മന്ത്രിസഭായോഗ തീരുമാനങ്ങള്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരള കയറ്റുമതി പ്രോത്സാഹന നയം 2025 മന്ത്രിസഭായോഗം അംഗീകരിച്ചു

പ്രകൃതിവിഭവങ്ങള്‍, വൈദഗ്ധ്യമുള്ള തൊഴില്‍ ശക്തി, സാംസ്കാരിക പൈതൃകം, പുരോഗമനപരമായ ബിസിനസ്സ്‌ അന്തരീക്ഷം എന്നിവയുടെ സവിശേഷമായ സമ്മിശ്രണം കൊണ്ട്‌, ആഗോള കയറ്റുമതി രംഗത്ത്‌ കേരളത്തെ ഒരു പ്രമുഖ കയറ്റുമതി കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ്‌ കയറ്റുമതി പ്രോത്സാഹന നയം രൂപീകരിക്കുന്നത്. സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക്‌ അവസരങ്ങള്‍ മുതലെടുക്കാനും പുതിയ പങ്കാളിത്തങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആഗോളതലത്തില്‍ തങ്ങളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുന്നതിനും അവസരമൊരുക്കും. ആത്യന്തികമായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും സമൃദ്ധിക്കും സംഭാവന നല്‍കുന്നത്‌ ലക്ഷ്യമിട്ടാണ്‌ നയരൂപീകരണം.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നു: വിവിധ മേഖലകളിലുള്ള ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ച്‌ നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും, വ്യവസായം, അക്കാദമിക്‌ സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയിലുള്ള സഹകരണം നുഗമമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹനനയം ലക്ഷ്യമിടുന്നു. ഇതുവഴി നൂതനമായ സംഭംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ആഗോള വിപണി ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന അത്യാധുനിക ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വികസനത്തിന്‌ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.

സാമ്പത്തിക പ്രോത്സാഹനങ്ങള്‍:

കയറ്റുമതി ഇന്‍ഫ്രാസ്ട്രക്ചര്‍ പിന്തുണ: കോള്‍ഡ്‌ സ്റ്റോറേജ്‌ യൂണിറ്റുകള്‍, വെയര്‍ഹൗയസിംഗ്‌, ലോജിസ്റ്റിക്‌സ്‌ തുടങ്ങിയ കയറ്റുമതി അധിഷ്ഠിത അടിസ്ഥാന സകര്യങ്ങൾ സ്ഥാപിക്കുന്നതിന്‌ കയറ്റുമതിക്കാര്‍ക്ക്‌ 1 കോടി രൂപയായി പരിമിതപ്പെടുത്തിയിട്ടുള്ള ഇന്‍ഫ്രാസ്മക്ചര്‍ നിക്ഷേപത്തിന്റെ 25% ഒറ്റത്തവണ സബ്സിഡി നല്‍കും. കേന്ദ്രങ്ങള്‍, ടെസ്റ്റിംഗ്‌ ലബോറട്ടറികള്‍. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ട്രേഡ്‌ ഇന്‍ഫ്രാസ്മക്ചര്‍ ഫോര്‍ എക്‌സ്‌പോര്‍ട്ട്‌ സ്കീമിന് കീഴിലുള്ള സഹായം ലഭ്യമാക്കുന്നതിലെ വിടവ്‌ നികത്തുന്നതിനുള്ള മാര്‍ഗമായി ഇത്‌ സംസ്ഥാനത്തിനകത്തെ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കും.

കയറ്റുമതി വിറ്റുവരവ്‌ അടിസ്ഥാനമാക്കിയുള്ള ഇന്‍സെന്‍റീവ്: സംസ്ഥാനത്ത്‌ നിന്ന്‌ കയറ്റുമതി ചെയ്യുന്ന യൂണിറ്റുകള്‍ക്ക്‌ 3 വര്‍ഷത്തേക്ക്‌ സൗജന്യ ഫ്രീ ഓണ്‍ബോര്‍ഡ്‌ മൂല്യത്തിന്‍റെ (FOB) 1% ഇൻസെന്‍റീവ്‌ നൽകും.

ലോജിസ്റ്റിക്സ്‌ സഹായം: തുറമുഖങ്ങളിലെ ഗതാഗത ചാര്‍ജുകള്‍, ഹാന്‍ഡ്ലിംഗ്‌ ചാര്‍ജുകള്‍ മുതലായവ ഉള്‍പ്പെടെ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള ലോജിസ്റ്റിക്‌ ചെലവുകളുടെ 50% റീഇംബേഴ്‌സ്‌ മെന്‍റ്‌, സ്ഥാപനത്തിന്റെ ആദ്യ കയറ്റുമതി തീയതി മുതല്‍ 5 വര്‍ഷത്തേക്ക്‌ പ്രതിവര്‍ഷം യൂണിറ്റിന്‌ 15 ലക്ഷം എന്ന പരിധി.

