by Midhun HP News | Nov 6, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്തായും മറ്റൊരു ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴക്കു സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 08,09 തീയതികളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
by Midhun HP News | Nov 6, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും.
തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്.
റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക വാതക കണക്ഷന്‍, വൈദ്യുതി കണക്ഷന്‍ വിവരങ്ങളും ചേര്‍ക്കാം. മതിയായ രേഖകള്‍ക്കൊപ്പം വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ റേഷന്‍ കടകളില്‍ സ്ഥാപിച്ചിട്ടുള്ള പെട്ടികളില്‍ നിക്ഷേപിച്ചാല്‍ മതി.
അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന മുന്‍ഗണനാ, അന്ത്യോദയ അന്നയോജന കാര്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം.ഡിസംബര്‍ 15നു ശേഷം അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ചു തെറ്റുകള്‍ തിരുത്തും. ബുക്ക് രൂപത്തിലെ കാര്‍ഡുകള്‍ മാറ്റി സ്മാര്‍ട്ട് കാര്‍ഡുകളാക്കുന്നതിനു മുന്‍പു വിവരങ്ങള്‍ എല്ലാം ശരിയാണെന്ന് ഉറപ്പാക്കുകയാണു തെളിമയുടെ ലക്ഷ്യം.
മുന്‍ഗണനാവിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് നിരസിക്കപ്പെട്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. കാര്‍ഡിലെ തെറ്റുകള്‍ തിരുത്തിയാല്‍ ഇവര്‍ക്ക് വീണ്ടും മസ്റ്ററിങ്ങ് നടത്താനാകും. അതേസമയം, റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള വരുമാനം, വീടിന്റെ വിസ്തീര്‍ണ്ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്താനുള്ള അപേക്ഷകള്‍ ഈ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കില്ല. അത്തരം അപേക്ഷകള്‍ രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസണ്‍ ലോഗിന്‍ മുഖേന വകുപ്പിന്റെ പോര്‍ട്ടലില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.
by Midhun HP News | Nov 6, 2024 | Latest News, കേരളം
കൊച്ചി: നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് 80 രൂപവര്‍ധിച്ച് വീണ്ടും 59,000 ലേക്ക് സ്വര്‍ണവില അടുത്തു. 58,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപ വര്‍ധിച്ച് 7365 രൂപയായി. നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്.
ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവില നാലുദിവസം മുന്‍പ് മുതലാണ് ഇടിയാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപയും ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്.
മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപ വര്‍ധിച്ച് 60,000ലേക്ക് നീങ്ങിയിരുന്ന സ്വര്‍ണവിലയാണ് നാലുദിവസത്തിനിടെ 800 രൂപ ഇടിഞ്ഞത്. 21 ദിവസത്തിനിടെ ഏകദേശം 3500 രൂപ വര്‍ധിച്ച ശേഷമായിരുന്നു ഇടിവ്.
by Midhun HP News | Nov 5, 2024 | Latest News, കേരളം
കോട്ടയം: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീര്‍ഥാടകര്‍ക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിര്‍ണയിച്ചു ജില്ലാ കലക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉത്തരവായി.
ഒക്ടോബര്‍ 25ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലേയും, കോട്ടയം റെയില്‍വേ സ്റ്റേഷന്‍ കാന്റീന്‍, റെയില്‍വേ സ്റ്റേഷന്‍/കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിര്‍ണയിച്ചത്.
ഇനം- വില(ജി.എസ്.ടി. ഉള്‍പ്പെടെ)
1 കുത്തരി ഊണ് – 72 രൂപ
2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ
3 കഞ്ഞി (അച്ചാറും പയറും ഉള്‍പ്പെടെ) -35 രൂപ
4 ചായ(150 മില്ലി)- 12 രൂപ
5 .മധുരമില്ലാത്ത ചായ (150 മില്ലി) -11 രൂപ
6 കാപ്പി-(150 മില്ലി)-12 രൂപ
7 മധുരമില്ലാത്ത കാപ്പി (150 മില്ലി)-11 രൂപ
8 ബ്രൂ കോഫി/നെസ് കോഫി(150 മില്ലി)-16 രൂപ
9 കട്ടന്‍ കാപ്പി(150 മില്ലി)-10 രൂപ
10 മധുരമില്ലാത്ത കട്ടന്‍കാപ്പി(150 മില്ലി)-08 രൂപ
