വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ചു; കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ചു; കോളജ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

മധുര: യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ച 19കാരിക്ക് ദാരുണാന്ത്യം. കോളജ് വിദ്യാര്‍ഥിനിയായ മീനമ്പല്‍പുരം സ്വദേശി കലയരസി ആണ് മരിച്ചത്. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കാം എന്ന് അവകാശപ്പെടുന്ന വെങ്ങാരം (ബോറാക്‌സ്) എന്ന മരുന്നാണ് വിദ്യാര്‍ഥിനി കഴിച്ചത്.

ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാര്‍ഥിനി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്

ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്

പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി പറമ്പില്‍ ഹാജരാകാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 24ന് കേസ് വീണ്ടും പരിഗണിക്കും.

വര്‍ഷം 12,000 രൂപ ധനസഹായം, കണക്ട് വര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കള്‍; ഉദ്ഘാടനം ഇന്ന്

വര്‍ഷം 12,000 രൂപ ധനസഹായം, കണക്ട് വര്‍ക്കില്‍ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കള്‍; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ബുധനാഴ്ച) വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേരളത്തിലെ യുവതീയുവാക്കളുടെ തൊഴില്‍ സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 10,000 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയത്.

യുവജനങ്ങളില്‍ നിന്ന് വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിക്കുന്നത്. ഇതിനോടകം 36,500 അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍നിന്ന് സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായ 10,000 പേരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കി സര്‍ക്കാരിന് കൈമാറിയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും.

പഠനം പൂര്‍ത്തിയാക്കി തൊഴിലന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ടാകുന്ന സാമ്പത്തിക മാനസിക സമ്മര്‍ദം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലാണ് മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി ആരംഭിച്ചത്. മത്സരപ്പരീക്ഷകള്‍ക്കോ നൈപുണ്യ പരിശീലനത്തിനോ തയ്യാറെടുക്കുന്ന യുവതീയുവാക്കള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി.

അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാസം ആയിരം രൂപ വീതം ഒരു വര്‍ഷത്തേക്ക് ധനസഹായം ലഭിക്കും.18നും 30നും ഇടയില്‍ പ്രായമുള്ളവരാകണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപ വരെയുള്ള പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ, ഡിപ്ലോമ, ബിരുദം എന്നിവ പാസായവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. പൂര്‍ണമായും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി റെയ്ഡ് പൂര്‍ത്തിയായി, സന്നിധാനത്ത് പരിശോധന തുടരും

ശബരിമല സ്വര്‍ണക്കൊള്ള; ഇഡി റെയ്ഡ് പൂര്‍ത്തിയായി, സന്നിധാനത്ത് പരിശോധന തുടരും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന 22 മണിക്കൂര്‍ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ തുടങ്ങിയ പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനച്ചത്.

സ്വര്‍ണക്കൊള്ള നടന്ന കാലയളവിലെ ബോര്‍ഡ് യോഗത്തിലെ മിനിറ്റ്‌സ്, ബാങ്ക് ഇടപാട് രേഖകള്‍, മരാമത്ത് വിഭാഗം നല്‍കിയ കരാറുകള്‍ തുടങ്ങിയവ പരിശോധിച്ചു. ബോര്‍ഡ് ആസ്ഥാനത്തെ പരിശോധന മറ്റൊരു ദിവസം കൂടിയുണ്ടാവുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ഇഡി നല്‍കിയിരിക്കുന്ന സൂചന. സ്ട്രോങ് റൂമില്‍ സൂക്ഷിച്ച ശ്രീകോവിലിന്റെ പഴയ വാതില്‍ പാളികള്‍ ഇന്നലെ പുറത്തെടുത്ത് പരിശോധിച്ചിരുന്നു. അതില്‍നിന്ന് ഇന്ന് സാമ്പിളുകള്‍ ശേഖരിച്ച് വീണ്ടും ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. മറ്റിടങ്ങളിലെ പരിശോധനയും മണിക്കൂറുകള്‍ നീണ്ടു.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരത്തെ പുളിമാത്തെ വീട്ടിലും മുന്‍ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്റുമായ എന്‍ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

ബംഗളൂരുവിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസിലും പരിശോധന നടന്നു. പ്രതികളുടെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. ഇ ഡിയുടെ കൊച്ചി, കോഴിക്കോട്, ബെംഗളൂരു യൂണിറ്റുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. റെയ്ഡില്‍ സമാഹരിച്ച വിവരങ്ങള്‍ പരിശോധിച്ചാകും അന്വേഷണത്തിന്റെ രണ്ടാം ഘട്ടം. എസ്‌ഐടി പ്രതികളാക്കിയവര്‍ക്ക് പുറമെ മന്ത്രിമാരടക്കം ഇഡി യുടെ ചോദ്യമുനയില്‍ എത്തുമെന്നാണ് സൂചന.

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ്; പുതിയ സംവിധാനം ഉടന്‍

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്വേറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കും വിധമാണ് ക്രമീകരണം. പുതിയ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോറുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും. മുന്‍കാലത്ത് ലൈസന്‍സ് പ്രിന്റ് ചെയ്ത് നല്‍കുന്നതില്‍ മാസങ്ങളോളം കാലതാമസം വന്നിരുന്നു. ടെസ്റ്റ് പാസായി മാസങ്ങള്‍ കഴിഞ്ഞായിരിക്കും ലൈസന്‍സ് കയ്യില്‍ കിട്ടുക. ഈ കാലതാമസം ഒഴിവാക്കാനായിരുന്നു പിന്നീട് ഡിജിറ്റല്‍ പകര്‍പ്പിലേക്ക് മാറ്റിയത്.