by Midhun HP News | Oct 8, 2024 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: നവരാത്രിയോടനുബന്ധിച്ച് താൻ രചിച്ച ഗർബ ഗാനം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുർഗ ദേവിയ്ക്ക് സമർപ്പണമായാണ് പ്രധാനമന്ത്രി ഗാനം രചിച്ചത്. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവച്ചത്. പ്രശസ്ത ഗായിക പൂർവ മന്ത്രിയാണ് ഈണം നൽകിയിരിക്കുന്നത്. ‘ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ആളുകൾ ദുർഗ മാതാവിനോടുള്ള ഭക്തിയാൽ ഒന്നിച്ച് വ്യത്യസ്ത രീതികളിൽ ആഘോഷിക്കുന്നു.

ഭക്തിയുടെയും ആനന്ദത്തിന്റെയും വേളയിൽ ഞാൻ രചിച്ച ‘ആവതി കലായ്’ എന്ന ഗർബ ഗാനം ഇതാ, ദേവിയുടെ ശക്തിക്കും കൃപയ്ക്കും മുന്നിൽ സമർപ്പിക്കുന്നു. ദേവിയുടെ അനുഗ്രഹങ്ങൾ എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ’- ഗാനം പങ്കുവച്ച് മോദി എക്സിൽ കുറിച്ചു. തന്റെ ഗർബ ഗാനം ആലപിച്ചതിന് ഗായിക പൂർവ മന്ത്രിയ്ക്ക് നന്ദിയും കുറിച്ചിട്ടുണ്ട് പ്രധാനമന്ത്രി.
അവർ ഒരു പ്രതിഭാധനയായ ഗായികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗുജറാത്തിലെ നാടോടി നൃത്തരൂപമായ ഗർബ നവരാത്രി ഉത്സവവേളയിൽ ഏറെ പ്രാധാന്യമുള്ളതാണ്. 2023 ഡിസംബറിൽ യുനെസ്കോയുടെ പൈതൃകപ്പട്ടികയിലും ഗർബ ഇടംനേടിയിരുന്നു. കഴിഞ്ഞവർഷവും നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി മോദി താൻ രചിച്ച ഗർബ ഗാനം പങ്കുവെച്ചിരുന്നു.
by Midhun HP News | Oct 8, 2024 | Latest News, കേരളം
കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി. ഭരണഘടനയാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഒരാളുടെ മതപരമായ ആചാരങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാനാവില്ല. നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരൻമാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതിനെതിരെ വിദ്യാർത്ഥിനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർത്ഥിനി മുസ്ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ചാണ് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചത്.
ഈ സംഭവത്തിൽ നിയമ വിദ്യാർത്ഥിനിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്. മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമ്മാനം സ്വീകരിക്കുമ്പോൾ ധനമന്ത്രിക്കു കൈകൊടുക്കാൻ പരാതിക്കാരി തീരുമാനിച്ചാൽ ഹർജിക്കാരന് അതിൽ എന്തു കാര്യമെന്നും കോടതി ചോദിച്ചു.
പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ഹർജിക്കാരൻ സമൂഹ മാധ്യമത്തിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്. 2016ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി കോളജിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കാൻ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. ചടങ്ങിൽ താൻ മന്ത്രിക്ക് ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതം ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമർശിച്ച് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.
by Midhun HP News | Oct 8, 2024 | Latest News, സിനിമ
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാ താരങ്ങളായ പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ഉടൻ ചെയ്യുമെന്ന് കൊച്ചി ഡിസിപി കെ എസ് സുദർശൻ. ഓം പ്രകാശിന്റെ ലഹരി പാർട്ടികളെക്കുറിച്ചും അന്വേഷിക്കും. കൂടുതൽ തെളിവുകൾ ലഭിച്ച ശേഷമായിരിക്കും താരങ്ങളെ ചോദ്യം ചെയ്യുക.
പിടിച്ചെടുത്ത ലഹരി വസ്തുക്കൾ വിശദ പരിശോധനയ്ക്ക് അയച്ചെന്നും കെഎസ് സുദർശൻ അറിയിച്ചു. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് നടി പ്രയാഗ മാര്ട്ടിന്, നടന് ശ്രീനാഥ് ഭാസി എന്നിവരുടെ പേരുകളുള്ളത്. പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറിയിൽ എത്തിയെന്നാണ് പൊലീസ് റിപ്പോർട്ടിലുളളത്.
ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തിരുന്നത്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാർ ഹോട്ടലിൽ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.
by Midhun HP News | Oct 8, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തെക്കന്-മധ്യ കേരളത്തില് മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളില് തീവ്രമഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.
ആറു ജില്ലകളില് അതിശക്ത മഴ മുന്നറിയിപ്പുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര് ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്ദേശം. ഇടിമിന്നലിനും, മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിക്കുന്നു.
