by Midhun HP News | Aug 30, 2024 | Latest News, കേരളം
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്.എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.
ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്ന്നത്. 62 കുടുംബങ്ങൾ ഒരാള് പോലുമില്ലാതെ പൂർണമായും ഇല്ലാതായി. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്റെ താഴ്വരയായി മാറുന്നതാണ് കേരളം കഴിഞ്ഞ മാസം ഇതേ ദിവസം കണ്ടത്. പ്രാണൻ കയ്യിലെടുത്ത് ഓടിപോയ പലരും ഒറ്റപ്പെട്ടു. ചെളിയിൽ കുതിർന്ന് ജീവനുവേണ്ടി കരയുന്ന മനുഷ്യരുടെ ഉള്ളുലയക്കുന്ന കാഴ്ചയായിരുന്നു പുലർന്നപ്പോള് ഈ നാട് സാക്ഷ്യം വഹിച്ചത്.
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനമോടിക്കുമ്പോള് അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം. ഇരുചക്ര വാഹനങ്ങളില് ഹാന്ഡിലില് നിന്നും കൈകള് വിടുവിക്കുന്നത്, സ്റ്റിയറിംഗ് വീലില് നിന്നും കൈകള് എടുക്കേണ്ടി വരുന്നത്, വാഹനമോടിക്കുമ്പോള് ഭക്ഷണം കഴിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് ഉള്പ്പെടെയുള്ള കാര്യങ്ങള് അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര് വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി.
കുറിപ്പ്:
വാഹനമോടിക്കുമ്പോള് അറിഞ്ഞോ അറിയാതെയോ നമ്മള് ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം..
1.ഇരുചക്ര വാഹനങ്ങളില് ഹാന്ഡിലില് നിന്നും കൈകള് വിടുവിക്കുന്നത്.
2. സ്റ്റിയറിംഗ് വീലില് നിന്നും കൈകള് എടുക്കേണ്ടി വരുന്നത്.
3. മൊബൈല് ഫോണ് ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാല് പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.
4. നോട്ടം റോഡില് നിന്നും മാറുന്നത്.
5. ഡ്രൈവ് ചെയ്യുമ്പോള് മറ്റു കാര്യങ്ങള് ചിന്തിക്കുന്നത്.
6.വാഹനമോടിക്കുമ്പോള് ദീര്ഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈല് ഫോണ് റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.
7.വാഹനമോടിക്കുമ്പോള് ഭക്ഷണം കഴിക്കുന്നത്.
8. മേക്ക് അപ്പ് ചെയ്യുന്നത് .
9. വാഹനത്തില് നിലത്തു വീഴുന്ന സാധനങ്ങള് എടുക്കുന്നത്.
10. റേഡിയോ / നാവിഗേഷന് സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില് രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്എയ്ക്ക് ഇന്ന് നിര്ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില് രാജിക്കാര്യത്തില് തീരുമാനമുണ്ടാകും. രാജി സമ്മര്ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന് ജിയോ പോള് പ്രതികരിച്ചു.
അന്വേഷണത്തോട് പൂര്ണമായും സഹകരിക്കും. മുകേഷുമായി കൂടിക്കാഴ്ച്ച നടത്തണം. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട് എപ്പോള്, എവിടെ വരുമെന്നതിനെ കുറിച്ച് അറിയില്ല – ജിയോ പോള് പറഞ്ഞു. ചോദ്യം ചെയ്യലിന് ഏത് സമയത്തും തയാറാണെന്നും എന്നാല് ചോദ്യം ചെയ്യലിന് ഹാജരാകാന് ഇതുവരെ മുകേഷിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷിന്റെ ജാമ്യഹര്ജി പ്രോസിക്യൂഷന് എതിര്ത്തില്ല എന്നുള്ള വാര്ത്ത പൂര്ണമായും അഭിഭാഷകന് തള്ളി. ജാമ്യം നല്കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടെങ്കിലും പോലീസ് റിപ്പോര്ട്ട് ഉള്പ്പടെ സമര്പ്പിക്കാനുള്ള സമയം പ്രോസിക്യൂഷന് ലഭിച്ചില്ല. അതുകൊണ്ടു തന്നെയാണ് ജാമ്യം കിട്ടിയതെന്നും ഒപ്പം മറ്റു സാങ്കേതിക കാരണങ്ങളും തുണയായെന്നും അഭിഭാഷകന് പറയുന്നു.
മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് അദ്ദേഹത്തിന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് ഇന്ന് കൊച്ചിയിലേക്കെത്തുമെന്ന് അറിയിച്ചിട്ടുള്ളത്. ഇത് അഭിഭാഷകനും സ്ഥിരീകരിക്കുന്നു.
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
വിഴിഞ്ഞം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ കൂറ്റൻ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും. എം എസ് സി ഡെയ്ല എന്ന കണ്ടെയ്നർ ഷിപ്പ് ആണ് തുറമുഖത്ത് അടുക്കുന്നത്. വൈകിട്ട് അഞ്ചോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളിൽ ഏറ്റവും വലുതാണ് എം എസ് സി ഡെയ്ല. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയും ഉണ്ട്. കപ്പലിൽ നിന്ന് 1500 ഓളം കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കും. ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. എം എസ് സിയുടെ ഫീഡർ കപ്പലായ അഡു വി ചരക്കിറക്കാൻ മറ്റന്നാൾ വിഴിഞ്ഞത്ത് എത്തും.
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: മുന്കൂര് ജാമ്യം തേടി നടനും എംഎല്എയുമായ മുകേഷ് കോടതിയില് സമര്പ്പിച്ചെന്ന് പറയുന്ന തെളിവുകള് അടിസ്ഥാനമില്ലാത്തതെന്ന് പരാതിക്കാരി. താന് മുകേഷിന് അങ്ങനെ ഒരു ഇമെയില് അയച്ചിട്ടില്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന് ഇടപെടാം എന്ന് താന് പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില് വച്ച് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.
2009ല് പരിചയപ്പെട്ട സമയത്ത് കലണ്ടര് സിനിമയുടെ സെറ്റില് വച്ച് കണ്ടപ്പോള് തന്റെ കൈയില് ലാപ് ടോപ്പ് ഉണ്ടായിരുന്നു. ഇത് തന്നെയൊന്ന് വീട്ടില് വന്ന് പഠിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നു. ലാപ്ടോപ്പ് ഉപയോഗിക്കാന് അറിയാത്ത ആള്ക്ക് എങ്ങനെ ഇമെയില് അയയ്ക്കുമെന്നും നടി ചോദിച്ചു. താന് ഇമെയില് അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഇമെയില് മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറിയാണ്. മുകേഷും ആദ്യ ഭാര്യയും തമ്മില് ഉള്ള പ്രശ്നം പരിഹരിക്കാന് ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതില് സത്യമുള്ളത്.
ഒരു ഘട്ടത്തിലും താന് അക്കൗണ്ട് നമ്പര് അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിന്റെ കൊല്ലത്തെ വീട്ടില് പോയിട്ടില്ല. മുകേഷിന്റെ വീട് ഫോട്ടോയില് പോലും കണ്ടിട്ടില്ല. മുകേഷിന്റെ മരടിലെ വില്ലയില് വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താന് ഇടയായ സാഹചര്യത്തെക്കുറിച്ച് ഉള്ള തെളിവുകള് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
by Midhun HP News | Aug 30, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. തീവ്ര മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ഏഴ് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 115.6 mm മുതല് 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലും ചൊവ്വാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്, കാസര്കോട് ജില്ലകളിലുമാണ് യെല്ലോ അലര്ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്ററില് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഉരുള്പൊട്ടല്, മണ്ണിടിച്ചില്, മലവെള്ളപ്പാച്ചില് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവര് അധികൃതരുടെ നിര്ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പില് പറയുന്നു. നദിക്കരകള്, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള് എന്നിവിടങ്ങളില് താമസിക്കുന്നവരും അപകടസാധ്യത മുന്കൂട്ടി കണ്ട് അധികൃതരുടെ നിര്ദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളില് താമസിക്കുന്നവര് നിര്ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള് തുറന്നു എന്നുറപ്പാക്കേണ്ടതും പകല് സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല് അടച്ചുറപ്പില്ലാത്ത വീടുകളില് താമസിക്കുന്നവരും മേല്ക്കൂര ശക്തമല്ലാത്ത വീടുകളില് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില് കാണുന്നവര് അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി മാറി താമസിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.
Recent Comments