വൃത്തിഹീനമായ ശുചിമുറി; യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം

വൃത്തിഹീനമായ ശുചിമുറി; യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണം

വിശാഖപട്ടണം: വൃത്തിഹീനമായ ശുചിമുറിയുടെ പേരില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍. തിരുപ്പതിയില്‍ നിന്ന് വിശാഖപട്ടണത്തേക്കുള്ള യാത്രയ്ക്കിടെ പ്രയാസം അനുഭവപ്പെട്ട യാത്രക്കാരന് ഇന്ത്യന്‍ റെയില്‍വേ 30,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. വൃത്തിഹീനമായ ശുചിമുറിയും ആവശ്യത്തിനുള്ള വെള്ളത്തിന്റെ ലഭ്യതക്കുറവും കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്ന യാത്രക്കാരന്റെ പരാതിയിലാണ് നടപടി.

തിരുമല എക്‌സ്പ്രസില്‍ എസി കോച്ചില്‍ കുടുംബത്തിനൊപ്പം യാത്ര ചെയ്ത വി മൂര്‍ത്തിയാണ് പരാതിക്കാരന്‍. തേഡ് എസിയില്‍ പരാതിക്കാരന്‍ നാല് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 2023 ജൂണ്‍ 5 നാണ് മൂര്‍ത്തിയും കുടുംബവും തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ കയറിയത്. യാത്രയ്ക്കിടെ ശുചിമുറി ഉപയോഗിക്കാന്‍ പോയപ്പോള്‍ ശുചി മുറി വൃത്തിഹീനവും വെള്ളവുമില്ലാത്ത നിലയിലായിരുന്നു. കൂടാതെ, എസി ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. മൂര്‍ത്തി ഈ വിഷയങ്ങള്‍ ദുവ്വാഡയിലെ റെയില്‍വേ ഓഫീസില്‍ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല.

തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മൂര്‍ത്തിയുടെ പരാതിയെന്നൊയിരുന്നു റെയില്‍വേയുടെ അവകാശവാദം. റെയില്‍വേയുടെ സേവനം ഉപയോഗിച്ച് പരാതിക്കാരനും കുടുംബവും സുരക്ഷിതമായ യാത്ര പൂര്‍ത്തിയാക്കിയതായി റെയില്‍വേ വാദിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം പോലും നല്‍കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേ പരാജയപ്പെട്ടുവെന്ന് ഉപഭോക്തൃ കമ്മീഷന്‍ കുറ്റപ്പെടുത്തി. യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനാല്‍ ടോയ്ലറ്റുകള്‍, എസിയുടെ പ്രവര്‍ത്തനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ റെയില്‍വേ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പറഞ്ഞു.

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കും. മൂന്ന് ജില്ലകളിൽ ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നവംബർ മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകട സാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ചും ജാഗ്രത വേണം.

കേരളത്തിലെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്‍ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.

ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട്ടിനു നേരേ ആക്രമണം

ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട്ടിനു നേരേ ആക്രമണം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ കൗൺസിലറുടെ വീട്ടിനു നേരേ ആക്രമണം. ആറ്റിങ്ങൽ നഗരസഭ അമ്പലമുക്ക് പതിമൂന്നാം വാർഡ് കൗൺസിലർ കെ. ജെ. രവികുമാറിന്റെ വീടിനു നേരേ വെള്ളിയാഴ്ച വെളുപ്പിന് നാലുമണിയ്ക്കാണ് ആക്രമണം നടന്നത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലെ ജനലിന്റെ ഗ്ലാസ്‌ അടിച്ചു തകർത്തു. ശബ്ദം കേട്ട് വീട്ടിലുളളവർ ഉണർന്നപ്പോൾ ആക്രമി ഓടി രക്ഷപെട്ടു. ഒരുമാസം മുമ്പ് വീട്ടിൽ ആളില്ലാത്ത സമയത്തു മുകളിലത്തെ നിലയിലെ മുൻ വശത്തെ ജന്നൽ എറിഞ്ഞു തകർത്തിരുന്നു. കൗൺസിലർ ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്  ആൻഡ് ടെക്നോളജി ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു

രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (RIET) ബിരുദധാന ചടങ്ങ് ഡോ. രാജു നാരായണസ്വാമി.ഐ.എ.എസ് നിർവഹിച്ചു. കോളേജ് ചെയർമാൻ ഡോ. ബിജു രമേശിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, വൈസ് ചെയർമാൻ RIET അജയ് കൃഷ്ണ പ്രകാശ് സന്നിഹിതനായിരുന്നു. പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു സ്വാഗതം ആശംസിക്കുകയും, ബിരുദധാന ചടങ്ങിലെ മുഖ്യ അതിഥിയായ ഡോ. രാജു നാരായണ സ്വാമി, കുട്ടികൾ ബിരുദ ജ്ഞാനം ഉൾക്കൊണ്ട് കാലാനുസൃതമായി പ്രവർത്തിക്കാൻ കഴിയേണ്ടുന്ന ആവശ്യകതയെ കുറിച്ച് പ്രതിപാദിക്കുകയും ചെയ്തു. രാജധാനി ബിസിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ. രജിത് കരുണാകരൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാജകം ചൊല്ലി കൊടുക്കുകയും, കോളേജ് ചെയർമാനും, വൈസ് ചെയർമാനും, കോളേജിന്റെ വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളും കൂടി വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും, മെഡലുകളും വിതരണം ചെയ്തു.

രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു രമേശ് ചടങ്ങിലെ മുഖ്യ അതിഥിയെയും, കോളേജിൽ കഴിഞ്ഞവർഷം മികച്ച സേവനം കാഴ്ചവച്ച അധ്യാപകരെയും ആദരിച്ചു. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. മഹേഷ് കൃഷ്ണ, കോളേജ് വൈസ് പ്രിൻസിപ്പലും, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ് മേധാവിയും, രാജധാനി പോളിടെക്നിക് കോളേജ് പ്രിൻസിപ്പലുമായ ഡോ. സംഗീത ഷിബു എന്നിവർ വിദ്യാർത്ഥികൾക്ക് അനുഗ്രഹ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

മെക്കാനിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയായ ഡോ. ബിന്ദു. എസ് എസ്, ചടങ്ങിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും, RIET വൈസ് ചെയർമാൻ അജയ് കൃഷ്ണ പ്രകാശ് വിരുദ്ധദാന ചടങ്ങുകളുടെ സമാപനം കുറിക്കുകയും ചെയ്തു. ബിരുദധാന ദിനം വിദ്യാർത്ഥികളുടെ ഭാവി ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായത്തിന്റെ ആഹ്ലാദവും പ്രതീക്ഷയും നിറഞ്ഞതായി ഈ ദിനം മാറി.

കളക്ടര്‍ അരുണ്‍ കെ. വിജയന്റെ രാജി ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

കളക്ടര്‍ അരുണ്‍ കെ. വിജയന്റെ രാജി ആവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടർ അരുൺ കെ വിജയന്റെ രാജി ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ച ഷമാ മുഹമ്മദ് അടക്കമുള്ള പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഷമാ മുഹമ്മദ് അടക്കമുള്ള
പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇടത് യുവജനസംഘടന എഐവൈഎഫും രംഗത്തെത്തി.

അതിനിടെ പി.പി ദിവ്യയെ യാത്ര അയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി തള്ളി കുടുംബം രംഗത്തുവന്നു. കളക്ടറുടെ ശരീര ഭാഷ കാണുമ്പോൾ ചില സംശയങ്ങൾ ഉണ്ടെന്നും യാത്ര അയപ്പ് ചടങ്ങിലെ ശരീര ഭാഷ തന്നെ വേദനിപ്പിച്ചുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ ഭർത്താവ് തകർന്നു ഇരിക്കുമ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു. തെറ്റ് പറ്റിയെന്ന കളക്ടറുടെ മൊഴി കള്ളമാണെന്നും അങ്ങനെ ഒരു ആത്മബന്ധം ഇരുവരും തമ്മിൽ ഇല്ലെന്നും മഞ്ജുഷ പറഞ്ഞു. നിയമപോരാട്ടം അവസാനം വരെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

ഒരു ഗഡു ക്ഷേമ പെന്‍ഷന്‍ കൂടി അനുവദിച്ചു; ബുധനാഴ്ച മുതല്‍ വിതരണം

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപവീതം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം ഒക്ടോബര്‍ 21നാണ് സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചത്. രണ്ടാഴ്ച തികയും മുന്‍പാണ് അടുത്ത ഗഡു കേരളപ്പിറവി ദിനത്തില്‍ അനുവദിച്ചത്.

ബുധനാഴ്ച മുതല്‍ തുക പെന്‍ഷന്‍കാര്‍ക്ക് കിട്ടിത്തുടങ്ങും. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും.ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ചു മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നശേഷം 33,000 കോടിയോളം രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചത്.