‘ഇഷാനോട് എനിക്ക് ദേഷ്യം തോന്നി, പക്ഷേ ചെക്കന്‍ പൊളിച്ചടുക്കി’; ഇതുപോലൊരു തല്ല് കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

‘ഇഷാനോട് എനിക്ക് ദേഷ്യം തോന്നി, പക്ഷേ ചെക്കന്‍ പൊളിച്ചടുക്കി’; ഇതുപോലൊരു തല്ല് കണ്ടിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍

റായ്പുര്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ 209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തുടക്കത്തില്‍ 6 റണ്‍സിനിടെ തുടരെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് പതറിയിരുന്നു. എന്നാല്‍ ഇടവേളയ്ക്കു ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ കളിയുടെ ഗതി പൊടുന്നനെ മാറ്റുന്ന കാഴ്ചയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശിവം ദുബെയും ചേര്‍ന്നു അതിവേഗം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. 92 പന്തില്‍ ഇന്ത്യ 209 റണ്‍സ് അടിച്ചെടുത്തു.

മൂന്നാം വിക്കറ്റില്‍ ഇഷാനൊപ്പം ചേര്‍ന്നു സൂര്യകുമാര്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ നയിച്ചു. ഇരുവരും ചേര്‍ന്നു 122 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. ഇഷാന്റെ ഭയരഹിതമായ ബാറ്റിങ് ടീമിന്റെ മനോഭാവത്തിന്റെ ബാക്കിപത്രമാണെന്നും ഇഷാന്‍ പുറത്തെടുത്ത ബാറ്റിങ് സമീപനമാണ് ഇത്തരം ഘട്ടങ്ങളില്‍ ആവശ്യമെന്നും സൂര്യ മത്സര ശേഷം വ്യക്തമാക്കി. ഒപ്പം ബാറ്റിങ് ഫോമിലേക്ക് മടങ്ങിയെത്തിയ തന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മത്സര ശേഷം പറയുന്നുണ്ട്.

‘ഇഷാന്‍ എന്താണ് ഉച്ചയ്ക്ക് ഭഷണം കഴിച്ചത് എന്നെനിക്ക് അറിയില്ല. എന്നാല്‍ അദ്ദേഹം പന്തിനെ മര്‍ദ്ദിക്കുന്ന വിധം കണ്ടപ്പോള്‍ മറ്റാരും ഇതുപോലെ തല്ലുന്നത് കണ്ടിട്ടില്ല എന്നാണ് എനിക്കു തോന്നിയത്. ഇതാണ് ഞങ്ങള്‍ ബാറ്റര്‍മാരില്‍ നിന്നു പ്രതീക്ഷിക്കുന്നത്. സ്വയം അയാളപ്പെടുത്തും വിധമുള്ള ഇന്നിങ്‌സ് അവര്‍ കളിക്കുന്നതു കാണുമ്പോള്‍ തന്നെ ഹാപ്പിയാകും.’

‘ഇഷാന്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ച് സ്‌ട്രൈക്ക് കൈമാറാതെ നിന്നപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നിരുന്നു. പക്ഷേ ഞാന്‍ നല്ല ആത്മവിശ്വാസത്തിലായിരുന്നു. അതിനാല്‍ തന്നെ എനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാകുമെന്നു ഉറപ്പുണ്ടായിരുന്നു. ഞാന്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു’- സൂര്യ വ്യക്തമാക്കി.

മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങിനേയും ക്യാപ്റ്റന്‍ എടുത്തു പറഞ്ഞു. കൂട്ടായ ശ്രമമാണ് ബൗളിങില്‍ കണ്ടതെന്നു ക്യാപ്റ്റന്‍. അവര്‍ 225- 230 റണ്‍സ് വരെ നേടുമെന്നു തോന്നിയിരുന്നു. എന്നാല്‍ ബൗളര്‍മാര്‍ അവരെ 210നുള്ളില്‍ പിടിച്ചു നിര്‍ത്തി.

‘കുല്‍ദീപ്, വരുണ്‍, ദുബെ, ഹര്‍ദിക് എല്ലാവരും അവരുടെ ഉത്തരവാദിത്വം ഭംഗിയാക്കി. അവിശ്വസനീയമായ ശ്രമമാണ് ബൗളര്‍മാര്‍ നടത്തിയത്. 225-230 വരെ സ്‌കോര്‍ കിവികള്‍ നേടുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവരെ 210നു താഴെ ഒതുക്കാനായാത് ബൗളര്‍മാരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണ്.’

‘നിലവില്‍ ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ പോസിറ്റീവാണ്. ഈ നിമിഷങ്ങളെ താരങ്ങള്‍ ആസ്വദിക്കുന്നു. എല്ലാ നിലയ്ക്കും ഏറ്റവും നിലവാരമുള്ള ക്രിക്കറ്റ് കളിക്കാനാണ് ടീം എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നത്’- സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഗുവാഹത്തിയില്‍ അരങ്ങേറും. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് സൂര്യകുമാര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യം കൂടിയാണ്.

