അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് തിരിച്ചടി

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: പി ജയരാജന് തിരിച്ചടി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജന് തിരിച്ചടി. സിപിഎം നേതാക്കളായ പി ജയരാജനും മുന്‍ എംഎല്‍എ ടി വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവും കോടതി തള്ളി.

ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരുന്നത്. ഷുക്കൂര്‍ കൊലപാതകത്തിലോ ഗൂഢാലോചനയിലേ നേരിട്ട് ബന്ധമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജയരാജനും രാജേഷും കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതിനെ എതിര്‍ത്ത് ഷുക്കൂറിന്റെ അമ്മ കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

മൂന്നുമണിയോടെയാണ് ഷുക്കൂറിന്റെ കൊലപാതകം നടന്നത്. എന്നാല്‍ 11 മണിയോടെ ഷുക്കൂറും സംഘവും പി ജയരാജനും സംഘത്തിനുമെതിരെ നടത്തിയ ആക്രമണത്തിന് പ്രതികാരമായിട്ടാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2012 ഫെബ്രുവരി 20 നാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഭാരവാഹിയായ അബ്ദുള്‍ ഷുക്കൂര്‍ (24) വെട്ടേറ്റ് കൊല്ലപ്പെടുന്നത്. കേസില്‍ ഓഗസ്റ്റ് 1 ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 27 ന് ഹൈക്കോടതി ജയരാജന് ജാമ്യം നല്‍കി. 2016 ഫെബ്രുവരി 8 നാണ് കേസ് ഹൈക്കോടതി സിബിഐക്ക് വിടുന്നത്. 2019 ഫെബ്രുവരി 11 ന് പി ജയരാജന്‍, ടിവി രാജേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ സിബിഐ തലശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 54,600 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവില വീണ്ടും 55,000 കടന്നിരുന്നു. തുടര്‍ന്നുള്ള മൂന്ന് ദിവസം വില കുറയുന്നതാണ് ദൃശ്യമായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരം രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം മുതല്‍ ഇടിയാന്‍ തുടങ്ങിയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിങ്ങി

യാത്രക്കാരിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിങ്ങി

സ്വകാര്യ ബസ് യാത്രക്കാരിയുടെ കാലിലൂടെ ബസ് കയറിയിങ്ങി. വർക്കല പുന്നമൂട് മേടയിൽ വീട്ടിൽ മേഴ്സി പെരേര മകൾ മറിയാമ്മ (70)നാണ് ഈ ദുരന്തം സംഭവിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ബസ്സിറങ്ങി ബസ്സിന് തൊട്ടു മുന്നിലൂടെ ക്രോസ് ചെയ്യുന്നതിനിടയിലാണ് അപകടം. ബസ് ഡ്രൈവർ, മറിയാമ്മ ക്രോസ് ചെയ്യുന്നത് കാണാതെ ബസ് മുന്നോട്ട് എടുക്കുന്നതിനിടയിൽ ബസ് തട്ടി തറയിൽ വീണ് മറിയാമ്മയുടെ ഇരുകാലികളിലൂടെയും ബസ് കയറിയിറങ്ങുകയായിരുന്നു. കാലിന് ഗുരുതര പരിക്കുകൾ പറ്റിയ മറിയാമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങൽ കിംസ് മെഡിക്കൽ സെന്ററും കേരളം വ്യാപാരി വ്യവസായി ഏകോപന സമിതിആറ്റിങ്ങൽ യൂണിറ്റും സംയുകതമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പുന്നത്. ഫാമിലി മെഡിസിൻ, ഇ എൻ ടി, റെസ്പിറേറ്ററി മെഡിസിൻ, ഫിസിയോ തെറാപ്പി എന്നീ ഡിപ്പാർറ്റുമെന്റുകളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ബ്ലെഡ് പ്രഷർ, ബ്ലെഡ് ഷുഗർ, അലർജി ടെസ്റ്റ് (PFT) എന്നീ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.

ചൊവ്വാഴ്ച‌ (24. 09. 24) രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് ക്യാമ്പ്. കേൾവികുറവ്, ചെവിവേദന, തലകറക്കം. ടോൺസിലിറ്റിസ്, മറ്റ് ഇ.എൻ.റ്റി. ബുദ്ധിമുട്ടുള്ളവർക്കും പരിഹാരം.

ക്യാമ്പിൽ പങ്കെടുക്കുന്നവർക് അന്നേദിവസം 15 ദിവസത്തേക്ക് കൺസൾട്ടേഷൻ സൗജന്യം. കൂടാതെ 6 മാസ കാലയളവുവരെ ലാബ് ടെസ്റ്റുകൾക്ക് 15% ഡിസ്‌കൗണ്ട് ലഭ്യമാണ്.
സ്ഥാപന ഉടമകൾക്കും, ജീവനക്കാർക്കും, ആറ്റിങ്ങൽ നിവാസികൾക്കും ഈ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.

ലെബനന്‍ വാക്കിടോക്കി പൊട്ടിത്തെറിയില്‍ 20 മരണം

ലെബനന്‍ വാക്കിടോക്കി പൊട്ടിത്തെറിയില്‍ 20 മരണം

ബെയ്‌റൂട്ട്: പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ മരണം 20 ആയി. 450 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയി. 3250 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനങ്ങളില്‍ നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. തീവ്രവാദ സംഘടനയായ ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് വാക്കിടോക്കി സ്‌ഫോടനങ്ങളുമുണ്ടാകുന്നത്.

ആക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുല്ലയും ലെബനന്‍ സര്‍ക്കാരും ആരോപിച്ചു. ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഗാസ യുദ്ധത്തെത്തുടര്‍ന്ന് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുകയായിരുന്നു. ഇതിനിടെയാണ് പേജര്‍- വാക്കിടോക്കി സ്‌ഫോടനങ്ങള്‍ സ്ഥിതിഗതികള്‍ വഷളാക്കിയത്.

യുഎൻ അടിയന്തര യോ​ഗം വിളിച്ചു

ഹിസ്ബുല്ല മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലെബനനിലെ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിട്ടുള്ളത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.

മുപ്ലിയില്‍ വീണ്ടും പുലിയിറങ്ങി, ഭീതിയില്‍ നാട്ടുകാര്‍

മുപ്ലിയില്‍ വീണ്ടും പുലിയിറങ്ങി, ഭീതിയില്‍ നാട്ടുകാര്‍

തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ കണ്ടത്.

നായയുടെ നിര്‍ത്താതെയുള്ള കുര കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയ വീട്ടുകാര്‍ പുലിയെ നേരില്‍ കണ്ടു. വീട്ടിലെ നിരീക്ഷണ ക്യാമറയിലും പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള മുപ്ലി ഗ്രാമത്തില്‍ പുലിയുടേയും കാട്ടാനകളുടേയും ശല്യം വര്‍ധിച്ചു വരികയാണ്. പതിനഞ്ചോളം കാട്ടാനകള്‍ കഴിഞ്ഞ രാത്രി ഈ പ്രദേശത്തിറങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.