വീണ്ടും വിവാഹവേദിയായി ലേക് ഷോര്‍ ആശുപത്രി; ചികിത്സയിലുള്ള യുവതിയെ താലി ചാര്‍ത്തി വരൻ

വീണ്ടും വിവാഹവേദിയായി ലേക് ഷോര്‍ ആശുപത്രി; ചികിത്സയിലുള്ള യുവതിയെ താലി ചാര്‍ത്തി വരൻ

കൊച്ചി: നാല് മാസങ്ങള്‍ക്ക് ശേഷം വിപിഎസ് ലേക്ഷോറിന്റെ സ്‌നേഹത്തണലില്‍ വീണ്ടുമൊരു കല്യാണമണ്ഡപമൊരുങ്ങി, മുന്‍നിശ്ചയിച്ച തീരുമാനങ്ങള്‍ക്ക് മേല്‍ ആരോഗ്യാവസ്ഥ പ്രതിസന്ധി തീര്‍ത്തപ്പോള്‍ ചികിത്സയിലിരുന്ന വധുവിന് മുന്നില്‍ ആശുപത്രിയുടെ കരുതലിന്റെ വാതിലുകള്‍ തുറന്നു. ഗാസ്‌ട്രോ സംബന്ധമായ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന ഓച്ചിറ സൗത്ത് കൊച്ചുമുറി എടയത്ത് വീട്ടില്‍ പ്രഹ്ലാദന്റെയും രമാദേവിയുടെയും മകള്‍ ദിയ ജി പ്രഹ്ലാദിന്(26) കായംകുളം ഗോവിന്ദമുട്ടം പുത്തന്‍കണ്ടത്തില്‍ പരേതനായ ഡി. ജയന്‍, അനിത ദമ്പതികളുടെ മകന്‍ ജിതിന്‍ ജയന്‍ താലിചാര്‍ത്തി.

ആശുപത്രിക്കുള്ളിലെ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ 10.30നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹം മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതാണ്. ഇതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വയറുവേദന അനുഭവപ്പെട്ട് ദിയ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ ആവശ്യമായി വന്നു. ഇതിനോടകം വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ബന്ധുക്കള്‍ പൂര്‍ത്തീകരിച്ചിരുന്നു. അതിനാല്‍ നിശ്ചയിച്ച ദിവസം തന്നെ വിവാഹം നടത്താന്‍ കുടുംബം തീരുമാനിച്ചു. യാത്ര ചെയ്യാന്‍ ദിയയുടെ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കാത്ത സാഹചര്യത്തില്‍ ആശുപത്രിയില്‍ തന്നെ വിവാഹം നടത്തുകയായിരുന്നു. ഇതേ സമയം കായംകുളം ദേവികുളങ്ങര ഓഡിറ്റോറിയത്തില്‍ മറ്റ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വിവാഹ സല്‍ക്കാര പരിപാടികളും നടത്തി. വിവാഹ ദിനത്തില്‍ അപകടത്തില്‍പെട്ട ആലപ്പുഴ സ്വദേശി ആവണിയെ വരന്‍ ഷാരോണ്‍ വിപിഎസ് ലേക്ഷോറിലെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലിചാര്‍ത്തിയത് കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു.

അടുത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രി ജീവനക്കാരും ദിയക്കും ജിതിനുമൊപ്പം ബന്ധുക്കളായി ചേര്‍ന്നുനിന്നു. വി.പി.എസ് ലേക്ഷോര്‍ എംഡി എസ്‌കെ. അബ്ദുള്ള, സിഇഓ ജയേഷ് വി നായര്‍, ഗ്രൂപ്പ് സിഒഒ ലക്ഷ്മണ്‍ സേതുരാമന്‍, ചികിത്സക്ക് നേതൃത്വം വഹിക്കുന്ന സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്ററോളജി ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. എച്ച് രമേഷ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മായ പീതാംബരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡോ. എച്ച്. രമേഷും ഡോ. പി. മായയും ചേര്‍ന്ന് താലി മാലയും ജയേഷ് വി. നായര്‍ പൂമാലകളും എടുത്ത് നല്‍കി.

