ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മികവ് തുടരാൻ ​ഗില്ലും സംഘവും

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം; മികവ് തുടരാൻ ​ഗില്ലും സംഘവും

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് ടെസ്റ്റിന് തുടക്കമാകുന്നത്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ശുഭ്മാൻ ​ഗില്ലിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

ക്യാപ്റ്റൻ ​ഗിൽ, യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ എന്നിവർ മികച്ച ഫോമിലാണ്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം ധ്രുവ് ജുറേലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ നയിക്കുന്ന സ്പിൻ വിഭാ​ഗത്തിൽ അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവർ കരുത്തേകും. ബുംറ നയിക്കുന്ന പേസ് നിരയിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ പ്രധാനികളാണ്.

വിൻഡീസ് നിരയെ റോസ്റ്റൺ ചേസാണ് നയിക്കുന്നത്. ബ്രണ്ടൻ കിങ്, അലിക് അതാൻസി, ഷായ് ഹോപ് എന്നി ബാറ്റർമാരിലാണ് വിൻഡീസ് പ്രതീക്ഷ. ഇടംകൈ സ്പിന്നർ ജോമൽ വാരികാന്റെ പ്രകടനവും നിർണായകമാണ്. പേസർ ഷമാർ ജോസഫ് പരിക്കേറ്റ് പുറത്തായത് വിൻഡീസിന് വലിയ തിരിച്ചടിയാണ്. 2018 ലാണ് വിൻഡീസ് അവസാനമായി ഇന്ത്യയിൽ ടെസ്റ്റ് പര്യടനം നടത്തിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ പരമ്പര എന്ന നിലയിൽ ഇന്ത്യൻ നായകൻ ​ഗില്ലിനും ഈ പരമ്പര നിർണായകമാണ്.

പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം, ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

പൊലീസുകാര്‍ക്ക് നേരെ പ്രതിയുടെ ആക്രമണം, ചാവക്കാട് എസ്‌ഐക്കും സിപിഒയ്ക്കും കുത്തേറ്റു

തൃശൂര്‍: ചാവക്കാട് പൊലീസിന് നേരെ ആക്രമണം. രണ്ട് ഉദ്യോഗസ്ഥകര്‍ക്ക് കുത്തേറ്റു. ചാവക്കാട് സ്വദേശി നിസാര്‍ ആണ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ചാവക്കാട് എസ് ഐ, സിപിഒ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സഹോദരനെ ആക്രമിച്ച സംഭവത്തില്‍ നിസാറിനെ പൊലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിസാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. നിസാറിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ശരത്, സിവില്‍ പൊലീസ് ഓഫീസര്‍ ടി അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്ക് പരിക്കേറ്റ എസ്‌ഐ ശരത്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിസാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

ഇന്ന് വിജയദശമി; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ‌

തിരുവനന്തപുരം: ഇന്ന് വിജയദശമി. കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലും പ്രമുഖ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ എത്തിയിട്ടുള്ളത്.

എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് കൊല്ലൂർ മൂകാംബിക, ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രം, ചോറ്റാനിക്കര ദേവീക്ഷേത്രം, തിരൂർ തുഞ്ചൻ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഏർപ്പെടുത്തിയിരിക്കുന്നത്. തുഞ്ചൻപറമ്പിൽ പുലർച്ചെ മുതൽ എഴുത്തിനിരുത്തൽ ചടങ്ങുകൾ ആരംഭിച്ചു.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലും വിദ്യാരംഭത്തിനായി പതിനായിരങ്ങളാണ് രാവിലെ തന്നെ എത്തിച്ചേർന്നിട്ടുള്ളത്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും പുസ്തകങ്ങളും ആയുധങ്ങളും മറ്റും പൂജക്ക് വെച്ചിട്ടുണ്ട്. വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷം പൂജയെടുപ്പ് നടക്കും.

വാദ്യ-നൃത്ത-സംഗീത കലകള്‍ക്ക് തുടക്കം കുറിക്കുന്നതും വിജയദശമി ദിനത്തിലാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിവിധ സ്ഥാപനങ്ങളിലും എഴുത്തിനിരുത്ത് നടക്കും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയില്‍ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമാണ്.

