ഓട്ടോ മീറ്ററിൽ വൻതട്ടിപ്പ്; റീഡിംഗ് റോക്കറ്റുപോലെ കുതിക്കും!വില്ലൻ ചുവന്ന ഡോട്ട്, രക്ഷപ്പെടാൻ ഒറ്റവഴി മാത്രം!

ഓട്ടോ മീറ്ററിൽ വൻതട്ടിപ്പ്; റീഡിംഗ് റോക്കറ്റുപോലെ കുതിക്കും!വില്ലൻ ചുവന്ന ഡോട്ട്, രക്ഷപ്പെടാൻ ഒറ്റവഴി മാത്രം!

നിങ്ങൾ സഞ്ചരിക്കുന്ന ഓട്ടോറിക്ഷ അമിത നിരക്ക് ഈടാക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടോ ? ഓട്ടോറിക്ഷയിൽ സ്ഥാപിച്ചിട്ടുള്ള മീറ്റർ ശരിയായ തുക കാണിക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാൻ സാധിക്കുമോ? യാത്രാനിരക്ക് അന്യായമായി വർധിപ്പിക്കാൻ മീറ്ററിൽ കൃത്രിമം കാണിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്ന ഒരു സംഭവം അടുത്തിടെ മുംബൈയിൽ നിന്നും വൈറലായിരുന്നു.

ഇപ്പോഴിതാ ഓട്ടോറിക്ഷകളിലെ മീറ്റർ തട്ടിപ്പ് തിരിച്ചറിയാൻ സാധിക്കുമെന്ന് പറയുകയാണ് മുംബൈ ട്രാഫിക് പോലീസ്. ഒരു ഓട്ടോറിക്ഷാ മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിനെക്കുറിച്ച് മുംബൈ ട്രാഫിക് പോലീസ് ഒരു പൊതു ബോധവൽക്കരണ വീഡിയോ സൃഷ്‍ടിച്ചിട്ടുണ്ട്. യാത്രക്കാർക്ക് എങ്ങനെ കേടായ മീറ്ററുകൾ തിരിച്ചറിയാമെന്നും അത്തരം വഞ്ചനാപരമായ രീതികളിൽ വീഴുന്നത് ഒഴിവാക്കാമെന്നും ഈ വീഡിയോ കാണിക്കുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ മുംബൈ ട്രാഫിക് പോലീസ് ഇങ്ങനെ എഴുതി, “നിങ്ങളുടെ ഓട്ടോറിക്ഷാ ബിൽ എങ്ങനെയാണ് പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? റോക്കറ്റ് സയൻസ് അല്ല ഇത്. ഓട്ടോ റിക്ഷാ മീറ്റർ തകരാറാണോ അല്ലയോ എന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ഒരു ലളിതമായ ഗൈഡ് ഇതാ. തെറ്റായ മീറ്ററുകളെ കുറിച്ച് അറിഞ്ഞിരിക്കുക, തിരിച്ചറിയുക, പരാതിപ്പെടുക.” മുംബൈ ട്രാഫിക് പോലീസിൻ്റെ വക്കോല ട്രാഫിക് പോലീസ് ഡിവിഷനാണ് ഈ ബോധവൽക്കരണ വീഡിയോ സൃഷ്‍ടച്ചതെന്ന് ഇക്കണോമിക്ക് ടൈംസ് വെൽത്ത് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

