by Midhun HP News | Oct 10, 2024 | Latest News, കേരളം
തിരുവനന്തപുരം: ലക്ഷദ്വീപിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതല്‍ മഴ തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി വരും ദിവസങ്ങളില്‍ പരക്കെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
by Midhun HP News | Oct 10, 2024 | Latest News, കേരളം
തിരുവനന്തപുരം: പൂജവയ്പ് പ്രമാണിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക
by Midhun HP News | Oct 10, 2024 | Latest News, കേരളം
തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്.
സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയില്ല. അതുകൊണ്ടാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി ജി ആർ അനിൽ കുമാർ സമയ പരിധി നീട്ടിയെന്ന് അറിയിച്ചത്.
സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.
by Midhun HP News | Oct 10, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,200 രൂപയായി. ഗ്രാമിന് അഞ്ചു രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് 57,000 കടന്നും മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്. നാലുദിവസത്തിനിടെ 760 രൂപയാണ് കുറഞ്ഞത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിച്ചത്.
by Midhun HP News | Oct 10, 2024 | Latest News, കായികം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് ശേഷം വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് തലസ്ഥാന നഗരി. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരത്തിന് വേദിയാകുന്നത് തിരുവനന്തപുരം. നാളെ പഞ്ചാബുമായാണ് കേരളത്തിൻറെ സീസണിലെ ആദ്യ പോരാട്ടം. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങുന്ന കേരളത്തെ നയിക്കുന്നത് സച്ചിൻ ബേബിയാണ്. ദേശീയ ടീമിനൊപ്പമായതിനാൽ സഞ്ജു സാംസനെ നിലവിൽ രഞ്ജി ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുൻ ഇന്ത്യൻ താരം അമയ് ഖുറേസിയ ആണ് ഇത്തവണ ടീമിന്റെ പരിശീലകൻ.
എങ്കിലും സന്തുലിതമായ ടീമാണ് ഇത്തവണത്തേത്. സച്ചിൻ ബേബിയും രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും അണിനിരക്കുന്ന ബാറ്റിങ് നിര ശക്തമാണ്.
ഇവരോടൊപ്പം മറ്റ് സംസ്ഥാനങ്ങളിൽ നിന്നു അതിഥി താരങ്ങളായി എത്തിയ ബാബ അപരാജിതും ജലജ് സക്‌സേനയും ചേരുമ്പോൾ ബാറ്റിങ് കരുത്ത് വീണ്ടും കൂടും. ഓൾ റൗണ്ടർ ആദിത്യ സർവാതെയാണ് മറ്റൊരു അതിഥി താരം. ഓൾ റൗണ്ട് കരുത്തു കണിക്കാറുള്ള ജലജ് സക്‌സേനയുടെ പ്രകടനം കഴിഞ്ഞ സീസണുകളിൽ നിർണയകമായിരുന്നു. ബേസിൽ തമ്പി, കെഎം ആസിഫ് തുടങ്ങിയവർ അണി നിരക്കുന്ന ബൗളിങ് പടയും കേരളത്തിനു കരുത്താകും.
വ്യത്യസ്ത ഫോർമാറ്റ് എങ്കിലും അടുത്തിടെ സമാപിച്ച കേരള ക്രിക്കറ്റ് ലീഗ്, ടീമംഗങ്ങളെ സംബന്ധിച്ച് മികച്ചൊരു തയ്യാറെടുപ്പിനാണ് അവസരം നൽകിയത്. ടൂർണമെന്റിൽ തിളങ്ങാനായത് സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസറുദ്ദീൻ, രോഹൻ കുന്നുമ്മൽ തുടങ്ങിയ താരങ്ങൾക്ക് ആത്മവിശ്വാസമാകും. കഴിഞ്ഞ സീസണിൽ ബംഗാളിന് എതിരെ മാത്രമായിരുന്നു കേരളത്തിന് ജയിക്കാനായത്. ഇത്തവണ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ലക്ഷ്യമിടുന്ന ടീമിനെ സംബന്ധിച്ച് ബാറ്റിങ് നിരയുടെ പ്രകടനം തന്നെയാകും കൂടുതൽ നിർണായകമാവുക. കാരണം രഞ്ജിയിൽ ആദ്യ ഇന്നിങ്‌സ് ലീഡാണ് പലപ്പോഴും പോയിന്റ് പട്ടികയിലെ സ്ഥാനം നിശ്ചയിക്കുക.
