നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

നവീൻ ബാബുവിന് കണ്ണീരോടെ വിട; എല്ലാം ഉള്ളിലൊതുക്കി അന്ത്യകർമ്മങ്ങൾ ചെയ്ത് പെൺമക്കൾ

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.ബന്ധുക്കള്‍ക്കൊപ്പം മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോള്‍ മന്ത്രി രാജനും ബന്ധുക്കള്‍ക്കൊപ്പം ചേര്‍ന്നു. കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. പെൺമക്കളെ ഉൾപ്പെടെയുള്ളവരെ എങ്ങനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഏവരും സങ്കടത്തിലായി.

സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം രാവിലെ കലക്ടേററ്റില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മിക്കവരും വിതുമ്പി. പതിനൊന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പെണ്‍മക്കളാണ് അന്ത്യ കര്‍മം നടത്തിയത്. മന്ത്രിമാരായ വീണാ ജോര്‍ജ്, കെ രാജന്‍, വിവിധ എംപിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനികള്‍, വിവിധ രാഷ്ട്രീയനേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. നവീന്‍ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. പത്തനംതിട്ടയില്‍ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീന്‍. അതിനിടെയാണ് നവീന്‍ ജീവനൊടുക്കിയത്.

വിരമിക്കാന്‍ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. 19ാംവയസില്‍ എല്‍ഡി ക്ലാര്‍ക്കായിട്ടാണ് നവീന്‍ ബാബു സര്‍വീസിലെത്തുന്നത്. മിതഭാഷി, എല്ലാവരോടും സൗഹൃദത്തോട് കൂടി മാത്രം ഇടപെടുന്നയാള്‍. നവീനെക്കുറിച്ച് എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. പത്തനംതിട്ട മുന്‍ കലക്ടര്‍ പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നവീനെ പ്രവര്‍ത്തനങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ അനുസ്മരിച്ചിരുന്നു

അതേസമയം, നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യക്കെതിരെ കേസെടുത്തു

നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യക്കെതിരെ കേസെടുത്തു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് കണ്ണൂര്‍ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ പി പി ദിവ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങില്‍ കടന്നുവന്ന് അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തി അധിക്ഷേപ പ്രസംഗം നടത്തിയതില്‍ ദിവ്യയോട് പൊലീസ് വിശദീകരണം തേടും. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനും ദിവ്യയോട് ആവശ്യപ്പെടും.

ദിവ്യയുടെ പ്രസംഗത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ നവീന്‍ബാബുവിന്റേത് അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെയാണ് ദിവ്യയെ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.

എഡിഎം യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്ക് നയിക്കത്തക്ക മാനസിക വിഷമങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്. യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ വന്ന് അപകീര്‍ത്തികരമായ പ്രസംഗം നടത്തി. പിറ്റേന്ന് നവീന്‍ബാബുവിനെ താമസിക്കുന്ന മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇനി മുന്‍കൂട്ടി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ കഴിയുക 60 ദിവസം വരെ; സമയ ദൈര്‍ഘ്യം വെട്ടിക്കുറച്ച് റെയില്‍വേ

ഇനി മുന്‍കൂട്ടി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ കഴിയുക 60 ദിവസം വരെ; സമയ ദൈര്‍ഘ്യം വെട്ടിക്കുറച്ച് റെയില്‍വേ

ഡല്‍ഹി: മുന്‍കൂട്ടി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധി ഇന്ത്യന്‍ റെയില്‍വേ വെട്ടിക്കുറച്ചു. 120 ദിവസത്തില്‍ നിന്ന് 60 ദിവസമായാണ് കുറച്ചത്. അതായത് 60 ദിവസം മുന്‍പ് വരെ മാത്രമേ ഇനി ട്രെയിന്‍ ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സാധിക്കൂ. പുതിയ തീരുമാനം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.

ഇതിനകം ബുക്ക് ചെയ്ത ടിക്കറ്റുകളെ പുതിയ നടപടി ബാധിക്കില്ല. മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 2015 ഏപ്രില്‍ 1 വരെ 60 ദിവസമായിരുന്നു. തുടര്‍ന്ന് ബുക്കിങ് കാലയളവ് 120 ദിവസം വരെ നീട്ടുകയായിരുന്നു. അധിക വരുമാനം ലക്ഷ്യമിട്ടായിരുന്നു റെയില്‍വേ സമയപരിധി നീട്ടിയത് എന്ന തരത്തില്‍ അന്ന് ചിലര്‍ വാദിച്ചിരുന്നു.

നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു

തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.

പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇടഞ്ഞ ഡോ. പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സരിനെ പുറത്താക്കിയതായി അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോ. സരിനായിരുന്നു ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെ, സരിനെ മീഡിയ സെല്ലിന്റെ അഡ്മിന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. പാലക്കാട് സീറ്റു മോഹിച്ച സരിന്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് കോണ്‍ഗ്രസിനോട് ഇടഞ്ഞത്.

ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ബംഗളൂരു: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയെയാണ് കോഹ്‌ലി മറികടന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോഹ്‌ലി പുറത്തായി.

2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോനി 535 മത്സരങ്ങളാണ് കളിച്ചത്. ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയതോടെ കോഹ്ലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോനിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു വിരാടിന്റെ അരങ്ങേറ്റ മത്സരം. ഇന്ത്യക്കായി ഇതുവരെ 115 ടെസ്റ്റുകളും 295 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളും കളിച്ച കോഹ്‌ലിയുടെ സമ്പാദ്യം 27,041 റണ്‍സ് ആണ്.

68 ടെസ്റ്റുകള്‍, 95 ഏകദിനങ്ങള്‍, 50 ടി20 മത്സരങ്ങള്‍ ഉള്‍പ്പടെ 213 മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് നയിച്ചു. 1989 മുതല്‍ 2013 വരെ രാജ്യത്തിനായി 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

സജീവമായി ക്രിക്കറ്റില്‍ തുടരുന്ന സഹതാരങ്ങളായ രോഹിത് ശര്‍മ 486 മത്സരങ്ങളും രവിന്ദ്ര ജഡേജ 346 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ള ടെസ്റ്റുകളുടെ എണ്ണത്തില്‍ കോഹ്ലിയുടെ സ്ഥാനം എട്ടാമതാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 53 റണ്‍സ് മാത്രമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി കൈവരിച്ചിരുന്നു. സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത് 623 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നുവെങ്കില്‍ കോഹ് ലിക്ക് വേണ്ടിവന്നത് 594 ഇന്നിങ്‌സ് മാത്രമായിരുന്നു.