ഓട്ടോകളിൽ ഘടിപ്പിച്ച മീറ്ററുകൾ എങ്ങനെ തിരിച്ചറിയാം?
വീഡിയോയിൽ, ഒരു മുംബൈ പോലീസ് ഉദ്യോഗസ്ഥൻ മീറ്ററിൻ്റെ സമഗ്രത പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ രീതി വിശദീകരിക്കുന്നു. ഉദ്യോഗസ്ഥൻ മീറ്ററിലെ ഒരു പ്രത്യേക “മിന്നിമറയുന്ന പോയിൻ്റിലേക്ക്” ചൂണ്ടിക്കാണിക്കുന്നു. അതായത് ഒരു മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ, അവസാനത്തെ മീറ്ററിലെ രണ്ട് ദശാംശ സ്ഥാനങ്ങൾക്ക് തൊട്ടുപുറകെ മീറ്ററിൻ്റെ വലതുവശത്ത് ഒരു ചെറിയ ചുവന്ന ഡോട്ട് ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് പോലീസ് എക്‌സിൽ പറയുന്നു. ഒരു മീറ്ററിൽ കൃത്രിമം ചെയ്‍തിട്ടുണ്ടെങ്കിൽ, ഈ ഒരു ചെറിയ ചുവന്ന ഡോട്ട് മിന്നിമറയും. മീറ്ററില്‍ കൃത്രിമം നടന്നില്ലെങ്കില്‍ ഈ ചെറിയ ഡോട്ട് ഉണ്ടാവില്ല. അതായത് ഹാൻഡിൽ ബട്ടൺ ഓഫാക്കിയതിന് ശേഷവും ഈ മിന്നുന്ന ലൈറ്റ് തുടരുകയാണെങ്കിൽ, അത് കൃത്രിമ മീറ്ററിനെ സൂചിപ്പിക്കുന്നു എന്ന് ഉറപ്പിക്കാം.

മീറ്ററുകൾ തകരാറിലായതിനാൽ ഓട്ടോ ഡ്രൈവർമാരാൽ കബളിപ്പിക്കപ്പെടുന്നതായി യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഈ തട്ടിപ്പുകാരെ പിടികൂടുക എന്ന ലക്ഷ്യത്തോടെ അന്വേഷണ വിഭാഗം രൂപീകരിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. സാധാരണ യാത്രക്കാർക്ക്, മീറ്ററിൽ കൃത്രിമത്വം തോന്നിയാൽപ്പോലും, ഇത് ഉറപ്പായും അറിയാൻ മാർഗമില്ലെന്നും അതിനാൽ, ഈ ബോധവൽക്കരണ വീഡിയോയിലൂടെ, ഒരു മീറ്റർ കൃത്രിമമാണോ അല്ലയോ എന്ന് ആളുകൾക്ക് എങ്ങനെ തിരിച്ചറിയാമെന്നും തുടർന്ന് പോലീസിൽ പരാതി നൽകാമെന്ന് വ്യക്തമാക്കുന്നതായും പൊലീസ് പറയുന്നു.

പ്രാദേശിക നഗര നിരക്കുകളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്ത മുംബൈക്ക് പുറത്ത് നിന്നുള്ള ആളുകളെയാണ് ഈ തട്ടിപ്പ് ഓട്ടോ ഡ്രൈവർമാർ ലക്ഷ്യമിടുന്നതെന്നാണ് പൊലീസ് പറയുന്നത്. അന്ധേരിക്ക് ചുറ്റുമുള്ള എയർപോർട്ട് ഏരിയയിലാണ് (സാന്താക്രൂസ്, എയർപോർട്ട് ടി1) ഈ തട്ടിപ്പ് മീറ്റർ സംഘം കൂടുതലും സജീവം. മുംബൈ പോലീസിൻ്റെ കൂടുതൽ അന്വേഷണത്തിനായിപിടികൂടിയ ഓട്ടോ ഡ്രൈവർക്കെതിരെ വൈൽ പാർലെ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്.

കല്‍പ്പാത്തി രഥോത്സവം: പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി

കല്‍പ്പാത്തി രഥോത്സവം: പാലക്കാട് വോട്ടെടുപ്പ് 20ലേക്ക് മാറ്റി

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 20ലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതി മാറ്റിയത്. നേരത്തെ 13നായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഇത് പരിഗണിച്ചാണ് തീയതി മാറ്റിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ അടക്കം 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയത്.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യത. ഈ പശ്ചാത്തലത്തിലാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്.

കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി ആ പേടി വേണ്ട!; ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തുന്ന 24 റസ്റ്റോറന്റുകൾ ഇവയാണ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ മോശം ഭക്ഷണം കഴിച്ച് വയർ കേടാകുമെന്ന പേടി ഇനി വേണ്ട. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന സ്ഥലങ്ങളുടെ പട്ടിക പു​റ​ത്തി​റ​ക്കി കെഎസ്ആര്‍ടിസി. 24 സ്ഥലങ്ങളിലെ ഭക്ഷണശാലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് പട്ടിക.

ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വൃത്തിഹീനമായ ഹോട്ടലുകളില്‍ നിര്‍ത്തുന്നു എന്ന് വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ നീക്കം. ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളാണ് യാത്രകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി നിര്‍ത്തുക. ദേശീയ, സംസ്ഥാന, അന്തര്‍ സംസ്ഥാന പാതകളുടെയും എംസി റോഡിന്‍റെയും വശങ്ങളിലെ ഹോട്ടലുകളുടെ പട്ടികയാണ് പുറത്തിറക്കിയത്. ലിസ്റ്റില്‍ ഉള്‍പ്പെടാത്തതും വൃത്തിഹീനവുമായ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ ബസ് നിര്‍ത്താന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

കെഎസ്ആര്‍ടിസി ഓപ്പറേഷന്‍ എക്സിക്യൂട്ടീവ് ഡയറക്റ്ററാണ് ഭക്ഷണശാലകളുടെ പട്ടിക ത​യാറാക്കി ഉത്തരവിറക്കിയത്. ഇതിന്റെ ഭാ​ഗമായി സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നിന്നും താത്പര്യ പത്രം ക്ഷണിച്ചിരുന്നു. അതി​നു ശേഷമാണ് അന്തിമ പട്ടിക ത​യാറാക്കി​യത്. അതത് ബസ് സ്റ്റാന്‍ഡുകളിലെ കാന്‍റീനുകള്‍ക്കു പുറമേ യാത്രാമധ്യേ നിര്‍ത്തേണ്ട ഹോട്ടലുകളുടെ പട്ടികയാണ് ത​യാറാക്കിയത്. രാവിലെ 07.30 മുതല്‍ 9.30 വരെ പ്രഭാത ഭക്ഷണത്തിനും 12.30 മുതല്‍ 2 മണി വരെ ഉച്ച ഭക്ഷണത്തിനും വൈകിട്ട് 4 മുതല്‍ 6 വരെ ചായ, ലഘു ഭക്ഷണത്തിനുമായി ബസ് നി​ർത്തണം.​ രാത്രി ഭക്ഷണം രാത്രി 8 മണി മുതല്‍ 11 വരെയാണ്.

കെഎസ്ആർടിസി ഫുഡ് സ്പോട്ടുകൾ

1 ലേ അറേബ്യ- കുറ്റിവട്ടം. ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ

2 പണ്ടോറ – വവ്വാക്കാവ്- ദേശീയ പാത. കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയിൽ

3 ആദിത്യ ഹോട്ടൽ- നങ്ങ്യാർകുളങ്ങര ദേശീയ പാത. ഹരിപ്പാടിനും കായംകുളത്തിനും
ഇടയിൽ

4 ആവീസ് പുട്ട് ഹൌസ്- പുന്നപ്ര. ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ

5 റോയൽ 66- കരുവാറ്റ ദേശീയ പാത ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ

6 ഇസ്താംബുൾ- തിരുവമ്പാടി, ദേശീയ പാത. ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിൽ

7 ആർ ആർ റെസ്റ്ററന്‍റ്– മതിലകം. ദേശീയ പാത എറണാകുളത്തിനും ആലപ്പുഴയ്ക്കും
ഇടയിൽ

8 റോയൽ സിറ്റി- മാനൂർ. ദേശീയ പാത. എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ

9 ഖൈമ റെസ്റ്ററന്‍റ്- തലപ്പാറ. ദേശീയ പാത തിരൂരങ്ങാടിക്കും രാമനാട്ടുകരയ്ക്കും ഇടയിൽ

