by Midhun HP News | Aug 21, 2025 | Latest News, കേരളം
തിരുവനന്തപുരം: പുത്തന്‍ ബസുകളുമായി നിരത്ത് കീഴടക്കാന്‍ ഒരുങ്ങുന്ന കെഎസ്ആര്‍ടിസിയുടെ 143 ബസുകളുടെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. വൈകീട്ട് 5.30ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് ആണ് ചടങ്ങ്. കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും നടക്കും. ബിഎസ് 6 വിഭാഗത്തിലുള്ളതാണ് ബസുകള്‍.

ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, ലിങ്ക്,വോള്‍വോ, എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി സീറ്റര്‍, മിനി ബസ് എന്നീ വിഭാഗത്തിലാണ് പുതിയ ബസുകള്‍. വോള്‍വോയില്‍ സഞ്ചരിക്കാന്‍ നടന്‍ മോഹന്‍ലാലും എത്തും. ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ചായിരിക്കും പുതിയ ലിങ്ക് സര്‍വീസുകള്‍. ദേശീയപതാകയുടെ കളര്‍ തീമില്‍ ഒരുക്കിയ ബോഡിയില്‍ കഥകളി ചിത്രം ആലേഖനം ചെയ്താണ് സീറ്റര്‍ കം സ്ലീപ്പര്‍, സ്ലീപ്പര്‍ ബസ്. പുഷ്ബാക്ക് സംവിധാനത്തിനൊപ്പം ഇരുനിറത്തിലുള്ള ലെതര്‍ സീറ്റുകളാണ്. ഓരോ സീറ്റിലും ചാര്‍ജര്‍, ഹാന്‍ഡ് റെസ്റ്റ്, ഫുട്ട് റെസ്റ്റ് എന്നിവയുമുണ്ട്.

സ്ലീപ്പര്‍ ബസിലെ ബെര്‍ത്തില്‍ എസി വെന്റ്, റീഡിങ് ലൈറ്റ്, മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിന്റ്, ബോട്ടില്‍ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കര്‍ട്ടന്‍ എന്നിവയുണ്ട്. ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസിനും വ്യത്യസ്ത നിറമാണ്. എല്ലാബസിലും വൈഫൈ കണക്ഷന്‍ നല്‍കാവുന്ന ടിവിയും പുറത്തും അകത്തും കാമറകളുമുണ്ടാകും. ഫ്‌ലാഗ്ഓഫ് ചടങ്ങില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

by Midhun HP News | Aug 21, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. 73,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 9230 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറഞ്ഞതല്ലാതെ വര്‍ധന ഉണ്ടായിട്ടില്ല. പന്ത്രണ്ട് ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.


ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

by Midhun HP News | Aug 20, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: കുടവൂർക്കോണം ഗവൺമെൻ്റ് ഹൈസ്കൂളിൽ ഓണത്തെ വരവേൽക്കാൻ കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലൊരുക്കി. പഴയ കാലത്തെപ്പോലെ ഓണത്തിന് വീടുകളിൽ ഊഞ്ഞാലിടുന്ന പതിവ് ഇല്ലാതായതോടെ സ്കൂളിൽ ഒരുക്കിയ ഊഞ്ഞാലിലാടാൻ കുട്ടികൾ വലിയ സന്തോഷവും ഉത്സാഹവും കാണിക്കുന്നു. ഇത് കാണുമ്പോൾ അവർക്കായി ഊഞ്ഞാലൊരുക്കിയ അധ്യാപകരുടെ മനസ്സിലും സന്തോഷം പൂവിടുന്നു.
.
by Midhun HP News | Aug 20, 2025 | Latest News, കേരളം, സിനിമ
നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോടെയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
താരങ്ങളടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് വിവാഹമംഗളാശംസകൾ നേർന്നിരിക്കുന്നത്. പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. മകൾ ഖുഷിയുടെ കൈ പിടിച്ചാണ് ആര്യ വിവാഹ വേദിയിലെത്തിയത്.
നിറ ചിരിയോടെ ആര്യയ്ക്കും സിബിനുമരികിൽ നിൽക്കുന്ന ഖുഷിയെ ചിത്രങ്ങളിൽ കാണാം. ഇക്കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വര്‍ഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിന്‍. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.
by Midhun HP News | Aug 20, 2025 | Latest News, ജില്ലാ വാർത്ത
മുടപുരം: സംസ്ഥാന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ച മണ്ണ് പരിശോധന ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ് അധ്യക്ഷത വഹിച്ചു.

