ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ആധാർ വിവര സ്ഥിരീകരണം ഇനി സ്വകാര്യ സ്ഥാപനങ്ങൾ വഴി

ന്യൂഡൽഹി: ആധാർ വിവരങ്ങൾ തേടുന്നതിനും അവ പരിശോധിച്ച് ശരിയെന്നുറപ്പാക്കുന്നതിനും (ഓഥന്റിക്കേഷൻ) സ്വകാര്യ സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകി കേന്ദ്രം വിജ്ഞാപനമിറക്കി. നിലവിൽ സർക്കാർ വകുപ്പുകൾ/ മന്ത്രാലയങ്ങൾ, ടെലികോം, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കാണ് അനുമതിയുള്ളത്. ഇനി ഏത് സ്വകാര്യസ്ഥാപനത്തിനും ആധാർ ഉപയോഗിക്കാം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ സദ്ഭരണം ഉറപ്പാക്കാനും സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ പാഴാക്കുന്നതു തടയാനുമാണ് നിലവിൽ ആധാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. ജീവിതം കൂടുതൽ എളുപ്പമാക്കുന്നതിനും (ഈസ് ഓഫ് ലിവിങ്) മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനും ആധാർ ഉപയോഗിക്കാമെന്ന് 2020 ലെ ആധാർ ചട്ടം ഭേദഗതി ചെയ്ത് വ്യവസ്ഥ ഉൾപ്പെടുത്തി.

ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് ആധാർ ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിൽ അപേക്ഷ നൽകാം. ആധാർ വിവരങ്ങൾ തേടാൻ‌ ഉദ്ദേശിക്കുന്ന സ്വകാര്യസ്ഥാപനങ്ങൾ അത് എന്തിനു വേണ്ടി എന്ന് വ്യക്തമാക്കുന്ന അപേക്ഷ നിർദിഷ്ട മന്ത്രാലയത്തിലോ വകുപ്പിലോ നൽകണം. ആധാർ നിയമഭേദ​ഗതിയിലെ മൂന്നാം ചട്ടപ്രകാരമുള്ള ഈ അപേക്ഷ യുഐഡിഎഐയും ഇലക്ട്രോണിക്സ്- ഐടി മന്ത്രാലയവും പരിശോധിച്ച ശേഷമാകും ആധാർ വിവരം തേടാനും പരിശോധിക്കാനും അനുമതി നൽകുക.

സദ്ഭരണത്തിനായുള്ള ആധാർ ഓഥന്റിക്കേഷൻ (സാമൂഹിക ക്ഷേമം, വിജ്ഞാനം, നൂതനസംരംഭങ്ങൾ) ഭേദ​ഗതി ചട്ടങ്ങൾ 2025 എന്ന പേരിലാണ് പുതിയ ചട്ടങ്ങളിറക്കിയിരിക്കുന്നത്. തീരുമാനങ്ങളിൽ സുതാര്യതയും സമ​ഗ്രതയും ഉറപ്പാക്കാൻ ഇതു സഹായിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. 2016 ലെ ആധാർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഭേദ​ഗതിച്ചട്ടം പുറത്തിറക്കിയിരിക്കുന്നത്.

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്

കൊച്ചി: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത മരിച്ച സംഭവത്തിൽ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയിൽ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി അനൂപിന്റെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. അനൂപിന്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തർക്കിച്ചിരുന്നു.

തന്റെ ക്രിമിനൽ പശ്ചാത്തലം മറച്ചു പിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്. ആറ് ദിവസം വെന്‍റിലേറ്ററില്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. അതിക്രൂരനായിരുന്നു അനൂപ് എന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ വാസനയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനൂപ് മുതലെടുപ്പ് മാത്രം ലക്ഷ്യമിട്ടാണ് പെൺകുട്ടിയുമായി സൗഹൃദം നടിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. വീട്ടിലെ പൊതുദർശനത്തിന് ശേഷം തൃപ്പുണിത്തുറ നടമേൽ മാർത്ത മറിയം പള്ളിയിലാണ് സംസ്കാരം. അനൂപിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ 19 കാരി ഇന്നലെയാണ് മരിച്ചത്.

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല നടത്തി

ആറ്റിങ്ങൽ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ എഴുത്തുകൂട്ടം വായനക്കൂട്ടം ശില്പശാല നടത്തി

ആറ്റിങ്ങൽ: സമഗ്ര ശിക്ഷാകേരളം, ആറ്റിങ്ങൽ ബി ആർ സി വഴി നടപ്പിലാക്കുന്ന ബഡ്ഡിംഗ് റൈറ്റേഴ്സ് – വായനക്കൂട്ടം എഴുത്തുകൂട്ടം ഏകദിന ശില്പശാല ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചു. വായനക്കൂട്ടം എഴുത്തുകൂട്ടം ശില്പശാലയുടെ ഉദ്ഘാടനം സ്കൂളിലെ അധ്യാപികയും പ്രശസ്ത കഥാകാരിയുമായ വിജയലക്ഷ്മി വിഎസ് നിർവഹിച്ചു.

എഴുത്തും വായനയും എങ്ങനെയാണ് ഒരു വ്യക്തിയെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതെന്ന് ഉദ്ഘാടക വിശദീകരിച്ചു. സമൂഹത്തിൽ നന്നായി ഇടപെടാൻ എഴുത്തിന് സാധിക്കുമെന്നും എഴുത്ത് നമുക്ക് ആശ്വാസവും ആനന്ദം നൽകുന്നുവെന്നും ഡയറിയെടുത്ത് ഓരോ കുട്ടിയുടെയും ജീവിതത്തിന്റെ ഭാഗമാക്കണമെന്നും വിജയലക്ഷ്മി ഓർമ്മിപ്പിച്ചു.

