പള്ളിക്കലിൽ രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്

പള്ളിക്കലിൽ രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്

പള്ളിക്കൽ: പള്ളിക്കലിൽ മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടി. പള്ളിക്കലിൽ പുലർച്ചെ നടന്ന വാഹന പരിശോധനയിലാണ് രണ്ട് ഗ്രാമോളം എം ഡി എം എയുമായി രണ്ടുപേർ പിടിയിലായത്. പാരിപ്പള്ളി സ്വദേശി ഷേക്ക് അഹമ്മദ് (33), മലപ്പുറം സ്വദേശി ഷാഫി (28) എന്നിവരാണ് ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഡൽഹി രജിസ്ട്രേഷൻ ഇന്നോവ ക്രിസ്റ്റയും പോലീസ് കസ്റ്റഡിയിലെടുത്തു. നർക്കോട്ടിക് ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

ഐഎസ്എൽ: ഗാനമേള, കാർ ലോഞ്ചിങ്, ചെന്നൈയുടെ ഹോം ഗ്രൗണ്ടും കുളമാകും; ചിത്രങ്ങൾ പുറത്ത്

ചെന്നൈ: ഐ എസ് എൽ മത്സരങ്ങൾ ആരംഭിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ സ്റ്റേഡിയം സംബന്ധിച്ച് പല ക്ലബ്ബുകൾക്കും ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ല. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോടേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇത് വരെ സ്റ്റേഡിയം ക്ലബിന് കൈമാറിയിട്ടില്ല. കോർപ്പറേഷൻ സ്റ്റേഡിയത്തിലെ പണി പൂർത്തിയാക്കാൻ ഇനിയും സമയം ആവശ്യമായി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇതേ സാഹചര്യത്തിലൂടെയാണ് ചെന്നൈയിൻ എഫ് സിയും കടന്ന് പോകുന്നത്. ഐ എസ് എൽ ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായിരുന്ന ചെന്നൈ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെയും അവസ്ഥയും മോശമാണെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ പറയുന്നത്.

ഈ സീസണിന്റെ ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി 14 ന് തന്നെ സ്റ്റേഡിയത്തിൽ വെച്ച് എ ആർ റഹ്മാന്റെ സംഗീത പരിപാടി നടക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒരു കാർ കമ്പനിയുടെ ലോഞ്ചിങ് പരിപാടി ജനുവരി 26ന് ആണ് സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുമുണ്ട്. ഈ രണ്ട് പ്രോഗ്രാമുകളും കഴിയുമ്പോൾ മൈതാനത്തിന്റെ അവസ്ഥ എന്താകുമെന്നാണ് ക്ലബ് അധികൃതരുടെ ആശങ്ക. ടൂർണമെന്റ് എത്രയും വൈകിയത് കാരണം പല ക്ലബ്ബുകൾക്കും അവരുടെ ഹോം ഗ്രൗണ്ടുകളുടെ പ്രവർത്തനം പൂർണ്ണ സജ്ജമാക്കാൻ സാധിച്ചിട്ടില്ല.

ഈ അവസ്ഥ തുടരുകയാണെങ്കിൽ ഐ എസ് എല്ലിന്റെ മത്സരക്രമം പുറത്തിറക്കാൻ ഇനിയും വൈകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

പാലക്കാട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; റാഗിങ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി

പാലക്കാട്ട് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍; റാഗിങ് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി

പാലക്കാട്: പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍. ഒറ്റപ്പാലം സ്വദേശി രുദ്ര രാജേഷ് ആണ് മരിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനെ തുടര്‍ന്നാണെന്ന് പരാതിയുമായി അച്ഛന്‍ രംഗത്തുവന്നു. മകളെ സീനിയര്‍ വിദ്യാര്‍ഥിനികള്‍ മര്‍ദിച്ചെന്നും ഹോസ്റ്റല്‍ വാര്‍ഡന് എല്ലാ അറിയാമെന്നും രുദ്രയുടെ പിതാവ് രാജേഷ് പറഞ്ഞു. കുടുംബത്തിന്റെ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.

