by admin | Oct 7, 2021 | Latest News, കേരളം, ജില്ലാ വാർത്ത
കിഴുവിലം പഞ്ചായത്തിലെ തെന്നൂർകോണം പതിനൊന്നാം വാർഡിലെ രേവതിയിൽ വ്യത്യസ്തങ്ങളായ
രോഗങ്ങൾ കൊണ്ടും സാമ്പത്തിക പിന്നോക്കാവസ്ഥ യിലും ജീവിതം മുന്നോട്ടു നയിക്കുന്ന കുടുംബഅംഗമായ സന്തോഷ് കുമാർ (51) നാണ് കൈത്താങ്ങായി ആറ്റിങ്ങലിലെ വൈസ്മാൻ ക്ലബ് കൂട്ടായ്മ എത്തിയത്. മാനസിക രോഗിയായ ഭാര്യ മഞ്ജുഷ (43) ഓട്ടിസം ബാധിച്ച മകൾ സുജിഷ (21) എന്നിവരുടെ ആശുപത്രി ചിലവിന് പോലും വകയില്ലാതെ സുമനസ്സുകളുടെ സഹായം കൊണ്ട് മാത്രമാണ് ഈ കുടുംബം ജീവിതം പുലർത്തുന്നത്. ഇലക്ട്രോണിക്സ് ജീവനക്കാരനായിരുന്ന സന്തോഷിന് ഇപ്പോൾ പണിയും ഇല്ല പണി കിട്ടിയാൽ തന്നെ പോകാൻ കഴിയാത്ത അവസ്ഥയിലുമാണ്. കൂടാതെ സന്തോഷിനും ചെറിയ തോതിൽ മാനസിക രോഗമുണ്ട്. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിന് സ്വന്തമായി ഒരു കിണർ പോലും ഇല്ല. വെള്ളം ശേഖരിക്കാൻ നന്നേ ബുദ്ധിമുട്ടിയിരുന്ന സന്തോഷ് പൈപ്പ് വെള്ളം ശേഖരിച്ചു വെക്കുവാനായി ഒരു വാട്ടർ ടാങ്ക് അനുവദിച്ചു നൽകണമെന്ന അപേക്ഷയുമായി പഞ്ചായത്തിനെ സമീപിക്കുകയുണ്ടായി. നിലവിൽ അത്തരം സ്കീമുകൾ പഞ്ചായത്തിൽ ലഭ്യമല്ലാത്തതിനാൽ കിഴുവിലം പഞ്ചായത്ത് സെക്രട്ടറിയുടെ ഇടപെടലിലൂടെ ആറ്റിങ്ങലിലുള്ള വൈസ് മാൻ ക്ലബ്ബ് ഗാന്ധിജയന്തി ദിനത്തിൽ കിഴുവിലം പഞ്ചായത്തിൽ വച്ച് ആയിരം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്ക് ക്ലബ് സന്തോഷിന് കൈമാറി.
ചടങ്ങിൽ ക്ലബ് ഭാരവാഹികളായ
വൈസ്മാൻ സജി സതീശൻ, സെക്രട്ടറി ശശിധരൻ നായർ, ട്രഷറർ സുദർശനൻ,മറ്റു ക്ലബ് ഭാരവാഹികൾ കിഴുവിലം പഞ്ചായത്ത് സെക്രട്ടറി സ്റ്റാർലി, പതിനൊന്നാം വാർഡ് മെമ്പർ കടയറ ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
by admin | Oct 7, 2021 | Latest News, ജില്ലാ വാർത്ത
മാതൃരാജ്യത്തിന്റെ മോചനത്തിനായി ധീരധീരം പോരാടിയ വീരരക്തസാക്ഷികൾക്കും ധീരദേശാഭിമാനികൾക്കും കണ്ണിലെ കൃഷ്ണമണി പോലെ രാപ്പകൽ ഭേദമില്ലാതെ അതിർത്തികളിൽ കാവൽ നില്ക്കുന്ന വീരജവാന്മാർക്കും കോടി കോടി പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട് ഒരുക്കുന്ന “വന്ദേഭാരത് ” ഖൗമി വീഡിയോ ഗാനത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ റിലീസ് ചെയ്തു. അമൃത് മഹോത്സവത്തിന്റെ ഭാഗമായി, ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനു ബ്ബന്ധിച്ച്, ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, രാഷ്ട്രഭാഷയായ ഹിന്ദിയിലൊരുക്കുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള ഖൗമി വീഡിയോ ഗാനം 1001 ഗായകരുടെ സ്വരമാധുരിയിലൂടെയാണ് പുറത്തുവരുന്നത്.