11 കട്ടന്‍ചായ(150 മില്ലി)-09 രൂപ
12 മധുരമില്ലാത്ത കട്ടന്‍ചായ(150 മില്ലി)-09 രൂപ
13 ഇടിയപ്പം (1 എണ്ണം) 50 ഗ്രാം-11 രൂപ
14 ദോശ (1 എണ്ണം) 50 ഗ്രാം-11 രൂപ
15 ഇഡ്ഡലി (1 എണ്ണം) 50 ഗ്രാം-11 രൂപ
16 പാലപ്പം (1 എണ്ണം) 50 ഗ്രാം -11 രൂപ
17 ചപ്പാത്തി (1 എണ്ണം) 50 ഗ്രാം-11 രൂപ
18 ചപ്പാത്തി (50 ഗ്രാം വീതം) (3 എണ്ണം) കുറുമ ഉള്‍പ്പെടെ-65 രൂപ
19 പൊറോട്ട 1 എണ്ണം-13 രൂപ
20 നെയ്റോസ്റ്റ് (175 ഗ്രാം) -48 രൂപ
21- പ്ലെയിന്‍ റോസ്റ്റ്-36 രൂപ
22 -മസാലദോശ ( 175 ഗ്രാം) 52 രൂപ
23 പൂരിമസാല (50 ഗ്രാം വീതം) (2 എണ്ണം)-38 രൂപ
24 -മിക്സഡ് വെജിറ്റബിള്‍-31 രൂപ
25 പരിപ്പുവട (60 ഗ്രാം)-10 രൂപ
26 ഉഴുന്നുവട (60 ഗ്രാം)-10 രൂപ
27 കടലക്കറി (100 ഗ്രാം)-32 രൂപ
28 ഗ്രീന്‍പീസ് കറി (100 ഗ്രാം)32 രൂപ
29 കിഴങ്ങ് കറി (100 ഗ്രാം) 32 രൂപ
30 തൈര് (1 കപ്പ് 100 മില്ലി)-15 രൂപ
31 കപ്പ (250 ഗ്രാം ) 31 രൂപ
32 ബോണ്ട (50 ഗ്രാം)-10 രൂപ
33 ഉള്ളിവട-(60 ഗ്രാം)-12 രൂപ
34 ഏത്തയ്ക്കാപ്പം-(75 ഗ്രാം പകുതി)-12
35 തൈര് സാദം-48 രൂപ
36 ലെമണ്‍ റൈസ് -45 രൂപ
37 മെഷീന്‍ ചായ -09 രൂപ
38 മെഷീന്‍ കാപ്പി- 11 രൂപ
39 മെഷീന്‍ മസാല ചായ- 15 രൂപ
40 മെഷീന്‍ ലെമന്‍ ടീ -15 രൂപ
41 മെഷീന്‍ ഫ്ളേവേര്‍ഡ് ഐസ് ടി -21 രൂപ
ഈ വിലവിവിരപ്പട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോന്ററുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കേണ്ടതാണ്. തീര്‍ഥാടകര്‍ക്കു പരാതി അറിയിക്കുന്നതിനായി പൊതുവിതരണ വകുപ്പ് ലീഗല്‍ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ് എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍നമ്പറും വിലവിവരപ്പട്ടികയില്‍ ചേര്‍ക്കേണ്ടതാണ്.
by Midhun HP News | Nov 5, 2024 | Latest News, സിനിമ
സൂര്യ നായകനായെത്തുന്ന പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ സൂര്യ. പ്രൊമോഷന്റെ ഭാഗമായി സൂര്യ ഇന്ന് കൊച്ചിയിലെത്തി. വലിയ ആരവങ്ങളോടെയും ആവേശത്തോടെയുമാണ് നടിപ്പിൻ നായകനെ ആരാധകർ കൊച്ചിയിൽ സ്വീകരിച്ചത്. ആർപ്പുവിളികൾക്കിടയിലൂടെ താരം നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ദിഷ പഠാനിയാണ് നായിക. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

by Midhun HP News | Nov 5, 2024 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ ഗോതമ്പ് പൊടിയുടെയും അരിയുടെയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പന സര്‍ക്കാര്‍ ആരംഭിച്ചു. ഉയര്‍ന്ന വിലയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
ഗോതമ്പ് പൊടി (ആട്ട) കിലോയ്ക്ക് 30 രൂപയ്ക്കും അരി കിലോ 34 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. ഒന്നാം ഘട്ട നിരക്കായ യഥാക്രമം 27.5 രൂപ, 29 രൂപയില്‍ നിന്ന് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 5 കിലോ, 10 കിലോ പാക്കറ്റുകളായാണ് വില്‍പ്പന. എന്‍സിസിഎഫ്, നാഫെഡ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നി സഹകരണ സ്ഥാപനങ്ങളിലൂടെയും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വില്‍പ്പന നടക്കുക. ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുള്ള താല്‍ക്കാലിക ഇടപെടലാണ് ഇതെന്ന് ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സഹകരണ സംഘങ്ങളുടെ മൊബൈല്‍ വാനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ)യില്‍ നിന്ന് 369,000 ടണ്‍ ഗോതമ്പും 291,000 ടണ്‍ അരിയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പനയ്ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വില സ്ഥിരതാ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ തുക അനുവദിച്ചത്. അനുവദിച്ച സ്റ്റോക്ക് തീരുന്നത് വരെ ഈ ഇടപെടല്‍ തുടരും. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ വീണ്ടും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ 15.20 ലക്ഷം ടണ്‍ ഗോതമ്പ് പൊടിയും 14.58 ലക്ഷം ടണ്‍ അരിയുമാണ് വിതരണം ചെയ്തത്.
Recent Comments