by Midhun HP News | Jan 28, 2025 | Latest News, കേരളം
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ കലോത്സവത്തില്‍ എസ്എഫ്‌ഐ വിധികര്‍ത്താക്കളെ കയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിധിന്‍ ഫാത്തിമ. പ്രചരിക്കുന്നത് ഒരുഭാഗത്തിന്റെ വീഡിയോ മാത്രമെന്നും നിതിന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു.
എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം യൂണിയന്‍ നഷ്ടമായതിന്റെ അരിശം തീര്‍ക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് നിതിന്‍ ഫാത്തിമ ആരോപിച്ചു. ഇത്തവണ യൂണിയന്‍ എംഎസ്എഫ് – കെഎസ് യു സഖ്യം പിടിച്ചതോടെ കലോത്സവം നടാത്താന്‍ കഴിയാത്തതിന്റെ അമര്‍ഷം അവര്‍ക്കുണ്ടായിരുന്നു. കലോത്സവം തുടങ്ങി ആദ്യദിവസം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളണ്ടിയര്‍മാരെയും സംഘാടകരെയും പ്രകോപിപ്പിച്ചിരുന്നതായും ഫാത്തിമ പറഞ്ഞു.
കലോത്സവം കലക്കാന്‍ എസ്എഫ്‌ഐക്കാര്‍ നേരത്തെ പദ്ധതിയിട്ടതിന്റെ ഭാഗമായാണ് പെണ്‍കുട്ടികളായ വളണ്ടിയര്‍മാരെയും വിധികര്‍ത്താക്കളെ അക്രമിക്കുകയും പൂട്ടിയിടുകയും ചെയ്തത്. ഒരു വനിത വിധികര്‍ത്താവിനെ ബാത്ത്‌റൂമില്‍ പോകാന്‍ അനുവദിക്കാതെ തടഞ്ഞവച്ചു. അവസാനം പിരീഡ്‌സ് ആണെന്ന് പറഞ്ഞ് നാപ്കിന്‍ കാണിച്ചപ്പോള്‍ മാത്രമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അവരെ ബാത്ത്‌റൂമിലേക്ക് കടത്തിവിട്ടതെന്നും നിധിന്‍ ഫാത്തിമ പറഞ്ഞു. വിധി കര്‍ത്താക്കളെ ഇടിക്കട്ടകൊണ്ട് അടിച്ചപ്പോള്‍ പ്രതിരോധിക്കുക മാത്രമാണ് കെഎസ് യു പ്രവര്‍ത്തകര്‍ ചെയ്തത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ഒരുഭാഗത്തിന്റെത് മാത്രമാണെന്നും നിതിന്‍ ഫാത്തിമ പറഞ്ഞു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറിലും ബൈക്കിലും പിന്തുടര്‍ന്ന് ആക്രമിച്ചെന്ന് പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ ആംബലുന്‍സില്‍ ആശുപത്രിയിലെത്തിച്ച ഡ്രൈവര്‍ വൈഭവ് പറഞ്ഞു. പ്രാണരക്ഷാര്‍ഥമാണ് സ്റ്റേഷനിലേക്ക് ഓടിച്ചകയറ്റിയതെന്നും വൈഭവ് പറഞ്ഞു.
മാള ഹോളി ഗ്രേസ് കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയായിരുന്നു കെഎസ് യു – എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്എഫ്ഐ കേരള വര്‍മ്മ കോളജ് യൂണിറ്റ് പ്രസിഡന്റ് ആശിഷിന്റെ നില ഗുരുതരമാണ്.
മത്സരങ്ങള്‍ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ഇതിന്റെ വീഡിയദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചു. ഇരുവിഭാഗത്തിലുമായി 15ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരെ ചാലക്കുടിയിലെയും മാളയിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതേസമയം പരുക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളുമായി പോയ ആംബുലന്‍സ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. ആംബുലന്‍സിന്റെ മുന്‍വശത്തെ ഗ്ലാസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വാഹനത്തിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന കെഎസ് യു പ്രവര്‍ത്തകരായ ആദിത്യന്‍, ഗോകുല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് ഡി സോണ്‍ കലോത്സവം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.
by Midhun HP News | Jan 28, 2025 | Latest News, കേരളം
പ്രയാഗ് രാജ് : ഭാരതത്തിലെ ഏറ്റവും പ്രാചീനവും വലുതുമായ നാഗാ സന്യാസി സമൂഹമായ ശ്രീ പംച് ദശനാം ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി സ്വാമി ആനന്ദവനം ഭാരതിയെ വാഴിച്ചു. പ്രയാഗ് രാജ് മഹാകുംഭമേളാനഗരിയില്‍ അഖാഡയുടെ സഭാപതി മഹന്ത് പ്രേംഗിരി മഹാരാജിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജൂനാപീഠാധീശ്വര്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദഗിരി മഹാരാജ് അഭിഷേകച്ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.
