by Midhun HP News | May 12, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതിനാല്‍, ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് മെയ് പതിനഞ്ചിനാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്. മൂല്യനിര്‍ണയവും മറ്റു നടപടികളുമൊക്കെ പൂര്‍ത്തിയാക്കി പരീക്ഷാബോര്‍ഡ് നാളെ ചേരും. അവര്‍ ഫലത്തിന് അന്തിമരൂപം നല്‍കുമെങ്കിലും ഫലപ്രഖ്യാപനം മുന്‍കൂട്ടി നിശ്ചയിച്ച പോലെ വെള്ളിയാഴ്ച നടത്തണമോയെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പരീക്ഷാബോര്‍ഡ് ചേര്‍ന്നാല്‍, ഫലപ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഒരു ദിവസംകൂടി വേണ്ടിവരും. അതനുസരിച്ചാണ് ബോര്‍ഡ് യോഗം ബുധനാഴ്ച നിശ്ചയിച്ചത്. പതിവുപോലെ തുടര്‍നടപടി പൂര്‍ത്തിയാക്കി, വെള്ളിയാഴ്ച ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങള്‍ പരീക്ഷാഭവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. എന്നാല്‍, സര്‍ക്കാരോ മന്ത്രിയോ ഒന്നുമാവാത്തതിനാല്‍ ഫലം ആരു പ്രഖ്യാപിക്കുമെന്നതാണ് ചോദ്യം. 2021ല്‍ ഫലപ്രഖ്യാപനം നടത്തിയത് പൊതുവിദ്യാഭ്യാസ സെക്രട്ടറിയായിരുന്നു. എന്നാല്‍ ഇത്തവണ അതുപോലെ ഉണ്ടാവുമോയെന്നു വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ വാസുകി ലോക്ഭവനിലേക്കു സ്ഥലം മാറി. ഷര്‍മിള മേരി ജോസഫിനാണ് സെക്രട്ടറിയുടെ ചുമതല. ഇതിനു പുറമേ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷുമുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍, മുന്‍കാലങ്ങളിലേതുപോലെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചിച്ച് ഫലപ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതേയുള്ളൂ. സിബിഎസ്ഇ ഉള്‍പ്പെടെയുള്ള കേന്ദ്രബോര്‍ഡുകളെല്ലാം ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു.

by Midhun HP News | May 12, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി വിജയ് ഒരുങ്ങുന്നതിനിടെ ടിവികെ എംഎൽഎ ആർശ്രീനിവാസ സേതുപതിക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. വിശ്വാസപ്രമേയത്തിലോ സഭയിലെ മറ്റ് വോട്ടെടുപ്പ് നടപടികളിലോ പങ്കെടുക്കാൻ ഇദ്ദേഹത്തിന് അനുമതിയുണ്ടാകില്ല. കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സേതുപതിയോട് പരാജയപ്പെട്ട മുതിർന്ന ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ ആർ പെരിയറുപ്പൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൽ വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ സെന്തിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലെ (നമ്പർ 185) ഒരു പോസ്റ്റൽ ബാലറ്റ് മാറി തിരുപ്പത്തൂർ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിലേക്ക് (നമ്പർ 50) അയച്ചതാണ് വിവാദത്തിന് കാരണമായത്. ഈ വോട്ട് തിരികെ എത്തിച്ച് എണ്ണണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ഒരു വേട്ടിൻറ മാത്രം ഭൂരിപക്ഷമുള്ളതിനാൽ, ഈ വോട്ട് അന്തിമ ഫലത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന നിരീക്ഷണം കോടതി അംഗീകരിച്ചു.
വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ നിന്ന് തടഞ്ഞുവെങ്കിലും, സേതുപതിയുടെ വിജയം റദ്ദാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. അതേസമയം, തിരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ റിട്ട് ഹർജികളിലൂടെയല്ല, മറിച്ച് ഇലക്ഷൻ പെറ്റീഷനിലൂടെയാണ് പരിഹരിക്കേണ്ടതെന്ന് എംഎൽഎയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

by Midhun HP News | May 12, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ശേഷമാകും അന്തിമ തീരുമാനം എന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്. പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലാവും എത്തുക.
അതേസമയം, രാഹുൽ ഗാന്ധി അൽപസമയത്തിനകം നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയാ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാന്‍ പോവുകയാണെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു. ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ പി അനിൽ കുമാർ പറഞ്ഞു. മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന ബഹളമാണിതെല്ലാമെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തിയുണ്ട്. പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയെന്ന കടുത്ത പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്ന നടപടിയാണ് ഇപ്പോഴത്തേതെന്ന വിമര്‍ശനവും ലീഗ് ഉയര്‍ത്തുന്നുണ്ട്.

