സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; ഹരിപ്പാട് ക്ഷേത്രക്കുളത്തില്‍ 12കാരന്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ഹരിപ്പാട് പനച്ചമൂട് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. നങ്ങ്യാര്‍കുളങ്ങര യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ചേലത്ത് തറയില്‍ അക്ഷയ് ആണ് മുങ്ങി മരിച്ചത്. 12 വയസ്സായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴയിൽ അര്‍ജന്റീനന്‍ വനിതയുടെ ബാഗില്‍ നിന്നും 1600 ഡോളര്‍ മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. തകഴി ചെറയകം മുട്ടുങ്കല്‍ വീട്ടില്‍ അഭിലാഷിനെ(40)യാണ് നെടുമുടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21നായിരുന്നു സംഭവം. അര്‍ജന്റീനയില്‍ നിന്നുള്ള 15 അംഗ സംഘം ചമ്പക്കുളത്ത് വന്ന് ബ്‌ളൂ ജെല്ലി റിസോര്‍ട്ടിന്റെ ഹൗസ് ബോട്ടില്‍ താമസിച്ചിരുന്നു.

വൈകുന്നേരം ബോട്ട് നിര്‍ത്തി വിദേശികള്‍ എല്ലാവരും റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ പോയ സമയം ബോട്ട് ജീവനക്കാരനായ അഭിലാഷ് ബോട്ടിലെ ക്യാമറ മറ്റാരും അറിയാതെ
ഓഫ് ചെയ്ത ശേഷം വിദേശികള്‍ താമസിച്ചിരുന്ന മുറി തുറന്ന് ബാഗില്‍ നിന്നും പണം
അപഹരിക്കുകയായിരുന്നു. വിദേശികളുടെ പരാതിയില്‍ കേസെടുത്ത നെടുമുടി പോലീസ് അന്നേ ദിവസം ബോട്ടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെ ചോദ്യം ചെയ്തു. സംശയം തോന്നിയ അഭിലാഷിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച പണം പോലീസ് കണ്ടെടുത്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം

ഒടിപി മാത്രം പോരാ; ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കുന്നതിന് ഏപ്രില്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം. പുതിയ ആര്‍ബിഐ ചട്ടം അനുസരിച്ചാണ് മാറ്റം വരുന്നത്. വര്‍ദ്ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിനായി കര്‍ശനമായ ഓതന്റിക്കേഷന്‍ വ്യവസ്ഥകളാണ് നടപ്പാകാന്‍ പോകുന്നത്.

ഏപ്രില്‍ 1 മുതല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ആവാസവ്യവസ്ഥയിലാണ് പുതിയ സുരക്ഷാ നവീകരണം വരുന്നത്. റോഡരികിലെ ചായക്കടകള്‍ മുതല്‍ വലിയ റീട്ടെയില്‍ പര്‍ച്ചെയ്‌സ് വരെയുള്ള ദൈനംദിന പണമിടപാടുകള്‍ ക്യുആര്‍ കോഡുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇത്തരം ഇടപാടുകളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പുതിയ വ്യവസ്ഥ ആര്‍ബിഐ കൊണ്ടുവന്നത്. ഇടപാടുകളെ ഒരുവിധത്തിലും ബാധിക്കാത്ത വിധം സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളാണ് ആര്‍ബിഐ സ്വീകരിച്ചത്.

ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ (2FA) കൂടുതല്‍ ശക്തമാക്കിയും ഡൈനാമിക് സുരക്ഷാ പാളികള്‍ അവതരിപ്പിച്ചുമാണ് ഇത് നടപ്പാക്കുന്നത്. സിസ്റ്റം പരാജയപ്പെടുമ്പോള്‍ ഉത്തരവാദിത്തം ബാങ്കുകളിലേക്ക് മാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഒരൊറ്റ ഒടിപി (ഒറ്റത്തവണ പാസ്വേഡ്) മതിയാകില്ല എന്നതാണ് ഏറ്റവും വലിയ മാറ്റം. പേയ്മെന്റുകള്‍ കുറഞ്ഞത് രണ്ട് ഓതന്റിക്കേഷനെങ്കിലും വിധേയമാകണം. അവ ചുവടെ:

പാസ്വേഡ് അല്ലെങ്കില്‍ പാസ്ഫ്രെയ്സ്

PIN (വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍)

വിരലടയാളം അല്ലെങ്കില്‍ മുഖം തിരിച്ചറിയല്‍ പോലുള്ള ബയോമെട്രിക്‌സ്

ബാങ്കിംഗ് ആപ്പുകളില്‍ സൃഷ്ടിക്കപ്പെട്ട സോഫ്റ്റ്വെയര്‍ ടോക്കണുകള്‍

ഹാര്‍ഡ്വെയര്‍ ടോക്കണുകള്‍

എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി

ഇതിനര്‍ത്ഥം ഓരോ ഇടപാടും കുറഞ്ഞത് രണ്ട് സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോകണം. ഇത് അനധികൃത ആക്സസ് ഗണ്യമായി കുറയ്ക്കുമെന്നാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. ഒടിപി അടിസ്ഥാനമാക്കിയുള്ള പരിശോധന വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും തട്ടിപ്പുകാര്‍ അത് മറികടക്കാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകളുടെ വര്‍ധന കണക്കിലെടുത്താണ് പുതിയ മാറ്റം ആര്‍ബിഐ കൊണ്ടുവന്നത്.

