by Midhun HP News | Aug 13, 2026 | Latest News, ജില്ലാ വാർത്ത
പേയ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ആറ്റിങ്ങലും സ്വയംവര സിൽക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ആൾ ഇന്ത്യ വിനീത് മെമ്മോറിയൽ സോഫ്റ്റ് ബോൾ ടെന്നീസ് ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റ് – പേയ്സ് കപ്പ് 2026നു നാളെ തുടക്കമാകും.

കേരളത്തിലെ ശ്രദ്ധേയമായ ഫ്ളഡ് ലൈറ്റ് സോഫ്റ്റ് ബോൾ ടെന്നീസ് ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായ PACE CUP ഈ വർഷവും 2026 ആഗസ്റ്റ് 14, 15, 16 തീയതികളിൽ നടക്കും. ആറ്റിങ്ങൽ വലിയകുന്ന്, ഗവ. പോളിടെക്‌നിക് കോളേജ് ഗ്രൗണ്ട് വച്ചാണ് ടൂർണമെന്റ് നടക്കുക. നാളെ രാത്രി 7 മണിയ്ക് എം പി എ എ റഹിം ഉദ്ഘാടനം നിർവഹിക്കും.ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക അധ്യക്ഷയാകും.ചടങ്ങിൽ മറ്റു വിശിഷ്ട അതിഥികളും പങ്കെടുക്കും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ ഈ അഖിലേന്ത്യാ ടൂർണമെന്റിൽ പങ്കെടുക്കും.

വിജയികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. റണ്ണെഴ്സ് പ്രൈസ് 50,000, സെമിഫൈനലിൽ എത്തുന്നവർക്ക് 20,000 രൂപ, ക്വാർട്ടർ ഫൈനലിൽ എത്തുന്നവർക്ക് 10,000 രൂപയും സമ്മാനമായി ലഭിക്കും.

by Midhun HP News | Aug 13, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് – വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം പശ്ചിമ ബംഗാള്‍ തീരത്തിന് മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗംഗാതട പശ്ചിമ ബംഗാളിനും ഝാര്‍ഖണ്ഡിനും മുകളിലൂടെ സഞ്ചരിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
കേരളം – കര്‍ണാടകം – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


by Midhun HP News | Aug 13, 2026 | Latest News, കായികം
മയാമി: പിതാവിന്റെ മരണത്തിന് ദിവസങ്ങള്‍ക്ക് ശേഷം ലയണല്‍ മെസി കളിക്കളത്തില്‍ തിരിച്ചെത്തി. പിതാവും മനേജരുമായിരുന്ന ഹോര്‍ഹെ മെസിയുടെ വിയോഗമേല്‍പ്പിച്ച ആഘാതത്തെക്കുറിച്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ തന്റെ കരിയര്‍ തുടരുന്ന കാര്യത്തില്‍ ആശങ്ക പങ്കുവച്ചതിന് പിന്നാലെയാണ് കളത്തില്‍ തിരികെയെത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മെസി മയാമിക്കായി കളത്തിലിറങ്ങി.

മത്സരത്തില്‍ മൂന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മയാമി പരാജയപ്പെട്ടു. മെസിയെ വലിയ കരഘോഷത്തോടെയാണ് ആളുകള്‍ വരവേറ്റത്. പിതാവിന്റെ വിയോഗ ശേഷമുള്ള മെസിയുടെ ആദ്യമത്സരമായിരുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ, സ്വദേശമായ റൊസാരിയോയില്‍വച്ച് ഓഗസ്റ്റ് എട്ടിനായിരുന്നു ഹോര്‍ഹെ മെസിയുടെ അന്ത്യം.
പിതാവിന്റെ മരണത്തെ തുടര്‍ന്ന് മയാമി ക്യാപ്റ്റന്‍ മെസിക്ക് കളിയില്‍ നിന്ന് അവധി നല്‍കിയിരുന്നു. കളിക്കളത്തില്‍ നിന്ന് മെസി നീണ്ട അവധിയെടുക്കുമെന്ന് തോന്നിച്ചെങ്കിലും അപ്രതീക്ഷിതമായി മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തി. മത്സരത്തിന്റെ രണ്ടാം പകുതി മുഴുവനായി മെസി കളിക്കുകയും ചെയ്തു.
മെസി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ്
അച്ഛാ, എന്നോടൊപ്പം താങ്കൾ ഇല്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇനി അച്ഛനെ കാണാനോ സംസാരിക്കാനോ കഴിയില്ലെന്ന് ചിന്തിക്കാൻ പോലും എനിക്ക് ബുദ്ധിമുട്ടാണ്. താങ്കൾ ഏറെ വേദന അനുഭവിച്ചിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ ഇത്ര നേരത്തെ പോകുമെന്ന് കരുതിയില്ല” ഒരുമിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ ആസ്വദിക്കാനുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഞാന്‍ കളിക്കണമെന്ന് താങ്കള്‍ അത്രയധികം ആഗ്രഹിച്ചിരുന്നു, എന്നാല്‍ അത് തുടങ്ങുന്നതിന് തൊട്ടു മുന്‍പ് നിങ്ങളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഒരു ടൂര്‍ണമെന്റില്‍ താങ്കള്‍ എന്നോടൊപ്പം ഉണ്ടാകാത്തത് ഇതാദ്യമായിരുന്നു.

