by Midhun HP News | Nov 2, 2024 | Latest News, കേരളം
കൊച്ചി: നവംബർ 4ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മത്സരക്രമവും ഫലങ്ങളും തത്സമയം ലഭിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് സജ്ജമാക്കി. www.sports.kite.kerala.gov.in പോർട്ടൽ വഴി സബ് ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള 730 മത്സര ഇനങ്ങളുടെ നടത്തിപ്പിന്റെ വിശദാംശങ്ങൾ പൂർണമായും ഓൺലൈനായി കിട്ടും. 17 വേദികളിലായി എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായികമേളയുടെ എല്ലാ മത്സര വേദികളിലേയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും പോർട്ടലിലൂടെ ലഭിക്കും. ഫലങ്ങൾ ജില്ല, സ്‌കൂൾ തിരിച്ചും വിജയികളുടെ ചിത്രങ്ങളോടെയും കൈറ്റിന്റെ സ്‌പോർട്‌സ് പോർട്ടലിൽ ലഭ്യമാക്കും.
ഓരോ കുട്ടിയുടെയും സബ് ജില്ലാതലം മുതൽ ദേശീയതലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സ്‌കൂൾ സ്‌പോർട്‌സ് യൂണിക് ഐഡന്റിഫിക്കേഷൻ നമ്പറും നിലവിലുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ രജിസ്‌ട്രേഷനായി ഈ വർഷം പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
കൈറ്റ് വിക്ടേഴ്‌സിൽ ലൈവ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ചാനലിന്റെ വെബ്, മൊബൈൽ പ്ലാറ്റ്‌ഫോമുകൾ വഴിയും കായികമേള ലോകത്തെവിടെനിന്നും ലൈവായി കാണാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രധാന വേദികൾ മാറി മാറി ലൈവായി കാണിക്കും. മറ്റ് വേദികളിൽ നിന്നുള്ള ദൃശ്യങ്ങളും കൈറ്റ് വിക്ടേഴ്‌സിൽ ലഭ്യമാകും. മത്സര ഫലങ്ങൾ, വിജയികളുടെ വിവരങ്ങൾ, അഭിമുഖങ്ങൾ തുടങ്ങിയവയും സംപ്രേഷണം ചെയ്യും. രാവിലെ 06.00 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 2 മണി മുതൽ മത്സരം അവസാനിക്കുന്നതുവരെയും സംപ്രേഷണം ഉണ്ടായിരിക്കും. www.victers.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് എന്നിവ വഴിയും youtube.com/itsvicters എന്ന യുട്യൂബ് ചാനൽ വഴിയും ലൈവായി കാണാം.
by Midhun HP News | Nov 2, 2024 | Latest News, കേരളം
ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്.
നാലുപേരും റെയില്‍വേയിലെ കരാര്‍ ജോലിക്കാരാണ്. മൂന്നുപേരുടെ മൃതദേഹം കണ്ടെടത്തു. ഇവര്‍ മാലിന്യം പെറുക്കുന്നതിനിടെ ട്രെയിന്‍ എത്തിയത് അറിഞ്ഞിരുന്നില്ല. നാലുപേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. റെയില്‍വേ പൊലീസും അധികൃതരും സ്ഥലത്ത് എത്തി.

by Midhun HP News | Nov 2, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് വീണ്ടും നീട്ടി. നവംബര്‍ 30 വരെയാണ് മസ്റ്ററിങ് നീട്ടിയത്. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ മസ്റ്ററിങ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവന്‍ പേരുടേയും മസ്റ്ററിങ് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബര്‍ 30വരെ സമയപരിധി നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ 1,29, 49, 049 പേര്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കി. പി എച്ച് എച്ച് വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാര്‍ഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്. 84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.
അതേസമയം മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്കും സംസ്ഥാനത്ത് അരി നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഐറിസ് സ്‌കാനര്‍ സംവിധാനം ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മേരാ ഇകെവൈസി മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Nov 2, 2024 | Latest News, കേരളം
കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീര്‍ഥാടനത്തിനായി എല്ലാ ഒരുക്കവും പൂര്‍ത്തീകരിച്ചതായും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വിഎന്‍ വാസവന്‍. കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാ തീര്‍ഥാടകര്‍ക്കും സുഗമമായ ദര്‍ശനം ഒരുക്കും. ഇത്തവണ ശബരമലയില്‍ എത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് നല്‍കുക. തീര്‍ഥാടകര്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സംവിധാനവും ദേവസ്വം ബോര്‍ഡ് ഒരുക്കും.
വിവിധ വകുപ്പുകളുടെ ഒരുക്കം വിലയിരുത്തി. ഇടത്താവളങ്ങളിലെ ഒരുക്കം വിലയിരുത്താനുള്ള യോഗങ്ങള്‍ പൂര്‍ത്തീകരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവര്‍ത്തികളും നവംബര്‍ 10നകം പൂര്‍ത്തീകരിക്കും. 1000 വിശുദ്ധി സേനാംഗങ്ങളെ പരിശീലനം നല്‍കി നിയോഗിക്കും. പൊലീസ് വിപുലമായ സുരക്ഷാസംവിധാനമൊരുക്കും. മുന്‍പ് ശബരിമലയില്‍ ജോലി നോക്കി പരിചയമുള്ള ഉദ്യോഗസ്ഥരെയടക്കം 13600 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കാനനപാതയില്‍ തീര്‍ഥാടകര്‍ക്ക് എല്ലാസൗകര്യവും ഒരുക്കും.