ഡൈനാമിക് ഓതന്റിക്കേഷന്‍

പുതിയ ചട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന് ഡൈനാമിക് ഓതന്റിക്കേഷന്‍ ആണ്.

ഈ സംവിധാനത്തിന് കീഴില്‍, ഓരോ ഇടപാടിനും കുറഞ്ഞത് ഒരു ഓതന്റിക്കേഷന്‍ ഘടകമെങ്കിലും സമാനതകളില്ലാത്തതായിരിക്കണം. ഉദാഹരണത്തിന്:

ബയോമെട്രിക് സ്‌കാനുമായി സംയോജിപ്പിച്ച സ്റ്റാറ്റിക് പിന്‍

ഒറ്റത്തവണ ടോക്കണുമായി സംയോജിപ്പിച്ച പാസ്വേഡ്

തട്ടിപ്പുകാരന്‍ ഒരു ഘടകത്തിലേക്ക് (പിന്‍ പോലുള്ളവ) ആക്സസ് നേടിയാലും രണ്ടാമത്തെ, ഡൈനാമിക് ലെയര്‍ സംരക്ഷണം നല്‍കും. അതുവഴി അനധികൃത ഇടപാട് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. ഇത് അനധികൃത ഇടപാടുകളുടെ അപകടസാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും.

പിഎന്‍ജിയിലേക്കു മാറാത്തവര്‍ക്ക് ഇനി എല്‍പിജി ഇല്ല; പ്രതിസന്ധി അവസരമാക്കാന്‍ കേന്ദ്രം

പിഎന്‍ജിയിലേക്കു മാറാത്തവര്‍ക്ക് ഇനി എല്‍പിജി ഇല്ല; പ്രതിസന്ധി അവസരമാക്കാന്‍ കേന്ദ്രം

ഡല്‍ഹി: പൈപ്പ് വഴിയുള്ള പ്രകൃതിവാതക കണക്ഷന്‍ (പിഎൻജി) ലഭ്യമാകുന്നിടത്ത് എല്‍പിജി ഉപയോഗം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രകൃതിവാതക കണക്ഷന്‍ (പിഎന്‍ജി) ലഭ്യതയുണ്ടായിട്ടും എല്‍പിജിയെ ആശ്രയിക്കുന്നവര്‍ക്ക് എല്‍പിജി വിതരണം നിര്‍ത്താന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. പിഎന്‍ജി ശൃംഖലയുടെ വ്യാപനം വര്‍ധിപ്പിക്കാനും പാചക സ്രോതസ് ആയി ഒരു ഇന്ധനം മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പുതിയ നീക്കം. ലഭ്യത ഉണ്ടായിട്ടിട്ടും പിഎന്‍ജി ഉപയോഗിച്ചില്ലെങ്കില്‍ ‘മൂന്ന് മാസത്തിനുശേഷം എല്‍പിജി വിതരണം നിര്‍ത്തലാക്കും’ എന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് 24 നാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന എല്‍പിജി പ്രതിസന്ധി മറികടക്കുന്നതിന് ഒപ്പം പൈപ്പ് വഴിയുള്ള പാചക വാതക വിതരണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. പൈപ്പുകള്‍ വഴി പ്രകൃതി വാതകം നേരിട്ടെത്തുമ്പോള്‍ റീഫില്ലിങ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. അവശ്യസേവന നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നടപടികള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

പൈപ്പ്‌ലൈന്‍ കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ നിന്ന് എല്‍പിജി ഉപയോഗം പൂര്‍ണമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആഗോള ഇന്ധന വിതരണ ശ്യംഖലയിലെ പ്രതിസന്ധി ‘ഇന്ധന വൈവിധ്യവല്‍ക്കരണം’ പ്രോത്സാഹിപ്പിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയുമെന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി നേരത്തെ ഓയില്‍ സെക്രട്ടറി നീരജ് മിത്തല്‍ എക്സിലെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

