സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നേടി മലയാളി

സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നേടി മലയാളി

ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയുടെ ഇന്റർവ്യൂ ഘട്ടത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരിൽ തിരുവനന്തപുരം സ്വദേശി പി.ബി.കിരണും. 100–ാം റാങ്ക് നേടിയ കിരണും 77–ാം റാങ്ക് സ്വന്തമാക്കിയ അശുതോഷ് കുമാറും ഇന്റർവ്യൂവിൽ നേടിയത് 206 മാർ‌ക്കാണ്. കിരണിന് എഴുത്തുപരീക്ഷയിൽ 779 മാർക്കുണ്ട്. ആകെ 985.
21–ാം റാങ്ക് നേടി മലയാളികളിൽ ഒന്നാമതെത്തിയ ദിലീപ് കെ.കൈനിക്കരയ്ക്ക് ആകെ ലഭിച്ചത് 1018 മാർക്കാണ്. എഴുത്തുപരീക്ഷയിൽ 817, ഇന്റർവ്യൂവിൽ 201. ഒ‌ന്നാം റാ‌ങ്ക് നേടിയ ശ്രുതിയെക്കാൾ മികച്ച സ്കോർ ഇന്റർവ്യൂവിൽ ദിലീപും കിരണും നേടി.

ഒന്നാം റാങ്കിന് 54.56% മാർക്ക്

സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഡൽഹി‌ സ്വദേശി ശ്രുതി ശർമയ്ക്കു ലഭിച്ചത് 54.56% മാർക്ക്. പരമാവധി 2,025 മാർക്കിൽ ശ്രുതിക്ക് 1105 കിട്ടി. എഴു‌ത്തുപരീ‌ക്ഷയിൽ 932, ഇന്റർവ്യൂവിൽ 173.

ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

ഭാര്യയെ കൊന്ന് സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

തിരുപ്പതി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയിൽ താമസിക്കുന്ന വേണുഗോപാൽ ആണ് പിടിയിലായത്. അകന്നു കഴിയുകയായിരുന്ന ഭാര്യയെ അനുനയത്തിൽ കൂട്ടി കൊണ്ടുവന്നു അടിച്ചു കൊന്നതിനു ശേഷം ഇയാൾ ഹൈദരാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.

ചെന്നൈയിലെ ഐടി സ്ഥാപനത്തിൽ സോഫ്റ്റ്‌വയർ എൻജിനീയറാണ് വേണുഗോപാൽ. ഒരുവർഷം മുമ്പാണ് എൻജിനീയറായ പത്മയെ വേണുഗോപാൽ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. സ്വന്തം വീട്ടിലേക്കു മടങ്ങിയ പത്മ വേണുഗോപാലിനെതിരെ ഗാർഹിക പീഡനത്തിനു കേസ് നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ഇടപടലിൽ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയെങ്കിലും ആറു മാസം മുൻപ് വീണ്ടും പ്രശ്നമുണ്ടായതോടെ പത്മ സ്വന്തം വീട്ടിലേക്കു മടങ്ങി. ജനുവരി 5നു ഭാര്യ വീട്ടിലെത്തിയ വേണുഗോപാൽ മേലിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാൻ കൂടെ വരണം എന്നും ആവശ്യപ്പെട്ടു. പത്മയുടെ മാതാപിതാക്കളെ കൂടി പറഞ്ഞു പറ്റിക്കുന്നതിൽ ഇയാൾ വിജയിക്കുകയും ചെയ്‌തു.

