മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

മുരുക്കുംപുഴ ഏറത്ത് ശ്രീഭദ്ര ദുർഗ്ഗാദേവി ക്ഷേത്രത്തിലെ കുംഭ മകയിര മഹോത്സവത്തോടനുബന്ധിച്ച് മതസൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു.

ബോധി തീർഥ സ്വാമി, ഷഹിർ മൗലവി, റവ. ഡോക്ടർ ജോർജ് ജെ ഗോമസ് തുടങ്ങിയവർ പങ്കെടുത്തു. അഡ്വക്കേറ്റ് വിനോദ് സ്വാഗതം ആശംസിച്ചു. ക്ഷേത്രമുഖ്യ രക്ഷാധികാരി കെ അപ്പു ആദ്യ തിരി തെളിയിച്ചു. ചടങ്ങിൽ എല്ലാ വിശിഷ്ടാതിഥികളെയും ക്ഷേത്ര ഭാരവാഹികളെയും ആദരിച്ചു. തുടർന്ന് ചെറിയ വിരുന്ന് സൽക്കാരവും ഒരുക്കി.

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെ

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ ബെഡ് റൂമിലാണ് മൃതദേഹം കണ്ടത്. വഴുതക്കാട് ചിൻമയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശന്‍. ഇന്ന് പരീക്ഷ തുടങ്ങാനിരിക്കെയാണ് മരണം. ഏക മകനായിരുന്നു ദർശൻ.

പരീക്ഷയെ ചൊല്ലി കുട്ടിക്ക് ടെൻഷൻ ഉണ്ടായിരുന്നു എന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ പരീക്ഷയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതാണ് പൊലീസ് അറിയിച്ചു. എല്ലാം പഠിച്ചു, റിവിഷനും കഴിഞ്ഞു. പക്ഷേ ഒന്നും ഓർമിക്കാനാകുന്നില്ലെന്നാണ് കുറിപ്പിലുള്ളത്. ബെഡ്റൂമിലെ മേശയിലായിരുന്നു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. അച്ഛനും അമ്മയും വിഷമിക്കരുതെന്നും കുറിപ്പിലുണ്ട്. അച്ഛനും അമ്മയും ഒന്നിനും എന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചുവെങ്കിൽ ഞാൻ എന്തെങ്കിലും ആകുമായിരുന്നു. ഞാൻ കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. എൻ്റെ കൂട്ടുകാർ സിനിമയിൽ കാണുന്നതുപോലെ വലിയ ആൾക്കാർ ആകണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്നാവര്‍ത്തിച്ചു; ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന് ആവര്‍ത്തിച്ചതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ അതിക്രമങ്ങളെക്കുറിച്ചും ലഹരിവ്യാപനത്തെക്കുറിച്ചുമുള്ള ചര്‍ച്ചയ്ക്കിടെ പലവട്ടം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഓരോ തവണയും മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ മറുപടി പറയണമെന്ന് പറയുന്നത് ശരിയായ രീതിയാണോയെന്ന് മുഖ്യമന്ത്രി എഴുന്നേറ്റു ചോദിച്ചു. എന്തു സന്ദേശമാണ് ചെന്നിത്തല സമൂഹത്തിനു നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘ഇടയ്ക്കിടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു പറഞ്ഞ് ഓരോ ചോദ്യം ചോദിച്ചാല്‍ പോരാ, നാട് നേരിടുന്ന പ്രശ്നമെന്താണെന്ന് മനസിലാക്കണം’ മുഖ്യമന്ത്രി ക്ഷുഭിതനായി പറഞ്ഞു. ‘യൂത്തിന് ചെന്നിത്തല പറയുന്നതാണോ സന്ദേശമായി നല്‍കേണ്ടത്. സമൂഹം ഒന്നായി നേരിടേണ്ട ഒരുവിഷയത്തെക്കുറിച്ച് ഇങ്ങനെയാണോ സംസാരിക്കേണ്ടത്. യാഥാര്‍ഥ്യം മനസിലാക്കാന്‍ കഴിയണം. ഇന്ന് നാട് നേരിടുന്ന പ്രശ്‌നം എന്തെന്ന് മനസിലാക്കണം. ഇടയ്ക്ക് ഇടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു സംസാരിച്ചാല്‍ പോരാ. യാഥാര്‍ഥ്യം മനസിലാക്കണം’- പിണറായി പറഞ്ഞു. വിഷയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിനുള്ള അവസരം ഉപയോഗിച്ച് അനാവശ്യമായ കാര്യങ്ങള്‍ അല്ല പറയേണ്ടതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