യുപിഐ ഇടപാടുകള്‍ സൗജന്യം തന്നെ; വിശദീകരണവുമായി റിസര്‍വ് ബാങ്ക്

യുപിഐ ഇടപാടുകള്‍ സൗജന്യം തന്നെ; വിശദീകരണവുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി റിസര്‍വ് ബാങ്ക്. യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താന്‍ നിലവില്‍ നിര്‍ദേശമൊന്നുമില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്ക് ഭാവിയില്‍ ചാര്‍ജ് ചുമത്തുമെന്ന അഭ്യൂഹങ്ങള്‍ തള്ളി, നിലവിലെ നയത്തിന് കീഴില്‍ ഉപയോക്താക്കള്‍ക്ക് യുപിഐ സൗജന്യമായി ഉപയോഗിക്കുന്നത് തുടരാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുപിഐ എന്നന്നേക്കുമായി സൗജന്യമായി തുടരില്ലെന്നും അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, ഇപ്പോള്‍ മാറ്റങ്ങളൊന്നും കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

കളിമണ്‍പാത്ര നിര്‍മ്മാണ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍

തൃശൂര്‍: ചെടിച്ചട്ടി ഓഡര്‍ നല്‍കാന്‍ പതിനായിരം കൈക്കൂലി വാങ്ങിയ കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കുട്ടമണി കെഎന്‍ അറസ്റ്റില്‍. തൃശ്ശൂര്‍ വിജിലന്‍സിന്റെ ട്രാപ്പിലാണ് ചെയര്‍മാന്‍ കുടുങ്ങിയത്. ചട്ടിയൊന്നിന് 3 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. വളാഞ്ചേരി മുന്‍സിപ്പാലിറ്റിയിലെ കൃഷി ഭവനിലേക്ക് കൊണ്ടുപോയ ചെടിച്ചട്ടിക്കാണ് കൈക്കൂലി വാങ്ങിയത്. ചിറ്റിശ്ശേരിയിലെ പാത്രം നിര്‍മ്മാണം നടത്തുന്ന യൂണിറ്റിന്റെ ഉടമയോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

സ്വകാര്യ കളിമണ്‍ പാത്ര നിര്‍മാണ യൂണിറ്റില്‍ നിന്നും ചെടിച്ചട്ടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിതരണത്തിനാണ് കൊണ്ടുപോയത്. വളാഞ്ചേരി ന?ഗരസഭയിക്ക് കീഴിലുള്ള കൃഷിഭവനാണ് ചെടിച്ചട്ടികള്‍ വിതരണം ചെയ്യുന്നത്. 3624 ചെടിച്ചട്ടികള്‍ ഇറക്കിവെച്ചു. ഈ യൂണിറ്റിന് പണം അനുവദിക്കുന്നത് കേരള സംസ്ഥാന കളിമണ്‍ പാത്രനിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ആണ്. കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ കുട്ടമണി ചെടിച്ചട്ടികള്‍ക്ക് പണം ആവശ്യപ്പെടുകയായിരുന്നു. 25000 രൂപ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും 20000 കൊടുക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. തുടര്‍ന്ന് ചെയര്‍മാനെതിരെ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. കമ്മീഷന്റെ ആദ്യ പതിനായിരം രൂപ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാള്‍ വിജിലന്‍സ് പിടിയിലാകുന്നത്.

‘സ്പോണ്‍സര്‍ ശരിക്കും സ്പോണ്‍സര്‍ തന്നെയാണോ?’; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടല്‍ ദുരൂഹം: മന്ത്രി വാസവന്‍