by Midhun HP News | May 12, 2026 | Latest News, കേരളം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന് മറ്റൊരു തിരിച്ചടി. ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ എംഎൽഎ എന്ന വിശേഷണം ഒഴിവാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. വ്യക്തിയുടെ തിരിച്ചറിയൽ രേഖകളിൽ ഉള്ളതു പോലെ വേണം ഡ്രൈവിങ് ലൈസൻസിലും പേരും ഉൾപ്പെടുത്തേണ്ടത്. ഇതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2019-ന് മുൻപാണ് ഗണേഷ് കുമാറിന്റെ ലൈസൻസിൽ പേരിനൊപ്പം എംഎൽഎ എന്ന് കൂട്ടിച്ചേർത്തത്. സാധാരണ ഔദ്യോഗിക രേഖകളിൽ നിശ്ചിത കാലയളവിലേക്കുള്ള സ്ഥാനങ്ങൾ കൂട്ടിച്ചേർക്കാറില്ല. നിലവിൽ ഗണേഷ്‌കുമാറിന്റെ ലൈസൻസിന് 2028 ജൂലായ് 10 വരെ കാലാവധിയുണ്ട്. എന്നാൽ അദ്ദേഹം ഉൾപ്പെട്ട മന്ത്രി സഭ ഇപ്പോൾ അധികാരത്തിലില്ല. ഇതോടെയാണ് നടപടി വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. സംഭവത്തിൽ ഗണേഷ് കുമാറിൽനിന്ന് വിശദീകരണം തേടിയേക്കും എന്നും സൂചനയുണ്ട്.
അതേസമയം, ഗണേഷ് കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയത് 18 വയസ്സ് തികയുന്നതിനു മുൻപേ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിൽ ക്രമക്കേട് കണ്ടെത്തിയാൽ അത് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിൽ തുടർ നടപടികൾ സ്വീകരിക്കാനായി മോട്ടോർ വാഹന വകുപ്പ് നിയമോപദേശം തേടും എന്നും റിപ്പോർട്ടുകൾ ഉണ്ട്.