കയറ്റുമതി വിപണന സഹായം: ദേശീയ അന്തര്‍ദേശീയ വ്യാപാര മേളകള്‍, എക്സിബിഷനുകള്‍, ബയര്‍-സെല്ലര്‍ മീറ്റുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നതിന്‌ കയറ്റുമതിക്കാര്‍ക്ക്‌ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രതിവര്‍ഷം 2 ലക്ഷം രൂപ പരിധിയില്‍ 75% റീഇംബേഴ്സ്മെന്‍റ്‌ വഴി സബ്സിഡികള്‍ നല്‍കും.

ഹൈക്കോടതി പ്ലീഡര്‍മാരുടെ വേതനം പരിഷ്ക്കരിച്ചു

ഹൈക്കോടതിയിലെ ഗവൺമെൻറ് സ്പെഷ്യൽ പ്ലീഡർ, സീനിയർ ഗവൺമെൻറ് പ്ലീഡർ, ഗവൺമെൻ്റ് പ്ലീഡർ എന്നിവരുടെ മാസവേതനം പരിഷ്ക്കരിച്ചു. യഥാക്രമം 1,50,000, 1,40,000, 1,25,000 എന്ന നിരക്കിൽ വർദ്ധിപ്പിക്കും.
വർദ്ധനവിന് 2022 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നൽകി കുടിശ്ശിക അനുവദിക്കും.

അഡ്വക്കേറ്റ് ജനലിന്റെ ഫീസ്, അലവൻസ് എന്നിവയും അഡീഷണൽ അഡ്വക്കേറ്റ്സ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സ്റ്റേറ്റ് അറ്റോർണി എന്നിവരുടെ ഫീസ്, അലവൻസ് എന്നിവയും പരിഷ്‌കരിക്കും.

റീട്ടെയ്നർ ഫീസ് – 2,50,000, അലവൻസ് – 50,000, സുപ്രീംകോടതി മുമ്പാകെ ഹാജരാകുന്നതിന് – 60,000, ഹൈക്കോടതി ഡിവിഷൻബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് – 15,000, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകുന്നതിന് -7500 എന്നിങ്ങനെയാണിത്.

കായികതാരങ്ങള്‍ക്ക് നിയമനം
കായികതാരങ്ങളായ ചിത്തരേഷ് നടേശനും, ഷിനു ചൊവ്വക്കും ആംഡ് പോലീസ് ബറ്റാലിയനിൽ ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ച് നിയമനം നൽകും. ബറ്റാലിയനിൽ അടുത്ത് ഉണ്ടാകുന്ന ആംഡ് പോലീസ് ഇൻസ്പെക്ടറുടെ രണ്ട് റെഗുലർ ഒഴിവുകളിൽ അവരുടെ നിയമനം ക്രമീകരിക്കും.

തസ്തിക

കേരള സ്റ്റേറ്റ് ഓർഗൻ & ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ ഒരു കൺസൾട്ടൻ്റ് ട്രാൻസ്‌പ്ലാൻ്റ് കോ-ഓർഡിനേർ തസ്തിക സൃഷ്ടിക്കും. ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തിക ദിവസവേതനാടിസ്ഥാനത്തിൽ അനുവദിക്കും.

കരാർ അടിസ്ഥാനത്തിൽ നിയമിക്കും

മുൻ സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായിരുന്ന ബി.രാധാകൃഷ്ണനെ കേരള സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റിയായി 2 വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമം റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി

ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമം റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി

ഭക്ഷ്യധാന്യങ്ങൾ ഇല്ലാത്ത സംസ്ഥാനത്തെ റേഷൻ കടകളുടെ ദുരവസ്ഥക്കെതിരെയും, സാധാരണക്കാരെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെയും ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമം റേഷൻ കടയ്ക്ക് മുന്നിൽ പ്രതിഷേധം നടത്തി.

ഡി.സി.സി മെമ്പർ ആറ്റിങ്ങൽ സതീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എച്ച് ബഷീർ അധ്യക്ഷത വഹിച്ചു. എസ്. രവീന്ദ്രൻ നായർ, ആർ അനിൽ കുമാർ, ആർ .തുളസി ദാസ്, വക്കം സുധ, ആർ .വിജയകുമാർ,ടി . ഭാസി, കെ സുരേന്ദ്രൻ നായർ, എസ്. ജ്യോതി കുമാർ, മാമം സുരേഷ് ബാബു, ബി .രാധാകൃഷ്ണൻ, കിരൺ കൊല്ലമ്പുഴ, ജയൻ കൊല്ലമ്പുഴ, സുബ്രഹ്മണ്യൻ, യൂ. പ്രകാശ്, മധുസൂദനൻ പിള്ള, തുളസി, മോഹനൻ നായർ, അരുൺ, അനിൽ, മധു, രാധാകൃഷ്ണൻ,ജോയ്, പ്രതീഷ്,അജയൻ, അവനവഞ്ചേരി സുനിൽ, തുളസീധരൻ പിള്ള, ഇബ്രാഹിം,ഷൈജു ചന്ദ്രൻ,അരുൺ രാജ്, അജികുമാർ, അജയകുമാർ, മധു, ബൈജു, തുളസീധരൻ നായർ എന്നിവർ പങ്കെടുത്തു.