നാളെ ഒരു ജില്ലയില് ഓറഞ്ച് അലര്ട്ടും ഏഴു ജില്ലകളില് യെല്ലോ അലര്ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കിയിലാണ് ബുധനാഴ്ച തീവ്രമഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര് ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്ദേശമുള്ളത്.
തെക്കന് കേരളത്തിന് മുകളില് ചക്രവാതച്ചുഴി രൂപപ്പെട്ടതോടെയാണ് മഴ വീണ്ടും കനത്തത്. ചക്രവാതച്ചുഴി നാളെയോടെ ലക്ഷദ്വീപിന് മുകളില് ന്യുനമര്ദ്ദമായി ശക്തി പ്രാപിക്കാന് സാധ്യത. തുടര്ന്ന് വടക്ക് പടിഞ്ഞാറു ദിശയില് സഞ്ചരിക്കാനാണ് സാധ്യത.
തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടല് മുതല് ലക്ഷദ്വീപ് വരെ തെക്കന് കേരളം, തെക്കന് തമിഴ്നാട് വഴി ന്യുനമര്ദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി ഒക്ടോബര് 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില് അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്ദേശം
കേരള – ലക്ഷദ്വീപ് തീരങ്ങളില് ഈ മാസം 11 വരെ മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നും കര്ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കര്ണാടക തീരങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് മണിക്കൂറില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
by Midhun HP News | Oct 8, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിച്ച സ്വര്ണവിലയില് ഇന്ന് മാറ്റമില്ല. 56,800 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 7100 രൂപ നല്കണം.
വെള്ളിയാഴ്ച 56,960 രൂപയായി ഉയര്ന്നാണ് സ്വര്ണവില റെക്കോര്ഡിട്ടത്. തുടര്ന്ന് ശനിയാഴ്ച വിലയില് മാറ്റം ഉണ്ടായിരുന്നില്ല. 57,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ ഇന്നലെ വില താഴ്ന്നിരുന്നു.
മെയില് രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല് സ്വര്ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.
by Midhun HP News | Oct 7, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: സമഗ്ര ശിക്ഷ കേരളയുടെയും യൂണിസെഫിന്റെയും ആഭിമുഖ്യത്തിൽ കിളിമാനൂർ ബി. ആർ.സി ലൈഫ് 24 ക്യാമ്പ് സംഘടിപ്പിച്ചു. ബി ആർ സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികൾക്കാണ് ത്രിദിന ക്യാമ്പ് നടത്തിയത്. നിത്യ ജീവിതവുമായി ബന്ധപ്പെട്ട നൈപുണീ വികാസങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തന പദ്ധതികളാണ് ഓരോ ദിന ക്യാമ്പിലും ഉൾപ്പെടുത്തിയിത്.
ഒന്നാം ദിനം ‘രുചിക്കൂട്ടി’ൽ ആരോഗ്യപ്രദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവിഭവങ്ങളുടെ വിപുലമായ നിർമ്മാണവും പ്രദർശനവും നടന്നു. രുചി കൂട്ടിന്റെ ഭാഗമായി കുട്ടികൾ 100 തരം പുട്ടുകൾ തയ്യാറാക്കിയത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും കൗതുകകരമായി. തുടർന്ന് ക്യാമ്പ് കേന്ദ്രമായ ആർ ആർ വി ബോയിസ് എച്ച് എസ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
രണ്ടാം ദിനം കൃഷിക്കൂട്ടം ക്യാമ്പിൽ അഗ്രികൾച്ചറൽ ഓഫീസർ രാഹുൽ എം എസ് അഗ്രാ ക്ലിനിക്ക്, ഹൈഡ്രോപോണിക്ക് കൃഷി തുടങ്ങിയ ആധുനിക രീതികൾ പങ്കുവച്ചു. മൂന്നാം ദിനം പ്ലംബിംഗ് കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്വന്തമായി കുട്ടികൾക്ക് പൈപ്പ് ഫിറ്റിങ്ങുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് ഹൈലാൻഡ് ട്രേഴ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സൗജന്യ പരിശീലനവും നൽകി. ആർ പി മാരായി വൈശാഖ് കെ എസ്, സനൽ. കെ, സിന്ധു ദിവാകരൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
ക്യാമ്പ് സമാപനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി ബേബി സുധ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടാര മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ബിപിസി നവാസ് കെ സ്വാഗതവും പരിശീലകൻ വൈശാഖ് കെ എസ് നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വിജയകുമാർ വി.കെ, പ്രഥമാധ്യാപകൻ വേണുജി പോറ്റി, പ്രിൻസിപ്പാൾ നിസാം പി, എൻ എസ് എസ് കോ ഓർഡിനേറ്റർ സുനിത ബി എസ് ആശംസകള് അർപ്പിച്ചു. ക്യാബംഗളായ 42 വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Recent Comments