ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു

ആറ്റിങ്ങലിൽ മത്സരച്ചൂട്; 15 പത്രിക സമർപ്പിച്ചു

​ആറ്റിങ്ങൽ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ആകെ 15 പത്രികകൾ. പ്രമുഖ മുന്നണികളെല്ലാം സജീവമായ പ്രചാരണവുമായാണ് രംഗത്തുള്ളത്.

​മുന്നണി സ്ഥാനാർത്ഥികൾ:
​എൽ.ഡി.എഫ് (LDF): സി.പി.എമ്മിലെ ഒ.എസ്. അംബികയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. അംബികയ്ക്കായി നാല് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. സി.പി.എം നേതാവ് രാജു ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.
​യു.ഡി.എഫ് (UDF): യു.ഡി.എഫിനു വേണ്ടി ആർ.എസ്.പിയിലെ സന്തോഷ് ഭദ്രൻ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു.

എൻ.ഡി.എ (NDA): ബി.ജെ.പി സ്ഥാനാർത്ഥി സുധീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ബി.ജെ.പി നേതാവ് ശിവരാജൻ ഡമ്മി സ്ഥാനാർത്ഥിയായി ഒരു സെറ്റ് പത്രിക നൽകി.

​മറ്റ് പ്രധാന സ്ഥാനാർത്ഥികൾ:
​എസ്.ഡി.പി.ഐ (SDPI): ജയരാജ് (രണ്ട് സെറ്റ് പത്രിക).
​ബി.എസ്.പി (BSP): സുചിത്ര.
​ഡിഎച്ച്.ആർ.എം (DHRM): സുനിത കിളിമാനൂർ.
​സൂക്ഷ്മപരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കാനുള്ള സമയം കൂടി കഴിയുന്നതോടെ മണ്ഡലത്തിലെ അന്തിമ പോരാട്ട ചിത്രം വ്യക്തമാകും.

ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ

ചോദ്യപേപ്പര്‍ എത്തിയില്ല; ചോദ്യം വായിച്ച് കേള്‍പ്പിച്ച് ഒമ്പതാം ക്ലാസ് പരീക്ഷ

തിരുവനന്തപുരം: ഒമ്പതാം ക്ലാസ്സ് പരീക്ഷക്ക് കണ്ണൂരിലും കോഴിക്കോട്ടും ചോദ്യ പേപ്പര്‍ എത്തിയില്ല. ഒടുവില്‍ വിദ്യാഭ്യാസ വകുപ്പ് അയച്ച ഇ മെയില്‍ പ്രിന്റെടുത്ത് വായിച്ച് കേള്‍പ്പിച്ചാണ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതിയത്. കൊല്ല പരീക്ഷ ഇങ്ങനെ എഴുതേണ്ടി വന്നത് കുട്ടികള്‍ക്ക് വലിയ പ്രയാസമായി. വളരെ നിസ്സാരമായിട്ടാണ് വിദ്യാഭ്യാസ വകുപ്പ് വാര്‍ഷിക പരീക്ഷയെ കണ്ടതെന്ന് അധ്യാപകര്‍ ആരോപിച്ചു.

നഷപ്പെട്ട സ്വർണം ഉടമയ്ക്കു തിരിച്ചു നൽകി ആറ്റിങ്ങൽ പോലീസ്

നഷപ്പെട്ട സ്വർണം ഉടമയ്ക്കു തിരിച്ചു നൽകി ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങൽ: എച്ച്.പി ന്യൂസ് വാർത്ത തുണയായി, നഷ്ടപ്പെട്ട സ്വർണ്ണം തിരികെ നേടി കുരുന്ന്. ആറ്റിങ്ങൽ പൂവൻപാറ സ്വദേശി നിമ്മി ദർശ്ശിന്റെ കുഞ്ഞിന്റെ കൈ ചെയിൻ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വരവേയാണ് എച്ച്.പി ന്യൂസ് വാർത്ത ശ്രദ്ധയിൽപ്പെട്ടത്.

കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം പോലീസിനെ ഏൽപ്പിച്ചു എന്ന വാർത്തയാണ് കണ്ടത്. പാലാംകോണം സ്വദേശി സാവന്റെ ഭാര്യ അഞ്ജു സാവനാണ് ആലംകോട് പള്ളിക്കുസമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.45 നു കൈ ചെയിൻ കളഞ്ഞു കിട്ടിയത്. ഇവരുടെ സുഹൃത്ത് ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ ഇൻ്റീരിയർ ഡിസൈനർ എന്ന സ്ഥാപനത്തിൻ്റെ എം.ഡി പ്രശാന്തിനെ വിവരമറിയിക്കുകയും പ്രശാന്ത് സ്വർണം ആറ്റിങ്ങൽ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇതാണ് നിമ്മി ദർശ് കുടുംബത്തോടൊപ്പം ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ എത്തി തെളിവുകൾ നൽകി സ്വർണ്ണ ചെയിൻ തിരികെ നേടുകയായിരുന്നു. എസ്.ഐ സിതാര, എ.എസ്.ഐ മുരളീധരൻ നായർ എന്നിവർ ഉടമക്ക് കൈമാറി.

പൊടിഅരി വിഹിതം 10 ശതമാനമായി കുറയ്ക്കും; 90 ലക്ഷം ടണ്‍ എഥനോള്‍ വ്യവസായത്തിലേക്ക് വഴിമാറ്റാന്‍ കേന്ദ്രം