ഇന്നലെ രാത്രി ഒന്‍പതോടെ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ഭയന്നാണ് രുദ്ര കഴിഞ്ഞതെന്നു അച്ഛന്‍ പറഞ്ഞു. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രാജേഷ് മുഖ്യമന്ത്രിക്കു പരാതി നല്‍കി. ‘കഴിഞ്ഞ വെള്ളിയാഴ്ച മകളെ വിളിച്ചിരുന്നു. ഇവിടെ റാഗിങ് കാരണം വലിയ ബുദ്ധിമുട്ടാണെന്ന് അവള്‍ പറഞ്ഞു. ഹോസ്റ്റല്‍ വാര്‍ഡനോട് പറഞ്ഞെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ഓടുന്നതിനിടെ സീനിയര്‍ വിദ്യാര്‍ഥിയുടെ മേല്‍ അബദ്ധത്തില്‍ കൈത്തട്ടിപ്പോയതിന് സോറി പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദിച്ചതെന്നുമാണ് മകള്‍ പറഞ്ഞത്’ രാജേഷ് പറഞ്ഞു.

ഹോസ്റ്റല്‍ മെസില്‍നിന്നു രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയെത്തിയ മറ്റു വിദ്യാര്‍ഥികളാണു രുദ്രയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അതേസമയം കുടുംബത്തിന്റെ റാഗിങ് ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. റാഗിങ്ങിനെ കുറിച്ച് കുട്ടിയോ കുട്ടിയുടെ മാതാപിതാക്കളോ ഒരുപരാതിയും അറിയിച്ചിട്ടില്ല. കുടുംബപ്രശ്‌നങ്ങളോ മറ്റോ ആകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല

ഷിംജിത ഏഴു വീഡിയോകള്‍ പകര്‍ത്തി, ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല

കോഴിക്കോട്: സ്വകാര്യ ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമത്തില്‍ വിഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ബസില്‍ നിന്ന് ഷിംജിത ഏഴു വീഡിയോകള്‍ ചിത്രീകരിച്ചു. ബസില്‍ അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല. ദൃശ്യം പ്രചരിപ്പിച്ചത് വൈറല്‍ ആകാനാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ അപമാനം ഭയന്ന്, മനോവിഷമത്തിലാണ് ദീപക് ജീവനൊടുക്കിയത്. മാനഹാനിയുണ്ടായെന്ന് പറഞ്ഞെങ്കിലും, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതല്ലാതെ, ഷിംജിത പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ഷിംജിതയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക് ബസില്‍ കയറിയതു മുതലുള്ള ദൃശ്യങ്ങള്‍ ഷിംജിത ചിത്രീകരിച്ചതായാണ് വിവരം. ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഷിംജിത സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ബസില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് ചോദ്യം ചെയ്യലില്‍ ഷിംജിത ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതു സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല.

കൃത്യം നടന്നു എന്നു പറയുന്ന ബസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നു. ഇതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സൂചന. ബസിലെ ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും. യാത്രക്കാരെയും കണ്ടെത്തി മൊഴിയെടുക്കാനാണ് നീക്കം. പയ്യന്നൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് യുവതി വിഡിയോ ചിത്രീകരിച്ചത്. അറസ്റ്റിലായ ഷിംജിതയെ 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഷിംജിത മുസ്തഫ നല്‍കിയ ജാമ്യഹര്‍ജി കുന്ദമംഗലം കോടതി ശനിയാഴ്ച പരിഗണിക്കും.

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ട്വന്റി ട്വന്റി പാര്‍ട്ടി വികസനം നടപ്പാക്കുന്ന പാര്‍ട്ടിയാണ്. സാബു ജേക്കബ് നാട്ടിലെ വലിയൊരു തൊഴില്‍ ദാതാവാണ്. വികസിത കേരളത്തിന്റെ വലിയൊരു ഭാഗമായി ട്വന്റി ട്വന്‍രി നാട്ടില്‍ തുടരണമെന്നാണ് എന്‍ഡിഎ ആഗ്രഹിക്കുന്നത്. നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് ഇത്തവണ വരാന്‍ പോകുന്നത്.

കഴിഞ്ഞ 10 വര്‍ഷം ഭരിച്ച ഇടതുമുന്നണി നാടിനെ നശിപ്പിച്ചുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വികസിത കേരളം എന്ന എന്‍ഡിഎ മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് ജനം പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു സാബു ജേക്കബും ട്വന്റി 20യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ക്കെതിരെ ട്വന്റി 20 ഒറ്റക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം അടക്കം നാലു പഞ്ചായത്തുകളില്‍ ട്വന്റി 20 അധികാരം പിടിക്കുകയും ചെയ്തിരുന്നു.

