ്ധമായി സാമൂഹിക ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് കണക്കുകള്‍. ഇവരില്‍ നിന്ന് പലിശ അടക്കം തിരിച്ചുപിടിക്കാനാണ് സര്‍ക്കാര്‍ നീക്കം.

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം; പ്രതിയെ പിടികൂടി

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം; പ്രതിയെ പിടികൂടി

തിരവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. ഉച്ചക്കട ശിവശക്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പ്രതി ഓഫീസ് വളപ്പിലെ മുറി കുത്തിത്തുറന്ന് കാണിക്കവഞ്ചികൾ മോഷ്ടിക്കുകയായിരുന്നു. മാരായമുട്ടം സ്വദേശി മണിയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 3 മണിയോട് കൂടിയായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണ് മണിയൻ.

ഗർഭിണിയായ പതിനേഴുകാരിയുടെ മരണം; സഹപാഠിയുടെ രക്ത സാമ്പിളുകൾ പരിശോധിക്കും

ഗർഭിണിയായ പതിനേഴുകാരിയുടെ മരണം; സഹപാഠിയുടെ രക്ത സാമ്പിളുകൾ പരിശോധിക്കും

പത്തനംതിട്ട: പനി ബാധിച്ച മരിച്ച പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുരത്ത്. സംഭവത്തിൽ സഹപാഠിയുടെ അടക്കം രക്ത സാമ്പിളുകൾ പരിശോധിക്കും. ഗർഭസ്ഥ ശിശുവിന്റെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചിരുന്നു.

ശിശുവിന്റെ ഡി എൻ എ സാമ്പിളുമായി സഹപാഠിയുടെ രക്ത സാമ്പിൾ ഒത്തുനോക്കും. പിതൃത്വം തെളിഞ്ഞാൽ അറസ്റ്റ് ചെയ്‌തേക്കും. സഹപാഠി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ ഇന്നലെ രാത്രി പോക്‌സോ കേസും രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മുണ്ടപ്പള്ളി സ്വദേശിനിയായ പതിനേഴുകാരി മരിച്ചത്. കുട്ടിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് എടുത്തിരുന്നത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പോക്‌സോ വകുപ്പനുസരിച്ചും കേസ് എടുത്തത്. കഴിഞ്ഞ 19ന് സ്‌കൂളിൽ നിന്നും കുട്ടി ഉല്ലാസയാത്ര പുറപ്പെട്ടിരുന്നു. എന്നാൽ അൽപദൂരം എത്തിയ ശേഷം കുട്ടി ബഹളം വച്ചതിനെ തുട‌ർന്ന് സ്‌കൂൾ അധികൃതർ രക്ഷകർത്താക്കളെ വിളിച്ചുവരുത്തി തിരികെ വിട്ടിരുന്നു. പിന്നീട് പനി ബാധിച്ച കുട്ടിയെ നാല് ദിവസം മുൻപ് വീടിന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. രക്തം പരിശോധിച്ചപ്പോൾ അണുബാധ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം പുലർച്ചെയാണ് പെൺകുട്ടി മരിച്ചത്. സംശയം തോന്നിയ ഡോക്‌ടർമാർ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. ആന്തരാവയവങ്ങൾക്ക് തകരാർ സംഭവിച്ചതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇവ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.

‘എ ഡി എംന്റെ മരണം സിബിഐ അന്വേഷിക്കണം’; വി ഡി സതീശൻ

‘എ ഡി എംന്റെ മരണം സിബിഐ അന്വേഷിക്കണം’; വി ഡി സതീശൻ

എഡിഎം കെ നവീൻ ബാബുവിന്റെ കേസിൽ സർക്കാരും സിപിഐഎമ്മും ഇരകളോടൊപ്പമല്ല വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടി സെക്രട്ടറി പോയി കുടുബത്തോടൊപ്പമാണെന്ന് പറയുകയും അതെ പാർട്ടി സെക്രട്ടറിയുടെ ഭാര്യ പോയി പ്രതിയെ ജയിലിൽ നിന്ന് സ്വീകരിച്ചത് വിരോധാഭാസമാണെന്നും വി ഡി സതീശൻ വിമർശിച്ചു.

സർക്കാർ വേട്ടക്കാർക്ക് ഒപ്പമെന്ന പ്രതിപക്ഷത്തിന്റെ നിലപാട് സത്യമാണെന്നു വ്യക്തമായി. നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണത്തിനായി സർക്കാർ കോടതിയിൽ സമ്മതിക്കണം. അദ്ദേഹത്തെ അഴിമതിക്കാരനെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. പ്രശാന്തൻ പ്രധാനപ്പെട്ട ആളുടെ ബിനാമിയാണ്. ദിവ്യക്ക് ചില രഹസ്യങ്ങൾ അറിയാം. അത് പുറത്താക്കുമോ എന്ന പേടിയാണ് സർക്കാരിനുള്ളത്. അതുകൊണ്ട് മാത്രമാണ് ദിവ്യയെ പ്രീതിപ്പെടുത്താൻ സിപിഐഎം നേതാക്കൾ ശ്രമിക്കുന്നത്. പ്രതികളും കൂട്ടുകാരുമുള്ള പരിയാരം മെഡിക്കൽ കോളേജിലാണ് നവീൻ ബാബുവിനെ പോസ്റ്റ്മോർട്ടം ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ കേസ് ഡയറി വിളിച്ചുവരുത്തി ഹൈക്കോടതി. ഹർജിയിൽ പ്രത്യേക അന്വേഷണ സംഘത്തലവൻ സത്യവാങ്മൂലം സമർപ്പിക്കണം. കേസിൽ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേസ് പരിഗണിച്ച വേളയിൽ ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കൊലപാതകം എന്നാണോ പറയുന്നതെന്നും അത് എന്തടിസ്ഥാനത്തിലാണെന്നും ഹൈക്കോടതി ചോദിച്ചു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം അറിയിച്ചു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എന്നത് പേരിന് മാത്രമാണെന്നും ഹർജിക്കാരി വ്യക്തമാക്കി. പിന്നാലെ ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.