പിഎന്‍ജി കണക്റ്റിവിറ്റി വേഗത്തിലാക്കാന്‍ സമയബന്ധിതമായ അനുമതികള്‍ നല്‍കുന്നതിനും പൈപ്പ്‌ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. സമയപരിധിക്കുള്ളില്‍ ഇതിനായുള്ള അനുമതികളോ നല്‍കണം. അല്ലാത്ത പക്ഷം അംഗീകാരങ്ങള്‍ സ്വമേധയാ ലഭിച്ചതായി കണക്കാക്കും. വീടുകള്‍ക്കുള്ള അപേക്ഷയില്‍ മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളില്‍ അനുമതികള്‍ നല്‍കണം. അനുമതികള്‍ ലഭ്യമായാല്‍ 48 മണിക്കൂറിനുള്ള കണക്ടിവിറ്റി ലഭ്യമാക്കണം. ഇതിനായി നിര്‍ദ്ദിഷ്ട നിരക്കുകള്‍ക്കപ്പുറം അധിക ചാര്‍ജുകള്‍ ഈടാക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ട്രംപുമായി സംസാരമില്ല, കുഷ്നറും വേണ്ട; സമാധാന ചര്‍ച്ചയ്ക്ക് നേതാവിനെ നിര്‍ദേശിച്ച് ഇറാന്‍

ട്രംപുമായി സംസാരമില്ല, കുഷ്നറും വേണ്ട; സമാധാന ചര്‍ച്ചയ്ക്ക് നേതാവിനെ നിര്‍ദേശിച്ച് ഇറാന്‍

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ ശക്തമാകുന്നതിനിടെ, ഡോണള്‍ഡ് ട്രംപുമായോ, യുഎസ് ഭരണകൂടത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായോ ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന് ഇറാന്‍. യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അല്ലെങ്കില്‍ ജാറെഡ് കുഷ്‌നര്‍ എന്നിവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് ഇറാനിയന്‍ പ്രതിനിധികള്‍ സൂചിപ്പിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധികള്‍ പകരം നിര്‍ദേശിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന്റെ പേരാണ്. വാന്‍സുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ അമേരിക്കയെ താല്‍പ്പര്യം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ്, ട്രംപും കുഷ്‌നറും അടക്കമുള്ളവരുമായുള്ള ചര്‍ച്ചയുടെ വിശ്വാസ്യത തകര്‍ത്തതെന്ന് ഇറാന്‍ സൂചിപ്പിക്കുന്നു.

അതേസമയം, യുഎസ് ഭരണകൂടത്തിലെ മറ്റു പലരേക്കാളും സംഘര്‍ഷത്തിന് നയതന്ത്രപരമായ ഒരു അന്ത്യം കുറിക്കാന്‍ വാന്‍സിന് കഴിഞ്ഞേക്കുമെന്ന് ഇറാന്‍ വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തുന്നത് സങ്കീര്‍ണ്ണവും രാഷ്ട്രീയമായി സെന്‍സിറ്റീവുമാകുമെന്നതിനാല്‍, നേരിട്ടുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ വാന്‍സ് തയ്യാറായേക്കുമോയെന്ന് വ്യക്തതയില്ല.

അതേസമയം, യുഎസ് ചര്‍ച്ചാ സംഘത്തെ തീരുമാനിക്കുന്നത് ട്രംപ് ആണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, വിറ്റ്‌കോഫ്, കുഷ്നര്‍ എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശാലമായ നയതന്ത്ര ശ്രമത്തില്‍ പങ്കാളികളാണെന്നും ലീവിറ്റ് പറഞ്ഞു. ട്രംപി ഒഴിവാക്കിയുള്ള ചര്‍ച്ചയെന്നത്, പ്രസിഡന്റിനെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ഏകോപിത വിദേശ ക്യാംപെയ്ന്‍ ആണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

പാപ്പനംകോട് സ്വദേശിനി സിബിന വിടവാങ്ങി

പാപ്പനംകോട് സ്വദേശിനി സിബിന വിടവാങ്ങി

​പാലോട്: കഴിഞ്ഞ ദിവസം പാലോട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയില്‍ ആയിരുന്ന യുവതി മരണത്തിന് കീഴടങ്ങി. പാപ്പനംകോട് പെരിങ്ങമ്മല റോഡിന് സമീപം താമസിക്കുന്ന സിബിന (38) ആണ് അന്തരിച്ചത്. പാലോട് ബി.എം.സി ഹോസ്പിറ്റലിലെ ഫാർമസി ജീവനക്കാരിയായിരുന്നു സിബിന.

അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ടുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാപ്പനംകോട് പാൻ ഷോപ്പ് നടത്തുന്ന കെ.വി.വി.ഇ.എസ് പാലോട് യൂണിറ്റ് അംഗം ഇല്ല്യാസിൻ്റെ മകൻ സുൾഫിയുടെ ഭാര്യയാണ് പരേതയായ സിബിന.