ഈ സീസണിൽ കേരളം നാല് മത്സരങ്ങളാണ് ഹോം പോരാട്ടം കളിക്കുന്നത്. പഞ്ചാബിന് പുറമെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ ടീമുകളാണ് മത്സരങ്ങൾക്കായി തിരുവനന്തപുരത്തെത്തുക. ഇതിൽ ബിഹാർ ഒഴികെയുള്ള ടീമുകളെല്ലാം തന്നെ ദേശീയ ടീമിലും ഐപിഎല്ലിലുമൊക്കെ കളിച്ച് ശ്രദ്ധേയ താരങ്ങൾ കൊണ്ട് സമ്പന്നമാണ്.
ആദ്യ മത്സരത്തിലെ എതിരാളികളായ പഞ്ചാബ് കഴിഞ്ഞ സീസണിലെ സയ്യദ് മുഷ്താഖ് അലി ടൂർണമെൻറ് ജേതാക്കളാണ്. ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മ, അർഷദീപ് സിങ് എന്നിവരില്ലെങ്കിലും താര സമ്പന്നമാണ് ഇത്തവണത്തെ പഞ്ചാബ് ടീം. ഐപിഎല്ലിലൂടെ ശ്രദ്ധേയരായ പ്രഭ്‌സിമ്രാൻ സിങ്, അൻമോൽപ്രീത് സിങ്, സിദ്ദാർഥ് കൗൾ തുടങ്ങിയവർ ടീമിലുണ്ട്. വസിം ജാഫറാണ് ടീമിന്റെ പരിശീലകൻ.
ഉത്തർപ്രദേശ് ടീമിൽ നിതീഷ് റാണ, യഷ് ദയാൽ തുടങ്ങിയ താരങ്ങളും മധ്യപ്രദേശ് ടീമിൽ രജത് പടിദാർ, വെങ്കിടേഷ് അയ്യർ, അവേശ് ഖാൻ തുടങ്ങിയവരും ഉണ്ട്. ഇവരുടെയൊക്കെ പ്രകടനം കാണാനുള്ള അവസരം കൂടിയാകും കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് തിരുവനന്തപുരത്തെ മത്സരങ്ങൾ.
കാലാവസ്ഥ അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ച് രണ്ട് ഘട്ടങ്ങളായാണ് ഇത്തവണത്തെ രഞ്ജി മത്സരങ്ങൾ. ആദ്യ ഘട്ടം ഒക്ടോബർ 11 മുതൽ നവംബർ 13 വരെയാണ്. ജനുവരി 23നാണ് രണ്ടാം ഘട്ടം തുടങ്ങുക. നവംബർ ആറ് മുതൽ ഒൻപത് വരെയാണ് ഉത്തർപ്രദേശുമായുള്ള കേരളത്തിന്റെ മത്സരം. മധ്യപ്രദേശുമായുള്ള മത്സരം ജനുവരി 23നും ബിഹാറുമായുള്ള മത്സരം ജനുവരി 30നും അരങ്ങേറും.
by Midhun HP News | Oct 10, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ് അടുത്ത ആഴ്ച മുതല്‍ ഓടിത്തുടങ്ങും. സര്‍വീസുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടത്തില്‍ പത്തുബസുകളാണ് സര്‍വീസ് നടത്തുക. സൂപ്പര്‍ഫാസ്റ്റിനും എക്സ്പ്രസിനും ഇടയിലായിരിക്കും നിരക്ക്. വൈഫൈ കണക്ഷന്‍, മ്യൂസിക് സിസ്റ്റം, പുഷ് ബാക്ക് സീറ്റ് എന്നിവയുണ്ടാകും. 40 സീറ്റുകളാണ് ഉള്ളത്. മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇടയ്ക്ക് യാത്രക്കാര്‍ക്ക് ഭക്ഷണം കഴിക്കാന്‍ ഗുണനിലവാരമുള്ള ഹോട്ടലുകളില്‍ സൗകര്യം ഒരുക്കും.
തിരുവനന്തപുരം-കോഴിക്കോട്, കോഴിക്കോട്-തിരുവനന്തപുരം, തിരുവനന്തപുരം-പാലക്കാട്, പാലക്കാട്- തൃശൂര്‍ റൂട്ടുകളിലാണ് പരിഗണിക്കുന്നത്. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ തുടക്കത്തില്‍ എംസി റോഡിനാണ് മുന്‍ഗണനയെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കുറഞ്ഞ ചെലവില്‍ സൗകര്യപ്രദമായ യാത്രയാണ് ലക്ഷ്യം.
Recent Comments