by Midhun HP News | Oct 3, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. ഉടന് തന്നെ 57,000 തൊടുമെന്ന് സൂചന നല്കി സ്വര്ണവില ഇന്നും ഉയര്ന്നു. 80 രൂപ വര്ധിച്ചതോടെ ഒരു പവന് സ്വര്ണത്തിന്റെ വില 56,880 രൂപയായി ഉയര്ന്ന് പുതിയ ഉയരം കുറിച്ചു. ഗ്രാമിന് പത്തുരൂപയാണ് ഉയര്ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.
by admin | Oct 3, 2024 | Latest News, ജില്ലാ വാർത്ത
കട്ടയിൽ കോണം മഠത്തിൽ ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഇന്ന് മുതൽ ഒക്ടോബർ 13 വരെ നടക്കും.
വിജയദശമി ദിനത്തിൽ വൈകുന്നേരം 6 മണി മുതൽ ഭഗവതിയ്ക്ക് പൂമൂടൽ.
പൂമൂടലിന് ആവിശ്യമായ പൂക്കൾ കുട്ട ഒന്നിന് 500 രൂപ നിരക്കിൽ ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിജയദശമി ദിനത്തിൽ നടത്തുന്ന പൂമൂടൽ ചടങ്ങിൽ ഭക്തജനങ്ങൾക്ക് കുട്ടികളുടെ പേരിൽ പൂമൂടൽ വഴിപാടായി നടത്തുവാൻ സാധിക്കും.
ഒക്ടോബർ 11 ദുർഗ്ഗാഷ്ടമി ദിനത്തിൽ വൈകുന്നേരം 5.30 ന് പാൽപായസ പൊങ്കാല
പുസ്തക പൂജ
പൂജവയ്പിനോട് അനുബന്ധിച്ച് മഠത്തിൽ അമ്മയുടെ തിരുനടയിൽ പുസ്തകങ്ങൾ പൂജ വയ്ക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഒക്ടോബർ 10 വ്യാഴം വൈകുന്നേരം 4 മണിക്ക് മുമ്പായി പുസ്തകങ്ങൾ ക്ഷേത്രത്തിൽ എത്തിച്ച് ടോക്കൺ കൈപ്പറ്റേണ്ടതാണ്. വിജയദശമി ദിനത്തിൽ (2024 ഒക്ടോബർ 13) രാവിലെ 9 മണി മുതൽ രസീതുമായി വന്ന് പുസ്തകം തിരികെ വാങ്ങേണ്ടുന്നതുമാണ്.
വിദ്യാരംഭം
വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ഡോക്ടർ സി. ജി. ഉണ്ണികൃഷ്ണൻ അറിവിൻറെ ആദ്യക്ഷരം കുറിക്കുന്നു.
1. വിദ്യാരംഭം കുറിക്കുന്ന കുട്ടികളുടെ പേര് വിവരം വിജു, 9495132532 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്.
2. വിദ്യാരംഭം കുറിക്കുന്ന എല്ലാ കുഞ്ഞുങ്ങളും ചെറിയ നേരിയമുണ്ട് കരുതേണ്ടതാണ്.
ചിത്രരചന മത്സരം.
മഠത്തിൽ അമ്മയുടെ നവരാത്രി ഉത്സവത്തിൻറെ ഭാഗമായി വിജയദശമി ദിനത്തിൽ രാവിലെ 8 മണിക്ക് നവരാത്രി മണ്ഡപത്തിൽ എൽപി, യൂപി, ഹൈസ്കൂൾ തലത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചിരിക്കുന്നു.
ചിത്രരചന മത്സരത്തിൽ പങ്കെടുക്കുന്നവർ ചായങ്ങളും, ബ്രഷും, കളർ പെൻസിലുകളും കൊണ്ടുവരണം. വിജയികൾക്കുള്ള സമ്മാനങ്ങൾ വൈകുന്നേരം നവരാത്രി വേദിയിൽ വച്ച് നൽകുന്നതായിരിക്കും.
തിരുനടയിൽ അനുമോദനം
കഴിഞ്ഞ വർഷത്തിൽ എസ്.എസ്.എൽസി പരീക്ഷ വിജയിച്ച കുട്ടികൾക്കും, 2023-24 സർക്കാർ സർവീസിൽ പ്രവേശിച്ച എല്ലാ സുഹൃത്തുക്കൾക്കും പേരുവിവരം, രോഹിൺ
8893485876 എന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണ്.