തുടർന്ന് ഭാര്യയുമായി തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയ വേണുഗോപാൽ ഭാര്യയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ചു. അടിയേറ്റ പത്മ തൽക്ഷണം മരിച്ചു വീണു. മരണം ഉറപ്പായതോടെ ബാഗിൽ കുത്തി നിറച്ച മൃതദേഹം കാറിൽ കൊണ്ടുപോയി സമീപത്തെ തടാകത്തിൽ തള്ളി. തുടർന്ന് വേണുഗോപാലിന് ഹൈദരാബാദിൽ ജോലി കിട്ടിയെന്നും കുടുംബസമേതം അങ്ങോട്ടു പോകുന്നുവെന്നും കാണിച്ചു പത്മയുടെ ഫോണിൽ നിന്നു മാതാപിതാക്കൾക്ക് സന്ദേശം അയച്ചു. നിരന്തരം സന്ദേശം അയയ്ക്കുന്ന മകൾ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ പത്മയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുപ്പതി പൊലീസ് ഹൈദരാബാദിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും പത്മയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് വേണുഗോപാലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാൾ നൽകിയ വിവരം അനുസരിച്ച്‌ വെങ്കട്ടാപുരം താടാകത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുപ്പതി എഎസ്‌പി മുരളി കൃഷ്ണ അറിയിച്ചു. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. വേണുഗോപാലിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കേസിൽ പ്രതി ചേർത്തേക്കും. പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അടിച്ചു കൊലപ്പെടുത്തിയതെന്നു വേണുഗോപാൽ മൊഴി നൽകിയിരുന്നു.

തൃക്കാക്കര വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

തൃക്കാക്കര വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ ജനവിധി അറിയാന്‍ ഇനി ഇരുപത്തിനാല് മണിക്കൂറിന്‍റെ മാത്രം കാത്തിരിപ്പ്. നാളെ രാവിലെ എട്ട് മണിക്ക് എറണാകുളം മഹാരാജാസ് കോളജിലെ കൗണ്ടിംഗ് സെന്‍ററില്‍ വോട്ടെണ്ണല്‍ തുടങ്ങും. എട്ടര മണിയോടെ ആദ്യ സൂചനകളും പന്ത്രണ്ട് മണിയോടെ അന്തിമഫലവും എത്തും. വന്‍ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥികൾ.

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളും. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. പരമ്പരഗതമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഇടപ്പളളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെയാവും ഓരോ റൗണ്ടും പുരോഗമിക്കുക.

തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്

തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്

സോഷ്യൽ മീഡിയ രംഗത്ത് ഇന്ത്യയിൽ ചരിത്രപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ടിക് ടോക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങൾക്ക് മുമ്പ് 58 ആപ്പുകൾ നിരോധിക്കപ്പെട്ടതിനൊപ്പമായിരുന്നു ടിക് ടോക്കും നിരോധനം നേരിട്ടത്. ഇപ്പോൾ ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിക്കുന്നതിനൊപ്പം തന്നെ, അവര്‍ തങ്ങളുടെ മുൻ ജീവനക്കാരെ വീണ്ടും നിയമിക്കാനും ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാനുള്ള മുന്നൊരുക്കവുമായി ടിക് ടോക്കിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാൻസ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ ശ്രമം നടക്കുന്നുവെന്നാണ് വാര്‍ത്ത. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ത്താണ് ബൈറ്റ്ഡാൻസിന്റെ ശ്രമമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ കമ്പനിയുമായി കൈ കോര്‍ക്കുന്നതോടെ രാജ്യ സുരക്ഷാ സംബന്ധിച്ച ആശങ്കകളിൽ നിന്ന് ബൈറ്റ് ഡാൻസിന് മുക്തി നേടുമെന്നാണ് പ്രതീക്ഷ.

ഒരു പടി കൂടി കടന്ന് മുംബൈ കേന്ദ്രമായ ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകൾ നടത്തിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസിന് കീഴിൽ ഡാറ്റാ സെന്റർ പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനമാണ്. അടുത്തിടെ സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ സേവന പ്ലാറ്റ്‌ഫോമായ ടെസ് പ്ലാറ്റ്‌ഫോമുകളും ഗ്രൂപ്പ ആരംഭിച്ചിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ സംരംഭത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് നീക്കം.

ചർച്ചകൾ പുതിയ ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ശ്രമം. കൂടാതെ പ്രാദേശിക പങ്കാളിയുമൊത്ത് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശ്യത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ബൈറ്റ് ഡാൻസ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാൻ ശ്രമിക്കുകയാണോ, അതോ യോട്ട ഇൻഫ്രാസ്ട്രക്ചര്‍ സൊല്യൂഷൻസിന്റെ ഡാറ്റാ സെന്ററുകളിൽ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. നേരത്തെ ഉപഭോക്താക്കളുടെ വിവരങ്ങൾ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സർക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.

