ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.

ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടന് സമൻസ് ലഭിച്ചത്. അടുത്ത ആഴ്ചയായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. സ്വർണക്കൊള്ളയിൽ പ്രതികൾക്കപ്പുറത്തേക്ക് 12 പേർക്കാണ് ഇഡി തുടക്കത്തിൽ സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ 3 പേർ മാത്രമാണ് എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ളത്.

നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ പണം വാങ്ങിയിട്ടുണ്ട്. ശബരിമലയിലെ ഇത്തരം വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകും എന്നതടക്കം ധരിപ്പിച്ചുകൊണ്ടാണ് പലയിടത്തും പൂജ ചെയ്തത്. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയത്തിന്റെ പേരിലാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽവെച്ച് പൂജ നടത്തിയതെന്ന് ജയറാം നേരത്തെ അറിയിച്ചിരുന്നു.

‘ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ’; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

‘ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ’; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

ഒരുകാലത്ത് ക്രൂരനായ വില്ലൻ ഇമേജിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് ടി ജി രവി. ബാലൻ കെ നായരോടൊപ്പം ടി ജി രവി ചെയ്ത വില്ലൻ വേഷങ്ങൾ ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്. അവതാരക മീര ടി ജി രവിയോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

“സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റ​ഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?” എന്നായിരുന്നു മീരയുടെ ചോദ്യം. ഇതിന് ടി ജി രവി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. “എനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടായേനെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ മീരയുടെ ഈ ചോദ്യത്തിനെതിരെ ഒരു വിഭാ​ഗം പ്രേക്ഷകർ വിമർശനവുമായെത്തിയിരിക്കുകയാണ്. ക്രൂരമായ ഒരു കുറ്റകൃത്യത്തെ, ഗൗരവകരമായ ഒരു വിഷയത്തെ ഇത്ര ലാഘവത്തോടെയും നിലവാരമില്ലാതെയും എങ്ങനെയാണ് ഒരാൾക്ക് ചോദിക്കാൻ കഴിയുന്നത് എന്നാണ് പലരും കുറിക്കുന്നത്.

അഭിനയത്തെയും സിനിമയിലെ കഥാപാത്രങ്ങളെയും വിലയിരുത്തുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗം പോലുള്ള ഒരു ക്രൂരതയെ സ്‌ക്രീനിൽ കാണിക്കുന്നത് കലയുടെ ഭാഗമായിരിക്കാം, എന്നാൽ അതിനെ മനോഹരമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർ സ്വയം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.- എന്നാണ് ചിലർ കുറിക്കുന്നത്. ആസാദിയാണ് ടി ജി രവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കൊച്ചി: നടി ശേഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവര്‍ണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ സര്‍വകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

ചടങ്ങ് നടത്താന്‍ 15 ലക്ഷം രൂപ വേണമെന്ന് സര്‍വകലാശാല വിസി ഡോ. കെ കെ ഗീതാകുമാരി പറഞ്ഞു. സര്‍വകലാശാല സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരുയോഗവും ചേര്‍ന്നിട്ടില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഡി ലിറ്റ് നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും വിസി വ്യക്തമാക്കി.

2021 ഒക്ടോബര്‍ 8 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ശോഭന, സംസ്‌കൃത പണ്ഡിതനും സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ഡോ. ടി എം കൃഷ്ണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ അതിന് അനുമതിയും നല്‍കി. കഴിഞ്ഞദിവസം ഒരു ചടങ്ങിനെത്തിയ ശോഭന സൗഹൃദ സംഭാഷണത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ്​ ശോഭനയ്ക്ക് ഡി ലിറ്റ് നല്‍കുന്നതെന്നാണ് സർവകലാശാല പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ശോഭന നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. എന്‍ പി ഉണ്ണിക്കും, ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു.

‘തമാശയൊന്നും പ്രതീക്ഷിക്കരുത്, അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ’; അച്ഛന്റെ ഓർമയിൽ ധ്യാൻ ശ്രീനിവാസൻ

‘തമാശയൊന്നും പ്രതീക്ഷിക്കരുത്, അതിന് പറ്റിയ മാനസികാവസ്ഥയിൽ അല്ല ഞാൻ’; അച്ഛന്റെ ഓർമയിൽ ധ്യാൻ ശ്രീനിവാസൻ

നടൻ‌ ശ്രീനിവാസന്റെ വിയോ​ഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ വിടവാങ്ങിയിട്ട് ഒന്നരമാസം മാത്രമേ ആയിട്ടുള്ളൂവെന്നും എല്ലാവരെയും ചിരിപ്പിക്കേണ്ട ഉത്തരവാദിത്വം ഇപ്പോൾ വലിയ ഭാരമായി തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു. വർ​ഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാണ് ധ്യാൻ‌ എത്തിയത്.

“ഇവിടെ വന്നാൽ ഉടനേ തമാശ പറയും, എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ ഇപ്പോൾ അങ്ങനെയൊരു അവസ്ഥയിലല്ല ഞാൻ. അച്ഛൻ പോയിട്ട് ഒന്നര മാസം മാത്രമേ ആയിട്ടുള്ളൂ. അച്ഛൻ പോയതിന് ശേഷം ഞാൻ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയാണിത്. അതുകൊണ്ട് തന്നെ തമാശകളൊന്നും പ്രതീക്ഷിക്കണ്ട.

കോളജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കൾ വീട്ടിൽ വന്നാൽ കൂട്ടുകാരുടെ മുന്നിൽ വച്ച് അപമാനിക്കുന്നത് അച്ഛന്റെ സ്ഥിരം ഹോബിയായിരുന്നു. അതിന് ഞാൻ അർഹനാണെന്ന് കരുതി ഒന്നും മറുപടി പറയാതെ കേട്ടിരിക്കും”.- ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. അക്കാലത്ത് അച്ഛന്റെ സുഹൃത്ത് നൽകിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ സംസാരിച്ചു.

“ഭാവിയിൽ പണം സമ്പാദിക്കാൻ തുടങ്ങിയാൽ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ആദ്യത്തെ അക്കൗണ്ട് ജീവിതചെലവുകൾക്കായി. രണ്ടാമത്തേത് നികുതി അടയ്ക്കാൻ, മൂന്നാമത്തേത് ചാരിറ്റിക്കായി മാറ്റി വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നീ എത്ര വലിയ വീടും ആഢംബര ജീവിതവും നയിച്ചാലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം നിനക്ക് കിട്ടുന്നത് ചാരിറ്റി ചെയ്യുമ്പോഴായിരിക്കും എന്ന വാക്കുകൾ ഇന്ന് അച്ഛന്റെ പേരിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൂർണത നേടുന്നുവെന്നും” ധ്യാൻ പറഞ്ഞു.

അച്ഛന്റെ പേരിൽ നടത്തുന്ന സഹായ പ്രവർത്തനങ്ങൾ കൊണ്ട് സന്തോഷിക്കുന്നവരേക്കാൾ കൂടുതൽ സന്തോഷം അച്ഛനുണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തിലെ ആറ്-ഏഴ് വളവുകള്‍ക്കിടയില്‍ കെ.എസ്.ആര്‍.ടി.സി. ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായി. രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചുരം ഇറങ്ങിവന്ന കെ.എസ്.ആര്‍.ടി.സി. ബസും എതിര്‍ദിശയില്‍ സഞ്ചരിച്ചിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസ് യാത്രക്കാരായ ഏതാനും പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ 33 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, രണ്ട് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, രണ്ടുപേരെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നിലവില്‍ വാഹനങ്ങള്‍ വണ്‍വേ രീതിയിലാണ് കടന്നുപോകുന്നത്. സ്ഥലത്ത് പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ദിവസ വേതനക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

ദിവസ വേതനക്കാര്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ഭക്തരെ കബളിപ്പിച്ച് അരക്കോടിയോളം രൂപ ദേവസ്വം ദിവസവേതനക്കാര്‍ തട്ടിയെടുത്തതായി സൂചന. താല്‍ക്കാലിക ജീവനക്കാരെന്ന നിലയില്‍ ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് മുതലാക്കിയായിരുന്നു തട്ടിപ്പ്. സംഘമായി എത്തുന്ന ഭക്തരെയാണ് ഇവര്‍ പ്രധാനമായും ചൂഷണം ചെയ്തത്. നെയ്യഭിഷേകത്തിന് ക്യൂ നില്‍ക്കാതെ എത്തിക്കാന്‍ ഒരാളില്‍ നിന്നും 500 രൂപ വരെ ഈടാക്കിയിരുന്നു.

പണം വാങ്ങി ദര്‍ശനം തരപ്പെടുത്തിക്കൊടുത്തു. ഇരുമുടിക്കെട്ടിലെ അരി നിക്ഷേപിക്കുന്ന വഞ്ചിയില്‍ നിര്‍ബന്ധിച്ച് പണം ഇടുവിച്ചു. ചരട് പൂജയുടെ പേരിലും പണം പിരിച്ചതായിട്ടാണ് സംശയിക്കുന്നത്. കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്തു വന്നത്. 50 ഓളം പേര്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപ വീതം തട്ടിയിട്ടുണ്ടെന്നാണ് വിവരം.

മഞ്ഞളും ഭസ്മവും കുങ്കുമവും കലര്‍ന്ന നോട്ടുകള്‍ ചിലര്‍ അയക്കുന്നതായി സന്നിധാനത്തെ പോസ്റ്റ് ഓഫീസ് ജീവനക്കാരാണ് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ വിവരം അറിയിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി.

2025 നവംബര്‍ 17 നും ഡിസംബര്‍ 31 നും ഇടയില്‍ 6000 രൂപ വരെയുള്ള തുകകളായി പല ദിവസങ്ങളില്‍ അയച്ചതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അഞ്ചുപേര്‍ മാത്രം തട്ടിയത് 3.73 ലക്ഷം രൂപയോളം വരും. സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വഴി മണി ഓര്‍ഡറായി 14.08 ലക്ഷം രൂപയാണ് പോയിട്ടുള്ളത്. ബാങ്കുകള്‍ വഴി അയച്ചവരുടെ കണക്കുകള്‍ കൂടി പുരത്തു വന്നാല്‍ തുക വളരെ ഉയര്‍ന്നേക്കും. 25,000 രൂപയ്ക്കു മേല്‍ അയച്ചവരുടെ വിവരങ്ങളാണ് ഹൈക്കോടതിക്ക് നല്‍കിയിട്ടുള്ളത്.