വിശേഷാൽ നവരാത്രി വിഭവങ്ങളോട് കൂടി മഹാനവമി ദിനത്തിൽ നവരാത്രി സദ്യ
by Midhun HP News | Oct 3, 2024 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്ണാടകയില് കേക്കില് കാന്സറിന് കാരണമാകുന്ന നിരവധി ചേരുവകള് കണ്ടെത്തി. 12 കേക്ക് സാമ്പിളുകളിലാണ് ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങള് കണ്ടെത്തിയത്. ഇതിന് പിന്നാലെ കേക്കുമായി ബന്ധപ്പെട്ട് ആരോഗ്യത്തിന് ഉണ്ടാവാന് ഇടയുള്ള അപകട സാധ്യതകള് മുന്നിര്ത്തി കര്ണാടക സര്ക്കാര് മുന്നറിയിപ്പ് നല്കി.
അടുത്തിടെ കോട്ടണ് മിഠായിയിലും ഗോബി മഞ്ചൂരിയനിലും കൃത്രിമ ഭക്ഷ്യ നിറങ്ങള് ചേര്ക്കുന്നത് കര്ണാടക സര്ക്കാര് നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേക്കുമായി ബന്ധപ്പെട്ട് പുതിയ മാര്ഗനിര്ദേശം നല്കിയത്. ബംഗളൂരുവിലെ ബേക്കറികളില് നിന്ന് ശേഖരിച്ച 12 കേക്ക് സാമ്പിളുകളില് കാന്സറിന് കാരണമാകുന്ന നിരവധി പദാര്ത്ഥങ്ങള് കണ്ടെത്തിയതായി കര്ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില് പറഞ്ഞു.
സംസ്ഥാന സര്ക്കാര് വിവിധ ബേക്കറികളില് നിന്ന് ശേഖരിച്ച 235 കേക്ക് സാമ്പിളുകളില് 223 എണ്ണം സുരക്ഷിതമാണെന്ന് കണ്ടെത്തി. 12 എണ്ണത്തില് മാത്രമാണ് അപകടകരമായ തോതില് കൃത്രിമ കളറിങ് അടങ്ങിയിരിക്കുന്നത്.
ചുവന്ന വെല്വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളില് ഇത്തരം കൃത്രിമ കളറിങ് ചേര്ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാക്കുമെന്ന് കര്ണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. അല്ലുറ റെഡ്, സണ്സെറ്റ് യെല്ലോ എഫ്സിഎഫ്, പോണ്സോ 4ആര്, ടാര്ട്രാസൈന്, കാര്മോയ്സിന് തുടങ്ങിയ കൃത്രിമ നിറങ്ങള് കേക്കുകളില് ഉപയോഗിക്കുന്നതിനെതിരെയാണ് മുന്നറിയിപ്പ് നല്കിയത്. സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാന് ബേക്കറികള്ക്ക് സര്ക്കാര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. കൃത്രിമ നിറങ്ങളുടെ ഉയര്ന്ന ഉപയോഗം കാന്സര് സാധ്യത വര്ദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും കര്ണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് പ്രസ്താവനയില് പറഞ്ഞു.
by Midhun HP News | Oct 3, 2024 | Latest News, ജില്ലാ വാർത്ത
കേരളത്തിൻ്റെ തനതായ സാംസ്കാരിക അടയാളമാണ് തൃശൂർ പൂരം. മതസൗഹാർദ്ദവും സഹവർത്തിത്വവും വിളിച്ചോതുന്ന ഒരു അന്താരാഷ്ട്ര സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിലാണ് രണ്ടു നൂറ്റാണ്ടിലേറെയായി ഈ നാട് തൃശൂർ പൂരം കൊണ്ടാടുന്നത്.
ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒന്ന് എക്സിബിഷന്റെ ഘട്ടത്തിലായിരുന്നു. തറവാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായിരുന്നു അത്. ആ ഘട്ടത്തിൽ ഇടപ്പെട്ട് പരിഹാരം ആവുകയും ചെയ്തു. തൃശ്ശൂർപൂരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ദേവസ്വങ്ങൾ എല്ലാം അതിൽ സന്തോഷം രേഖപ്പെടത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടർച്ചയായി ആനകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉയർന്നു വന്നു. അതും നല്ല രീതിയിൽ പരിഹരിക്കാനായി. എല്ലാ വിഭാഗം ജനങ്ങളും അണിചേരുന്ന, ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുന്ന പൂരം കേരളത്തിൻ്റെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്ന് എന്ന നിലയിൽ കുറ്റമറ്റ നിലയിൽ നടത്താൻ സർക്കാർ എല്ലാ തരത്തിലും തയാറെടുപ്പുകൾ നടത്തിയിരുന്നു.
ഇത്തവണ പൂരം ഏറ്റവും ഗംഭീരമായി തന്നെയാണ് ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഘട്ടമായിരുന്നു അത്. ആ സമയത്തും, ജനങ്ങൾ വൻതോതിൽ പൂര നഗരിയിലെത്തി ആഘോഷങ്ങളിൽ പങ്കുകൊണ്ടു. എന്നാൽ, അവസാന സമയത്ത്, ചില വിഷയങ്ങളുണ്ടായി. അതുമായി ബന്ധപ്പെട്ട് പുരം അലങ്കോലപ്പെടുത്താനുള്ള ചില ശ്രമങ്ങൾ ഉണ്ടായി എന്നത് സർക്കാർ ഗൗരവമായാണ് കണ്ടത്. അങ്ങനെയാണ് അതിനെക്കുറിച്ച് ഒരു അന്വേഷണം സമഗ്രമായി നടക്കണമെന്ന് സർക്കാർ നിശ്ചയിക്കുകയും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയെ ചുമലതപ്പെടുത്തുകയും ചെയ്തത്. ആ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സെപ്തംബർ 23ന് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് സമർപ്പിക്കുകയുണ്ടായി. ആ റിപ്പോർട്ട് സെപ്തംബർ 24 ന് എനിക്ക് ലഭിച്ചു.

പൊലീസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് സമഗ്രമാണെന്ന് കരുതാനാവില്ല. ഇവിടെ പലതരത്തിലുള്ള നിയന്ത്രണങ്ങൾ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. എക്സ്പ്ലോസീവ് ആക്ട്, പെസോ (PESO) റഗുലേഷനുകൾ, വിവിധ വകുപ്പുകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻറെ ശിപാർശകൾ, മറ്റു നിയമപരമായ നിബന്ധനകൾ, ബഹു. ഹൈക്കോടതി ഉത്തരവുകൾ എന്നിവ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തമാകുന്ന ഒരു കാര്യം വ്യക്തമായ ലക്ഷ്യത്തോടെ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതാണ്. അങ്ങനെ സംശയിക്കാൻ ഉള്ള അനേകം കാര്യങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ട്. ഇക്കാര്യങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിത നീക്കത്തിന്റെ ഫലമായി നിയമപരമായി അനുവദിക്കാൻ സാധിക്കാത്ത ആവശ്യങ്ങൾ ബോധപൂർവ്വം ഉന്നയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടിലെ ഒരു കണ്ടെത്തൽ. അതുൾപ്പെടെ അവിടെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ച് കണ്ടുപിടിച്ച് ഭാവിയിൽ തൃശൂർ പൂരം ഭംഗിയായി നടത്താനുള്ള സംവിധാനം ഒരുക്കൽ അനിവാര്യമായ കാര്യമാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകർക്കാനുള്ള ഒരു കുത്സിത പ്രവൃത്തിയും അനുവദിക്കാനാവില്ല. ഇത് കേവലം ഒരു ആഘോഷവുമായോ ഉത്സവവുമായോ ബന്ധപ്പെട്ട പ്രശ്നമായി ചുരുക്കി കാണാനാവില്ല. കേരളീയ സമൂഹത്തെ ആകെ ബാധിക്കുന്ന വിഷയമാണ്. ആ നിലയിൽ തന്നെയാണ് സർക്കാർ ഇതിനെ കാണുന്നത്.
ഇക്കാര്യത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികൾ ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
1. തൃശൂർ പൂരം അലങ്കോലമാക്കാൻ നടന്ന ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കാൻ സംസ്ഥാന ക്രൈം ബ്രാഞ്ച് മേധാവിയായ എഡിജിപി എച്ച് വെങ്കിടേഷ് ഐപിഎസിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തും.
