by Midhun HP News | Nov 2, 2024 | Latest News, കേരളം
കണ്ണൂര്‍: ആര്‍എസ്എസ് നേതാവായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാം പ്രതി ഒഴികെ മറ്റുളളവരെയെല്ലാം കോടതി വെറുതെ വിട്ടു. ചാവശ്ശേരി സ്വദേശി എംവി മര്‍ഷൂക്ക് ആണ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. ശിക്ഷാവിധി ഈ മാസം പതിനാലിന് വിധിക്കും.
വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ശരിയായ അന്വേഷണം നടക്കാത്താതാണ് പ്രതികളെ ശിക്ഷിക്കപ്പെടാതാരിക്കാന്‍ കാരണമെന്നും പ്രോസിക്യൂഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ ആകെ പതിനാല് പ്രതികളാണ് ഉണ്ടായിരുന്നത്. എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് എല്ലാവരും.
വിധി ദൗര്‍ഭാഗ്യകരമെന്ന് ബിജെപി നേതാവ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. വളരെ വൈകിയെങ്കിലും നീതികിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അശ്വനി കുമാറിന്റെ കുടുംബം പ്രതീക്ഷിച്ച നീതി കിട്ടിയില്ല. ദൃക്‌സാക്ഷികള്‍ വിചാരണവേളയില്‍ പ്രതികളെ തിരിച്ചറിഞ്ഞതാണ്. ദൗര്‍ഭാഗ്യകരമായ വിധിയാണ്. നീതി കിട്ടുംവരെ അപ്പീലുമായി പോകും ഉയര്‍ന്ന കോടതിയില്‍ പ്രതീക്ഷയുണ്ടെന്നും. സമൂഹത്തിന് ശരിയായ സന്ദേശം നല്‍കാന്‍ ഊ കേസില്‍ മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു. അന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം. ആ സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.
2005 മാര്‍ച്ച് 10നാണ് കേസിനാസ്പദമായ സംഭവം. പേരാവൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഇരിട്ടി പയഞ്ചേരി മുക്കില്‍ വച്ചാണ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനു പിന്നാലെ കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറി. ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ അസീസിനെ നാറാത്ത് ആയുധ പരിശീലന കേസില്‍ ശിക്ഷിച്ചിരുന്നു.
by Midhun HP News | Nov 2, 2024 | Latest News, കായികം
മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ലീഡ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സിനു പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 235 റണ്‍സിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യക്ക് 28 റണ്‍സ് ലീഡ്.
ഒന്നാം ഇന്നിങ്‌സില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരത്തിനു സെഞ്ച്വറി നഷ്ടമായത് നിരാശയായി. 7 ഫോറും 1 സിക്‌സും സഹിതം ഗില്‍ 90 റണ്‍സെടുത്തു.
രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ മികച്ച ബാറ്റിങുമായി ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും കളം വാണു. ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ പന്തും 36 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നാലെ താരം മടങ്ങി. 59 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതം പന്ത് 60 റണ്‍സെടുത്തു.
വാലറ്റത്ത് വാഷിങ്ടന്‍ സുന്ദര്‍ നടത്തിയ ആക്രമണ ബാറ്റിങും നിര്‍ണായകമായി. താരത്തിന്റെ മികവാണ് സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചതും ഇന്ത്യക്ക് ലീഡ് സമ്മാനിച്ചതും. 36 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം വാഷിങ്ടന്‍ സുന്ദര്‍ 38 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി. വില്ല്യം ഓറൂര്‍ക്ക്, മാറ്റ് ഹെന്‍റി, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
86 റണ്‍സിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ നിലയിലാണ് ഇന്ത്യ രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ ഇന്ത്യക്ക് അതിവേഗം 4 വിക്കറ്റുകള്‍ നഷ്ടമായി.
ഇന്നലെ ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ പതിവു പോലെ വേഗത്തില്‍ നഷ്ടമായിരുന്നു. 18 പന്തില്‍നിന്നും 18 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം. യശസ്വി ജയ്സ്വാള്‍ നന്നായി കളിച്ചുതുടങ്ങിയെങ്കിലും 30 റണ്‍സിന് പുറത്തായി. ഇല്ലാത്ത റണ്‍സിനായി ഓടി വിരാട് കോഹ്ലിയും പുറത്തായി. ആറ് പന്തില്‍ നിന്ന് നാല് റണ്‍സാണ് കോഹ്ലി എടുത്തത്.
ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജഡേജയും നാല് വിക്കറ്റ് എടുത്ത വാഷിങ്ടന്‍ സുന്ദറുമാണ് ന്യൂസിലന്‍ഡിനെ ആദ്യദിനത്തില്‍ തന്നെ ഓള്‍ഔട്ട് ആക്കിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ തന്ത്രത്തില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്.
ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാതം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലന്‍ഡല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി.
by Midhun HP News | Nov 2, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്ച 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍.
മാന്നാര്‍ കടലിടുക്കിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്രാകാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രത്യേക ജാഗ്രത നിര്‍ദേശം
ഇന്ന് തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ശനിയാഴ്ച ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.
by Midhun HP News | Nov 2, 2024 | Latest News, കേരളം
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ക്ഷണിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമെന്ന് ഭയമുണ്ടെന്നും എന്തുംവിളിച്ചു പറയുന്ന ആളാണ് സുരേഷ് ഗോപിയെന്നും ആ പരിസരത്തേക്ക് അദ്ദേഹത്തെ വിളിക്കില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഒറ്റതന്തയ്ക്ക് പിറന്നവരെന്ന പ്രയോഗത്തില്‍ മാപ്പുപറഞ്ഞാല്‍ സുരേഷ് ഗോപിയ്ക്ക് വരാമെന്നും ശിവന്‍ കുട്ടി പറഞ്ഞു. കേരള സ്‌കൂള്‍ കായികമേളയുടെ പ്രധാനവേദിയായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ശിവന്‍ കുട്ടിയുടെ പ്രതികരണം.
നവംബര്‍ നാലിനാണ് സ്‌കൂള്‍ കായിക മേളയ്ക്ക് കൊച്ചിയില്‍ തുടക്കമാകുക. രണ്ടായിരത്തോളം ഭിന്നശേഷി കുട്ടികള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി മത്സരങ്ങള്‍ക്കൊപ്പം പങ്കുചേരുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 17 വേദികളിലായി 24000 ഓളം കുട്ടികള്‍ മത്സരിക്കും. കായികമേളയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.
ദേശീയ നിലവാരത്തില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടനദിവസം 3000 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍ മഹാരാജാസ് കോളജ് മൈതാനിയില്‍ അരങ്ങേറും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍ സമ്മാനിക്കും.
by Midhun HP News | Nov 2, 2024 | Latest News, ദേശീയ വാർത്ത
ഏനാത്ത് ബെയ്ലി പാലം നിന്നിരുന്ന മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക് (10), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി എം ഐ സ്‌കൂളിന് സമീപത്തുള്ള കടവില്‍ നിന്നാണ് സോലികിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്മലിന്റെത് മണ്ഡപം കടവില്‍ നിന്നും ഒന്നര കിലോമീറ്റര്‍ താഴെയുള്ള കൊളശ്ശേരി കടവില്‍ നിന്നും കണ്ടെടുത്തു. അടൂര്‍ ഫയര്‍ ഫോഴ്‌സ് ആണ് ഇരു മൃതദേഹങ്ങളും കരയ്‌ക്കെടുത്തത്.
രക്ഷിതാക്കള്‍ ഉള്‍പ്പെടെ 13 പേരടങ്ങിയ സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ഏനാത്ത് ബെയ്ലി പാലം നിന്നിരുന്ന മണ്ഡപം കടവില്‍ ഇറങ്ങിയതായിരുന്നു ഇവര്‍. ആഴമേറെയുള്ള ഭാഗത്ത് ഇറങ്ങിയ സംഘാംഗങ്ങളെ നാട്ടുകാര്‍ ആദ്യം മടക്കിയയച്ചു. തുടര്‍ന്ന് സമീപത്തായുള്ള മറ്റൊരു ഭാഗത്ത് ഇവര്‍ ഇറങ്ങുകയായിരുന്നു. മുഹമ്മദ് സോലികിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കില്‍ പെട്ടത്.