പൊടിഅരി വിഹിതം 10 ശതമാനമായി കുറയ്ക്കും; 90 ലക്ഷം ടണ്‍ എഥനോള്‍ വ്യവസായത്തിലേക്ക് വഴിമാറ്റാന്‍ കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് പൊതുവിതരണ സമ്പ്രദായത്തിന് കീഴില്‍ വിതരണം ചെയ്യുന്ന ധാന്യങ്ങളില്‍ പൊടി അരിയുടെ വിഹിതം 25 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം. ഈ നീക്കം എഥനോള്‍ മേഖലയ്ക്ക് പ്രതിവര്‍ഷം ഏകദേശം 90 ലക്ഷം ടണ്‍ ബ്രോക്കണ്‍ റൈസ് സൗജന്യമാക്കുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു. ഓള്‍ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷന്‍ (എഐഡിഎ) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള അസംസ്‌കൃത എണ്ണയുടെ വില കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ 40 ശതമാനത്തോളം ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം. പെട്രോളില്‍ ഇന്ത്യയുടെ എഥനോള്‍ ഇതിനകം 20 ശതമാനത്തിലെത്തി, 2013 ല്‍ ഇത് 1.5 ശതമാനമായിരുന്നു, ഇത് രാജ്യത്തിന് 1.63 ലക്ഷം കോടി രൂപയിലധികം വിദേശനാണ്യം ലാഭിക്കാനും 2014 മുതല്‍ ക്രൂഡ് ഇറക്കുമതി 277 ലക്ഷം മെട്രിക് ടണ്‍ കുറയ്ക്കാനും സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ എഥനോള്‍ വിപണിയിലേക്ക് കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. മിശ്രണ പരിധി 20 ശതമാനത്തിന് മുകളില്‍ ഉയര്‍ത്തുക, ഡീസലില്‍ എഥനോള്‍ കലര്‍ത്തുക, ഫ്‌ലെക്‌സ്-ഫ്യൂവല്‍ വാഹനങ്ങള്‍(എഥനോൾ, പെട്രോൾ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പ്രവർത്തിക്കുന്നവ) പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം സജീവമായി പരിഗണിക്കുന്നുണ്ടെന്നും ഉടന്‍ തീരുമാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും സഞ്ജീവ ചോപ്ര പറഞ്ഞു.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നത്തിന് ബ്രോക്കണ്‍ റൈസ് നിര്‍ദേശം പരിഹാരമാകുമെന്ന് പറഞ്ഞു – 2023-ല്‍, മോശം പഞ്ചസാര വിളവ്, അരി ഉല്‍പാദനത്തെക്കുറിച്ചുള്ള ഭയം എന്നിവ ഡിസ്റ്റിലറികളിലേക്കുള്ള ഫീഡ്സ്റ്റോക്ക് വിതരണം നിയന്ത്രിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി, ഇത് വ്യവസായത്തെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. പുതിയ പദ്ധതി പ്രകാരം, ഇത് 10 ശതമാനമായി കുറയ്ക്കും. ഓരോ വര്‍ഷവും വിതരണം ചെയ്യുന്ന 360-370 ലക്ഷം ടണ്ണില്‍ നിന്നുള്ള അധിക ബ്രോക്കണ്‍ റൈസ് ലേലത്തിലൂടെ എഥനോള്‍ നിര്‍മ്മാതാക്കള്‍ക്കും മൃഗത്തീറ്റ ഉല്‍പ്പാദകര്‍ക്കും മറ്റുള്ളവര്‍ക്കും വില്‍ക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ ഇതിനകം ഒരു ട്രയല്‍ റണ്‍ പൂര്‍ത്തിയായി. അടുത്ത വര്‍ഷം മുതല്‍, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്സിഐ) സ്റ്റോക്കുകളില്‍ നിന്ന് ഡിസ്റ്റിലറികള്‍ക്ക് മുഴുവന്‍ ധാന്യ അരി വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ത്തും. പുതുക്കിയ ഭക്ഷ്യ പദ്ധതിയില്‍ നിന്നുള്ള പൊട്ടിച്ച അരി വിശ്വസനീയവും വര്‍ഷം മുഴുവനും ലഭ്യമായതുമായ ഒരു ഫീഡ്സ്റ്റോക്കായി മാറുമെന്ന് ചോപ്ര പറഞ്ഞു. ഇന്ത്യയുടെ എഥനോള്‍ ഉല്‍പാദന ശേഷി 2013-14 ല്‍ 420 കോടി ലിറ്ററില്‍ നിന്ന് ഇന്ന് ഏകദേശം 2,000 കോടി ലിറ്ററായി ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.

എലത്തൂരില്‍ സൂക്ഷ്മ പരിശോധനയ്ക്കിടെ നാടകീയ രംഗങ്ങള്‍; പികെ ശശീന്ദ്രന്റെ രസീതുമായി അജ്ഞാതന്‍ ഓടിപ്പോയി; അന്വേഷണം

എലത്തൂരില്‍ സൂക്ഷ്മ പരിശോധനയ്ക്കിടെ നാടകീയ രംഗങ്ങള്‍; പികെ ശശീന്ദ്രന്റെ രസീതുമായി അജ്ഞാതന്‍ ഓടിപ്പോയി; അന്വേഷണം

കോഴിക്കോട്: എലത്തൂര്‍ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ സര്‍വത്ര നാടകീയത. എന്‍സിപി അജിത് പവാര്‍ വിഭാഗം പ്രതിനിധി പികെ ശശീന്ദ്രന്റെ പത്രികയാണ് വരാണാധികാരി ആദ്യം സ്വീകരിച്ചത്. എന്നാല്‍ എകെ ശശീന്ദ്രന്‍ വിഭാഗം ഇതിനെ എതിര്‍ത്തതോടെ വീണ്ടും വിളിച്ചുവരുത്തി. തുടര്‍ന്ന് ഈ പത്രികയുടെ രസീത് അജ്ഞാതനായ ഒരാള്‍ കൈപ്പറ്റി ഓടിപ്പോയി. തങ്ങളുമായി ബന്ധമില്ലാത്തയാളാണ് രസീത് കൈപ്പറ്റി ഓടിപ്പോയതെന്ന് പികെ ശശീന്ദ്രന്‍ വിഭാഗം പറയുന്നു.