2. പൂരവുമായി ബന്ധപ്പെട്ട ചുമതലകൾ നൽകിയിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ അന്വേഷിക്കുന്നതിന് ഇൻ്റലിജൻസ് എഡിജിപി മനോജ് എബ്രഹാം ഐപിഎസിനെ ചുമതലപ്പെടുത്തി.
3. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതേക്കുറിച്ച് പരിശോധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.
രണ്ടു നൂറ്റാണ്ടുകാലത്തെ ചരിത്രത്തിനിടയിൽ തൃശൂർ പൂരം ചുരുക്കേണ്ടിവന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പ്രകൃതി ദുരന്തങ്ങളുടെയും മറ്റ് പ്രയാസകരമായ അവസ്ഥകളുടെയും ഫലമായിട്ടാണ്. 1930ൽ കടുത്ത മഴയെ തുടർന്ന് മുഴുവൻ ആനകളേയും എഴുന്നെള്ളിച്ചില്ല എന്നാണ് പറയുന്നത്. 1939ൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോൾ ചടങ്ങുമാത്രമായി നടത്തി. 1948ൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ, വധത്തെ തുടർന്ന് ചടങ്ങുമാത്രമാണുണ്ടായത്. ഇത്തവണ ദുരന്തമോ അതുപോലുള്ള മറ്റേതെങ്കിലും ദുരവസ്ഥയോ അല്ല ഉണ്ടായത്. മറിച്ച് ചില പ്രത്യേക രീതിയോടെയുള്ള ഇടപെടലിലൂടെ പൂരാഘോഷങ്ങൾക്ക് അലങ്കോലം ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായത്. അത് ആവർത്തിക്കാതിരിക്കാനുള്ള കർശന നടപടികളിലേക്ക് കടക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
വയനാട്
വയനാട് ദുരന്തത്തിൽ സംസ്ഥാനത്തിന് വന്ന നഷ്ടങ്ങൾ വളരെ വലുതാണ്. ഇക്കാര്യത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽ നിന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇതുവരെ അത്തരമൊരു സഹായം നൽകുന്ന നില ഉണ്ടായിട്ടില്ല. ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്ര വിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തിര ദുരിതാശ്വാസ സഹായം ആയി അഭ്യർത്ഥിച്ചത്. ഈ വർഷം സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്ര വിഹിതം ആയ 291.2 കോടി രൂപയുടെ ആദ്യ ഗഡു ആയ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു ആയ 145.6 കോടി രൂപ അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചതായാണ് ഒക്ടോബർ ഒന്നിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വാർത്താകുറിപ്പിൽ നിന്നും മനസിലാക്കുന്നത്. ഇത് സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിൻ്റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായം അല്ല. വയനാട് ദുരന്ത ഘട്ടത്തിലും തുടർന്നും സംസ്ഥാനത്തിന് സഹായം നൽകാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു. എന്നാൽ പ്രത്യേക സഹായം ഇതുവരെ ലഭ്യമായിട്ടില്ല. അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെടാനും ഈ വിഷയം കേന്ദ്രത്തിൻറെ ശ്രദ്ധയിൽപ്പെടുത്താനും മന്ത്രി സഭായോഗം തീരുമാനിച്ചു.
വയനാട് ഉരുൾപൊട്ടലിനെത്തുടർന്ന് ഇരു മാതാപിതാക്കളെയും നഷ്ടപ്പെട്ട 6 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും, മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ട 8 കുട്ടികൾക്ക് 5 ലക്ഷം രൂപ വീതവും നൽകുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. വനിതാ ശിശുവികസന വകുപ്പാണ് ഇത് നൽകുക.
മേപ്പാടി ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും, കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനാണ് മന്ത്രിസഭായോഗം കണ്ടിട്ടുള്ളത്.
ടൗൺഷിപ്പ് നിർമ്മിക്കുവാൻ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുള്ള ഈ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ അഡ്വക്കേറ്റ് ജനറലിൻ്റെ അടക്കം വിദഗ്ധോപദേശം തേടിയിരുന്നു. വേഗം തന്നെ സ്ഥലം കിട്ടുക എന്നത് വളരെ പ്രധാനമാണ്. അതിൻ്റെയൊക്കെ ഭാഗമായി ഇപ്പോൾ കണ്ടിട്ടുള്ളത്, ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷൻ ഏറ്റെടുക്കുന്നതിനാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. അങ്ങനയാകുമ്പോൾ സ്ഥലം ലഭ്യമാകുന്നതിന് വലിയ കാലതാമസം ഉണ്ടാവുകയില്ല.
ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ ഒന്നാം ഘട്ടമായി പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായി തീർന്ന സ്ഥലങ്ങളിൽ ഉൾപ്പെടുന്ന മറ്റ് കുടുംബങ്ങളെ രണ്ടാം ഘട്ടമായും പുനരധിവസിപ്പിക്കും.
പുനരധിവാസ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കളുടെ കരട് പട്ടിക വയനാട് ജില്ലാ കളക്ടർ പ്രസിദ്ധീകരിക്കും. പട്ടിക അന്തിമമാക്കുന്നത് സംബന്ധിച്ച് വിശദമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപെടുത്തി.
വയനാട് ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളെയും പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും.
ഇതോടൊപ്പം ഷിരൂരിൽ മണ്ണിടിച്ചലിൽ മരണപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകുന്നതിനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
by Midhun HP News | Oct 3, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: താനോ സര്ക്കാരോ ഒരു പി ആര് ഏജന്സിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പൈസ പോലും സര്ക്കാര് ഇതിനായി ചെലവഴിച്ചിട്ടുമില്ലെന്ന് മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പറഞ്ഞു. ദി ഹിന്ദുവില് വന്ന വിവാദ അഭിമുഖം പത്രം ഇങ്ങോട്ട് സമീപിച്ചതിനെത്തുടര്ന്നു നല്കിയതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ദി ഹിന്ദു ദിനപ്പത്രത്തിലെ അഭിമുഖത്തില് താന് പറയാത്ത കാര്യങ്ങള് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും ഒരു ജില്ലയേയോ, ഒരു വിഭാഗത്തെയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു രീതി തനിക്കില്ല. എന്നാല് ഇന്റര്വ്യൂ പ്രസിദ്ധീകരിച്ചപ്പോള്, ഞാന് പറയാത്ത കാര്യങ്ങള് അച്ചടിച്ചു വന്നു. ഇതില് എതിര്പ്പ് അറിയിച്ചപ്പോള് ഹിന്ദു ദിനപ്പത്രം മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് വ്യക്തമാക്കി. തെറ്റായ കാര്യങ്ങള് പ്രസിദ്ധീകരിച്ചതിന് ഹിന്ദു പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാതെ പിണറായി വിജയന് ഒഴിഞ്ഞുമാറി.
‘ഇന്റര്വ്യൂവിന് വേണ്ടി ഹിന്ദു ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറയുന്നത് ആലപ്പുഴയിലെ മുന്എംഎല്എ ദേവകുമാറിന്റെ മകനാണ്. ഹിന്ദുവിന് ഇന്റര്വ്യൂ കൊടുക്കുന്നതിന് എതിര്പ്പില്ലെന്ന് അറിയിച്ചു. ഒരു ഒറ്റപ്പാലംകാരിയായ ലേഖിക അടക്കം രണ്ടുപേര് വന്നു. ചോദ്യങ്ങള്ക്ക് മറുപടി നല്കി. അന്വറിന്റെ കാര്യത്തില് നേരത്തെ വിശദീകരിച്ചതിനാല് മറുപടി പറയുന്നില്ലെന്ന് പറഞ്ഞു. ഇന്റര്വ്യൂവില് സംസാരിച്ചുകൊണ്ടിരിക്കെ ഒരാള് കൂടി കടന്നു വന്നിരുന്നു. പിന്നീടാണ് വന്നയാള് ഏജന്സിയുടെ ആളാണെന്ന് അറിയുന്നത്.’
‘ ദേവകുമാറിന്റെ മകന് ചെറുപ്പം മുതലേ അറിയാവുന്ന ചെറുപ്പക്കാരനാണ്. അതുകൊണ്ടാണ് ഇന്റര്വ്യൂ നല്കിയത്. ഖേദം പ്രകടിപ്പിച്ചതില് ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്. അവരുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്ന് എനിക്കറിയില്ല. താന് ഒരു ഏജന്സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, അറിയുകയുമില്ല. സര്ക്കാരും ഒരു പി ആര് ഏജന്സിയെയും ചുമതലപ്പെടുത്തിയിട്ടില്ല.’