‘താടി വടിക്കില്ല ന്ന് പറഞ്ഞവര് ഒക്കെ എവിടെ ?’; ദേ ലാലേട്ടൻ വന്നു, തരുൺ മൂർത്തി ചിത്രം ‘എൽ 366’ ന് തുടക്കം

‘താടി വടിക്കില്ല ന്ന് പറഞ്ഞവര് ഒക്കെ എവിടെ ?’; ദേ ലാലേട്ടൻ വന്നു, തരുൺ മൂർത്തി ചിത്രം ‘എൽ 366’ ന് തുടക്കം

മോഹൻലാൽ- തരുൺ‌ മൂർത്തി കൂട്ടുകെട്ടിലൊരുങ്ങിയ ബ്ലോക്ബസ്റ്റർ ചിത്രമാണ് തുടരും. മോഹൻലാലിന് ഒരു ഫാൻ ബോയ് നൽകിയ സമ്മാനം കൂടിയായിരുന്നു ചിത്രം. തുടരുമിന് ശേഷം മോ​ഹൻലാലിനൊപ്പമുള്ള സിനിമ തരുൺ മൂർത്തി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമിട്ടിരിക്കുകയാണ്.

‘തുടരും’ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്. “നന്ദിയോടെ ഈ യാത്ര ആരംഭിക്കുന്നു. L 366 ന്റെ സെറ്റിൽ ജോയിൻ ചെയ്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർത്ഥനകൾക്കും നന്ദി”.- എന്നാണ് മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

പൂജ ചിത്രങ്ങളിൽ താടി വടിക്കാതെയാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയ്ക്കായി മോഹൻലാൽ താടി വടിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അധികം വൈകാതെ തന്നെ താടി വടിച്ച തന്റെ പുതിയ ലുക്കും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. ‘ചുമ്മാ’ എന്നാണ് തന്റെ താടി വടിച്ചുള്ള ചിത്രത്തിന് മോഹൻലാൽ ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ‘താടി വടിക്കില്ല ന്ന് പറഞ്ഞവര് ഒക്കെ എവിടെ’- എന്നാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ. പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായിക.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണക്‌സ് സേവ്യർ.

ആറ്റിങ്ങൽ ഐ ടി ഐ യിൽ  തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം

ആറ്റിങ്ങൽ ഐ ടി ഐ യിൽ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് മിന്നും വിജയം

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഐടിഐ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും കരസ്ഥമാക്കി എസ്.എഫ്.ഐ. 6 സീറ്റുകളിലാണ് തിരഞ്ഞെടുത്ത് നടന്നത്. എസ്എഫ്ഐ, കെഎസ്‌യു , എബിവിപി , എ.ഐ.എസ്.എഫ് എന്നിവർ മത്സര രംഗത്ത് ഉണ്ടായിരുന്നു. എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥിയായിട്ട് മത്സരിച്ച അഭിജിത് പി.എസ് ഉൾപ്പെടെ മറ്റ് 5 സ്ഥാനാർഥികളും വിജയിച്ചു.

ജനറൽ സെക്രട്ടറിയായി രേഷ്മ എസ്, കൗൺസിലർ ഗോവിന്ദ് ഷാജി, മാഗസിൻ എഡിറ്റർ ആകാശ് എസ്, സ്പോർട്സ് ക്യാപ്റ്റൻ സിദ്ധാർഥ് എസ്, ആർട്സ് ക്ലബ്‌ സെക്രട്ടറി നിതിൻ ബാബു എന്നിവർ മിന്നും വിജയം കാഴ്ച്ച വെച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി അർജുൻ കല്ലിങ്ങൽ, പ്രസിഡന്റ് ആദിത്യ ശങ്കർ എന്നിവർ ഇവർക്ക് സ്വീകരണം നൽകി.

‘മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു’: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

‘മടിയില്‍ ഇരുത്തി അടിവയറ്റില്‍ ഇടിച്ചു’: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ കൊലപാതകത്തില്‍ പിതാവിന്റെ കുറ്റസമ്മതം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്.

അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്.പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടല്‍ ഒരാഴ്ച മുന്‍പ് സംഭവിച്ചതാണ് എന്നാണ് അമ്മ പൊലീസില്‍ മൊഴി നല്‍കിയത്. പക്ഷെ, ആ പൊട്ടലിന് മൂന്ന് ആഴ്ചത്തെ പഴക്കമുണ്ടായിരുന്നു.

കുഞ്ഞിന് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കുടുതല്‍ വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊഴികളുടെ വൈരുധ്യം കൂടി കണക്കിലെടുത്തുകൊണ്ട് പൊലീസ് വീണ്ടും ചോദ്യം ചെയ്യല്‍ നടത്തിയത്.

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1080 രൂപ

തിരിച്ചുകയറി സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1080 രൂപ

കൊച്ചി: ഇന്നലെ ഒറ്റയടിക്ക് 1880 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 1080 രൂപയാണ് വര്‍ധിച്ചത്. 1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 135 രൂപയാണ് വര്‍ധിച്ചത്. 14,540 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ രാവിലെ 3960 രൂപ ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച സ്വര്‍ണവില ഉച്ചയോടെയാണ് 1880 രൂപ കുറഞ്ഞത്. 3960 രൂപ വര്‍ധിച്ചതോടെ പവന് 1,17,000 കടന്ന സ്വര്‍ണവിലയാണ് ഉച്ചയോടെ കുറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി ​ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടൂർ പ്രകാശിനെ ന്യായീകരിച്ചും പ്രതിപക്ഷ നേതാവ് രം​ഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നില്ലേ? മണ്ഡലത്തിലുള്ളയാളാകുമ്പോൾ പരിചയമുണ്ടാകുമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. എന്നാൽ, പോറ്റി – അടൂർപ്രകാശ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തത് മറ്റ് പരിപാടികളിൽ പങ്കെടുക്കാനുള്ളത് കൊണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.