മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. അടുത്തിടെ 2 ഐസിയുകളിലായി 100 ഐ.സി.യു. കിടക്കകള്‍ സജ്ജമാക്കിയിരുന്നു. എസ്എടി ആശുപത്രിയില്‍ പീഡിയാടിക് കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റ് സജ്ജമാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്കു മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയാ തീയറ്റര്‍ സ്ഥാപിച്ചത്. പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിനായി മെഡിക്കല്‍ കോളേജില്‍ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുന്നതാണ്. ഇതിനായി ബജറ്റില്‍ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് കൂടാതെയാണ് വിവിധ ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്താക്കി.

3 അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍ 30.90 ലക്ഷം, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം 25 ലക്ഷം, ഹാര്‍ട്ട് ലങ്ങ് മെഷീന്‍ വിത്ത് ഹീറ്റര്‍ കൂളര്‍ യൂണിറ്റ് 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസര്‍ 10 ലക്ഷം, വെന്റിലേറ്റര്‍ ഹൈ എന്‍ഡ് 12 ലക്ഷം, വെന്റിലേറ്റര്‍ പോര്‍ട്ടബിള്‍ 6.61 ലക്ഷം, വെന്റിലേറ്റര്‍ 10 ലക്ഷം, വെന്റിലേറ്റര്‍ ആന്റ് ഹുമിഡിഫിയര്‍ 26 ലക്ഷം, പീഡിയാട്രിക് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ 7.07 ലക്ഷം, 3 ഡി ലാപ്രോസ്‌കോപിക് സെറ്റ് 17 ലക്ഷം, ഓട്ടോമെറ്റിക് എലിസ പ്രൊസസര്‍ 42.80 ലക്ഷം, ലോ ടെമ്പറേച്ചര്‍ പ്ലാസ്മ സ്റ്റെറിലൈസര്‍ 55 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് 14 ലക്ഷം, എം.ആര്‍.ഐ. കമ്പാറ്റിബിള്‍ ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍ 15 ലക്ഷം, ഹൈഎന്‍ഡ് മോണിറ്റര്‍ 10 ലക്ഷം, ഹീമോഡയാലിസിസ് മെഷീന്‍ 10.59 ലക്ഷം, ഇഎംജി/എന്‍സിവി/ഇപി മെഷീന്‍ 14 ലക്ഷം, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ 10 ലക്ഷം, ഇലക്‌ട്രോ ഹൈട്രോളിക് ഓപ്പറേഷന്‍ ടേബിള്‍ 12 ലക്ഷം എന്നിങ്ങനെയാണ് തുകയനുവദിച്ചത്.

സിനിമാ തീയേറ്ററുകൾ ഒക്ടോബർ 25ന് തന്നെ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ സിനിമാ തീയേറ്ററുകൾ ഒക്ടോബർ 25ന് തന്നെ തുറക്കും. മന്ത്രി സജി ചെറിയാനുമായി സിനിമാ സംഘടനകൾ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീയേറ്ററുകൾ തിങ്കളാഴ്ച്ച തന്നെ തുറക്കാൻ തീരുമാനമായത്. മുന്നോട്ടുവച്ച ആവശ്യങ്ങൾ പരി​ഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതായി സംഘടനകൾ വ്യക്തമാക്കി.

വിനോദ നികുതിയിൽ ഇളവ് നൽകണം, തീയേറ്റർ പ്രവർത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയേറ്റർ ഉടമകളുടെ സംഘടനകൾ സർക്കാരിന് മുന്നിൽ ഉന്നയിച്ചത്.

ആറ് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തീയേറ്ററുകൾ തുറക്കുന്നത്. ജീവനക്കാർക്കും പ്രേക്ഷകർക്കും 2 ഡോസ് വാക്സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്. അന്‍പത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവര്‍ത്തനം അനുവദിച്ചിട്ടുള്ളത്.

കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ല്; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവർമാർ നടത്തിയ കൂട്ടത്തല്ലിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കഴുത്തിന് കുത്തേറ്റ് ചികിത്സയിലായിരുന്ന കുന്നിക്കോട് സ്വദേശി രാഹുലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിഞ്ഞതായിരുന്നു മരണകാരണം. 

ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വടിവാളും, കരിങ്കല്ലും, ഇരുമ്പ് ബോർഡുമടക്കം ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ രാഹുലിനായിരുന്നു ഗുരുതരമായി പരുക്കേറ്റത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുള്ള തൊഴിൽ തർക്കങ്ങളും സാമ്പത്തിക തർക്കങ്ങളുമായിരുന്നു ഏറ്റുമുട്ടലിലേക്ക് നയിച്ചത്. 

രാഹുലിനൊപ്പം കുത്തേറ്റ വിഷ്ണു, സഹോദരൻ വിനീത് എന്നിവർ ചികിൽസയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖിൽ , സജയകുമാർ , വിജയകുമാർ , ലിജിൻ , രാഹുൽ , സച്ചു എന്നിവരാണ് അറസ്റ്റിലായത്.

കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ആറ്റിങ്ങൽ യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, പെൻഷൻ കൃത്യമായി മൽകുക, 3 വർഷത്തെ ഉത്സവ ബത്ത കുടിശ്ശിക ഉടൻ നൽകുക, പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. കെഎസ്ആർടിസി പിഒ ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് കെ പി ആർ പോറ്റി ധർണ ഉത്‌ഘാടനം ചെയ്തു. വി എസ് രാഘുനാഥൻ നായർ (സെക്രട്ടറി), മണികണ്ഠൻ നായർ (ട്രഷറർ ), കൃഷ്ണൻ കുട്ടി (വൈസ് പ്രസിഡന്റ്), സംസ്ഥാന സമിതി അംഗം എം ജലാലുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗം എം എ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.

കിളിമാനൂർ ടൗൺ യു.പി.സ്കൂൾ പരിസരവും സമീപ റോഡും ശുചീകരിച്ചു

കിളിമാനൂർ: സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ടൗൺ യു.പി.എസ്സ് പരിസരവും സമീപ റോഡിന്റെ ഇരു വശവും സിപിഎം കുന്നുമ്മൽ, ഗുരുമന്ദിരം ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. കിളിമാനൂർ പോലീസ് പിടിച്ചെടുത്തതും അപകടത്തിൽപ്പെട്ടതുമായ വാഹനങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ, സനൂജ്, സബ് ഇൻസ്‌പെക്ടർ വിജിത് കെ. നായർ, എന്നിവരുടെ മേൽ നോട്ടത്തിൽ മാറ്റിയിടുകയും ചെയ്തു.

കിഫ്‌ബി ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി രൂപ വിനിയോഗിച്ച് ടൌൺ യു.പി.എസിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം വിദ്യാ ഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഒക്ടോബർ 23 ന് വൈകുന്നേരം 5മണിക്ക് നിർവഹിക്കും. കിളിമാനൂർ പോലീസ്, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്. വാർഡ് മെമ്പർ എൻ.സലിൽ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി S. രഘു നാഥൻ, ഹെഡ്മിസ്ട്രസ് ജയന്തി, ബ്രാഞ്ച് സെക്രട്ടറി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.