‘മുഖ്യമന്ത്രി പറയാത്ത കാര്യങ്ങള് ഉള്പ്പെടുത്തിയത് ശരിയായില്ലെന്ന് ഹിന്ദു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗള്ഫിലെ പല ഏജന്സികളും വര്ഷങ്ങള്ക്ക് മുമ്പേ എടുത്തിട്ടുണ്ട്. അതൊക്കെ ഏതാ എന്താ എന്നൊന്നും ഇപ്പോഴറിയില്ല. എനിക്ക് എത്രമാത്രം ഡാമേജ് ഉണ്ടാക്കാനാകുമെന്നാണ് മാധ്യമങ്ങള് നോക്കുന്നത്. അങ്ങനെയൊരു ഡാമേജ് ഉണ്ടാക്കാന് കഴിയുന്ന വ്യക്തിത്വമല്ല തന്റേത്. ഹിന്ദുവിന് അഭിമുഖത്തിന് താല്പ്പര്യമുണ്ടെന്നാണ് ദേവകുമാറിന്റെ മകന് അറിയിച്ചത്. അയാള് ആവശ്യം ഉന്നയിച്ചപ്പോള് സമ്മതിക്കുകയാണ് ചെയ്തത്. വിവാദത്തില് ദേവകുമാറിന്റെ മകന് ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: വയനാട് ഉരുള്പൊട്ടലില് മാതാപിതാക്കള് രണ്ടുപേരും നഷ്ടമായ കുട്ടികള്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭാ തീരുമാനം. മാതാപിതാക്കളില് ഒരാള് നഷ്ടപ്പെട്ട കുട്ടികള്ക്ക് 5 ലക്ഷം രൂപ വീതം നല്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മാതാപിതാക്കള് രണ്ടുപേരും നഷ്ടപ്പെട്ട ആറു കുട്ടികളുണ്ട്. മാതാപിതാക്കളില് ഒരാള് നഷ്ടപ്പെട്ട എട്ടു പേരുമുണ്ട്. വനിതാ ശിശു വികസന വകുപ്പാണ് സഹായം കുടുംബങ്ങള്ക്ക് നല്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങള് നടന്നു വരികയായിരുന്നു. അനുയോജ്യമെന്ന് കണ്ടെത്തിയ രണ്ടു സ്ഥലങ്ങളായ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്പ്പറ്റ മുനിസിപ്പാലിറ്റിയിലെ എല്സ്റ്റോണ് എസ്റ്റേറ്റ് എന്നിവിടങ്ങളില് മോഡല് ടൗണ്ഷിപ്പ് നിര്മ്മിക്കാനാണ് സര്ക്കാര് ഉദ്ദേശിക്കുന്നത്. ഈ സ്ഥലങ്ങള് ഏറ്റെടു്കുന്നതിമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളില് എജിയുടെ അടക്കം നിയമോപദേശം തേടിയിരുന്നു. ഈ സ്ഥലം ദുരന്ത നിവാരണ നിയമം 2005 പ്രകാരം പൊസഷന് ഏറ്റെടുക്കാന് മന്ത്രിസഭ അനുമതി നല്കി.
ഉരുള്പൊട്ടലില് മാതാപിതാക്കളും പിന്നീട് അപകടത്തില് പ്രതിശ്രുത വരനും നഷ്ടമായ ശ്രുതിക്ക് ജോലി നല്കാനും മന്ത്രിസഭ തീരുമാനിച്ചു. ഷിരൂരില് മണ്ണിടിച്ചിലില് മരിച്ച അര്ജുന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നല്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട് ഉരുള്പൊട്ടലില് കേന്ദ്രസഹായം നല്കിയിട്ടില്ല. സഹായം നല്കാമെന്ന വാഗ്ദാനം ഉണ്ടായിരുന്നു എങ്കിലും പ്രത്യേക സഹായമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യം മന്ത്രിസഭായോഗം ചര്ച്ച ചെയ്തു. എത്രയും വേഗം അര്ഹമായ സഹായം ലഭ്യമാക്കാന് കേന്ദ്രത്തോട് ആവശ്യപ്പെടാന് മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
Recent Comments