സൗദി അറേബ്യയില്‍ െഹല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫിസറാണ് ജിതിന്‍. എം.എ ഇംഗ്ലീഷ് പൂര്‍ത്തീകരിച്ച് തുടര്‍പഠനത്തിനായി തയാറെടുക്കുകയാണ് ദിയ. വിവാഹ ദിനത്തില്‍ യാത്ര ചെയ്യാനാകുംവിധം ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായാല്‍ നേരിട്ട് കായംകുളത്ത് എത്താമെന്നായിരുന്നു ആലോചന. എന്നാല്‍, വ്യാഴാഴ്ച ആകുമ്പോഴേക്കും യാത്ര ചെയ്യാനാകുന്ന ഘട്ടത്തിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലെ അമ്പലത്തില്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചത്. മാനേജ്‌മെന്റും ഡോക്ടര്‍മാരും സന്തോഷത്തോടെ സ്വാഗതം ചെയ്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് നല്‍കി. ദിയ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

വിവാഹത്തിനായി എല്ലാ സൗകര്യങ്ങളുമൊരുക്കി ഒപ്പം നിന്ന വിപിഎസ് ലേക്ഷോര്‍ ആശുപത്രി അധികൃതരോട് നന്ദിയുണ്ടെന്ന് വരന്‍ ജിതിന്‍ പറഞ്ഞു. ഇങ്ങനെയൊരു സാഹചര്യത്തിലും കാര്യങ്ങള്‍ ഭംഗിയായി നടന്നു. എല്ലാവരുടെയും സ്‌നേഹവും പരിഗണനയും പ്രാര്‍ഥനകളും തങ്ങള്‍ക്ക് ഇവിടെ ലഭിച്ചുവെന്നും ജിതിന്‍ കൂട്ടിച്ചേര്‍ത്തു.

എ ആർ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് പഠിക്കാം; കെൽട്രോണിന്റെ സൗജന്യ വർക്ക്ഷോപ്പ് ഏപ്രിൽ 4ന്

എ ആർ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് പഠിക്കാം; കെൽട്രോണിന്റെ സൗജന്യ വർക്ക്ഷോപ്പ് ഏപ്രിൽ 4ന്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളേഡ്ജ് സെന്ററിൽ സൗജന്യ എ ആർ അപ്ലിക്കേഷൻ ഡെവലപ്പ്മെന്റ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 4ന് രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ്. ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ പ്രോമ്റ്റ് എഞ്ചിനീയറിങ് വർക്ക്ഷോപ്പും ഉണ്ടായിരിക്കും.

സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾ, രജിസ്ട്രേഷൻ എന്നിവയ്ക്കായി 6282841772, 0481 2304031 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനായി താഴെ ക്ലിക്ക് ചെയ്യുക.
https://forms.gle/YH8ictceHsTNYwwz5

പത്താം ക്ലാസ് യോഗ്യത, 827 ഒഴിവുകൾ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കോൺസ്റ്റബിൾ ആകാം

പത്താം ക്ലാസ് യോഗ്യത, 827 ഒഴിവുകൾ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ കോൺസ്റ്റബിൾ ആകാം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി (SSB) ട്രേഡ്സ്മാൻ & ഡ്രൈവർ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 827 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700–69,100 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20.

തസ്തിക – ഒഴിവുകൾ

കോൺസ്റ്റബിൾ (വെറ്ററിനറി) – 34

കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം) – 553

കോൺസ്റ്റബിൾ (ഗാർഡണർ) – 41

കോൺസ്റ്റബിൾ (വാട്ടർ കാരിയർ) – 5

കോൺസ്റ്റബിൾ (കോബ്ലർ) – 25

കോൺസ്റ്റബിൾ (ടെയ്ലർ) – 41

കോൺസ്റ്റബിൾ (വാഷർമാൻ) – 74

കോൺസ്റ്റബിൾ (ബാർബർ) – 43

കോൺസ്റ്റബിൾ (വെയിറ്റർ) – 3

കോൺസ്റ്റബിൾ (കാർപെന്റർ) – 7

കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി) – 1

ആകെ ഒഴിവുകൾ: 827

വിദ്യാഭ്യാസ യോഗ്യത
കോൺസ്റ്റബിൾ (വെറ്ററിനറി):
10ാം ക്ലാസ് സയൻസ് വിഷയത്തോടെ പാസ് ആയിരിക്കണം. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ വിവിധ മൃഗങ്ങളുടെ ചികിത്സയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.

കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം):
10ാം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ ഹെവി വാഹന ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.

കോൺസ്റ്റബിൾ (കാർപെന്റർ):
10ാം ക്ലാസ് പാസ്. കൂടാതെ:

2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ

1 വർഷം ITI സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം, അല്ലെങ്കിൽ

2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് യോഗ്യത നിർബന്ധമാണ്.

കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി):

10ാം ക്ലാസ് പാസ് ആയിരിക്കണം. സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷൻ അല്ലെങ്കിൽ റെഡ് കുരിശ് സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

കൂടാതെ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച കുറഞ്ഞത് 50 ബെഡ് ആശുപത്രിയിൽ നഴ്സിങ് ഓർഡർലി ആയി 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

കോൺസ്റ്റബിൾ (ഗാർഡണർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്ലർ, വാഷർമാൻ, ബാർബർ, വെയിറ്റർ):

മെട്രിക്കുലേഷൻ (10ാം ക്ലാസ്) അല്ലെങ്കിൽ തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:

ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പ്രവൃത്തി പരിചയം

1 വർഷം ITI/വൊക്കേഷണൽ സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം

2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് വിജയിക്കണം. മൾട്ടി-സ്കിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

https://ssb.gov.in/

‘ആദ്യ പന്ത് നേരിടുന്നത് ഇപ്പോഴും ഹൃദയമിടിപ്പ് കൂട്ടും’; ഇന്ത്യൻ ജേഴ്‌സി വീണ്ടുമണിഞ്ഞ് സച്ചിൻ

‘ആദ്യ പന്ത് നേരിടുന്നത് ഇപ്പോഴും ഹൃദയമിടിപ്പ് കൂട്ടും’; ഇന്ത്യൻ ജേഴ്‌സി വീണ്ടുമണിഞ്ഞ് സച്ചിൻ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്‌സി വീണ്ടുമണിഞ്ഞ് ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സച്ചിൻ വീണ്ടും നീല കുപ്പായം അണിഞ്ഞത്. ഏറെ വർഷങ്ങളായി ലോകകപ്പ് വിജയത്തിനായി കാത്തിരുന്ന ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനായത് ആരാധകർ ഇപ്പോഴും മറന്നിട്ടില്ല.

ഇന്ത്യൻ ജേഴ്സിയണിഞ്ഞു സച്ചിൻ ഗ്രൗണ്ടിലേക്ക് നടന്ന വന്ന് പിച്ചിൽ തൊട്ട് വണങ്ങുകയും അതിന് ശേഷം ക്രീസിൽ ബാറ്റ് ചെയ്യാൻ തുടങ്ങുന്നതാണ് വിഡിയോയിൽ ഉള്ളത്.

”ആദ്യ പന്ത് എപ്പോഴും എന്റെ ഹൃദയമിടിപ്പ് കൂട്ടും. അന്നത്തെ രാത്രിയിൽ ആ ഫീലിങ് അവസാനിച്ചതേയില്ല. ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ അന്ന് ഒരുമിച്ചു. ഒരൊറ്റ ലക്ഷ്യത്തിനായി. ഇന്ത്യയ്ക്കായി ലോകകപ്പ് വിജയിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് ആരാധകർക്കും നന്ദി. ജയ്ഹിന്ദ് ” എന്നാണ് സച്ചിൻ വിഡിയോ പങ്ക് വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വന്തം കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ഈ ലോകകപ്പ് വിജയത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. നിരവധി ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി താരം കളത്തിലിറങ്ങി എങ്കിലും ട്രോഫി നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2011ലെ ഇന്ത്യൻ ലോകകകപ്പ് ടീമിന്റെ ഭാഗമാകാനും മികച്ച പ്രകടനം നടത്തി തന്റെ സ്വപ്നം സഫലമാക്കാനും സച്ചിൻ കഴിഞ്ഞിരുന്നു.

