കഴിഞ്ഞവർഷത്തേക്കാൾ 22.32 അടിയുടെ വർധന; ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 71.36 ശതമാനം വെള്ളം

കഴിഞ്ഞവർഷത്തേക്കാൾ 22.32 അടിയുടെ വർധന; ഇടുക്കി അണക്കെട്ടിൽ ശേഷിയുടെ 71.36 ശതമാനം വെള്ളം

തൊടുപുഴ: ഇടുക്കി ജലസംഭരണിയിൽ ആകെ ശേഷിയുടെ 71.36 ശതമാനം വെള്ളം. 2377.56 അടിയാണ്‌ ജലനിരപ്പ്‌. കഴിഞ്ഞവർഷം ഇതേദിവസത്തേക്കാൾ 22.32 അടിയുടെ വർധന ഇത്തവണയുണ്ട്‌. 2023ൽ 2355.24 അടിയായിരുന്നു ജലനിരപ്പ്‌. ശേഷിയുടെ 50.27 ശതമാനം

പദ്ധതി പ്രദേശത്ത്‌ ഇത്തവണ തുലാമഴ കാര്യമായി പെയ്‌തില്ല. കഴിഞ്ഞദിവസം രണ്ടു മില്ലീമീറ്റർ മഴയേ ലഭിച്ചുള്ളു. എന്നാൽ ജില്ലയുടെ മറ്റു പ്രദേശങ്ങളിൽ മഴ കനക്കുന്നുണ്ട്‌. ഒരുദിവസം സംഭരണിയിലേക്ക്‌ 56.80 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകിയെത്തുമ്പോൾ വൈദ്യുതോൽപാദനശേഷം 12.706 ലക്ഷം ഘനമീറ്റർ മലങ്കര ഡാമിലെത്തുന്നുണ്ട്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം കുറച്ചു. ശനിയാഴ്‌ച 1.889 ദശലക്ഷം യൂണിറ്റാണ്‌ ഉൽപ്പാദിപ്പിച്ചത്‌.

ചക്രവാതച്ചുഴി: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ചക്രവാതച്ചുഴി: ഇന്ന് ആറുജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തെക്കന്‍ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി അടുത്ത നാലു ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കണ്ണീരണിഞ്ഞ് വിശ്വാസികള്‍, വലിയ ഇടയന് വിട; പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര

കണ്ണീരണിഞ്ഞ് വിശ്വാസികള്‍, വലിയ ഇടയന് വിട; പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച കബറടക്ക ശുശ്രൂഷകള്‍ക്ക് ശേഷം പാത്രിയര്‍ക്കാ സെന്ററില്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായുടെ വലതുഭാഗത്തെ കല്ലറയിലാണ് ബാവയെ അടക്കം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു കബറടക്കം.

യാക്കോബായ സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസ്ഫ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ കബറടക്ക ശുശ്രൂഷയില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ് മോര്‍ ദിവന്നാസിയോസ് ജോണ്‍ കവാക് മെത്രാപ്പോലീത്തയും യു കെ ആര്‍ച്ച് ബിഷപ് മോര്‍ അത്താനാസിയോസ് തോമ ഡേവിഡ് മെത്രാപ്പോലീത്ത, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. പശ്ചിമേഷല്‍യിലെ സംഘര്‍ഷം മൂലം പാത്രിയര്‍ക്കീസ് ബാവയ്ക്ക് ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.

ബാവായുടെ ഭൗതീക ശരീരം കാണാന്‍ ആയിരക്കണക്കിന് വിശ്വാസികളാണ് കോതമംഗലം ചെറിയപ്പള്ളിയിലും കോതമംഗലം വലിയപ്പള്ളിയിലും പുത്തന്‍കുരിശ് സഭാ ആസ്ഥാനത്തും എത്തിയത്. ഇന്നലെ വൈകീട്ട് നാലിന് കോതമംഗലം വലിയപ്പള്ളിയില്‍ നിന്ന് ബാവയുടെ ഭൗതീകാ ശരീരം വഹിച്ചുകൊണ്ട് പുറപ്പെട്ട പുത്തന്‍ കുരിശ് പത്രിയര്‍ക്കാ സെന്ററില്‍ രാത്രി ഒമ്പത് മണിയോടെ എത്തിച്ചേര്‍ന്നിരുന്നു. ഇന്ന് രാവിലെ രാഷ്ട്രിയ സാമൂഹ്യ രംഗത്തു നിന്ന് നിരവധി പേര്‍ ബാവയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, നടന്‍ മമ്മൂട്ടി, ശശി തരൂര്‍ എംപി, മന്ത്രി വി.എന്‍.വാസവന്‍ തുടങ്ങി നിരവധിപേര്‍ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

