by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ബംഗലൂരു: കര്‍ണാടകയില്‍ ക്വാറി അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബംഗലൂരു സൗത്ത് താലൂക്കിലെ മദപട്ടണയിലെ കാവേരി ക്രഷര്‍ ആന്റ് ക്വാറിയിലാണ് രാവിലെ അപകടമുണ്ടായത്.
വലിയ പാറക്കല്ല് ക്വാറിയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. നേരത്തെ പൊളിച്ചു മാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. ഇതിനിടെ പാറക്കല്ലുകള്‍ താഴെ ജോലി ചെയ്തിരുന്നവരുടെ മേല്‍ പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ക്വാറിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാറക്കഷണങ്ങള്‍ക്കിടയില്‍ കൂടുതല്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. മരിച്ചവരില്‍ ബഹുഭൂരിപക്ഷവും ബിഹാര്‍ സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

by Midhun HP News | Jul 2, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ മെഡിക്കല്‍ സയന്‍സ് (NBEMS). ഈ വര്‍ഷത്തെ നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 30ന് നടക്കും. സെപ്റ്റംബര്‍ 30നുള്ളില്‍ പരീക്ഷാ ഫലം വരും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 രാത്രി 11.55 വരെയാണ്. പരീക്ഷാകേന്ദ്രങ്ങള്‍ ഓഗസ്റ്റ് പതിനൊന്നിന് പ്രസിദ്ധീകരിക്കും.പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ മാറ്റം വരുത്തി. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കില്ല. ആദ്യ ഓപ്ഷന്‍ നല്‍കേണ്ടത് വിലാസത്തിലെ സംസ്ഥാനമാണ്. ബാക്കി രണ്ടെണ്ണംഅയല്‍ സംസ്ഥാനങ്ങള്‍ നല്‍കണം. വിലാസവും സംസ്ഥാനങ്ങളും മാറ്റാന്‍ ആകില്ല. ആധാര്‍ അടിസ്ഥാനമാക്കിയാവും ബയോ മെട്രിക് വെരിഫിക്കേഷന്‍
പരീക്ഷയ്ക്കുള്ള യോഗ്യതയും അപേക്ഷാ നിയമങ്ങളും ശ്രദ്ധാപൂര്‍വം വായിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉദ്യോഗാര്‍ഥികള്‍ മൂന്ന് മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ, ഒപ്പ് മറ്റുള്ളവ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അപ്ലോഡ് ചെയ്യണം.,ഓഥന്റിക്കേഷന്‍, ഐഡന്റിറ്റി വെരിഫിക്കേഷന്‍, ബയോമെട്രിക് വെരിഫിക്കേഷന്‍, സെക്യൂരിറ്റി നടപടികള്‍ എന്നിവ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിനായി നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും NBEMS എല്ലാ ഉദ്യോഗാര്‍ത്ഥികളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഔദ്യോഗിക രേഖ പ്രകാരം NEET PG 2026 പരീക്ഷാ ഫലം സെപ്റ്റംബര്‍ 30-നകം പ്രഖ്യാപിക്കും.

by Midhun HP News | Jul 2, 2026 | Latest News, കേരളം
ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതിനെ തുടർന്ന് യാത്രക്കാർ കൈവിട്ട് നഷ്ടത്തിലായ സ്വകാര്യബസുകളെ രക്ഷിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുനഃക്രമീകരിക്കും. സ്വകാര്യ ബസുകളുമായി മത്സരിച്ച് ഓടിയിരുന്ന പാതകളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ ഓർഡിനറി ബസുകളുടെ ഷെഡ്യൂൾ പുനഃക്രമീകരിക്കാനാണ് നീക്കം.
സ്വകാര്യബസുകാർക്കും യാത്രക്കാരെ കിട്ടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ സമയത്തിൽ അഞ്ചുമുതൽ പത്ത് മിനിറ്റുവരെ മാറ്റംവരുത്താനാണ് തീരുമാനം. 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനം ഷെഡ്യൂളുകൾ സ്വകാര്യബസുകാരെ ബാധിക്കുന്ന വിധത്തിലാണെന്നാണ് പ്രാഥമിക നിഗമനം.