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

കിളിമാനൂർ: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) രണ്ട് യുവാക്കളെ കിളിമാനൂർപോലീസ്ടൗണിൽ വെച്ച് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം ഇർഫാൻ മൻസിലിൽ എൻ. ഇർഫാൻ (26), പറണ്ടോട് തെക്കുംകര ശരത് വിലാസത്തിൽ എസ്. ശ്യാം (24) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.

പ്രതികളിൽ നിന്ന് 2.5 ഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തു. എറണാകുളത്ത് നിന്ന് ലഹരിവസ്തു വാങ്ങി കാറിൽ നെടുമങ്ങാടേക്ക് വരുന്ന വഴിയാണ് ഇവർ പോലീസ് വലയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റൂറൽ ഡാൻസാഫ് (DANSAF) സംഘവും കിളിമാനൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കിളിമാനൂർ സി.എച്ച്.ഒ എ. നിസാർ, എസ്.ഐ വി.എസ്. ജോയി, ഡാൻസാഫ് സംഘം എസ്.ഐമാരായ എഫ്. ഫയാസ്, ബി.പി. രാജീവൻ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സഭയില്‍ വല്ലാത്ത ‘സൊറ പറച്ചില്‍’ വേണ്ട; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍

സഭയില്‍ വല്ലാത്ത ‘സൊറ പറച്ചില്‍’ വേണ്ട; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി സ്പീക്കര്‍

ഡല്‍ഹി: സഭാ നടപടികള്‍ക്കിടെ ലോക്‌സഭയ്ക്കുള്ളില്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ ദീര്‍ഘനേരം സംസാരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സ്പീക്കര്‍ ഓം ബിര്‍ല. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഭാവിയില്‍ അത്തരക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തുമെന്നും ഓം ബിര്‍ല പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിക്ക് ‘സീറോ അവര്‍’ ആരംഭിച്ച ഉടനെയാണ് സ്പീക്കര്‍ തന്റെ അതൃപ്തി അറിയിച്ചത്. സഭ നടപടികള്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിമാരും അംഗങ്ങളും തമ്മില്‍ അരമണിക്കൂറോളം നേരം പരസ്പരം സംസാരിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി സ്പീക്കര്‍ പറഞ്ഞു. ഹ്രസ്വവും പ്രധാനപ്പെട്ടതുമായ സംഭാഷണങ്ങള്‍ സഭയ്ക്കുള്ളില്‍ അനുവദനീയമാണെന്നും എന്നാല്‍ ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കരുതെന്നു അദ്ദേഹം പറഞ്ഞു.

ദീര്‍ഘനേരം സഭയ്ക്കുള്ളില്‍ സംസാരിക്കുന്നവരടെ പേര് ഇനി മുതല്‍ പരസ്യമായി പറയേണ്ടി വരുമെന്നും സഭയുടെ അന്തസ്സ് കാത്ത്‌സൂക്ഷിക്കേണ്ടത് പ്രധാനമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ ഒരു അംഗത്തിന്റെ പേര് സഭയില്‍ വിളിച്ചു പറയുന്നത് ആ അംഗത്തിനുള്ള താക്കീതായാണ് കണക്കാക്കുന്നത്. നേരത്തെ ചോദ്യോത്തരവേളയില്‍ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞുനിന്ന് സഹപ്രവര്‍ത്തകനോട് സംസാരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനെയും സ്പീക്കര്‍ ശാസിച്ചു. അദ്ദേഹത്തെപ്പോലെയുള്ള മുതിര്‍ന്ന അംഗങ്ങളില്‍ നിന്ന് ഇത്തരം പെരുമാറ്റം ഉണ്ടാകരുതെന്ന് ഓം ബിര്‍ള ഓര്‍മ്മിപ്പിച്ചു.