‘സ്പോണ്‍സര്‍ ശരിക്കും സ്പോണ്‍സര്‍ തന്നെയാണോ?’; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടല്‍ ദുരൂഹം: മന്ത്രി വാസവന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാന്നിധ്യവും ഇടപെടലുകളും ദുരൂഹമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. വിദേശത്തും സ്വദേശത്തും നിന്നു വരുന്ന ഭക്തന്മാരെ ഇദ്ദേഹം പല തരത്തില്‍ ചൂഷണം ചെയ്തിരുന്നുവെന്നാണ് സൂചനകള്‍. സമഗ്ര അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം വെളിയില്‍ വരും. വെളിയില്‍ വരണം. യഥാര്‍ത്ഥത്തില്‍ അയാള്‍ സ്‌പോണ്‍സറായി വരുമ്പോള്‍, പണം അയാളുടേതല്ലെന്നും മറ്റു തരത്തില്‍ പലരില്‍ നിന്നായി സമാഹരിച്ചതാണെന്നും പൊലീസിന് സംശയമുണ്ട്. ഇക്കാര്യങ്ങള്‍ പൊലീസ് വിജിലന്‍സ് അന്വേഷിച്ചു വരികയാണെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

എല്ലാക്കാര്യങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റി തെറ്റായ ഇടപെടലുകള്‍ നടത്തിയെന്നാണ് ഇപ്പോള്‍ സൂചനകള്‍ വന്നുകൊണ്ടിരിക്കുന്നത്. എല്ലാത്തിനേയും പറ്റി സമഗ്രമായ അന്വേഷണം നടക്കട്ടെ. 40 ദിവസക്കാലത്തോളം സ്വര്‍ണം പൂശാനെന്ന പേരില്‍ വെളിയില്‍ കൊണ്ടുപോയി താമസിപ്പിച്ചതും, അതിന്റെ പിന്നില്‍ പതിയിരുന്ന ആസൂത്രിതമായ ദുരുദ്ദേശത്തോടെയുള്ള നീക്കവും, ഇതെല്ലാം സമര്‍ത്ഥമായി കൈകാര്യം ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഭാഗത്തു നിന്നുള്ള ഗൂഡ നീക്കങ്ങളുമെല്ലാം വെളിയില്‍ വരാന്‍ സഹായകമാണ് കോടതി നിര്‍ദേശിച്ച അന്വേഷണം. ദേവസ്വം വിജിലന്‍സാണ് അന്വേഷിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ശബരിമലയിലെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ശബരിമല ദ്വാരപാലക ശില്‍പ്പത്തിന്റെ പീഠം കാണാനില്ലെന്ന് പറഞ്ഞയാളുടെ സഹോദരിയുടെ വീട്ടില്‍ നിന്നും ഇതു കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് വലിയ ഗുഢാലോചന നടന്നുവെന്ന് സൂചിപ്പിച്ചത് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് വെളിയില്‍ വന്നിരിക്കുന്നത്.

1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. സമഗ്രമായ അന്വേഷണം നടക്കുന്നത് സ്വാഗതാര്‍ഹമാണ്. ആഗോള അയ്യപ്പസംഗമം നടക്കാന്‍ അഞ്ചു ദിവസം മാത്രമുള്ളപ്പോഴാണ് ആദ്യമായി വാര്‍ത്ത പുറത്തു വരുന്നത്. ചാനലില്‍ വാര്‍ത്ത വന്നതോടെയാണ് വാസുദേവന്‍ പീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കുന്നതും, അത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റുന്നതുമെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട സംസാരങ്ങള്‍ അടക്കമുള്ള തെളിവുകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.

ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നടപടികളെല്ലാം പ്രോപ്പറാണെന്ന് കോടതി പരിശോധിച്ച് ബോധ്യപ്പെട്ടതാണ്. വിശദമായി പരിശോധിച്ചും, വിഡിയോ ചിത്രീകരിച്ചുമാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിക്കായി അയച്ചത്. 1999 മുതലുള്ള ഓരോ രേഖകളും പരിശോധിച്ച് അളന്നു തിട്ടപ്പെടുത്താനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വിജയ് മല്യ സ്വര്‍ണം പൂശിയത് അടക്കം എല്ലാ കാര്യങ്ങളും അന്വേഷണത്തില്‍ വെളിയില്‍ വരും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എ പത്മകുമാറും അനന്തഗോപനും തമ്മിലുള്ള ആരോപണങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്നും, അതേക്കുറിച്ച് താന്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി വാസവന്‍ പറഞ്ഞു.