by Midhun HP News | Oct 17, 2024 | Latest News, സിനിമ
തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം. പ്രേം നസീറിന്റെ ആദ്യ ചിത്രമായ മരുമകളിൽ കോമളം നായികയായി എത്തി. 1955ല്‍ പുറത്ത് വന്ന ന്യൂസ്പേപ്പര്‍ ബോയ് ശ്രദ്ധേയ ചിത്രം. ഇതിൽ കല്ല്യാണിയമ്മ എന്ന വേഷത്തിലായിരുന്നു കോമളം എത്തിയത്. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളിലും അവർ അഭിനയിച്ചു.
by Midhun HP News | Oct 17, 2024 | Latest News, കേരളം
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി ഇടഞ്ഞ ഡോ. പി സരിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് സരിനെ പുറത്താക്കിയതായി അറിയിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അച്ചടക്ക ലംഘനത്തിന്റേയും പേരില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സരിനെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി കെപിസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അടിയന്തരമായി പുന:സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഡോ. സരിനായിരുന്നു ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെ, സരിനെ മീഡിയ സെല്ലിന്റെ അഡ്മിന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. പാലക്കാട് സീറ്റു മോഹിച്ച സരിന്‍, രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് കോണ്‍ഗ്രസിനോട് ഇടഞ്ഞത്.
by Midhun HP News | Oct 17, 2024 | Latest News, കായികം
ബംഗളൂരു: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയെയാണ് കോഹ്‌ലി മറികടന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോഹ്‌ലി പുറത്തായി.
2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോനി 535 മത്സരങ്ങളാണ് കളിച്ചത്. ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയതോടെ കോഹ്ലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോനിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു വിരാടിന്റെ അരങ്ങേറ്റ മത്സരം. ഇന്ത്യക്കായി ഇതുവരെ 115 ടെസ്റ്റുകളും 295 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളും കളിച്ച കോഹ്‌ലിയുടെ സമ്പാദ്യം 27,041 റണ്‍സ് ആണ്.
68 ടെസ്റ്റുകള്‍, 95 ഏകദിനങ്ങള്‍, 50 ടി20 മത്സരങ്ങള്‍ ഉള്‍പ്പടെ 213 മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് നയിച്ചു. 1989 മുതല്‍ 2013 വരെ രാജ്യത്തിനായി 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.
സജീവമായി ക്രിക്കറ്റില്‍ തുടരുന്ന സഹതാരങ്ങളായ രോഹിത് ശര്‍മ 486 മത്സരങ്ങളും രവിന്ദ്ര ജഡേജ 346 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ള ടെസ്റ്റുകളുടെ എണ്ണത്തില്‍ കോഹ്ലിയുടെ സ്ഥാനം എട്ടാമതാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 53 റണ്‍സ് മാത്രമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി കൈവരിച്ചിരുന്നു. സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത് 623 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നുവെങ്കില്‍ കോഹ് ലിക്ക് വേണ്ടിവന്നത് 594 ഇന്നിങ്‌സ് മാത്രമായിരുന്നു.
by Midhun HP News | Oct 17, 2024 | Latest News, കേരളം
കൊച്ചി: ദീര്‍ഘകാലത്തേക്ക് സ്വകാര്യ പാട്ടത്തിനു നല്‍കിയ ആലുവ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് (മഹാനാമി ഹോട്ടല്‍) സംസ്ഥാന സര്‍ക്കാര്‍ തിരികെ പിടിച്ചു. റെസ്റ്റ് ഹൗസ് ഉടന്‍ ഏറ്റെടുക്കാനും റിപ്പോര്‍ട്ട് നല്‍കാനും പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.
മഹാനാമി ഹോട്ടലിന്റെ പാട്ടക്കരാര്‍ റദ്ദ് ചെയ്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് ചൊവ്വാഴ്ച പുറത്തിറക്കി. 2003ലാണ് പൊതുമരാമത്ത് വകുപ്പിന്റെ പക്കല്‍നിന്ന് ആലുവ റെസ്റ്റ് ഹൗസ് 30 വര്‍ഷത്തേക്ക് മൂവാറ്റുപുഴ മഹാനാമി ഹെറിറ്റേജ് ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പാട്ടത്തിന് ഏറ്റെടുക്കുന്നത്. റെസ്റ്റ് ഹൗസിനോടു ചേര്‍ന്നുള്ള അധിക ഭൂമി 2005ല്‍ കൈമാറി. പുനരുദ്ധരിക്കുക, അറ്റകുറ്റപ്പണി നടത്തുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റം ചെയ്യുക എന്ന അടിസ്ഥാനത്തിലാണ് റെസ്റ്റ് ഹൗസ് പാട്ടത്തിന് നല്‍കിയത്. കരാര്‍പ്രകാരം നല്‍കേണ്ട പണയത്തുക ആദ്യകാലത്ത് കൃത്യമായി നല്‍കിയെങ്കിലും പിന്നീട് മുടങ്ങി. 15 ശതമാനം പലിശ ഉള്‍പ്പെടെ സര്‍ക്കാരിലേക്ക് നല്‍കേണ്ട തുക 47.84 ലക്ഷം രൂപയായി. ഇതോടെ 2014ല്‍ കരാറുകാരനെ ഒഴിവാക്കി സര്‍ക്കാര്‍ നോട്ടീസ് നല്‍കി.