ടിക് ടോക്കിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ, അതിന്റെ ഏറ്റവും പ്രതാപ സമയത്ത് കമ്പനി രാജ്യത്ത് 2,000–ത്തിലധികം ആളുകൾക്ക് ജോലി നൽകിയിരുന്നു. നിരോധന സമയത്ത് ഇവരിൽ ഭൂരിഭാഗം ജീവനക്കാരെയും പിരിച്ചുവിട്ടപ്പോൾ, ചില ജീവനക്കാർക്ക് മറ്റ് ചുമതലകൾ നൽകുകയുമായിരുന്നു കമ്പനി. അനൗദ്യോഗികമായി കമ്പനി സമീപിച്ചതായും, അപേക്ഷ നൽകിയാൽ നിയമവിധേയമായി പരിശോധിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചതായും എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പുതുമകളോടെ കീഴാറ്റിങ്ങലിൽ പ്രവേശനോത്സവം

പുതുമകളോടെ കീഴാറ്റിങ്ങലിൽ പ്രവേശനോത്സവം

ഏറെ കാലത്തെ ഇടവേളക്കുശേഷം പ്രൗഢഗംഭീരമായി കീഴാറ്റിങ്ങൽ വൈഎൽഎയുപിഎസ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ Adv. A. A. ഹമീദ് അവർകൾ സ്കൂൾ പ്രവർത്തന വിശദീകരണം നടത്തി. പ്രവേശനോത്സവ ചടങ്ങിന് കടയ്ക്കാവൂർ പഞ്ചായത്ത് വാർഡ് മെമ്പർ M. ഷിജു ഭദ്രദീപം തെളിയിച്ചു. വായനാ വസന്തം പദ്ധതിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച ലൈബ്രറി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻബീന രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന സ്വാഗതം ആശംസിച്ചു. അധ്യാപകരായ ജമീൽ. രഘുനാഥ് ശർമ, MPTA പ്രസിഡന്റ് ആമിനാ നജീബ് എന്നിവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി അൽത്താഫ് കൃതജ്ഞത രേഖപ്പെടുത്തി.

അയിലം ഗവ. ഹൈസ്കൂൾ പ്രവേശനോൽസവം വർണാഭം

അയിലം ഗവ. ഹൈസ്കൂൾ പ്രവേശനോൽസവം വർണാഭം

അയിലം: ഗവ.ഹൈസ്കൂൾ പ്രവേശനോൽസവത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വേണുഗോപാലൻ നായർ, മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.ചന്ദ്രബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, വാർഡ് മെമ്പർ മാരായ സുജിത.ബി, രമ്യ, സ്കൂൾ വികസന സമിതി ചെയർമാൻ അനിതകുമാർ.എൽ, വൈസ് ചെയർപേഴ്സൻ ലില്ലി മുരളി, പിറ്റിഎ പ്രസിഡൻ്റ് ഇ.താജുദീൻ, വൈസ് പ്രസിഡൻ്റ് വേണുനായർ. ആർ, എം.പി.റ്റി.എ പ്രസിഡൻ്റ് നിഷ അജയ് പ്രഥമാധ്യാപിക സക്കീബ.എൻ.വി.ഐ.തുടങ്ങിയവർ സംസാരിച്ചു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.ചന്ദ്രബാബു കുട്ടികളെ അക്ഷര പട്ടം, തെങ്ങോലയിൽ കുട്ടികൾ തയ്യാറാക്കിയ കളിപ്പാട്ടങ്ങൾ തുടങ്ങിയവ നൽകി സ്വീകരിച്ചു.തുടർന്ന് കുട്ടികൾക്ക് അധ്യാപകർ അക്ഷരമാലയണിഞ്ഞ് ക്ലാസ്സിൽ അക്ഷരദീപം തെളിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സതീഷ്കുമാർ നന്ദി രേഖപ്പെടുത്തി.