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഷെറിന്‍ മോചിതയാവുന്നു; ശിക്ഷായിളവിന് മന്ത്രിസഭാ തീരുമാനം

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഷെറിന്‍ മോചിതയാവുന്നു; ശിക്ഷായിളവിന് മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ശിക്ഷാ കാലയളവ് 14 വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് ഷെറിന്‍ നേരത്തെ നല്‍കിയ അപേക്ഷ കൂടി പരിഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. സാധാരണനിലയില്‍ കാലാവധി പൂര്‍ത്തിയായവരെ പലകാരണങ്ങള്‍ പരിഗണിച്ചും ജയില്‍ ഉപദേശകസമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാറുണ്ട്. അത്തരമൊരു മാനുഷിക പരിഗണന വച്ചാണ് ഷെറിന് ഇളവ് നല്‍കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

എന്തായിരുന്നു കേസ്

2009 നവംബര്‍ ഏഴിനാണു ഷെറിന്റെ ഭര്‍ത്തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കരക്കാരണവര്‍ കൊല്ലപ്പെട്ടത്. മരുമകള്‍ ഷെറിന്‍ ഒന്നാംപ്രതിയായി. ശാരീരിക വെല്ലുവിളികളുള്ള ഇളയ മകന്റെ പീറ്ററിന്റെ ഭാര്യയാണ് ഷെറിന്‍. 2001ലായിരുന്നു വിവാഹം. പക്ഷേ, വൈകാതെ ദാമ്പത്യപൊരുത്തക്കേടുകള്‍ പുറത്തായി.

ഷെറിനെ അമേരിക്കയില്‍ കൊണ്ടുപോകുമെന്ന ഉറപ്പിലാണ് കല്യാണം നടത്തിയത്. ഒരുവര്‍ഷത്തിനകം ഇരുവരും അമേരിക്കയിലുമെത്തി. ഭാസ്‌കരക്കാരണവര്‍ക്കും ഭാര്യ അന്നമ്മയ്ക്കൊമൊപ്പമായിരുന്നു താമസം. അവിടെ ജോലിക്കു കയറിയ സ്ഥാപനത്തില്‍ ഷെറിന്‍ മോഷണത്തിനു പിടിക്കപ്പെട്ടതു മുതല്‍ പ്രശ്നങ്ങളാരംഭിച്ചു. പിന്നീടു ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം നാട്ടിലേക്കു മടങ്ങി. 2007-ല്‍ ഭാര്യ അന്നമ്മയുടെ മരണത്തോടെ ഭാസ്‌കരക്കാരണവരും നാടായ ചെറിയനാട്ടേക്കു മടങ്ങി.

അക്കാലത്തെ സാമൂഹിക മാധ്യമമായ ഓര്‍ക്കൂട്ടും മൊബൈലും ഷെറിന്റെ പുരുഷസൗഹൃദവലയം വിപുലീകരിച്ചു. ഭാസ്‌കരക്കാരണവരുടെ സാന്നിധ്യത്തില്‍പോലും കാരണവേഴ്‌സ് വില്ലയില്‍ അപരിചിതരെത്തി. ഇതോടെ ഷെറിനു തന്റെ വസ്തുവിലുള്ള അവകാശം ഒഴിവാക്കി കാരണവര്‍ പുതിയ ധനനിശ്ചയാധാരമുണ്ടാക്കി. സാമ്പത്തിക അച്ചടക്കത്തിനു കാരണവര്‍ ശ്രമിച്ചതോടെ പലരില്‍നിന്നും ഷെറിന്‍ പണം കടം വാങ്ങാന്‍ തുടങ്ങി. കാരണവരാണ് അതെല്ലാം വീട്ടിയത്. ഓര്‍ക്കൂട്ട് വഴിയെത്തിയ സന്ദര്‍ശകനായിരുന്നു കേസിലെ രണ്ടാംപ്രതിയായ ബാസിത് അലി. മറ്റു രണ്ടുപ്രതികളും സുഹൃത്തുക്കളുമായ ഷാനുറഷീദ്, നിഥിന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് കാരണവരെ വധിക്കുന്നത്. സ്വത്തില്‍നിന്ന് ഒഴിവാക്കിയതിലുള്ള പ്രതികാരമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നായിരുന്നു കേസ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ട്: സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമെന്ന് സുപ്രീംകോടതി. 135 വര്‍ഷത്തെ കാലവര്‍ഷം അണക്കെട്ട് അതിജീവിച്ചതാണെന്നും കോടതി അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ്, ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ് വി എൻ ഭട്ടി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം.

സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ് തങ്ങള്‍. 135 വര്‍ഷത്തെ കാലപ്പഴക്കം മറികടന്നതാണ് അണക്കെട്ട്. ആ അണക്കെട്ട് നിര്‍മ്മിച്ചവർക്ക് അഭിമാനപൂര്‍വം നന്ദി പറയുന്നുവെന്നും ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായുള്ള ബന്ധപ്പെട്ടുള്ള ഹര്‍ജികളും മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. അപ്പോള്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

മറ്റൊരു ബെഞ്ച് മുല്ലപ്പെരിയാര്‍ കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത് 2027 ലാണ്. ഇത് 15 ലക്ഷം ജനങ്ങളുടെ ജീവനുമായി ബന്ധപ്പെട്ടുള്ളതാണ്. അണക്കെട്ടിന് 50 വര്‍ഷത്തെ ആയുസ്സാണ് പറഞ്ഞിരുന്നത്. മഴക്കാലവും വരാനിരിക്കുന്നുവെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ അണക്കെട്ട് പണിതശേഷം എത്ര മഴക്കാലമാണ് കടന്നുപോയതെന്ന് കോടതി ചോദിച്ചു.

അണക്കെട്ട് തകരുമെന്ന ഭീതി നിലനിന്ന രണ്ടു മഴക്കാലത്ത് താന്‍ കേരള ഹൈക്കോടതിയില്‍ ഉണ്ടായിരുന്നുവെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ആശങ്കയുടെ പ്രശ്‌നമാണെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോള്‍, മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിന്റെ ആയുസ്സിന്റെ 2.5 മടങ്ങ് അതിജീവിച്ചുവെന്ന് ജസ്റ്റിസ് റോയ് അഭിപ്രായപ്പെട്ടു.

അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന് വിടുന്നതായും കോടതി അറിയിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് നേരത്തെ കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് എസ് വി എൻ ഭട്ടി കേരള ഹൈക്കോടതിയില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്വകാര്യ ബസ്സുകൾ കുട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

സ്വകാര്യ ബസ്സുകൾ കുട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്

പള്ളിക്കൽ: സ്വകാര്യ ബസ്സുകൾ കുട്ടിയിടിച്ച് അപകടം. പള്ളിക്കൽ ആനകുന്നത് ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. യാത്രക്കാരുമായി പോയ കിളിമാനൂർ പാരിപ്പള്ളി റൂട്ടിൽ ഓടുന്ന ഉണ്ണികൃഷ്ണന്റെ രണ്ടു ബസുകളാണ് കൂട്ടിയിടിച്ചത്. ടോറസിനെ ഓവർടേക്ക് ചെയ്ത് കേറിയ ബസ് എതിർ ദിശയിൽ വന്ന ബസ്സിൽ ഇടിക്കുകയായിരുന്നു. ബസ്സിലെ യാത്രക്കാർക്ക് പരിക്കേറ്റു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല സ്‌മൃതി സായാഹ്നം സംഘടിപ്പിച്ചു. എം.ടി. വാസുദേവൻനായർ, പി. ജയചന്ദ്രൻ
പി. കൃഷ്ണ‌പിള്ള അനുസ്മരണം നടത്തി. കൃഷ്ണപിള്ള അനുസ്മ‌രണം ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിലർ ജി. കൊച്ചുകൃഷ്‌ണക്കുറുപ്പും എം.ടി അനുസ്മ‌രണം പ്രസിദ്ധ കഥാകൃത്ത് വേണുനാഥ് ആറ്റിങ്ങലും ജയചന്ദ്രൻ അനുസ്മ‌രണം
അമൃതാ സ്റ്റാർസിംഗർ ഫെയിം ഷാജി എം. ധരനും നിർവഹിച്ചു. പ്രമോദ് കൃഷ്ണ‌, ദിവ്യ പി. നായർ, അരുൺ മോഹൻ,
അഭിജിത് പ്രഭ, കാർത്തിക, ബിനിമോൾ, രേവതി ഗാനാർച്ചന നടത്തി. പ്രസിഡന്റ് കെ. അനിൽകുമാർ, സെക്രട്ടറി
എസ്. രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു.