വനിതാ നിര്‍മ്മാതാവിന്റെ പരാതി: 9 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

വനിതാ നിര്‍മ്മാതാവിന്റെ പരാതി: 9 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസെടുത്തു

കൊച്ചി: വനിതാ സിനിമാ നിര്‍മ്മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആന്റോ ജോസഫ്, ബി രാകേഷ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ അടക്കം ഒമ്പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. അസോസിയേഷന്‍ യോഗത്തിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിലുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വനിതാ നിര്‍മ്മാതാവ് നിര്‍മ്മിച്ച ചിത്രങ്ങളുമായി ബന്ധപ്പെട്ട് അസോസിയേഷനുമായി ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ ഭാരവാഹികള്‍ ഈ നിര്‍മ്മാതാവിനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഈ സമയത്ത് വനിതാ നിര്‍മ്മാതാവ് ചില പരാതികള്‍ മുന്നോട്ടു വെച്ചു.

അടുത്ത യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. അടുത്ത യോഗത്തിലേക്ക് വനിതാ നിര്‍മ്മാതാവിനെ വിളിക്കുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. തുടര്‍ന്ന് വനിതാ നിര്‍മ്മാതാവ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണവുമായി രംഗത്തു വന്നത്. ഇതേത്തുടര്‍ന്ന് പരസ്യപ്രതികരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു അസോസിയേഷന്‍ കത്തു നല്‍കി.

ഇതില്‍ വിശദീകരണം നല്‍കാനായി എത്തിയ യോഗത്തില്‍ വെച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ മോശമായി പെരുമാറിയെന്നാണ് വനിതാ നിര്‍മ്മാതാവിന്റെ പരാതി. മാനസികമായി സമ്മര്‍ദ്ദം ചെലുത്തിയെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പെരുമാറ്റമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും

സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാറുകൾക്ക് 12 ന് തുടക്കമാകും. തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാർ ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നെടുംങ്ങണ്ടയിൽ വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്യും. മത്സ്യ മേഖല നേരിടുന്ന വെല്ലുവിളികളെന്ന വിഷയത്തെ സംബന്ധിച്ച സെമിനാർ 13 ഞായറാഴ്ച രാവിലെ 10 മണിക്ക് മത്സ്യ സംഘം ഹാളിൽ ചേരും. സിഐടി നേതാവ് പുല്ലുവിള സ്റ്റാൻലി സെമിനാർ ഉദ്ഘാടനം ചെയ്യും.

‘തെരുവു നായ്ക്കളെ തടയരുത്, കുളിപ്പിച്ച് അകത്തു കടത്തണം’; രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ തേങ്ങുന്നവരില്‍ അവരും

‘തെരുവു നായ്ക്കളെ തടയരുത്, കുളിപ്പിച്ച് അകത്തു കടത്തണം’; രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ തേങ്ങുന്നവരില്‍ അവരും

മുംബൈ: ഇന്ത്യന്‍ വ്യസായ ലോകത്തെ ഇതിഹാസം രത്തന്‍ ടാറ്റ വിടവാങ്ങുമ്പോള്‍ ആ സ്‌നേഹവായ്പ് അനുഭവിച്ച മനുഷ്യര്‍ക്കു മാത്രമല്ല, ദക്ഷിണ മുംബൈയിലെ തെരുവുനായകള്‍ക്കും തീരാനഷ്ടമാണ്. തങ്ങളുടെ ഉറ്റ ചങ്ങാതിയെയാണ് അവര്‍ക്ക് എന്നന്നേക്കുമായി നഷ്ടമാകുന്നത്. ബോംബെ ഹൗസിലേക്ക് കടന്നു ചെല്ലുമ്പോള്‍ മറ്റേതൊരു കമ്പനിയുടെ ആസ്ഥാനത്ത് നിന്നും വ്യത്യസ്തമായ അനുഭവമാണ് ഉണ്ടാകുക.

കൊളോണിയല്‍ കാലഘട്ടത്തിലെ കെട്ടിടത്തിന്റെ പ്രവേശന കവാടം കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തെരുവ് നായകള്‍ അശ്രദ്ധമായി നടക്കുന്നത് പതിവു കാഴ്ചയാണ്. തെരുവുനായകളെ അകത്തേക്ക് കടത്തിവിടാനും സ്വതന്ത്രമായി പുറത്തേക്ക് പോകാനും അനുവദിക്കണമെന്ന് ജീവനക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരിക്കല്‍ ബോംബെ ഹൗസിന് വെളിയില്‍ ഒരു തെരുവ് നായ കോരിച്ചൊരിയുന്ന മഴയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്നതു കണ്ടതോടെയാണ്, കെട്ടിട വളപ്പിനുള്ളിലേക്ക് തെരുവുനായ്കളുടെ പ്രവേശനം തടയരുതെന്ന് നിര്‍ദേശം നല്‍കാന്‍ പ്രേരിപ്പിച്ചത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രൂപ്പ് ബോംബെ ഹൗസ് നവീകരിച്ചപ്പോള്‍, കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു നായക്കൂടു പണിതു. മികച്ച സൗകര്യങ്ങളുള്ള ആ വലിയ മുറിയില്‍ നിരവധി നായകളാണ് കഴിഞ്ഞത്.

ഏതാനും നായകള്‍ ബോംബെ ഹൗസിലെ സ്ഥിരം നിവാസികളാണ്. ആദ്യമായി എത്തുന്നവരെ കുളിപ്പിക്കാനായി ഒരു പരിചാരകനെ നിയമിച്ചിട്ടുണ്ട്. അവയ്ക്ക് ഉറങ്ങാന്‍ ബങ്ക് ബെഡും ഒരുക്കിയിട്ടുണ്ട്. മുറിയില്‍ കാറ്റും വെളിച്ചവും കടക്കാന്‍ വലിയ വാതിലുകളും ജനാലകളുമുണ്ട്. സ്ഥിരം വാസികളെക്കൂടാതെ, സന്ദര്‍ശകരായി എത്തുന്ന നായകള്‍ക്കും തുല്യ പരിഗണനയും പരിചരണവും അവിടെ ലഭിക്കുന്നു.

വളര്‍ത്തുമൃഗങ്ങളോടും തെരുവുനായകളോടുമുള്ള രത്തന്‍ ടാറ്റയുടെ സ്‌നേഹം ബോംബെ ഹൗസിന്റെ പരിസരവാസികള്‍ക്ക് നിത്യകാഴ്ചയാണ്. ഈ വര്‍ഷമാദ്യം, ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടലില്‍ താമസിച്ചിരുന്ന ഒരു അതിഥി, ഹോട്ടലിന്റെ പ്രവേശന കവാടത്തില്‍ ഒരു തെരുവ് നായ ശാന്തമായി ഉറങ്ങുന്ന കഥ പങ്കുവെച്ചിരുന്നു. അതിനു കാരണം രത്തന്‍ ടാറ്റയുടെ നിര്‍ദ്ദേശമായിരുന്നു.

രത്തന്‍ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ട്രസ്റ്റ്, സൗത്ത് സെന്‍ട്രല്‍ മുംബൈയിലെ മഹാലക്ഷ്മിയില്‍ മൃഗങ്ങള്‍ക്കായി ആശുപത്രി നിര്‍മ്മിച്ചിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ അടക്കമുള്ളവയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് രത്തന്‍ ടാറ്റയെ അദ്ദേഹത്തിന്റെ ദീര്‍ഘകാല സഹായിയായ ശന്തനു നായിഡുവുമായി ബന്ധിപ്പിച്ചത്. തെരുവുനായകളുടെ സുരക്ഷ ഉറപ്പാക്കാന്‍ റിഫ്‌ലക്ടറുകളുള്ള ഡോഗ് കോളറിനെ കുറിച്ച് ടാറ്റയ്ക്ക് കത്തെഴുതിയതാണ് പൂനെ സ്വദേശിയായ നായിഡുവുമായി രത്തനെ അടുപ്പിച്ചത്.

മഴ തുടരും, 7 ജില്ലകളിൽ യെല്ലോ; ശക്തമായ കാറ്റ്, ഇടിമിന്നൽ

മഴ തുടരും, 7 ജില്ലകളിൽ യെല്ലോ; ശക്തമായ കാറ്റ്, ഇടിമിന്നൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

തമിഴ്നാട് തീരത്ത് (രാമനാഥപുരം, തിരുനെൽവേലി) ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് (മിനിക്കോയ്, കവരത്തി) തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഇടിമിന്നൽ ജാഗ്രത

ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ലങ്കയെ തകര്‍ത്ത് സെമി പ്രതീക്ഷ കാത്ത് ഇന്ത്യന്‍ വനിതകള്‍

ദുബായ്: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ 82 റണ്‍സിന്റെ മിന്നും ജയം സ്വന്തമാക്കി സെമി പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ. ശ്രീലങ്കന്‍ വനിതകളെയാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന പൊരുതാവുന്ന സ്‌കോര്‍ പടുത്തുയര്‍ത്തി. ലങ്കയുടെ പോരാട്ടം 19.5 ഓവറില്‍ വെറും 90 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ജയം പിടിച്ചത്.

പോയിന്‍റ് പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. നെറ്റ് റണ്‍ റേറ്റും ഉയര്‍ത്തിയാണ് ഇന്ത്യ പ്രതീക്ഷ കാത്തത്.