9 പേർ ഭാരതത്തിന്റെ വൈവിധ്യ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന 90 കഥാപാത്രങ്ങളാകുന്നുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. കേരളത്തിലെ 14 ജില്ലകളിലെയും ഗായകരുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നതാണ്. ഇത്തരം സവിശേഷതകളുമായെത്തുന്ന ഖൗമി ഗാനം ലോകചരിത്രത്തിൽ ആദ്യമാണ്. അതുകൊണ്ടുതന്നെ വന്ദേഭാരത് ലക്ഷ്യമിടുന്നത് ലോക ഗിന്നസ്സ് നേട്ടമാണ്. 40 ദിവസം കൊണ്ട് ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിലായി ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദേശഭക്തി ഗാനത്തിന്റെ അണിയറ പ്രവർത്തകരെല്ലാം മലയാളികളാണ്. ഗ്രൂപ്പ് എം പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ എന്നിവർ ചേർന്നാണ് വന്ദേഭാരത് നിർമ്മിക്കുന്നത്. ദൃശ്യാവിഷ്ക്കാരം നിർവ്വഹിക്കുന്നത് ശെൽ ഭാസ്ക്കറാണ്. ബാനർ – ഗ്രൂപ്പ് എം പ്രൊഡക്ഷൻസ്, നിർമ്മാണം – പ്രശാന്ത് കൃഷ്ണൻ , മോഹനൻ കെ , ദിലീപ് മാസ്റ്റർ, സംവിധാനം – ശെൽ ഭാസ്ക്കർ, ഛായാഗ്രഹണം – സന്തോഷ് ശ്രീരാഗം, പ്രോഗ്രാം കൺവീനർ – ഗോപിനാഥ് വന്നേരി, ഗാനരചന – പ്രൊഫ. ഡോക്ടർ മനു, സംഗീതം – ബിഷോയ് അനിയൻ, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞാറമൂട്, സഹസംവിധാനം – ഷൈജു ദേവദാസ് , ചമയം – ഷിജു താനൂർ, വസ്ത്രാലങ്കാരം – ബാലൻ പുതുക്കുടി, ഡിസൈൻസ് – അനീഷ് ഇൻ ആർട്ട്, സ്റ്റിൽസ് – ഷമീർ പട്ടമടക്കാവ്, ഗതാഗതം – ബിജു തളിക്കുളം, പ്രൊഡക്ഷൻ മാനേജർ – സുന്ദർജി തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.
by admin | Oct 7, 2021 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: കർഷക സംഘം കിളിമാനൂർ ഏരിയ കൺവെൻഷൻ ജയദേവൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്നു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ ഏരിയ കമ്മിറ്റിയംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ ഉപഹാരം നൽകി. കർഷക സംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ, സംസ്ഥാന കമ്മിറ്റി അംഗം ഹരിഹരൻ പിള്ള, ഏരിയ പ്രസിഡന്റ് ഡോ.വിജയൻ, ജില്ലാകമ്മിറ്റി അംഗം ബിജിമോൾ തുടങ്ങിയവർ പങ്കെടുത്തു.
by admin | Oct 7, 2021 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസര്‍ഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,77,128 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,62,444 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,684 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1016 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 1,18,744 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,952 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂര്‍ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂര്‍ 398, കാസര്‍ഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,18,408 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.16 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,48,81,668), 43.14 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,15,23,278) നല്‍കി.
· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,19,745)
· 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.
· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 12,288 പുതിയ രോഗികളില്‍ 10,271 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3451 പേര്‍ ഒരു ഡോസ് വാക്‌സിനും 3550 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 3270 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.
· സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെയുള്ള കാലയളവില്‍, ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 29,960 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 12%, 24%, 10%, 8%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
· ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
by admin | Oct 7, 2021 | Informations & Vaccancy, Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കൃഷി അസിസ്റ്റന്റ് ഡയക്ടറുടെ പരിധിയിലെ ഏഴ് പഞ്ചായത്ത് കൃഷിഭവനുകളുടേയും ഒരു മുനിസിപ്പൽ കൃഷിഭവന്റേയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പുകൾ, ആഴ്ച്ചചന്തകൾ എന്നിവയെ ഏകോപിപ്പിച്ച് കർഷകർക്ക് കാർഷിക വിപണനം ആദായമാക്കുക എന്ന ഉദ്ദേശ്യത്തിനായി കർഷകമിത്രയെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

അതാത് കൃഷിഭവൻ ഏരിയയിൽ ഉള്ള 20 മുതൽ 50 വയസ്സുവരെ ഉള്ള യുവതീയുവാക്കളിൽ നിന്നും കൃഷി ആഫീസർ മുഖേന അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർക്ക് കംമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ അടിസ്ഥാന പരിജ്ഞാനം, ഇരുചക്രവാഹന ലൈസൻസ്, സ്വന്തമായി ആൻഡ്രോയിഡ് ഫോൺ എന്നിവ അഭികാമ്യം. മികച്ച ആശയ വിനിമയ പാടവം ആവശ്യമാണ്. കർഷകമിത്രയായി തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് പ്രവർത്തനത്തിന് ആനുപാതികമായി 5000 രൂപ വരെ പ്രോത്സാഹന ധനസഹായത്തിന് സാദ്ധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അതാത് കൃഷി ആഫീസുകളുമായി ബന്ധപ്പെടുക.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 8 വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണി വരെ.




Recent Comments