ബാവായുടെ വില്‍പത്രം ഇതിനിടെ വായിച്ചു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് തന്റെ പിന്‍ഗാമിയാകണമെന്നാണ് വില്‍പത്രത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കിയിരിക്കുന്നത്. താന്‍ ധരിച്ച സ്വര്‍ണവും ഉപയോഗിച്ച വാഹനവും ബാങ്ക് അക്കൗണ്ടിലുള്ള നിക്ഷേപവും പള്ളികള്‍ നഷ്ടപ്പെട്ട ഇടവകകളിലെ വിശ്വാസികളുടെ ആരാധനയ്ക്ക് സൗകര്യമൊരുക്കാന്‍ ഉപയോഗിക്കണമെന്നു ബാവാ വില്‍പത്രത്തില്‍ വ്യക്തമാക്കി. നാലു മണിയോടു കൂടിയാണ് കബറടക്ക ശുശ്രൂഷയുടെ സമാപനക്രമം ആരംഭിച്ചത്. പിന്നാലെ താന്‍ തന്നെ പണി കഴിപ്പിച്ച മാര്‍ അത്തനേഷ്യസ് കത്തീഡ്രലിലെ മദ്ബഹായോട് ശ്രേഷ്ഠ ഇടയന്‍ വിടചൊല്ലി. അഞ്ചരയോടു കൂടിയാണ് കബറടക്ക ശുശ്രൂഷകള്‍ പൂര്‍ത്തിയായത്.

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മിന്നലടിച്ചു; സ്ത്രീ മരിച്ചു

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മിന്നലടിച്ചു; സ്ത്രീ മരിച്ചു

ആലപ്പുഴ: മിന്നലടിച്ച് സ്ത്രീ മരിച്ചു. ആലപ്പുഴ വീയപുരത്താണ് ദാരുണസംഭവമുണ്ടായത്. ആനാരി വലിയ പറമ്പിൽ ശ്യാമള (58) ആണ് മരിച്ചത്. വീയപുരം വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു

വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും സംഘടിപ്പിച്ചു

കേരളപ്പിറവിയോടനുബന്ധിച്ച് കിഴുവിലം ഗവ:യു.പി.എസിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവവും മലയാള ഭാഷാ ദിനാചരണവും കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ രജിത ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് ശാന്തി അധ്യക്ഷത വഹിച്ചു. സ്വാഗതം ഹെഡ്മിസ്ട്രസ്സ് എസ് ഷീബ പറഞ്ഞു. അശംസകൾ അർപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആർ സുലഭ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് വിനിത, വാർഡ് മെമ്പർമാരായ ജി.ജി അനീഷ്, പ്രസന്ന എ,മുൻ ഹെഡ്മാസ്റ്റർ എസ് സതീഷ് കുമാർ, പൂർവ്വ വിദ്യാർത്ഥി സലിഹുദ്ദീൻ,അധ്യാപകനായ റ്റി.ആർ ബാലമുരളികൃഷ്ണൻ എന്നിവർ സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി പി.വി സീമ നന്ദിയും പറഞ്ഞു. ചടങ്ങിൽ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഗുരു ജ്യോതി പുരസ്കാരം ലഭിച്ച റ്റി.ആർ ബാലമുരളീകൃഷ്ണനെ പ്രസിഡന്റ് ആദരിച്ചു. ക്വിസ് മത്സരത്തിൽ ഒന്നും, രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് ആറ്റിങ്ങൽ സി.ഇ മെമ്മോറിയൽ ഹോമിയോ മൊമെന്റോയും ക്യാഷ് അവാർഡും ശാസ്ത്രമേള- കലോത്സവങ്ങളിൽ എ ഗ്രേഡും ഒന്നാം സ്ഥാനം നേടിയവർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. അറബിക് കലോത്സവത്തിന് ഓവറോൾ നേടാൻ സഹായിച്ച ഫാത്തിമ ബീവിയേയും ആദരിച്ചു.

എ എൻ ആർ എ അംഗങ്ങളുടെ മീറ്റിംഗ്‌ നാളെ

എ എൻ ആർ എ അംഗങ്ങളുടെ മീറ്റിംഗ്‌ നാളെ

ആറ്റിങ്ങൽ നോൺ റെസിഡന്റ്‌സ് അസോസിയേഷന്റെ (ANRA) ആയുഷ്‌ക്കാല അംഗങ്ങളുടെ മീറ്റിംഗ് നാളെ രാവിലെ ആറ്റിങ്ങൽ ടി ബി ജംഗ്ഷനിൽ ലെൻസ്‌ കാർട്ട് ബിൽഡിങ്ങിൽ കൂടുന്നു. അസോസിയേഷന്റെ പുനരുജ്ജീവനവും ഭാവി പരിപാടികളും, പ്രവാസി ക്ഷേമ പദ്ധതികളും ചർച്ചയാകുമെന്നു അഡ് ഹോക്ക് കമ്മിറ്റി അംഗങ്ങളായ സി. എം. പത്മറാം, ശരത്ചന്ദ്ര ബാബു എന്നിവർ അറിയിച്ചു.