ഓരോ മത്സരം കഴിയുമ്പോഴും നിങ്ങളുടെ സന്ദേശത്തിനായി ഞാന്‍ കാത്തിരുന്നു. സാഹചര്യം വളരെ മോശമാണെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്. എങ്കിലും, ഞാന്‍ കളിയില്‍ എത്രത്തോളം മുന്നോട്ട് പോകുന്നുവോ അത്രയും സമയം നിങ്ങള്‍ക്ക് മത്സരം കാണാന്‍ ലഭിക്കുമെന്ന് ഞാന്‍ കരുതി. നമ്മള്‍ ഫൈനലില്‍ എത്തിയെങ്കിലും താങ്കള്‍ക്ക് അവിടെ ഉണ്ടാകാന്‍ കഴിഞ്ഞില്ല. ഞാന്‍ തിരിച്ചെത്തിയപ്പോള്‍, പെനല്‍റ്റി ഷൂട്ടൗട്ടില്‍ നമ്മള്‍ ഫൈനല്‍ തോറ്റു എന്നാണ് താങ്കള്‍ കരുതിയത്. നമുക്ക് സംഭവിച്ച ഒന്നിനെക്കുറിച്ചും സംസാരിക്കാന്‍ കഴിഞ്ഞില്ല. താങ്കള്‍ക്കൊന്നും ആസ്വദിക്കാന്‍ പറ്റിയില്ല.
“അച്ഛനില്ലാതെ ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല. എങ്ങനെ മുന്നോട്ട് പോകുമെന്നും അറിയില്ല. ഫുട്ബോളിൽ തുടരണമോ എന്നതിനെക്കുറിച്ചുപോലും ഇപ്പോൾ എനിക്ക് ഒരുപാട് സംശയങ്ങളുണ്ട്.അവസാനത്തിലേക്ക് വളരെ കുറച്ചു ദൂരം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് താങ്കള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കാന്‍ കഴിയാതിരുന്നത്? എങ്കില്‍ നമുക്ക് ഒരുമിച്ച് ആ ഫിനിഷിങ് ലൈനിലേക്ക് എത്താമായിരുന്നില്ലേ?.
താങ്കള്‍ എനിക്ക് അച്ഛനും സുഹൃത്തും ഒക്കെയായിരുന്നു. ഓരോ നിമിഷത്തിലും താങ്കള്‍ എനിക്ക് എന്തായിരിക്കണമോ അങ്ങനെ തന്നെയായിരുന്നു, ഒന്നിനും താങ്കള്‍ക്ക് തെറ്റുപറ്റിയിട്ടില്ല. ചില കുറ്റപ്പെടുത്തലുകള്‍ക്കോ വഴക്കുകള്‍ക്കോ അപ്പുറം താങ്കള്‍ പറഞ്ഞതായിരുന്നു എപ്പോഴും ശരി. ഒടുവില്‍ കാര്യങ്ങളെല്ലാം താങ്കള്‍ പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത്. ഞാന്‍ താങ്കളെ ഒരുപാട് മിസ്സ് ചെയ്യും, എങ്കിലും താങ്കള്‍ എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാകും; പ്രത്യേകിച്ചും എന്റെ കുട്ടികളെ വളര്‍ത്തുന്നതില്‍, കാരണം താങ്കള്‍ എന്നെ എങ്ങനെയാണോ പഠിപ്പിച്ചതും വളര്‍ത്തിയതും അതുപോലെ തന്നെയാണ് ഞാന്‍ അവരെയും വളര്‍ത്തുന്നത്. സമാധാനമായി വിശ്രമിക്കൂ, ഇവിടെ ചെയ്തതുപോലെ മുകളില്‍ നിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കൂ. എല്ലാത്തിനും നന്ദി. ഐ ലവ് യു,

by Midhun HP News | Aug 13, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ സഭയിലെത്തിയെങ്കിലും ചർച്ചകളൊന്നുമില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു.