by Midhun HP News | May 12, 2026 | Latest News, കായികം
ധരംശാല: ഐപിഎല്ലിൽ തുടരെ ഏഴ് മത്സരങ്ങളിൽ അപരാജിതരായി നിന്നു ഒന്നാം സ്ഥാനത്തു കുതിച്ച പഞ്ചാബ് കിങ്സ് തുടരെ നാല് തോൽവികൾ നേരിട്ട് നാലാം സ്ഥാനത്ത് പരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനോടു അവർ അവിശ്വസനീയമാം വിധം പരാജയപ്പെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് 210 റൺസ് നേടിയിട്ടും 74 റൺസിനിടെ എതിരാളിയുടെ 4 വിക്കറ്റുകൾ വീഴ്ത്തിയിട്ടും പഞ്ചാബ് വിജയം കൈവിട്ടു. മത്സരത്തിൽ സ്പിന്നർമാരെ ഒരോവർ പോലും എറിയിക്കാത്ത പഞ്ചാബിന്റെ തന്ത്രത്തെ വിമർശിച്ച് മുൻ താരങ്ങളടക്കമുള്ളവർ രംഗത്തെത്തി.
ടീമിലെ പ്രീമിയം സ്പിന്നറായ യുസ്‍വേന്ദ്ര ചഹലിനു ഒരോവർ പോലും പന്തെറിയാൻ നൽകിയില്ല എന്നതാണ് ശ്രദ്ധേയമായത്. എല്ലാ ഓവറും എറിഞ്ഞത് പേസർമാരായിരുന്നു. ഇതോടെയാണ് വിമർശനങ്ങൾ ശക്തമായത്. മത്സരത്തിൽ 3 വിക്കറ്റ് തോൽവിയാണ് പഞ്ചാബ് വഴങ്ങിയത്. ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ഡേവിഡ് മില്ലർ എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഡൽഹിക്ക് ജയമൊരുക്കിയത്. പേസർമാരായ അർഷ്ദീപ് സും യഷ് ഠാക്കൂറും ചേർന്ന പഞ്ചാബ് ബൗളിങ് തുടക്കത്തിൽ എതിരാളികളെ സമ്മർദ്ദത്തിലാക്കി. എന്നാൽ പിന്നീട് കളി കൈവിടുകയായിരുന്നു.
തോൽവിയിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളിങും ഫീൽഡിങുമാണ് പഴിച്ചത്. തുടക്കത്തിൽ കളി കൈയിലിരുന്നിട്ടും പിന്നീട് വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കാത്തതും ക്യാച്ചുകൾ കൈവിട്ടതും തോൽവിക്കു കാരണമായെന്നു ശ്രേയസ് പറയുന്നു.
‘ചഹലിനെക്കൊണ്ട് പന്തെറിയിപ്പിക്കാമെന്നു ഞാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ പന്ത് സീം ചെയ്യുന്ന രീതിയും പേസർമാർക്ക് പിച്ചിൽ നിന്നു കിട്ടിയ സഹായവും വച്ച് നോക്കുമ്പോൾ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞിരുന്നെങ്കിൽ വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുമായിരുന്നു. നിർഭാഗ്യവശാൽ അതു സാധിച്ചില്ല. ഈ പിച്ചിൽ ഹാർഡ് ലെങ്തിൽ പന്തെറിയുന്നതാണ് ഏറ്റവും നല്ലത്. പുതിയ ബാറ്റർ വരുമ്പോൾ പ്രത്യേകിച്ചും. അത്തരം പന്തുകൾ ആവർത്തിച്ചാൽ ബാറ്റർമാർ പിഴവ് വരുത്താനും വിക്കറ്റ് ലഭിക്കാനും സാധ്യതയുണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ പ്ലാനെല്ലാം പൊളിഞ്ഞു.’
പേസ് അനുകൂല പിച്ചിന്റെ കാര്യം പറഞ്ഞാണ് പഞ്ചാബ് കിങ്സ് ബൗളിങ് പരിശീലകൻ സയ്രാജ് ബഹുതുലെയും സ്പിന്നർമാരെ പന്തെറിയിപ്പിക്കാത്തത് ന്യായീകരിച്ചത്.
‘സ്ട്രറ്റീജിക് ടൈം ഔട്ട് സമയത്ത് സ്പിന്നർമാരെ കൊണ്ടു വരുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാൽ പന്ത് നന്നായി സീം ചെയ്യുന്നുണ്ടായിരുന്നു. സാഹചര്യങ്ങൾ പേസർമാർക്ക് അനുകൂലവുമായിരുന്നു. അതിനാൽ വേഗത്തിൽ വിക്കറ്റുകൾ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ പേസർമാരെ തുടരാൻ പെട്ടെന്നു തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ വിക്കറ്റുകൾ കിട്ടിയിരുന്നു. എന്നാൽ അക്ഷർ- മില്ലർ കൂട്ടുകെട്ട് മത്സരം പഞ്ചാബിൽ നിന്നു തട്ടിയകറ്റി’- സയ്രാജ് വ്യക്തമാക്കി.
പഞ്ചാബ് ഉയർത്തിയ 211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം ആറ് പന്തുകൾ ശേഷിക്കെ ഡൽഹി മറികടക്കുകയായിരുന്നു. ജയത്തോടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനും ഡൽഹിക്ക് കഴിഞ്ഞിട്ടുണ്ട്. ടോസ് നേടിയ ഡൽഹി പഞ്ചാബിനെ ബാറ്റിങിനു അയക്കുക ആയിരുന്നു. 36 പന്തില്‍ 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ പ്രകടനമാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയാംശ് ആര്യ 33 പന്തില്‍ 56 റണ്‍സടിച്ചപ്പോള്‍ കൂപ്പര്‍ കോണോലി 27 പന്തില്‍ 38 റണ്‍സടിച്ചു.
അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സൂര്യാംശ് ഷെഡ്‌ജെ (8 പന്തില്‍ 21) ആണ് പഞ്ചാബിനെ 200 കടത്തിയത്. ഡല്‍ഹിക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 57 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മാധവ് തിവാരി 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം പാളി. ഓപ്പണർമാരായ കെ എൽ രാഹുൽ, അഭിഷേക് പോരെൽ എന്നിവർ അതിവേഗം മടങ്ങി. 14 റൺസായിരുന്നു ഇരുവരുടെയും സംഭാവന. അഞ്ചാം വിക്കറ്റിൽ നായകൻ അക്ഷർ പട്ടേലും ഡേവിഡ് മില്ലറും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ടീമിനെ വിജയിലെത്തിച്ചത്.
അക്ഷർ പട്ടേൽ 56 റൺസും ഡേവിഡ് മില്ലർ 51 റൺസും നേടി പുറത്തായി. അവസാന ഓവറുകളിൽ അക്വിബ് നബിയും മാധവ് തിവാരിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഡൽഹിയെ വിജയലക്ഷ്യം മറികടക്കാൻ സഹായിച്ചത്.

Recent Comments