കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ സ്വീകരിച്ചു; പുതിയ മന്ത്രിസഭാ ചർച്ചകൾക്കായി ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ

കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ സ്വീകരിച്ചു; പുതിയ മന്ത്രിസഭാ ചർച്ചകൾക്കായി ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ

ബംഗളൂരു: കർണ്ണാടക രാഷ്ട്രീയത്തിലെ നിർണ്ണായക അധികാരക്കൈമാറ്റത്തിന് ഔദ്യോഗിക സ്ഥിരീകരണം നൽകിക്കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ താവർചന്ദ് ഗെഹ്‌ലോട്ട് വെള്ളിയാഴ്ച ഔദ്യോഗികമായി സ്വീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ 164(1) വകുപ്പ് പ്രകാരം സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ചതായും അദ്ദേഹം നയിച്ചിരുന്ന മന്ത്രിസഭ ഉടനടി പ്രാബല്യത്തോടെ പിരിച്ചുവിട്ടതായും രാജ്ഭവൻ പുറപ്പെടുവിച്ച പ്രത്യേക വിജ്ഞാപനത്തിൽ ഗവർണ്ണർ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്ത് പുതിയ ഭരണസംവിധാനം നിലവിൽ വരുന്നതുവരെ മുഖ്യമന്ത്രി പദവിയിൽ താൽക്കാലികമായി തുടരാൻ സിദ്ധരാമയ്യയോട് ഗവർണ്ണർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, പുതിയ മുഖ്യമന്ത്രിയായി ഉടൻ ചുമതലയേൽക്കുമെന്ന് കരുതപ്പെടുന്ന ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ച് ഡൽഹിയിലെത്തി കോൺഗ്രസ് ഹൈക്കമാൻഡുമായി പുതിയ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ആരംഭിക്കും.

തന്റെ ദീർഘകാലത്തെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പ്രധാന അധ്യായം സിദ്ധരാമയ്യ അവസാനിപ്പിക്കുമ്പോൾ, പാർട്ടിയിലും ഭരണത്തിലും ഉണ്ടാകാനിടയുള്ള അസ്വാരസ്യങ്ങൾ ഒഴിവാക്കാനായി ഡികെ ശിവകുമാർ പുതിയൊരു രാഷ്ട്രീയ ഫോർമുല മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. സിദ്ധരാമയ്യയുടെ രാജിയിൽ അതൃപ്തിയുള്ള അനുയായികളെയും പ്രത്യേകിച്ച് കുറുബ സമുദായത്തെയും ശാന്തരാക്കുന്നതിനായി സിദ്ധരാമയ്യയുടെ മകനും എംഎൽസിയുമായ ഡോ യതീന്ദ്രയെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി ആക്കാനാണ് ഡി.കെ. ശിവകുമാർ പദ്ധതിയിടുന്നത്.

ഭരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു ‘ഇൻഷുറൻസ്’ കൂടിയായാണ് ഡികെ ഈ നീക്കത്തെ കാണുന്നത്. ഹൈക്കമാൻഡ് വാഗ്ദാനം ചെയ്ത രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിലെ പദവികളും സിദ്ധരാമയ്യ നിരസിച്ചുവെങ്കിലും, മകന് ഉപമുഖ്യമന്ത്രി പദം നൽകാനുള്ള രാഹുൽ ഗാന്ധിയുടെയും ഡികെയുടെയും പുതിയ ഫോർമുലയോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചേക്കുമെന്നാണ് അറിയുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിന് മുൻപ് തന്നെ മന്ത്രിസഭയുടെ അന്തിമ രൂപരേഖ തയ്യാറാക്കാനാണ് ഇരുവരുടെയും നീക്കം.