സ്നേക്ക് ക്യാച്ചേഴ്സിന്റെ അടക്കം സേവനം ലഭ്യമാണ്. അഗ്‌നിരക്ഷാ സേന ഇത്തവണ കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളില്‍ നിയോഗിക്കും. 2500 ആപ്തമിത്ര വോളന്റിയര്‍മാരുടെ സേവനം അഗ്‌നിരക്ഷ സേനയുടെ ഭാഗമായി ഒരുക്കും. ഫയര്‍ഫോഴ്സ് വിവരങ്ങള്‍ കൈമാറുന്നതിനും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുന്നതിനും പുതിയ വാക്കിടോക്കി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യൂപോയിന്റുകളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. സ്‌കൂബാ ടീമടക്കമുള്ളവരുടെ സേവനവും ലഭിക്കും.
by Midhun HP News | Nov 2, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് ഇന്നുമുതൽ (നവംബർ 1) നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടം ഉൾപ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങൾ ചുവടെ:
1. ട്രെയിൻ ടിക്കറ്റ് ബുക്കിങ്
മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യാൻ സാധിക്കൂ. മുൻകൂർ റിസർവേഷൻ കാലയളവ് ട്രെയിൻ പുറപ്പെടുന്ന ദിവസം ഒഴികെയുള്ളതാണ്. പുതിയ വ്യവസ്ഥ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ ഇത് ബാധിക്കില്ല.
2. ആർബിഐയുടെ ആഭ്യന്തര പണ കൈമാറ്റ ചട്ടം
ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആർബിഐയുടെ പുതിയ ചട്ടക്കൂട് നാളെ പ്രാബല്യത്തിൽ വരും. പ്രധാനമായി ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ചട്ടം. ബാങ്കിങ് ഔട്ട്ലെറ്റുകളുടെ ലഭ്യത, ഫണ്ട് കൈമാറ്റത്തിനുള്ള പേയ്മെന്റ് സംവിധാനങ്ങളുടെ വികാസം, കെവൈസി ആവശ്യകതകൾ എളുപ്പം നിറവേറ്റുന്നതിന് സ്വീകരിച്ച നടപടികൾ എന്നിവയിൽ പുരോഗതി ഉണ്ടായതായി ജൂലൈ 24ലെ ആർബിഐ സർക്കുലറിൽ പറയുന്നുണ്ട്. ഇപ്പോൾ ഉപയോക്താക്കൾക്ക് ഫണ്ട് കൈമാറ്റത്തിന് ഒന്നിലധികം ഡിജിറ്റൽ ഓപ്ഷനുകൾ ഉണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ ചട്ടത്തിന് രൂപം നൽകിയത്.
3. എസ്ബിഐ ക്രെഡിറ്റ് കാർഡ്
ഒരു ബില്ലിങ് കാലയളവിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ, ഒരു ശതമാനം സർചാർജ് ഈടാക്കും. 50,000 രൂപയിൽ താഴെയാണെങ്കിൽ നിലവിലെ സ്ഥിതി തുടരും. നവംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ പ്രതിമാസ ഫിനാൻസ് ചാർജ് 3.75 ശതമാനമായി വർധിപ്പിച്ചതാണ് മറ്റൊരു മാറ്റം.
4. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
ഐസിഐസിഐ ബാങ്ക് അതിന്റെ ഫീസ് ഘടനയിലും ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഇൻഷുറൻസ്, പലചരക്ക് വാങ്ങൽ, എയർപോർട്ട് ലോഞ്ച് ആക്സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ, ലേറ്റ് പേയ്മെന്റ് ഫീസ് എന്നി സേവനങ്ങളെയാണ് ബാധിക്കുക. 2024 നവംബർ 15 മുതൽ ഇത് ബാധകമാണ്. സ്പാ ആനുകൂല്യങ്ങൾ നിർത്തലാക്കൽ, 1,00,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകൾക്ക് ഇന്ധന സർചാർജ് ഒഴിവാക്കൽ, സർക്കാർ ഇടപാടുകൾക്ക് റിവാർഡ് പോയിന്റുകൾ ഒഴിവാക്കൽ അടക്കമാണ് മാറ്റങ്ങൾ. വിദ്യാഭ്യാസ ആവശ്യത്തിന് തേർഡ് പാർട്ടി മുഖേനയുള്ള സാമ്പത്തിക ഇടപാടിന് 1 ശതമാനം ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്റ് മാറ്റങ്ങൾ എന്നിവയാണ് മറ്റു പരിഷ്‌കാരങ്ങൾ.
5. ഇന്ത്യൻ ബാങ്ക് സ്‌പെഷ്യൽ എഫ്ഡി
ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബർ 30 ആണ്. ‘ഇൻഡ് സൂപ്പർ 300’ സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.05 ശതമാനവും മുതിർന്നവർക്ക് 7.55 ശതമാനവും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.80 ശതമാനവും പലിശ ലഭിക്കുന്നാണ് സ്ഥിര നിക്ഷേപ പദ്ധതി. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.25 ശതമാനവും മുതിർന്നവർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. ഒരു ലക്ഷം മുതൽ മൂന്ന് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുമെന്നാണ് ബാങ്കിന്റെ വാഗ്ദാനം.
by Midhun HP News | Nov 2, 2024 | Latest News, കേരളം
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെക്കന്‍ കശ്മീരിലെ ഷാംഗസ്-ലാര്‍നൂ മേഖലയിലെ ഹല്‍ക്കന്‍ ഗാലിക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ വിദേശയിയുമാണ്. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Recent Comments