നീറ്റ് വിഷയത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് അമിത് ഷാ മുൻപ് അറിയിച്ചിരുന്നെങ്കിലും അവസാന ദിനം സഭയിൽ പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വരികയും പുറത്ത് മകർ ദ്വാറിന് മുൻപിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ചേമ്പറിൽ സംഘടിപ്പിച്ച പരമ്പരാഗത ചായസംഗമം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ പാർട്ടി നേതാക്കളും പങ്കെടുക്കുന്ന പതിവുചടങ്ങിൽ നിന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ സഭാ നേതാക്കൾ വിട്ടുനിന്നു. അതേസമയം ഡിഎംകെ നേതാവ് കനിമൊഴി ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയ എൻ.ഡി.എ നേതാക്കളും പങ്കെടുത്തു . രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ പ്രമുഖ നേതാക്കളെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നത് ഭരണ-പ്രതിപക്ഷ ബന്ധത്തിലെ വിള്ളലാണ് വ്യക്തമാക്കുന്നത്.


by Midhun HP News | Aug 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം നെടുമങ്ങാട് കുടുംബ കലഹത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയശേഷം കിണറ്റിൽ ചാടിയ യുവതി മരിച്ചു. വെമ്പായം തേക്കട ചീരാണിക്കര കാരംകോട് നെയ്തോട് തടത്തരികത്തു വീട്ടിൽ സൗമ്യ (32) ആണ് മരിച്ചത്.
രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് സജിക്ക് ഗുരുതരമായി പരിക്കേറ്റു. സജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ വാടകയ്ക്ക് താമസിക്കുന്ന ആനാട് വട്ടറത്തലയിലെ വീട്ടിൽവച്ചാണ് ചൊവ്വാഴ്ച സംഭവം.

സൗമ്യ തീകൊളുത്തിയതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സജിക്കും പൊള്ളലേറ്റത്. പിന്നാലെ സൗമ്യ കിണറ്റിൽ ചാടുകയായിരുന്നു. തുടർന്ന് സജിയും കിണറ്റിൽ ചാടി. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഇരുവരെയും കിണറ്റിൽനിന്ന് കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സൗമ്യ ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. സജിക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനു പുറമെ തലയ്ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മകൻ: ഇവാൻ.
സയന്റിഫിക്, ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ അതിജീവന പ്രയാസങ്ങളോ അനുഭവപ്പെടുമ്പോൾ സഹായം തേടാൻ മടിക്കരുത്. വിദഗ്ദ്ധരുടെ മാനസികാരോഗ്യ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ (DISHA – കേരള സർക്കാർ): 1056 / 0471 2552056
മൈത്രി (Maithri): 0484 2540530
ടെലി-മാനസ് (Tele-MANAS): 14416


by Midhun HP News | Aug 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ് എംപിയെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചയാള്‍ വിഡ്ഢിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നേരത്തെ കോണ്‍ഗ്രസ് എംപി ജയറാം രമേശും തന്നെ ലുങ്കിവാല എന്നുവിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെയാണ് ജോണ്‍ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് ലുങ്കിവാല എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
‘ഞാന്‍ ലുങ്കിവാലയാണെന്ന് ജയറാം രമേശ് പറഞ്ഞിട്ടുണ്ടല്ലോ?. ജയറാം രമേശ് ഒരു വിഡ്ഢിയാണ്. അതുകൊണ്ട് താന്‍ അക്കാര്യത്തില്‍ പ്രതികരിച്ചില്ല. അങ്ങനെ ആരു പറഞ്ഞാലും വിഡ്ഡിത്തമാണ്. അത് റേസിസം ആയി കാണുന്നില്ല. ജയറാം രമേശ് വിഡ്ഡിയാണ്, ലുങ്കിവാല പരാമര്‍ശം നടത്തിയ എംപിയും വിഡ്ഡിയാണ്. ആര് എന്ത് കഴിക്കുന്നു, എന്ത് ഉടുക്കുന്നു എന്നതല്ല ചര്‍ച്ച ചെയ്യേണ്ടത്. ചര്‍ച്ച ചെയ്യേണ്ട എന്തെല്ലാം കാര്യങ്ങളുണ്ട്. ഇത്തരം വിവാദങ്ങളുടെ വാല് പിടിച്ച് ഓടുന്നതില്‍ പങ്കെടുക്കാന്‍ എനിക്ക് താത്പര്യമില്ല’- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

‘വന്ദേമാതരം മുഴുവനായി പാടണമെന്ന നിയമം പാസാക്കിയത് പാര്‍ലമെന്റാണ്. ദേശീയഗാനം പാടാന്‍ ആര്‍ക്കും വിഷമമുണ്ടാകരുത്. നമ്മള്‍ ഭാരതീയരാണ്. ദേശീയഗാനവും ദേശീയഗീതവും പാടുന്നത്‌കൊണ്ട് എന്താണ് വിഷമം. മുസ്ലീം ലീഗിന് വിഷമം ഉണ്ടെങ്കില്‍ എന്തുകൊണ്ട്?’ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
ഏത് മാധ്യമം ആയാലും ക്രിമിനല്‍ ആക്ടിവിറ്റിക്കോ, ദേശവിരുദ്ധ പ്രവര്‍ത്തനത്തിനോ ഉപയോഗിക്കാന്‍ പാടില്ലെന്നതാണ് തന്റെയും പാര്‍ട്ടിയുടെയും നയം. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതില്‍ പരിശോധന നടക്കണം. മെസി സന്ദര്‍ശനത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തില്‍ അന്വേഷണം വേണമെന്നും രാജിവ് ചന്ദ്രശേഖരന്‍ പറഞ്ഞു.


Recent Comments