വരുമാനം പരമാവധി ഉയർത്താനുള്ള നിർദേശപ്രകാരം തയാറാക്കിയ ഷെഡ്യൂളുകളാണ് ഇപ്പോഴുമുള്ളത്. ചില പാതകളിൽ യാത്രക്കാരെ കിട്ടാൻ സ്വകാര്യബസുകളുമായി മത്സരിച്ച് ഓടിയിരുന്നു. റൂട്ട് കോൺഫറൻസുകളിൽ സ്വകാര്യബസുകാരുമായി തർക്കിച്ച് കൂടുതൽ യാത്രക്കാരെ കിട്ടുന്ന സമയവും സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ ഓടിക്കുന്ന പ്രവണതയുമുണ്ടായിരുന്നു. പരമാവധി വരുമാനമുണ്ടാക്കണമെന്ന സമ്മർദമാണ് ഡിപ്പോ മേധാവികളെ ഇതിലേക്ക് നയിച്ചത്.
സൗജന്യയാത്ര പ്രഖ്യാപിച്ചപ്പോഴും ഇതിൽ മാറ്റം വരുത്തിയിരുന്നില്ല. ചില പാതകളിൽ ആവശ്യത്തിലധികം പ്രിയദർശിനി ഓർഡിനറികൾ ഉള്ളതായും പരാതിയുണ്ട്. അതേസമയം, മറ്റുചില റൂട്ടുകളിൽ സൗജന്യയാത്ര പരിമിതമാണ്. സർക്കാർ നൽകുന്ന സൗജന്യയാത്രയുടെ ഗുണം കൂടുതൽ ബസുകളുള്ള തെക്കൻ ജില്ലകളിൽപോലും എല്ലാ റൂട്ടുകളിലും ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തിലെ 320 സിറ്റി ഫാസ്റ്റുകളും ചില റൂട്ടുകൾ കേന്ദ്രീകരിച്ചാണ് ഓടുന്നത്. അതേസമയം, മറ്റുചില പാതകളിൽ പൂർണമായും പ്രിയദർശിനി ബസുകൾ മാത്രമാണുള്ളത്.
സ്വകാര്യബസുകാരുമായി റൂട്ട് പങ്കിടുന്ന മേഖലകളിൽ പ്രിയദർശിനി പദ്ധതി ആരംഭിച്ചശേഷം സ്വകാര്യബസുകാരുടെ വരുമാനത്തിൽ പ്രതിദിനം 1500 മുതൽ 2000 രൂപയുടെ വരെ കുറവുണ്ടാകുന്നുവെന്ന് മന്ത്രി സി.പി ജോൺ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നികുതിയിൽ 50 ശതമാനം ഇളവ് നൽകിയെങ്കിലും ഇത്രയും നഷ്ടംസഹിച്ച് പിടിച്ച് നിൽക്കാൻ സ്വകാര്യബസുകൾക്ക് കഴിയില്ല.
പത്ത് വർഷത്തിന് മുമ്പ് 24,000 സ്വകാര്യബസുകൾ ഉണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ അവയുടെ എണ്ണം 8000-ൽ താഴെയാണ്. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പ്രിയദർശിനി പദ്ധതികാരണം സ്വകാര്യബസുകൾ നിരത്തിൽനിന്ന് പിൻമാറുന്ന സ്ഥിതിയുണ്ടായാൽ സർക്കാർ നയത്തിന് കടുത്ത തിരിച്ചടിയാകുമെന്ന സൂചന വിവിധ കോണുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ റൂട്ട് പുനഃക്രമീകരിക്കാൻ ആലോചിക്കുന്നത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായിട്ടാകും ഇത് നടപ്പാക്കുക.
പ്രിയദർശിനി പദ്ധതിയിൽ സ്ത്രീയാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായതിന്റെ നേട്ടവും കെ.എസ്.ആർ.ടി.സി.ക്കാണ്. ടിക്കറ്റ് തുക സർക്കാർ നൽകുന്നതിനാൽ വരുമാനത്തിലും വർധനവുണ്ട്.

by Midhun HP News | Jul 2, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് തിരുവനന്തപുരത്ത് ഞെട്ടിപ്പിക്കുന്ന ഒരു മനുഷ്യക്കടത്തിന്റെ ചുരുളഴിയുന്നു!
ശാന്തമായ കുളത്തൂർ കട്ടേലയിലെ ഒരു സാധാരണ വാടകക്കെട്ടിടത്തിനുള്ളിൽ നാളുകളായി അരങ്ങേറിക്കൊണ്ടിരുന്നത് അന്താരാഷ്ട്ര ബന്ധമുള്ള വൻ പെൺവാണിഭ സംഘത്തിന്റെ ഇരുണ്ട ഇടപാടുകളായിരുന്നു.വിദേശ രാജ്യങ്ങളിൽ നിന്നും സ്ത്രീകളെ രഹസ്യമായി ഇവിടെ എത്തിക്കുന്നുണ്ടെന്ന നിർണായക രഹസ്യവിവരം തുമ്പ പോലീസിന് ലഭിച്ചതോടെയാണ് ഉദ്വേഗജനകമായ ഈ ഓപ്പറേഷന് തുടക്കമായത്.
പുറമെ യാതൊരു സംശയവും തോന്നാത്ത ആ കെട്ടിടത്തിലേക്ക് പോലീസ് സംഘം വളരെ കരുതലോടെ അപ്രതീക്ഷിതമായി ഇരച്ചുകയറിയപ്പോൾ വെളിപ്പെട്ടത് വിദേശവനിതകളെ ഉൾപ്പെടെ അണിനിരത്തിയുള്ള വൻ മാഫിയാ സംഘത്തെയാണ്. തായ്‌ലൻഡിലെ പട്ടായയിൽ നിന്നും യുവതികളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് അനാശാസ്യകേന്ദ്രം നടത്തിയിരുന്ന മുഖ്യ സൂത്രധാരന്മാരായ അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നീ മലയാളികളും, ഇവർക്കൊപ്പം പിടിയിലായിട്ടുണ്ട്.
ഇവരെക്കൂടാതെ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്ന തായ്‌ലൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരെയും പോലീസ് കയ്യോടെ വലയിലാക്കി.
കൃത്യമായ ആസൂത്രണത്തോടെ തുമ്പ പോലീസ് നടത്തിയ ഈ മിന്നൽ പരിശോധനയോടെ, ഈ അന്തർദേശീയ റാക്കറ്റിൽ ഇനിയും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന കൂടുതൽ രഹസ്യങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന കടുത്ത ആകാംക്ഷയിലാണ് ഇപ്പോൾ നാടും അന്വേഷണ ഉദ്യോഗസ്ഥരും.
പട്ടായയിൽ നിന്നും കൂടുതൽ യുവതികളെ കേരളത്തിലേക്ക് ഇറക്കി കേരളത്തിന്റെ വിവിധ ഭാഗത്തായി പെൺവാണിഭം നടത്താനായിരുന്നു ഇവരുടെ പദ്ധതി എന്നാണ് കിട്ടുന്ന വിവരം.

by Midhun HP News | Jul 2, 2026 | Latest News, കായികം
അറ്റ്ലാന്റ: ലോക ഫുട്ബോളിലെ സ്ഥിരതയുടെ പര്യായമാണ് ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ. കോംഗോയ്ക്കെതിരായ ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഇരട്ട ഗോളുകൾ നേടി ക്ലബ് ഫുട്ബോളിലെ തൻ്റെ തകർപ്പൻ ഫോം അന്താരാഷ്ട്ര വേദിയിലും ആവർത്തിച്ച് ഇംഗ്ലണ്ടിൻ്റെ രക്ഷകനായി മാറിയാണ് കെയ്ൻ കളം വിട്ടത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം ഇംഗ്ലണ്ട് 2-1നു മത്സരം സ്വന്തമാക്കിയപ്പോൾ രണ്ട് ഗോളും ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ വകയായിരുന്നു.
അതിൽ തന്നെ താരം നേടിയ രണ്ടാം ഗോൾ ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്നതായിരുന്നു. കാണികളെയും ഫുട്ബോൾ ലോകത്തെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഗോൾ. കോംഗോയുടെ ഒന്നിലധികം പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞായിരുന്നു കെയ്ൻ്റെ ആ അവിസ്മരണീയ ഗോൾ. മത്സരത്തിൻ്റെ 75ാം മിനിറ്റ് വരെ കോംഗോയ്ക്ക് പിന്നിലായിരുന്ന ഇംഗ്ലണ്ട്, ടൂർണമെന്റിൽ നിന്ന് പുറത്താകുമോ എന്ന നിലയിലേക്ക് എത്തിയിരുന്നു. അവിടെ നിന്നാണ് കെയ്ൻ അവിശ്വസനീയ രക്ഷാപ്രവർത്തനവുമായി ഇംഗ്ലണ്ടിന് തുണയായത്.