തുക ലഭിക്കാതായതോടെ 2015 ഏപ്രില്‍ 16ന് പാട്ടക്കരാര്‍ സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇതിനെതിരേ ഹോട്ടല്‍ ഉടമ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് വിധി പറഞ്ഞ ഹൈക്കോടതി, കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും പണമടയ്ക്കാന്‍ രണ്ടാഴ്ച കൂടി സമയം അനുവദിക്കാനും നിര്‍ദേശിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ പണമടയ്ക്കാന്‍ കരാറുകാരന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ റെസ്റ്റ് ഹൗസ് തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുകയായിരുന്നു.
by Midhun HP News | Oct 17, 2024 | Latest News, ജില്ലാ വാർത്ത
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പിംഗ് ഹാൻഡ് പ്രോജെക്ടിന്റെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂൾ ചികിത്സാനിധിയിലേക്കു ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് രുചിമേളം ’24 എന്ന പേരിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ബിരിയാണി ഫെസ്റ്റും ഇതിന്റെ ഭാഗമായിരുന്നു.
ഫുഡ് ഫെസ്റ്റിൽ 15 ഓളം സ്റ്റാളുകളും 80 ഓളം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. നാടൻ രുചികളും ആരോഗ്യകരമായ മറ്റ് വിഭവങ്ങളും മേളയുടെ പ്രത്യേകതയായിരുന്നു. സമഗ്ര ശിക്ഷ കേരളത്തിന്റെ ഭാഗമായുള്ള ഹെൽപ്പിംഗ് ഹാൻഡ് പ്രൊജക്റ്റ് സ്കൂളിൽ നടക്കുകയാണ്. ഈ പഠന പരിപോഷണ പരിപാടിയിൽ കുട്ടികളുടെ ഭക്ഷണ ശീലങ്ങളും ആരോഗ്യപ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രോജക്ട് ആണ് സ്കൂൾ ഏറ്റെടുത്തത്. 8, 9 ക്ലാസുകളിലെ കുട്ടികൾക്ക് ഒക്ടോബർ 16 ബുധനാഴ്ച
സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന് ഫുഡ് ഫെസ്റ്റിൽ ആരോഗ്യകരമായ ഭക്ഷണം, സമീകൃതാഹാരം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള – വരൂ പോഷാകാം – സ്റ്റാളും ഉണ്ടായിരുന്നു.
ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് ഭക്ഷണ ശീലങ്ങളെക്കുറിച്ചും കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ സ്റ്റാൾ ക്രമീകരിച്ചത്. ഫുഡ് ഫെസ്റ്റ് ജില്ലാപഞ്ചായത്ത് മെമ്പർ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജെസ്സി ജലാൽ, എച്ച് എം സുജിത് എസ്, പി ടി എ പ്രസിഡന്റ് ഇ. നസീർ, എസ് എം സി ചെയർമാൻ ജി. ജയകുമാർ, എസ് എം സി അംഗങ്ങളായ സാഗർഖാൻ, എസ്. കെ സജി, വിനയ് എം എസ്, ഹെൽപ്പിംഗ് ഹാൻഡ് കൺവീനർ നിസാർ അഹമ്മദ്, സീഡ് കോർഡിനേറ്റർ സൗമ്യ എസ്, നാസിം എന്നിവർ സന്നിഹിതരായിരുന്നു.
by Midhun HP News | Oct 17, 2024 | Latest News, കേരളം
തൃശൂര്‍: തൃശൂരില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപികയെ അറസ്റ്റ് ചെയ്തു. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലെ വിദ്യാര്‍ഥിയെ ഡയറി എഴുതിയില്ലെന്ന കാരണത്താല്‍ അധ്യാപികയായ സെലിന്‍ അടിച്ചുവെന്ന പരാതിയിലാണ് നടപടി.
സംഭവത്തില്‍ നെടുപുഴ പൊലീസ് ഇന്നലെ രാത്രിയോടെയാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. അധ്യാപിക സ്വമേധയാ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് ഇന്ന് രാവിലെ 11 മണിവരെ കോടതി അധ്യാപികയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് ക്ലാസ് ടീച്ചറായ സെലിന്‍ കുട്ടിയുടെ ഇരു കാല്‍മുട്ടിനും താഴെ ക്രൂരമായി തല്ലുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച നെടുപുഴ പൊലീസ് കേസെടുത്തിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കെയാണ് ഇന്നലെ അറസ്റ്റ് ചെയ്യുന്നത്.
സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും താന്‍ വഴങ്ങിയില്ലെന്നും രക്ഷിതാവ് പറഞ്ഞു. മാനേജുമെന്റിന്റെ സ്വാധീനത്തിന് വഴങ്ങി അധ്യാപികയെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നുവെന്നും കുടുംബം ആരോപിച്ചിരുന്നു. അതേസമയം, അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
Recent Comments