അതേസമയം, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നതോടെ പുതിയ കെപിസിസി പ്രസിഡന്റ് ആരാകുമെന്നതിലും, മന്ത്രിസഭയിൽ എത്ര ഉപമുഖ്യമന്ത്രിമാർ വേണമെന്നതിലും ചർച്ചകൾ സജീവമാണ്. എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയുടെ മകനും മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വലിയ തോതിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കെജെ ജോർജ്ജ്, എംബി പാട്ടീൽ, ഡോ ജി പരമേശ്വര, കൃഷ്ണ ബൈരെ ഗൗഡ, സമീർ അഹമ്മദ് ഖാൻ തുടങ്ങിയ മുതിർന്ന നേതാക്കളെ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പലരെയും ഉൾപ്പെടുത്തും. സ്പീക്കർ യുടി ഖാദറിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന് പരമേശ്വരയെ സ്പീക്കറാക്കാനും ആലോചനയുണ്ട്. ശ്രീനിവാസ് മാനെ, ബികെ ഹരിപ്രസാദ്, സലീം അഹമ്മദ്, തൻവീർ സേട്ട് എന്നിവരാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് പ്രമുഖ പുതുമുഖങ്ങൾ. വരുന്ന തിങ്കളാഴ്ച അതായത് ജൂൺ ഒന്നിന് പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബംഗളൂരുവിൽ നടക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി വ്യക്തമാക്കുന്നത്.

കേരള സർവകലാശാല: വനിതാ മേട്രൻമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

കേരള സർവകലാശാല: വനിതാ മേട്രൻമാർക്ക് അവസരം, അഭിമുഖത്തിലൂടെ നിയമനം

കേരള സർവകലാശാലയുടെ കീഴിലുള്ള വനിതാ ഹോസ്റ്റലുകളിൽ കരാർ അടിസ്ഥാനത്തിൽ വനിതാ മേട്രൻമാരെ നിയമിക്കുന്നു. പത്താം ക്ലാസ് പാസായ വനിതകൾക്ക് ആണ് അവസരം. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ആവശ്യമാണ്. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

തസ്തിക: വനിതാ മേട്രൻ

ആകെ ശമ്പളം: ₹21,000/-

പ്രായപരിധി: 30 മുതൽ 55 വയസ്സ് വരെ (പിന്നാക്ക, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

യോഗ്യതകൾ

വിദ്യാഭ്യാസ യോഗ്യത: SSLC പാസ്സായിരിക്കണം.

പ്രവൃത്തി പരിചയം: ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ജോലി രീതി: ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള സേവനം (രാത്രി ഡ്യൂട്ടി ഉൾപ്പെടെ).

കേരള സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കാര്യവട്ടം ക്യാംപസുകളിലേക്കാണ് നിയമനം നടത്തുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയ

അഭിമുഖം വഴിയാണ് നിയമനം നടത്തുന്നത്. 03.06.2026 (ബുധനാഴ്ച) രാവിലെ 09:00 മണിക്ക് കേരള സർവകലാശാലയുടെ പാളയത്തുള്ള സെന്റനറി ഹാൾ ക്യാംപസിൽ എത്തണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://keralauniversity.ac.in/pdfs/jobNoti/Notifcation1779357819.pdf

ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിക്കുന്നു ?, സമാധാന കരാറില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിക്കുന്നു ?, സമാധാന കരാറില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രാഥമിക സമാധാന കരാറില്‍ അമേരിക്കയും ഇറാനും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള വെടിനിര്‍ത്തല്‍ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ധാരണയായത്.

എന്നാല്‍ കരാറിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനുമതി നല്‍കിയിട്ടില്ല. ചര്‍ച്ചകളുടെ പുരോഗതിയില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ തനിക്ക് കൂടുതല്‍ സമയം വേണമെന്ന് ട്രംപ് മധ്യസ്ഥരെ അറിയിച്ചതായും സൂചനയുണ്ട്. ഹോര്‍മുസിലെ ഉപരോധങ്ങള്‍ നീക്കണമെന്ന ഇറാന്റെ നിര്‍ദേശത്തില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.

കരാറില്‍ ഏകദേശ ധാരണയായെങ്കിലും, ഇറാന്‍ ഉന്നത നേതൃത്വത്തിനും കരാറിലെ ചില നിര്‍ദേശങ്ങളില്‍ അതൃപ്തിയുള്ളതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസില്‍ സമാധാനം പുനഃസ്ഥാപിക്കലും, കടലിടുക്കിലൂടെയുള്ള സ്വതന്ത്രമായ കപ്പല്‍ സഞ്ചാരവുമാണ് കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹോര്‍മൂസ് കടലിടുക്കിലെ മൈനുകള്‍ 30 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യാമെന്നും, കപ്പലുകളെ തടയില്ലെന്നും ഇറാന്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