ആ അത്ഭുത ഗോൾ പിറന്ന വഴി…
പകരക്കാരനായി ഇറങ്ങിയ ആന്റണി ഗോർഡൻ 86ാം മിനിറ്റിൽ ബോക്സിന്റെ വക്കിൽ നിന്നു പിന്നിലേക്ക് തള്ളിക്കൊടുത്ത അപകടകരമായ പാസ് പെനാൽറ്റി ബോക്സിന്റെ അരികിൽ വെച്ചാണ് കെയ്ൻ സ്വീകരിക്കുന്നത്. കോംഗോ പ്രതിരോധ നിരയുടെ ശക്തമായ കാവലിനിടയിലും ബോക്സിനുള്ളിൽ അതിവേഗത്തിലാണ് കെയ്ൻ പ്രതികരിച്ചത്. പോസ്റ്റിന് അഭിമുഖമല്ലാതെ പന്ത് സ്വീകരിച്ച അദ്ദേഹം, തൻ്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ഡിഫെൻഡറെ പെട്ടെന്ന് തന്നെ കബളിപ്പിച്ച് പന്ത് വലത് കാലിലേക്ക് മാറ്റി. പിന്നാലെ തന്നെ വളഞ്ഞ മൂന്ന് പ്രതിരോധ നിരക്കാർക്കിടയിൽ നിന്ന് അൽപ്പം സ്ഥലം കണ്ടെത്തിയ കെയ്ൻ വളരെ പ്രയാസമേറിയ ഒരു ആംഗിൾ നിന്നാണ് മനോഹരമായി പന്ത് വലയിലേക്ക് അടിക്കുന്നത്.
പാസ് സ്വീകരിച്ച് വെട്ടിയൊഴിഞ്ഞ് നീങ്ങിയ കെയ്ൻ ഗോൾ പോസ്റ്റിലേക്കേ നോക്കുന്നുണ്ടായിരുന്നില്ല എന്നതാണ് ഈ ഗോളിന്റെ മറ്റൊരു സവിശേഷത. തനിക്കു പാകത്തിലുള്ള ആംഗിളിലേക്ക് പന്തെത്തിച്ച് വെടിയുണ്ട കണക്കെയുള്ള ഒരു ഷോട്ടിലൂടെയാണ് ഇംഗ്ലീഷ് നായകൻ വല ചലിപ്പിച്ചത്. അതുവരെ ഇംഗ്ലീഷ് താരങ്ങൾ തൊടുത്ത ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകൾ തട്ടിയകറ്റി ഹീറോയായ കോംഗോ ഗോൾ കീപ്പർ ലയണൽ എംപാസിയെ കാഴ്ചക്കാരനാക്കി പോസ്റ്റിൻ്റെ ടോപ്പ് റൈറ്റ് കോർണറിലേക്കാണ് കെയ്നിന്റെ വണ്ടർ ഗോൾ തുളച്ചു കയറി.
പെലെയെ മറികടന്നു
ഈ ലോകകപ്പിൽ കെയ്ൻ നേടുന്ന അഞ്ചാമത്തെ ഗോളാണിത്. കെയ്നിന്റെ ലോകകപ്പ് കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 13 ആയി ഉയർന്നു. ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ കെയ്ൻ ബ്രസിൽ ഇതിഹാസം പെലെയെ (12 ഗോളുകൾ) മറികടന്നു.
കഴിഞ്ഞ ദിവസം പനാമയ്ക്കെതിരായ മത്സരത്തിൽ ഗാരി ലീനേക്കറെ മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ബഹുമതി കെയ്ൻ സ്വന്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ഇപ്പോൾ 13 ഗോളുകളോടെ ബ്രസീലിയൻ ഇതിഹാസം പെലെയെയും താരം പിന്തള്ളിയത്.
ഈ ലോകകപ്പിൽ കെയ്നിന്റെ ആകെ ഗോളുകളുടെ എണ്ണം 5 ആയി ഉയർന്നു. നിലവിൽ ടോപ്പ് സ്കോറർ പട്ടികയിൽ ഒന്നാമതുള്ള ലയണൽ മെസിയേക്കാൾ ഒരു ഗോൾ മാത്രം പിന്നിലാണ് അദ്ദേഹം. ഇംഗ്ലണ്ട് ജേഴ്സിയിൽ 117 മത്സരങ്ങളിൽ നിന്നായി കെയ്ൻ ഇതുവരെ 84 ഗോളുകൾ അടിച്ചുകൂട്ടിയിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ (ലോകകപ്പ്, യൂറോ കപ്പ്) നിന്നു മാത്രം താരം നേടുന്ന 20ാം ഗോൾ കൂടിയായിരുന്നു ഇത്.
കോംഗോയ്ക്കെതിരെ ഇറങ്ങിയതോടെ ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (15 മത്സരങ്ങൾ) സ്റ്റാർട്ടിങ് ഇലവനിൽ കളിക്കുന്ന ഔട്ട്ഫീൽഡ് താരം എന്ന റെക്കോർഡും കെയ്ൻ സ്വന്തം പേരിലാക്കി. ജയത്തോടെ ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി. സഹ ആതിഥേയരായ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
Recent Comments