പതിനൊന്ന് മണിയോടെ നോമിനേഷന്‍ സ്‌ക്രൂട്ടിനി ആരംഭിച്ചതെന്ന് പികെ ശശീന്ദ്രന്‍ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സൂക്ഷ്മപരിശോധനയില്‍ തങ്ങളുടെ നാമനിര്‍ദേശ പത്രിക അംഗീകരിച്ചു. അതിന്റെ രസീത് തങ്ങള്‍ക്ക് തരുന്നതിന് പകരം മൂന്നാമതൊരാള്‍ക്ക് വരാണാധികാരി നല്‍കുകയായിരുന്നു, രസീത് കിട്ടിയ ഉടനെ അയാള്‍ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും അഭിഷാകന്‍ പറയുന്നു. ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാനുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്നും കാത്തിരിക്കണമെന്നാണ് വരാണിധാകാരി അറിയിച്ചതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയാണ് എന്‍സിപി ശരത്പവാര്‍ വിഭാഗം നേതാവ് എകെ ശശീന്ദ്രന്‍. മൂന്ന് തവണ ക്ലോക്ക് ചിഹ്നത്തിലാണ് ശശീന്ദ്രന്‍ വിജയിച്ചത്. പാര്‍ട്ടി പിളര്‍ന്നതോടെ എകെ ശശീന്ദ്രനെതിരെ പികെ ശശീന്ദ്രന്‍ എന്ന അപരനെ എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കിയിരുന്നു. അദ്ദേഹത്തിനാണ് ക്ലോക്ക് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. സംഭവത്തിന് പിന്നാലെ എസിപി ഉള്‍പ്പടെയുള്ളവര്‍ സംഭവസ്ഥലത്തെത്തി. രസീതുമായി കടന്ന കളഞ്ഞ ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. സിസിടിവി ഉള്‍പ്പടെ പൊലീസ് പരിശോധിച്ചു.

വിഡി സതീശന്റെ പത്രിക സ്വീകരിച്ചു; എല്‍ഡിഎഫ്-എന്‍ഡിഎ പരാതി തള്ളി

വിഡി സതീശന്റെ പത്രിക സ്വീകരിച്ചു; എല്‍ഡിഎഫ്-എന്‍ഡിഎ പരാതി തള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നാമനിര്‍ദേശ പത്രികയ്ക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. യഥാര്‍ഥ വരുമാനം കാണിച്ചില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും എന്‍ഡിഎയുമാണ് പരാതി നല്‍കിയത്. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പാണ് പറവൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ടൈസണ്‍ മാസ്റ്ററും എന്‍ഡിഎയും പരാതി നല്‍കിയത്. സൂക്ഷ്മ പരിശോധനയ്‌ക്കൊടുവിലാണ് വിഡി സതീശന്റെ പത്രിക അംഗീകരിച്ചത്.

അഭിഭാഷകനായ വിഡി സതീശന്റെ വരുമാനത്തിന്റെ യഥാര്‍ഥ സ്രോതസ് കാണിച്ചില്ല, ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ പിഴ അടച്ചതിന്റെ കുടിശികയുടെയും വിവരങ്ങള്‍ കാണിച്ചില്ല, കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം പത്രികയില്‍ കാണിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു പരാതി.

അതേസമയം, വിഡി സതീശന്റെ അപരസ്ഥാനാര്‍ഥി കെബി സതീശന്റെ പത്രിക സ്വീകരിച്ചു. കെബി സതീശന്റെ പത്രികയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു. പോക്‌സോ കേസ് പ്രതിയായതിനാല്‍ കെസി സതീശന്റെ പത്രിക തള്ളണമെന്നായിരുന്നു കോണ്‍ഗ്രസ് വാദം.