10 ഏകം- നാട്ടുകാൽ. സംസ്ഥാന പാത. പാലക്കാടിനും മണ്ണാർക്കാടിനും ഇടയിൽ

11 ലേസഫയർ- ദേശീയ പാത.സുൽത്താൻബത്തേരിക്കും മാനന്തവാടിക്കും ഇടയിൽ

12 ക്ലാസിയോ – താന്നിപ്പുഴ. എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും ഇടയിൽ

13 കേരള ഫുഡ് കോർട്ട്- കാലടി, എം സി റോഡ്. അങ്കമാലിക്കും പെരുമ്പാവൂരിനും
ഇടയിൽ

14 പുലരി റെസ്റ്ററന്‍റ്- എം സി റോഡ്. കൂത്താട്ടുകുളത്തിനും കോട്ടയത്തിനും ഇടയിൽ

15 ശ്രീ ആനന്ദ ഭവൻ- എം സി റോഡ്. കോട്ടയം. കുമാരനല്ലൂരിനും എസ് എച്ച് മൗണ്ടിനും
ഇടയിൽ

16 അമ്മ വീട്- വയക്കൽ,എം സി റോഡ്. ആയൂരിനും വാളകത്തിനും ഇടയിൽ

17 ശരവണഭവൻ പേരാമ്പ്ര, ദേശീയ പാത.ചാലക്കുടിക്കും അങ്കമാലിക്കും ഇടയിൽ

18 ആനന്ദ് ഭവൻ- പാലപ്പുഴ. എം സി റോഡ്. മൂവാറ്റുപുഴയ്ക്കും കൂത്താട്ടുകുളത്തിനും
ഇടയിൽ

19 ഹോട്ടൽ പൂർണപ്രകാശ്-എം സി റോഡ്. ഏനാത്തിനും കൊട്ടാരക്കരയ്ക്കും ഇടയിൽ

20 മലബാർ വൈറ്റ് ഹൌസ്- ഇരട്ടക്കുളം.സംസ്ഥാന പാത തൃശൂരിനും ആലത്തൂരിനും
ഇടയിൽ

21 കെടിഡിസി ആഹാർ-ദേശീയ പാത. ഓച്ചിറയ്ക്കും കായംകുളത്തിനും ഇടയിൽ

22 എ ടി ഹോട്ടൽ- സംസ്ഥാന പാത.കൊടുങ്ങല്ലൂരിനും ഗുരുവായൂരിനും ഇടയിൽ

23 ലഞ്ചിയൻ ഹോട്ടൽ, അടിവാരം. കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ.

24 ഹോട്ടൽ നടുവത്ത്, മേപ്പാടി,കോഴിക്കോടിനും മാനന്തവാടിക്കും ഇടയിൽ

വൈദികനെന്ന വ്യാജേന വീട്ടിലെത്തി വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി;തിരുവനന്തപുരം സ്വദേശി പിടിയിൽ

വൈദികനെന്ന വ്യാജേന വീട്ടിലെത്തി വീട്ടുടമയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടി;തിരുവനന്തപുരം സ്വദേശി പിടിയിൽ

വൈദികനാണെന്നും, പള്ളിയില്‍ നിന്ന് ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും കളളം പറഞ്ഞ് വീട്ടില്‍ക്കയറി പ്രാര്‍ഥിച്ചശേഷം വയോധികയുടെ മാലയും പൊട്ടിച്ച് ഓടിയ ആള്‍ പിടിയില്‍. അടൂരിലാണ് സംഭവം. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജില്‍ ഷിബു എസ്. നായരാണ് (47) അടൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ വിവിധ ജില്ലകളിലായി 36 കേസില്‍ പ്രതിയാണ്. പ്രതിയെ പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ചയുടന്‍ ഇയാല്‍ വിസര്‍ജനം നടത്തി പൊലീസിന് നേരെ മലം വാരിയെറിഞ്ഞു, ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമം നടത്തി.