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

പുറത്തു പോയാലും ശുദ്ധമായ വെള്ളം കുടിക്കാമെന്ന ആശയത്തിലാണ് കുപ്പിവെള്ളം വിപണിയിലിറങ്ങുന്നത്. കുപ്പിവെള്ളം വാങ്ങുമ്പോൾ അവയുടെ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തിന്റെ ​ഗുണനിലവാരത്തെ കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്.

കുപ്പിവെള്ളം വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുപ്പിയുടെ അടപ്പിന് വെള്ള നിറമാണെങ്കിൽ പ്രോസസ്സ് ചെയ്ത വെള്ളമാണെന്നാണ് അർത്ഥം (Processed Water). അതായത് സാധാരണ ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം RO, UV ഫിൽട്ടറേഷൻ തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകളിലൂടെ കടത്തിവിട്ട് കുടിക്കാൻ യോഗ്യമാക്കിയ വെള്ളം.

നീല നിറമാണെങ്കിൽ ഇത് സ്പ്രിങ് വാട്ടർ അല്ലെങ്കിൽ മിനറൽ വാട്ടർ (Spring/Mineral Water) ആണെന്നാണ് സൂചിപ്പിക്കുന്നത്. പ്രകൃതിദത്ത നീരുറവകളിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഈ വെള്ളത്തിൽ ശരീരത്തിന് ആവശ്യമായ സ്വാഭാവിക ധാതുക്കൾ അടങ്ങിയിരിക്കും.

കറുപ്പ് നിറമാണെങ്കിൽ, ഇത് ആൽക്കലൈൻ വാട്ടർ (Alkaline Water) ആണ്. ഇതിന്റെ pH മൂല്യം കൂടുതലായിരിക്കും. ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു. ഇതിന് വിപണിയിൽ വില അല്പം കൂടുതലായിരിക്കും.

പച്ച നിറമാണെങ്കിൽ ഇത് ഫ്ലേവേർഡ് വാട്ടർ (Flavored Water) ആണെന്നാണ് സൂചിപ്പിക്കുന്നത്. അതായത് നാരങ്ങയോ മറ്റ് രുചികളോ ഇതിൽ ചേർത്തിട്ടുണ്ടാവും. ഇത് സാധാരണ വെള്ളത്തിന് പകരമല്ല, ഒരു പാനീയമായി മാത്രം കണക്കാക്കാം.

ചുവപ്പ് നിറമാണെങ്കിൽ ഇത് സ്പാർക്ലിംഗ് അല്ലെങ്കിൽ സോഡാ (Sparkling/Carbonated) ആണ്. ഗ്യാസ് നിറച്ച വെള്ളമാണിത്.

മഞ്ഞ നിറമാണെങ്കിൽ ഇതിൽ വിറ്റാമിനുകൾ (Vitamin Enriched Water) അടങ്ങിയിരിക്കുന്നു. ഇലക്ട്രോലൈറ്റുകളും വിറ്റാമിനുകളും ഇതിൽ അധികമായി ചേർത്തിട്ടുണ്ടാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയിൽ FSSAI ആണ് കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നത്.

ഏത് കുപ്പിവെള്ളം വാങ്ങുമ്പോഴും അതിൽ ISI മുദ്ര ഉണ്ടെന്ന് ഉറപ്പുവരുത്തണം.

അടപ്പിന്റെ നിറം ഒരു സൂചന മാത്രമാണ്. കൃത്യമായ വിവരങ്ങൾക്കും കാലാവധി അറിയുന്നതിനും കുപ്പിയിലെ ലേബൽ പരിശോധിക്കുക.

പ്ലാസ്റ്റിക് കുപ്പികൾ വെയിലത്ത് വെക്കുന്നത് വളരെ അപകടമാണ്. ചൂടാകുമ്പോൾ പ്ലാസ്റ്റിക്കിലെ ബിപിഎ (BPA) പോലുള്ള രാസവസ്തുക്കൾ വെള്ളത്തിൽ കലരാം. കൂടാതെ, ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.