നടീൽ വസ്തുക്കളുടെ വിതരണം ബിഡിഒ സ്റ്റാർലി ഒ എസും, കർഷകരുടെ മണ്ണ് സാമ്പിൾ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി മണികണ്ഠനും നിർവഹിച്ചു. മണ്ണിന്റെ ആരോഗ്യവും, മണ്ണ് പരിശോധനയുടെ പ്രാധാന്യവും എന്ന വിഷയത്തിൽ ഡോ. ജീന മാത്യു ക്ലാസ് എടുത്തു. പദ്ധതി സംബന്ധിച്ച വിശദീകരണം ഷീന എ നടത്തി. മണ്ണിനെ അറിയാം മൊബൈലിലൂടെ എന്ന പരിശീലന ക്ലാസ് കുമാരി ഗോപിക ടി അശോക് നയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം പി അജിത, എസ് ഹരികുമാർ എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബി അർച്ചന സ്വാഗതവും അൽ നൗഫിയ എസ് നന്ദിയും പറഞ്ഞു.
മണ്ണിന്റെ ആരോഗ്യ പരിപാലനത്തിലൂടെ കാർഷിക ഉത്പാദനവും, ഉത്പാദനക്ഷമതയും വർദ്ധിപ്പിച്ച് ഭക്ഷ്യസുരക്ഷയും, ആവാസ വ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പാക്കാനുള്ള നടപടികളാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.

by Midhun HP News | Aug 20, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശിന്റെ രൂപം കണ്ടെത്തിയതായി അബുദാബിയുടെ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. അൽ ദഫ്‌റ പ്രദേശത്തുള്ള സർ ബാനി യാസ് ഐലൻഡിൽ നിന്നാണ് കുരിശിന്റെ രൂപം കണ്ടെത്തിയത്. അബുദാബിയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 30 വർഷമായി പുരാവസ്തു ഗവേഷകർ പരിശോധനകൾ നടത്തി വരുന്നുണ്ട്.

ഇറാഖിലും കുവൈത്തിലും ഇതിനു മുൻപ് കണ്ടെടുത്ത കുരിശിന്റെ രൂപവുമായി ഇതിന് സാമ്യമുണ്ട്. ഈ കുരിശ് ആരാധനയ്ക്കായി വൈദീകർ ഉപയോഗിച്ചിരുന്നു എന്നും യു എ ഇയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ വിവിധ മതങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. അബുദാബി സർക്കാർ 2025 ജനുവരിയിലാണ് സർ ബാനി യാസ് ഐലൻഡിൽ പ്രത്യേക പരിശാധന നടത്താനായി സംഘത്തെ നിയോഗിച്ചത്.
അതി പുരാതനമായ ഈ കുരിശിന്റെ കണ്ടെത്തൽ യു എ ഇയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെ അടയാളമാണ്. ഭാവി തലമുറക്കു വേണ്ടി ഇത് ഞങ്ങൾ സംരക്ഷിക്കും. ഈ പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുമെന്നും സാംസ്‌കാരിക മന്ത്രാലയം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
ക്രിസ്തുവർഷം ഏഴിലോ,എട്ടിലോ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഒരു പള്ളി 1992-ൽ സർ ബാനി യാസ് ഐലൻഡിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ ഒരു ആശ്രമത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ ആശ്രമവുമായി ചുറ്റപ്പെട്ട സ്ഥലങ്ങളിൽ വീടുകളോ മറ്റോ ഉണ്ടോയെന്ന പരിശോധനയാണ് ഇപ്പോൾ നടന്നു വരുന്നത്.
നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ അറേബ്യൻ രാജ്യങ്ങളിൽ ക്രിസ്തുമതം വ്യാപിക്കുകയും കാലക്രമേണ ക്ഷയിക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ സർ ബാനി യാസ് എന്ന പ്രദേശത്ത് ആശ്രമം ഉണ്ടായിരുന്നതായും അവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിച്ചിരുന്നതായി കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.

2019-ൽ അബുദാബിയുടെ സാംസ്‌കാരിക മന്ത്രാലയം പള്ളിയും ആശ്രമവും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഇവിടെ നിന്ന് കണ്ടെത്തിയ ഗ്ലാസ് പാത്രങ്ങൾ, കുരിശിന്റെ ആകൃതിയിലുള്ള രൂപങ്ങൾ, തേളിന്റെ രൂപമുള്ള ഒരു സ്റ്റാമ്പ് സീൽ തുടങ്ങിയ രൂപങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക മ്യുസിയം അധികൃതർ ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് ഇവിടെ സന്ദർശിക്കാൻ അനുമതിയുണ്ടെന്നും അധികൃതർ അറിയിച്ചു.

Recent Comments