4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മലയാളി താരം ആശ ശോഭനയും അരുന്ധതി റെഡ്ഡിയും ലങ്കയെ തകര്‍ക്കാന്‍ ഇന്ത്യക്ക് തുണയായി. പന്തെടുത്ത എല്ലാ താരങ്ങളും വിക്കറ്റ് കൊയ്തതോടെ ഇന്ത്യന്‍ ജയം അനായാസമായി. രേണുക സിങ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ലങ്കന്‍ നിരയില്‍ കവിഷ ദില്‍ഹരി (21) ടോപ് സ്‌കോററായി. 20 റണ്‍സെടുത്ത അനുഷ്‌ക സഞ്ജീവനി, 19 റണ്‍സെടുത്ത അമ കാഞ്ചന എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല.

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ടോപ് സ്‌കോററായി. ഹര്‍മന്‍പ്രീത് കൗറിനെ കൂടാതെ സ്മൃതി മന്ധാനയും (38 പന്തുകളില്‍ 50) അര്‍ധ സെഞ്ച്വറി നേടി. ഷെഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സും നേടി.

ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ധാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നീട് ഷെഫാലിയും പുറത്തായി.

ഹര്‍മന്‍പ്രീത് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. ഇന്നിങ്സിലെ അവസാന പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി റിച്ച ഘോഷ്, 10 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

‘ഓള്‍ റൗണ്ട്’ നിതീഷ്; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. രണ്ടാം ടി20യില്‍ 86 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സില്‍ അവസാനിച്ചു.

ബാറ്റിങിനു പിന്നാലെ ബൗളിങിലും തിളങ്ങി രണ്ടാം ടി20 കളിക്കുന്ന നിതീഷ് കുമാര്‍ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. 34 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത നിതീഷ് ഇന്ത്യയുടെ ടോപ് സ്‌കോററായി. പിന്നാലെ 23 റണ്‍സ് വഴങ്ങി താരം 2 വിക്കറ്റുകളും സ്വന്തമാക്കി.

39 പന്തില്‍ 41 റണ്‍സെടുത്ത മഹ്മുദുല്ലയാണ് ബംഗ്ലാ നിരയില്‍ പിടിച്ചു നിന്ന ഏക ബാറ്റര്‍. താരം 3 സിക്‌സുകള്‍ തൂക്കി. പര്‍വേസ് ഹുസൈന്‍, മെഹ്ദി ഹസന്‍ മിറസ് (16 വീതം റണ്‍സ്), ലിറ്റന്‍ ദാസ് (14), ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ഇന്ത്യക്കായി നിതീഷിനു പുറമെ വരുണ്‍ ചക്രവര്‍ത്തിയും ബൗളിങില്‍ തിളങ്ങി. താരം 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റുകള്‍ നേടി. ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടി. അര്‍ഷ്ദീപ് സിങ്, വാഷിങ്ടന്‍ സുന്ദര്‍, അഭിഷേക് ശര്‍മ, മായങ്ക് യാദവ്, റിയാന്‍ പരാഗ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായി. ഏഴ് പന്തില്‍ പത്ത് റണ്‍സെടുത്ത സഞ്ജു ഷാന്റോയുടെ പന്തില്‍ പുറത്താകുകയായിരുന്നു. പിന്നാലെ 11 പന്തില്‍ 15 റണ്‍സ് നേടിയ അഭിഷേക് ശര്‍മയും പുറത്തായി. 25 ന് രണ്ട് എന്ന നിലയിലായ ഇന്ത്യയെ നായകന്‍ സൂര്യകുമാറും നിതീഷും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും എട്ട് റണ്‍സെടുത്ത് സൂര്യകുമാറും മടങ്ങി.

പിന്നീടെത്തിയ റിങ്കു സിങുമായി ചേര്‍ന്ന് നിതീഷ് സ്‌കോര്‍ അതിവേഗം മുന്നോട്ട് നീക്കി. 10 ഓവറില്‍ ഇന്ത്യ നൂറ് കടന്നു. സ്‌കോര്‍ 149 ല്‍ എത്തി നില്‍ക്കെ നിതിഷ് പുറത്തായി. പിന്നിടെത്തിയ ഹര്‍ദിക് പാണ്ഡ്യയും റിങ്കു സിങും(29 പന്തില്‍ 53) സ്‌കോര്‍ 185 ല്‍ എത്തിച്ചു. റിങ്കു പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യ ആക്രമണം ഏറ്റെടുത്തു. 19 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത പാണ്ഡ്യ മടങ്ങുമ്പോള്‍ ഇന്ത്യ 214 ന് എട്ട് എന്ന നിലയിലായിരുന്നു. പിന്നീട് അര്‍ഷ്ദീപ് സിങ് (6), മായങ്ക് യാദവ് (1) എന്നിവര്‍ ചേര്‍ന്ന് സ്‌കോര്‍ 221ല്‍ എത്തിച്ചു. മായങ്കിനൊപ്പം വാഷിങ്ടന്‍ റണ്‍സൊന്നുമില്ലാതെ പുറത്താകാതെ നിന്നു.