താന്‍ എന്തു പ്രസംഗിക്കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കേണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. നാട്ടില്‍ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിയുടെ ചീട്ട് ആവശ്യമില്ല. അതു പറയും. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നു വിളിക്കുന്നത് അണ്‍പാര്‍ലമെന്ററി അല്ലെന്നും തനിക്ക് അതുപറയാന്‍ അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ചും ലഹരിവ്യാപനം രൂക്ഷമാകുന്നതിനെക്കുറിച്ചും നിയമസഭയില്‍ രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഒന്‍പതു വര്‍ഷം ഭരിച്ചിട്ടും ഒരുതരത്തിലുള്ള ലഹരിവിരുദ്ധ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടുവെന്നും സര്‍ക്കാരാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ ലഹരിക്ക് അടിമകളാകുകയാണ്. വെഞ്ഞാറമ്മൂട് കൂട്ടക്കൊലയും കോഴിക്കോട്ടെ ഷഹബാസിന്റെ കൊലപാതകവും ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ?. പണ്ട് പഞ്ചാബിനെക്കുറിച്ചാണ് ലഹരിയുടെ കേന്ദ്രമായി പറഞ്ഞിരുന്നത്. ഇപ്പോള്‍ കേരളത്തില്‍ യുവാക്കളുടെ ജീവിതത്തെ രാസലഹരി നശിപ്പിക്കുകയാണ്. യുവത്വം പുകഞ്ഞ് ഇല്ലാതാകുകയാണ്. സംസ്ഥാനത്ത് മദ്യമൊഴുക്കുന്ന പുതിയ എക്സൈസ് നയം പുതുതലമുറയോടുള്ള ചതിയാണ്. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനാണ് പുതിയ ബ്രൂവറി അനുവദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

കലാലയങ്ങളില്‍ എസ്എഫ്ഐയാണ് റാഗിങ്ങിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ അവരെ തിരുത്താന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. ഇതുപോലെ തന്നെ തുടര്‍ന്നാല്‍ മതിയെന്നാണ് അവരുടെ യോഗത്തില്‍ പോയി മുഖ്യമന്ത്രി പറഞ്ഞത്. അതു ശരിയായ നിലപാട് അല്ലെന്നും ചെന്നിത്തല പറഞ്ഞു. ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തോളം പരോള്‍ നല്‍കിയ സര്‍ക്കാര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രി ക്ഷുഭിതനായതിന് പിന്നാലെ ചെന്നിത്തലയ്ക്കു പിന്തുണയുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ‘നിങ്ങളാണ് കേരളത്തിന്റെ മുഖ്യമന്ത്രി, നിങ്ങളാണ് ആഭ്യന്തരമന്ത്രി. നിങ്ങളെ കുറ്റപ്പെടുത്തും. അതിനെന്തിനാണ് അങ്ങിത്ര അസഹിഷ്ണുത കാണിക്കുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു പോലെ പ്രസംഗിക്കാനല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണു വിളിച്ചത്. അല്ലാതെ മോശം പേരൊന്നും അല്ല വിളിച്ചത്.’ – സതീശന്‍ പറഞ്ഞു.

മുഹമ്മദ് ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ പൂർത്തിയായി

മുഹമ്മദ് ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷ പൂർത്തിയായി

താമരശ്ശേരി മുഹമ്മദ് ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർത്ഥികളുടെ ഇന്നത്തെ പരീക്ഷ പൂർത്തിയായി. പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളെയും വെള്ളിമാട്കുന്നിലെ ജുവനൈല്‍ ഹോമില്‍ വെച്ചാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഉത്തര കടലാസുകളുമായി മടങ്ങിയതിന് ശേഷം പ്രതികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

നേരത്തെ താമരശ്ശേരിയില്‍ ഇവര്‍ പഠിക്കുന്ന സ്‌കൂളില്‍ പരീക്ഷ എഴുതിക്കാന്‍ ഉള്ള തീരുമാനം പ്രതിഷേധ സാധ്യത കണക്കില്‍ എടുത്ത് മാറ്റിയിരുന്നു. പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ജുവനൈല്‍ ഹോമില്‍ തന്നെ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമൊരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ മകൻ ആറടി മണ്ണിൽ കിടക്കുമ്പോൾ, പ്രതികൾക്ക് പരീക്ഷ എഴുതാൻ അസരം നൽകിയത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന് പിതാവ് മുഹമ്മദ് ഇഖ്ബാൽ ചോദിച്ചു. കൊന്നുതള്ളിയ വർ പരീക്ഷ എഴുതുമ്പോൾ മുഹമ്മദ് ഷഹബാസിന്റെ രക്ഷിതാക്കൾ വിങ്ങിപ്പൊട്ടുകയാണ്.

അതേസമയം, ഷഹബാസിന്റെ സുഹൃത്തുക്കളും നിറകണ്ണുകളോടെയാണ് താമരശ്ശേരി എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതാനായി എത്തിയത്. 49-ാം നമ്പർ പരീക്ഷ ഹാളിൽ, ഏറ്റവും പുറകിലെ ഡെസ്കിൽ ഷഹബാസിന്റെ 628307 എന്ന രജിസ്റ്റർ നമ്പർ എഴുതിയ ഇരിപ്പിടം ശൂന്യമായിരുന്നു. 20 കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള ഹാളിലെ അവസാന വിദ്യാർത്ഥിയായിരുന്നു ഷഹബാസ്.