ചടങ്ങിൽ വിദ്യാരംഗം കലാസാഹിത്യവേദി ആറ്റിങ്ങൽ ഉപജില്ലയുടെ കൺവീനറും സ്കൂളിലെ അദ്ധ്യാപകനുമായ ഷാജി എ അധ്യക്ഷനായി. സീനിയർ അസിസ്റ്റന്റ് സൈജാറാണി എം എസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ജവാദ് എസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഹസീന എ, ഹെഡ്മാസ്റ്റർ അനിൽകുമാർ കെ, എസ്.ആർ ജി കൺവീനർ ശുഭ ജെ എസ്, ബി ആർ സി ക്ലസ്റ്റർ കോ ഓർഡിനേറ്റർ മായ യു ഐ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ.സന്തോഷ് എസ് ആശംസാസന്ദേശം അറിയിച്ചു. ഉദ്ഘാടന സമ്മേളനത്തിന് നന്ദി അർപ്പിച്ചുകൊണ്ട് സീനിയർ മലയാളം അധ്യാപികയായ ഷീബ എ.എ സംസാരിച്ചു.

വായനയിലും സർഗ്ഗത്മകരചനകളിലും അഭിരുചിയുള്ള 6 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ശില്പശാല ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക രാജി ആർ.എസ് നയിച്ചു. മലയാളം അധ്യാപികമാരായ വിധു വി എം, ഷൈനി ഒ. എം, ആശാ ഗോപാൽ എന്നിവർ വിവിധ സെക്ഷനുകൾക്ക് വേണ്ട പിന്തുണ നൽകി. ബി എഡ് ട്രെയിനിങ് ടീച്ചർമാരുടെ സഹായത്തോടെ സ്മാർട്ട് ക്ലാസ്സ് റൂമിൽ വ്യത്യസ്ത തരത്തിലുള്ള സർഗാത്മക പോസ്റ്ററുകളും ചാർട്ടുകളും സാഹിത്യ ശകലങ്ങളും പതിപ്പിച്ചത് കുട്ടികളുടെ സവിശേഷ ശ്രദ്ധ കൊണ്ടുവരാൻ സഹായിച്ചു.

രാവിലെ പത്തരയോടെ ആരംഭിച്ച ശില്പശാല പ്രധാനപ്പെട്ട
സെക്ഷനുകളിലൂടെ കടന്നുവന്ന് കുട്ടികളുടെ രചനകളുടെ അവതരണവും ഫീഡ്ബാക്കും അവലോകനവും നടത്തി വൈകുന്നേരം 4.00ന് സമാപിച്ചു. ശില്പശാലകളിൽ വിവിധ തരത്തിലുള്ള സർഗ്ഗാത്മക രചനകൾ രൂപപ്പെട്ടു. ഇവ പതിപ്പാക്കി ബിആർസി യിൽ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റം

പാചകവാതക സിലിണ്ടര്‍ വിലയില്‍ മാറ്റം

ഡല്‍ഹി: പാചകവാതക സിലിണ്ടര്‍ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വില ഏഴ് രൂപയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്കാണ് കുറച്ചത്. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി.

വിലകുറച്ചതോടെ ഡല്‍ഹിയില്‍, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ ചില്ലറ വില്‍പ്പന വില ഇന്ന് മുതല്‍ 1797 രൂപയാണ്. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ച സംഭവം‍‌; വീടിന് പെട്രോൾ ഒഴിച്ചു തീകൊളുത്തിയെന്ന് മകൻ

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ച സംഭവത്തിൽ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി സൂചന. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീടിന് പെട്രോൾ ഒഴിച്ച് തീയിട്ടതാണെന്ന് വിജയൻ സമ്മതിച്ചു.

ഇന്ന് രാവിലെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലർച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഇവർക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയൻ. ഇയാൾ ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയാണ്. ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു.ഇതിൽ ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം തുടങ്ങി

ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം തുടങ്ങി

ആറ്റിങ്ങൽ: ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണത്തിന് തുടക്കമായി. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന പരിപാടിയിൽ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ വി അംഗത്വ വിതരണ കൂപ്പൺ നൽകി മേഖലാതല ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ്‌ ലിജിൻ വി അധ്യക്ഷത വഹിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ കൗൺസിൽ അംഗങ്ങളായ എസ് ഭാമിദത്ത്, എം മനോജ് കുമാർ, മേഖല സെക്രട്ടറി വർക്കല സജീവ്, വനിതാ കമ്മിറ്റി സെക്രട്ടറി ആശ എൻ, പ്രസിഡന്റ്‌ ലത എസ് സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി ബിജിന, ജില്ലാ വനിത കമ്മിറ്റി പ്രസിഡൻ്റ് മഞ്ജുകുമാരി എം,മേഖലാ കമ്മിറ്റി അംഗങ്ങളായ അജിത്ത് എ, വിശ്വജിത്ത്, പ്രിൻസ് മധു, കൗസു റ്റിആർ, ബിജിത്ത് ആർ, ജയൻ ജെ, മനേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

ചിത്രം — ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാതല അംഗത്വ പ്രചാരണം നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ്.വി ഉദ്ഘാടനം ചെയ്യുന്നു.