12.45ന് അപകട സന്ദേശം കിട്ടിയതോടെ സംഭവ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഒരുമണിയോടുകൂടി അജ്മലിനെയും ഒന്നേകാലോടെ മുഹമ്മദിനേയും കരയ്‌ക്കെടുക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍ എം വേണു, സീനിയര്‍ ഓഫീസര്‍മാരായ ബി സന്തോഷ് കുമാര്‍, എ എസ് അനൂപ്, ഫയര്‍ ഓഫീസര്‍മാരായ എസ് ബി അരുണ്‍ജിത്ത്, എസ് സന്തോഷ്, വി ഷിബു എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കനത്ത ഒഴുക്ക് വകവെക്കാതെ അര കിലോമീറ്ററോളം നീന്തി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കരയ്‌ക്കെടുക്കാന്‍ കഴിഞ്ഞത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവര്‍ പ്രകടിപ്പിച്ച സാഹസികതയും ധൈര്യവുമാണ് 15 മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ രണ്ട് മൃതദേഹവും കരയ്‌ക്കെത്തിക്കാന്‍ സഹായിച്ചത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബാ ടീമിനെ വിളിച്ചിരുന്നെങ്കിലും അവര്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പു തന്നെ അടൂര്‍ ഫയര്‍ഫോഴ്‌സ് മൃതദേഹങ്ങള്‍ നദിയില്‍ നിന്നും പുറത്തെടുത്തിരുന്നു.

by Midhun HP News | Nov 2, 2024 | Latest News, ജില്ലാ വാർത്ത, സിനിമ
പണി സിനിമയ്ക്കെതിരെ വിമർശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോർജ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. ഒരു സിനിമയുടെ സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്സ് ചെയ്യാറില്ല.
ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും ജോജു വിഡിയോയിൽ വ്യക്തമാക്കി.
ജോജുവിന്റെ വാക്കുകൾ
വളരെ അത്യാവശ്യമുള്ള കാര്യം പറയാനുണ്ട്. അതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോൺകോൾ പ്രചരിക്കുന്നുണ്ട്. അത് ഞാൻ തന്നെ വിളിച്ചതാണ്. ദയവായി ഇപ്പോൾ പറയുന്ന കാര്യങ്ങൾ നല്ല അർഥത്തിൽ തന്നെ എടുക്കണം. ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വന്നിട്ടുണ്ട്.
അവരെ ആരെയും ഞാൻ വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ, ഈ വ്യക്തി ഒരു റിവ്യൂ കുറേ സ്ഥലത്ത് പങ്കുവെച്ചിട്ടുണ്ട്. പല ഗ്രൂപ്പുകളിലും റിവ്യൂ കോപ്പി പ്രചരിപ്പിച്ചു. കമന്റുകൾക്കടിയിൽ ഈ സിനിമ കാണരുത് എന്ന് എഴുതി. അഭിപ്രായ സ്വാതന്ത്ര്യമായി ബന്ധപ്പെട്ട വിഷയമല്ല ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചത്. ഒരുപാട് സ്ഥലത്ത് ഒരേ റിവ്യൂ പങ്കുവയ്ക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. ഒരു സിനിമയുടെ സ്പോയിലറുകൾ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്സ് ചെയ്യാറില്ല.
ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരും എന്നോട് താത്പര്യമില്ലാത്തവരും. ഇതെല്ലാം വ്യക്തിപരമായി കാണിക്കാവുന്നതാണ്.
‘നിനക്ക് ധൈര്യമുണ്ടോ എന്റെ മുന്നിൽ വരാൻ’; പണിക്കെതിരെ വിമർശനക്കുറിപ്പ്, റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി നടൻ ജോജു ജോർജ്
എന്നാൽ, സിനിമ എന്റേതുമാത്രമല്ല. ഇത് വളരെ വേദനാജനകമാണ്, കാരണം അത്രയും വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കൂടെയുള്ള എല്ലാവരും നൂറു ശതമാനം പണിയെടുത്തു എന്നേ പറയാൻ പറ്റുള്ളൂ.’, ജോജു പറഞ്ഞു.
Recent Comments