കേരളത്തില്‍ നിന്നുള്ള ആദ്യ മഹാ മണ്ഡലേശ്വരാണ് സ്വാമി ആനന്ദവനം ഭാരതി. അമ്പത് വര്‍ഷം മുമ്പ് സ്വാമി കാശികാനന്ദഗിരി മഹാരാജ് അടക്കമുള്ള മൂന്നു മലയാളികള്‍ നിരഞ്ജിനി അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ ആശ്രമവും പ്രവര്‍ത്തന കേന്ദ്രവും കാശിയും ഋഷികേശും ഒക്കെയായിരുന്നു. ജൂനാ അഖാഡയുടെ കേരള ശാഖയായ കാളികാപീഠാധീശ്വരും കേരളത്തിലെ ആദ്യ ആശ്രമമായ കൊട്ടാരക്കര അവധൂതാശ്രമത്തിലെ ഉത്തരാധികാരിയുമാണ് സ്വാമി ആനന്ദവനം ഭാരതി.
ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി അഖാഡയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുക എന്ന ദൗത്യമാണ് മഹാമണ്ഡലേശ്വര്‍ക്കുള്ളത്. ധര്‍മ്മപ്രചരണത്തിനും ധര്‍മ്മസംരക്ഷണത്തിനുമായുള്ള അഖാഡയുടെ പ്രവര്‍ത്തനങ്ങള്‍ കേരളം കേന്ദ്രമാക്കി ദക്ഷിണ ഭാരതത്തിലുടനീളം വ്യാപിപ്പിക്കാനുള്ള നിയോഗമായാണ് ഈ സ്ഥാനത്തെ കാണുന്നതെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.
കുംഭമേളയില്‍ മലയാളികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിന് സ്വാമിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ശ്രീശങ്കരജന്മഭൂമിയില്‍ നിന്നും മേളയിലെ ആദ്യ ഔദ്യോഗിക പങ്കാളിത്തം എന്ന നിലയില്‍ സ്വാമി ഒരുക്കിയ ശിബിരത്തിലേക്ക് നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കാളികാ പീഠത്തിന്റേയും അവധൂതാശ്രമത്തിന്റേയും പേരിലുള്ള ശിബിരത്തില്‍ പൗര്‍ണ്ണമിക്കാവിന്റേയും എച്ച്ആര്‍ഡിഎസിന്റേയും സഹകരണത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രതിദിനം അമ്പതോളം പേര്‍ക്ക് താമസ സൗകര്യവും അന്നദാനവും എന്‍എന്‍എ ആയുര്‍വേദ നഴ്‌സിങ്ങ് ഹോമും സ്വസ്തിക ആയുര്‍വേദ ഫൗണ്ടേഷനും ചേര്‍ന്നുള്ള സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ശിബിരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, സിനിമ
നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും തിരിച്ചടി. ധനുഷ് നൽകിയ പകർപ്പ് അവകാശലംഘനക്കേസ് തള്ളണമെന്ന നെറ്റ്ഫ്ലിക്സിന്റെ ഹർജി തള്ളി. കേസ് നിലനിൽക്കും എന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. നയൻതാരയുടെ വിവാഹഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ആയിരുന്നു ധനുഷ് പകർപ്പ് അവകാശലംഘനക്കേസ് നൽകിയത്.
ധനുഷ് കോടതിയിൽ. നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും, വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്നു നടന്‍ ധനുഷിന്റെ നിര്‍മാണ സ്ഥാപനമായ വണ്ടര്‍ബാര്‍ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു.
ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര, നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ ചിത്രത്തിലെ ബിടിഎസ് ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചു. ഇത് പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്നാണ് ധനുഷിൻ്റെ വാദം.
ധനുഷിനുവേണ്ടി അഭിഭാഷകന്‍ പിഎസ് രാമനാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ധനുഷിന്റെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നല്‍കിയ ഹര്‍ജികള്‍ തീയതി വ്യക്തമാക്കാതെ വിധി പറയാനായി കോടതി മാറ്റിവെക്കുകയായിരുന്നു. ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം.
നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ ചേര്‍ത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ ഡോക്യുമെന്ററിക്കെതിരെയാണു കേസ്. നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
by Midhun HP News | Jan 28, 2025 | Latest News, കായികം
രാജ്‌കോട്ട്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. വൈകീട്ട് 7 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിനു ജീവന്‍മരണ പോരാട്ടമാണ്. ഇന്നും തോറ്റാല്‍ അവരുടെ പരമ്പര സ്വപ്‌നങ്ങള്‍ അവസാനിക്കും.
മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തില്‍ മികവോടെ തുടങ്ങിയ മലയാളി താരത്തിനു 20 പന്തില്‍ 26 റണ്‍സുമായി പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തില്‍ 5 റണ്‍സിലും സഞ്ജു മടങ്ങി. രണ്ട് കളിയിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. താരം നെറ്റ്‌സില്‍ പേസര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സമാന മാനസിക അവസ്ഥയില്‍ തന്നെ. ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ക്യാപ്റ്റന്‍. രണ്ടാം പോരാട്ടത്തില്‍ തിലക് വര്‍മയുടെ മികവാണ് ഇന്ത്യക്ക് നാടകീയ ജയം സമ്മാനിച്ചത്. താരത്തിന്റെ ഫോം ഇന്ത്യക്ക് പ്രതീക്ഷയാണ്. മറുഭാഗത്ത് ഇംഗ്ലണ്ട് ആദ്യ രണ്ട് മത്സരങ്ങള്‍ കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തും. മുന്‍നിര ബാറ്റര്‍മാര്‍ ഫോമിലെത്താത്തത് അവരെ കുഴക്കുന്നു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മാത്രമാണ് സ്ഥിരത പുലര്‍ത്തുന്നത്.
ഇന്ത്യ ഇന്നും ഷമിയെ പുറത്തിരുത്തിയേക്കും. കഴിഞ്ഞ മത്സരത്തിൽ അവസരം നൽകിയ ധ്രുവ് ജുറേലിനു തിളങ്ങാനായില്ല. താരത്തിനു പകരം റിങ്കു സിങ് പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തിയേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, റിങ്കു സിങ്, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Jan 28, 2025 | Latest News
തിരുവനന്തപുരം: ശരീരത്തിന് ഹാനീകരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി ‘ഓപ്പറേഷന്‍ സൗന്ദര്യ’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 7 ലക്ഷത്തിലധികം രൂപയുടെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുത്തതായും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്തതായും മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 2023 മുതല്‍ 2 ഘട്ടങ്ങളിലായിട്ടാണ് ഓപ്പറേഷന്‍ സൗന്ദര്യ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
മതിയായ ലൈസന്‍സുകളോ കോസ്‌മെറ്റിക്‌സ് റൂള്‍സ് 2020 നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോ പാലിക്കാതെ നിര്‍മ്മിച്ച് വിതരണം നടത്തിയ ഏകദേശം 7 ലക്ഷത്തിലധികം രൂപ വില വരുന്ന വിവിധ കോസ്‌മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുക്കുകയും 33 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകളെടുക്കുകയും ചെയ്തു. ലാബ് പരിശോധനകളില്‍ ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളില്‍ അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. അനുവദനീയമായ അളവില്‍ നിന്ന് 12,000 ഇരട്ടിയോളം മെര്‍ക്കുറി പല സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ആന്തരികാവയവങ്ങളെ വരെ ബാധിക്കുന്ന തരത്തില്‍ ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. ഈ കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി.
സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഉത്പ്പന്നങ്ങള്‍ മതിയായ ലൈസന്‍സോട് കൂടി നിര്‍മ്മിച്ചതാണോ എന്നും നിര്‍മ്മാതാവിന്റെ മേല്‍വിലാസം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും ലേബല്‍ പരിശോധിച്ച് വാങ്ങേണ്ടതാണ്. എന്തെങ്കിലും പരാതിയുള്ളവര്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനെ 18004253182 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിവരം അറിയിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
by Midhun HP News | Jan 28, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായി അദ്ദേഹവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസിഡന്റ് സ്ഥാനത്ത് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റ് ഒരാഴ്ച പിന്നിടുമ്പോഴാണ് മോദി ഫോണിൽ വിളിച്ചത്.
മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കുമെന്നു ഫോൺ സംഭാഷണത്തിനു പിന്നാലെ ട്രംപ് വെളിപ്പെടുത്തി. ഇന്ത്യയുമായി അമേരിക്കയ്ക്കു ഊഷ്മള ബന്ധമാണുള്ളത്. മോദിയുമായി ദീർഘ നേരം സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കുമായി ഒന്നിച്ചു പ്രവർത്തിക്കാനുള്ള പ്രതിബദ്ധത ഇരുവരും നടത്തിയ സംസാരത്തിൽ വിഷയമായതായും സൂചനയുണ്ട്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ 7നാണ് അവസാനമായി ഇരുവരും ഫോണിൽ സംസാരിച്ചത്. ഈ മാസം 20നാണ് ട്രംപ് പ്രസിഡന്റായി വീണ്ടും അധികാരത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി പങ്കെടുത്തിരുന്നില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ചടങ്ങിൽ സംബന്ധിച്ചത്.
Recent Comments