ഏനാദിമംഗലം ചാങ്കൂര്‍ തോട്ടപ്പാലം പാലത്തിങ്കല്‍ മഞ്ജുസദനത്തില്‍ മറിയാമ്മയുടെ സ്വര്‍ണമാലയാണ് പ്രതി പൊട്ടിച്ചത്. നവംബര്‍ ഒന്നിന് ഉച്ചയ്ക്കാണ് മറിയാമ്മയുടെ വീട്ടില്‍ ഷിബു എത്തിയത്. മകള്‍ മോളിക്ക് പള്ളിയില്‍ നിന്ന് ഒരു ലോണ്‍ അനുവദിച്ചതായി ഷിബു മറിയാമ്മയോട് കള്ളം പറഞ്ഞു. ഇതിന്റെ തുടര്‍നടപടികള്‍ക്കായി ആയിരം രൂപ വേണമെന്നും ഷിബു ആവശ്യപ്പെട്ടു. പിന്നാലെ മറിയാമ്മ വീടിനുള്ളില്‍ച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോള്‍ അത് തട്ടിപ്പറിച്ചശേഷം കഴുത്തില്‍ക്കിടന്ന സ്വര്‍ണമാലയും പൊട്ടിച്ച് പ്രതി ഓടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മറിയാമ്മയുടെ മകള്‍ മോളി തൊഴിലുറപ്പ് പണിക്ക് പോയിരുന്ന സമയത്താണ് സംഭവം. പ്രതിയെ മുണ്ടക്കയത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്.

‘അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല’; ബിജെപി നേതാവ് സന്ദീപ് വാര്യര്‍

‘അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല’; ബിജെപി നേതാവ് സന്ദീപ് വാര്യര്‍

പാലക്കാട്: അപമാനം നേരിട്ട പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്നു വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു. ആശ്വസിപ്പിക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും സന്ദീപ് വാര്യര്‍ പറയുന്നു.

തങ്ങള്‍ ഒരുമിച്ച് യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ അഭിപ്രായം സന്ദീപ് വാര്യര്‍ തള്ളി. ‘നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. കൃഷ്ണകുമാര്‍ ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?. എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല’ എന്നും കുറിപ്പില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.

‘കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണ്. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍. എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട് എന്നത് സത്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിന് എല്ലാ വിജയാശംസകളും നേരുന്നു’ എന്നും കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ കുറേ ദിവസമായി മാനസികമായി കടുത്ത സമ്മര്‍ദ്ധത്തിലാണ് . മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാനില്ല എന്ന് പറഞ്ഞിട്ടും വിടാതെ പിന്തുടരുന്നു. അതിനവരെ കുറ്റപ്പെടുത്തുന്നില്ല . അതവരുടെ ധര്‍മ്മം. നിര്‍വ്വഹിക്കട്ടെ.

ആയിരക്കണക്കിന് സന്ദേശങ്ങളും കോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത് . സ്‌നേഹിക്കുന്നവരുടെ വികാരങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുണ്ട്. അവരുടെ സ്‌നേഹത്തിനു മുന്നില്‍ ഞാന്‍ നമസ്‌കരിക്കുകയാണ്.

പുറത്തു വന്ന വാര്‍ത്തകള്‍ പലതും വാസ്തവ വിരുദ്ധവും അര്‍ദ്ധസത്യങ്ങളുമാണ് . കണ്‍വെന്‍ഷനില്‍ ഒരു സീറ്റ് കിട്ടാത്തതിന് സന്ദീപ് വാര്യര്‍ പിണങ്ങിപ്പോയി എന്നാണ് വാര്‍ത്ത. അങ്ങനെ വേദിയില്‍ ഒരു സീറ്റ് കിട്ടാത്തതിനാല്‍ പിണങ്ങിപോകുന്നവനല്ല ഞാനെന്ന് എന്നെ സ്‌നേഹിക്കുന്ന എന്നെ അറിയുന്ന മുഴുവന്‍ പേര്‍ക്കും അറിയാം. ഇന്നും കൊടി പിടിക്കുകയും മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചെയ്യുന്ന ഒരു എളിയ ബിജെപി പ്രവര്‍ത്തകന്‍ മാത്രമാണ് ഞാന്‍.

പക്ഷേ എനിക്ക് ചില മാനസിക പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാന്‍ സാധിക്കില്ല. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് കേവലം ഒരു പരിപാടിയില്‍ സംഭവിച്ച അപമാനം മാത്രമല്ല. Chain of events ആണ്. അതൊന്നും ഞാനിപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.

ഇന്ത്യന്‍ സൈന്യത്തില്‍ സേവനമനുഷ്ഠിച്ച് മൂന്ന് യുദ്ധങ്ങളില്‍ പങ്കെടുത്ത ഗോവിന്ദ വാര്യരുടെയും ചെത്തല്ലൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്ന രുഗ്മിണി ടീച്ചറുടെയും മകന് ആത്മാഭിമാനം പണയം വയ്ക്കാന്‍ കഴിയില്ല. Sorry to say that.

ഈ അവസരത്തില്‍ ആ കാര്യങ്ങള്‍ മുഴുവന്‍ തുറന്നു പറയാന്‍ ഞാന്‍ തയ്യാറല്ല. പ്രിയ സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ . കൃഷ്ണകുമാര്‍ ഏട്ടന്‍ ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതല്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചതാണെന്ന്. ഏട്ടാ, നമ്മള്‍ ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന്‍ എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ?

എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ , അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്‍. എന്റെ അമ്മ എന്നത് പോട്ടെ , സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിര്‍മ്മിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്‍കിയ ഒരു അമ്മ , മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍ നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല. ഇന്ന് നിങ്ങളുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡോക്ടര്‍ സരിന്‍ എന്റെ വീട്ടില്‍ ഓടി വന്നിരുന്നു. ഞാന്‍ ഏറെ ബഹുമാനിച്ചിരുന്ന ആനത്തലവട്ടം ആനന്ദന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, എഎ റഹീം, ബിആര്‍എം ഷഫീര്‍, വി ടി ബല്‍റാം, മുകേഷ് എംഎല്‍എ തുടങ്ങി എതിര്‍പക്ഷത്തുള്ളവര്‍ പോലും ഫോണിലൂടെയും നേരിട്ടും ഒക്കെ അനുശോചനങ്ങള്‍ അര്‍പ്പിച്ചപ്പോള്‍ ഒരു ഫോണ്‍കോളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ നിങ്ങള്‍ ആശ്വസിപ്പിച്ചില്ല. ഒരു സംഘടനയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകേണ്ട മാനസിക അടുപ്പവും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളിലായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. വരാത്ത ബാക്കി പ്രമുഖരെ കുറിച്ച് ഒന്നും എനിക്ക് വിഷമമില്ല. ഞാന്‍ സംസ്ഥാന ഭാരവാഹി ഇരിക്കുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും നിങ്ങള്‍ ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്‌നേഹിച്ചു കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.

സന്ദീപ് വാര്യര്‍ മാറിനില്‍ക്കരുത് എന്ന് നിങ്ങള്‍ പുറത്തേക്ക് പറയുമ്പോഴും കഴിഞ്ഞ അഞ്ചാറു ദിവസമായി എനിക്കു നേരിട്ട അപമാനത്തില്‍ ഒന്ന് സംസാരിക്കാന്‍ ഒരാള്‍ വന്നത് ഇന്ന് രാവിലെയാണ്. വന്ന ആള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനുമുണ്ടായിരുന്നില്ല. എനിക്കും കൂടുതല്‍ ഒന്നും പറയാനില്ല. കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു. ബിജെപി ജയിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

എന്നാല്‍ അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ല. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാന്‍ ഞാന്‍ ബഹുമാനിക്കുന്ന മുതിര്‍ന്ന ആരെങ്കിലുമൊക്കെ ശ്രമിക്കും എന്ന പ്രതീക്ഷയിലായിരുന്നു. ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് എന്നെ സ്‌നേഹിക്കുന്നവരുടെ തെറ്റിദ്ധാരണ മാറ്റാന്‍ ഇത്രമാത്രം പങ്കുവെക്കുന്നത്.