ധാരണ പ്രകാരം തന്ത്രപ്രധാനമായ ചോക്ക്‌പോയിന്റ് കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാന്‍ ഇറാന് കഴിയില്ല. ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ സ്ഥിതി വിലയിരുത്തി നാവിക ഉപരോധം പിന്‍വലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇറാന് സ്വതന്ത്രമായി എണ്ണ വില്‍ക്കാന്‍ സാധിക്കുന്നതിനായി ചില ഉപരോധങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ അമേരിക്ക തയ്യാറായിട്ടുണ്ട്. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ പ്രതിജ്ഞാബദ്ധതയും ഈ കരാറില്‍ ഉള്‍പ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍, ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം എങ്ങനെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും, യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ഭാവി നടപടികള്‍ എന്തൊക്കെയായിരിക്കണമെന്നും ഇരുപക്ഷവും ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇറാന്‍ എത്രത്തോളം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നുവോ, അത്രത്തോളം നേട്ടങ്ങള്‍ അവര്‍ക്ക് ലഭിക്കുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജെ പാറുക്കുട്ടി അമ്മ (94) അന്തരിച്ചു

ജെ പാറുക്കുട്ടി അമ്മ (94) അന്തരിച്ചു

ആറ്റിങ്ങൽ: വിരുന്തിയോട് ശശി ഭവനിൽ (കെ.പി.ആർ.എ:148) ജെ പാറുക്കുട്ടി അമ്മ (94) അന്തരിച്ചു.

ഭർത്താവ്: പരേതനായ ആർ ശ്രീധരൻനായർ.

മക്കൾ: എസ് ശശിധരൻ നായർ (റിട്ടയേർഡ് എസ്.ബി.റ്റി,പൂജപ്പുര)), എസ് സതീഷ്ചന്ദ്രൻ (റിട്ടയേർഡ് രജിസ്ട്രേഷൻ വകുപ്പ്), പി ശാന്തകുമാരി (റിട്ടയേർഡ് അധ്യാപിക, ജനത എച്ച്.എസ്.എസ് തേമ്പാമൂട്), പി ഷീല കുമാരി (റിട്ടയേർഡ് കാർഷിക വികസന ബാങ്ക്), പരേതനായ എസ് ശശാങ്കൻ നായർ (ബി.എസ്.എൻ.എൽ).

മരുമക്കൾ: തങ്കം എസ് നായർ, എസ്.ആർ സവിത, എസ് ജയകുമാർ (റിട്ടയേർഡ് പ്രിൻസിപ്പൽ, മുസ്ലീം ഗേൾസ് എച്ച്.എസ്.എസ് കണിയാപുരം), പരേതരായ എസ് സുഷമ, എൻ സതീഷ് കുമാർ.

എസ് ജനാർദ്ദനപിള്ള (72) അന്തരിച്ചു

എസ് ജനാർദ്ദനപിള്ള (72) അന്തരിച്ചു

ആറ്റിങ്ങൽ: വീരളം ജനാർദ്ദനവിലാസം (വിളയിൽ വീട്)(എൻ.ആർ.എ:52) എസ് ജനാർദ്ദനപിള്ള (72) അന്തരിച്ചു.

ഭാര്യ: ജി പത്മജ.
മക്കൾ: ജെ പ്രിയ, ജെ പ്രീതി.
മരുമക്കൾ: കെ മധു (സൗദി അറേബ്യ), ആർ സന്തോഷ് കുമാർ (ബഹറിൻ).

യുപിയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

യുപിയിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് വീണു; 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാമിർപുരിനു സമീപം ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു. പുലർച്ചെ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലം തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് തൊഴിലാളികളുടെ മരണം. 3 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമാണ്.

പുലർച്ചെ മൂന്ന് മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കുരാരയിലെ മോർകന്ദർ പർസാനി മുതൽ നൈതി ഗ്രാമം വരെ നീളുന്നതാണ് ഈ പാലം. അപകട സമയത്ത് തൊഴിലാളികളെല്ലാം പാലത്തിന്റെ ഒരു ഭാഗത്ത് ഉറങ്ങുകയായിരുന്നു. പാലം തകർന്നു ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോകേന്ദ്ര (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭാജിത് (30), പുഷ്പേന്ദ്ര സിങ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നീ തൊഴിലാളികളാണ് മരിച്ചത്.

അപകടത്തിനു പിന്നാലെ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എസ്ഡിആർഎഫ് സംഘം നിലവിൽ സ്ഥലത്തുണ്ട്. ആറ് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും മൂന്ന് പേർ തൂണിന് മുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.