ഇന്നലെ പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഷഹബാസിനെ മർദ്ദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു. ഈ മാരകായുധം ഉപയോഗിച്ചുകൊണ്ടായിരുന്നു ഷഹബാസിന്റെ തലയ്ക്ക് പ്രതികൾ ശക്തമായി അടിച്ചത്. അടിയിൽ തലയോട്ടി തകർന്നതാണ് മരണകാരണം.

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി വെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.

കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

‘നോ അദര്‍ ലാന്‍ഡ്’, പലസ്തീന്‍ ജീവിതം പറഞ്ഞ ഡോക്യുമെന്റിക്ക് ഓസ്‌കര്‍ പുരസ്‌കാരം

‘നോ അദര്‍ ലാന്‍ഡ്’, പലസ്തീന്‍ ജീവിതം പറഞ്ഞ ഡോക്യുമെന്റിക്ക് ഓസ്‌കര്‍ പുരസ്‌കാരം

ലോസാഞ്ചലസ്: സംഘര്‍ഷം തകര്‍ത്ത പലസ്തീന്‍, ഒരു ജനതയുടെ ദുരിതങ്ങള്‍ പകര്‍ത്തിയ ഡോക്യുമെന്ററിക്ക് ഓസ്‌കര്‍ പുരസ്‌കാരം. ഇസ്രയേല്‍ – പലസ്തീന്‍ സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പിറന്ന നോ അദര്‍ ലാന്‍ഡ് എന്ന ഡോക്യുമെന്ററിയ്ക്കാണ് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന പലസ്തീനികളുടെ ജീവിതമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം.

2019 -2023 കാലത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ തെക്കേ അറ്റത്തുള്ള മസാഫര്‍ യാട്ടയെ സൈനിക പരിശീലന മേഖലയായി ഉപയോഗിക്കാന്‍ ഇസ്രായേല്‍ നീക്കമാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബാസല്‍ അദ്രയുടെ സ്വകാര്യ ആര്‍ക്കൈവില്‍ നിന്നുള്ള കാംകോര്‍ഡര്‍ ദൃശ്യങ്ങളാണ് നോ അദര്‍ ലാന്‍ഡില്‍ ഭുരിഭാഗവും ഉപയോഗിച്ചിരിക്കുന്നത്. ഗ്രാമീണ സ്‌കൂള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയും, പ്രദേശത്തെ കിണറുകള്‍ സിമന്റ് ഉപയോഗിച്ച് നിറയ്ക്കുന്നതുമുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ഇതിലുണ്ട്.

പതിറ്റാണ്ടുകളായി പലസ്തീനികള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് നോ അദര്‍ ലാന്‍ഡ് പറയാന്‍ ശ്രമിക്കുന്നത് എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ച് ബാസല്‍ അദ്ര നടത്തിയ പ്രതികരണം. ”എന്റെ സമൂഹം ഇസ്രായേലി അധിനിവേശത്തിന്‍ കീഴില്‍ ജീവിക്കുന്നവരാണ്, അക്രമം, വീടുകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയിറക്കല്‍ എന്നിവയെ എപ്പോഴും ഭയപ്പെടുന്നവര്‍. രണ്ട് മാസം മുമ്പ്, ഞാന്‍ ഒരു പിതാവായി, എന്റെ മകള്‍ക്ക് എനിക്ക് നല്‍കാവുന്ന ഏക പ്രതീക്ഷ, ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന അതേ ജീവിതം നയിക്കേണ്ടിവരില്ല എന്നാണ്,” എന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബാസല്‍ അദ്ര പ്രതികരിച്ചത്.

ഡോക്യുമെന്ററി തയ്യാറാക്കി ബാസല്‍ അദ്രയും പത്രപ്രവര്‍ത്തകന്‍ യുവാല്‍ എബ്രഹാമും അവരുടെ ടീമിനുവേണ്ടി അവാര്‍ഡ് സ്വീകരിച്ചു. പലസ്തീനില്‍ നടക്കുന്നത് വംശീയ ഉന്‍മൂലമാണെന്നും, ഈ അനീതികളെ ലോകം ചോദ്യം ചെയ്യണം എന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ബാസല്‍ അദ്ര, ഹംദാന്‍ ബല്ലാല്‍, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകര്‍. നാല് ആക്ടിവിസ്റ്റുകളുടെ ഫലസ്തീന്‍-ഇസ്രായേലി കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിച്ചത്. പലസ്തീന്‍ – നോര്‍വേ സഹകരണത്തിലാണ് ചിത്രത്തിന്റെ നിര്‍മാണം.