നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും ലക്ഷ്മിയുടെയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. സുധാകരന് ശരീരത്തിൽ എട്ട് വെട്ടുകൾ ഉണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിട്ടുള്ളത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ നെറ്റിക്ക് മുകളിൽ ആഴത്തിലുള്ള വെട്ടേറ്റു. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്.100 പൊലീസുകാരെ ഉപയോ​ഗിച്ച് നെല്ലിയാമ്പതി മല കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ മുങ്ങൽ വിദ​ഗ്ധരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ

നെന്മാറ ഇരട്ടക്കൊല: പ്രതിക്കായി വ്യാപക തിരച്ചിൽ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്ക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഏഴുപേരടങ്ങുന്ന 4 ടീമുകളാണ് പരിശോധന നടത്തുന്നത്. കൊലപാതക ശേഷം മുമ്പ് പ്രതി കഴിഞ്ഞിരുന്ന പോത്തുണ്ടി, നെല്ലിയാമ്പതി മലയടിവാരങ്ങളിലും തിരച്ചിൽ വ്യാപിപ്പിക്കും. തിരച്ചിലിനായി നാട്ടുകാരുടെ സേവനവും പൊലീസ് തേടിയിട്ടുണ്ട്.

പ്രതിക്കായി തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലയടിവാരത്തിലാണ് ഒളിവിൽ കഴിയുന്നതെങ്കിൽ, വിശന്നാൽ ഭക്ഷണത്തിനായി ചെന്താമര പുറത്തിറങ്ങിയേക്കുമെന്നാണ് പൊലീസ് കരുതുന്നത്. പ്രതിയുടെ വീട്ടിൽ നിന്നും പാതി ഉപയോഗിച്ച വിഷക്കുപ്പി കണ്ടെത്തിയതിനാൽ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

കൊല്ലപ്പെട്ട സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. 5 വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത്. 2019 ൽ സജിതയെ കൊലപ്പെടുത്തിയിട്ടും കലിയടങ്ങാതെ പ്രതി ഇന്നലെ ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു.

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ്

കൊച്ചി: നടി ഹണി റോസ് നല്‍കിയ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍. കേസില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നും പൊലീസ് നടിയെ അറിയിച്ചിരുന്നു. നടിക്ക് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു.

ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം. ഹണിക്കെതിരായ പരാമര്‍ശങ്ങളില്‍ തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.

ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ‘ദിശ’ എന്ന സംഘടന നല്‍കിയ പരാതിയിലായിരുന്നു നടപടി.

വാൽപ്പാറ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

വാൽപ്പാറ കാട്ടാന ആക്രമണം: ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കോയമ്പത്തൂർ: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഞായറാഴ്ച രാത്രി മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികൾ താമസിച്ചിരുന്ന ലയത്തിന് സമീപത്തേക്ക് കാട്ടാന എത്തുകയായിരുന്നു. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.സമീപത്തെ വീടുകളിലെ ആളുകള്‍ ഉണര്‍ന്ന് ബഹളം വച്ചതിനെ തുടര്‍ന്നാണ് കാട്ടാന പിന്‍വാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തണുത്തു വിറച്ച് വീണ്ടും മൂന്നാർ, താപനില പൂജ്യം ഡി​ഗ്രി

തണുത്തു വിറച്ച് വീണ്ടും മൂന്നാർ, താപനില പൂജ്യം ഡി​ഗ്രി

തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡി​ഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.

സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണു.ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

38ാം ദേശീയ ​ഗെയിംസിന് ഇന്ന് തുടക്കം

38ാം ദേശീയ ​ഗെയിംസിന് ഇന്ന് തുടക്കം

ഡെറാഡൂൺ: 38ാമത് ദേശീയ ​ഗെയിംസിനു ഇന്ന് ഉത്താരഖണ്ഡിലെ ഡെറാ‍ഡൂണിൽ തുടക്കമാകും. 28 സംസ്ഥാനങ്ങൾ, 8 കേന്ദ്ര ഭരണ പ്രദേശങ്ങൾ, സർവീസസ് ബോർഡുകളിൽ നിന്നുമായി 10000ത്തിനു മുകളിൽ കായിക താരങ്ങൾ മാറ്റുരയ്ക്കും. 11 വേദികളിലായി 43 മത്സര ഇനങ്ങൾ അരങ്ങേറും.

ഡെറാഡൂണിലെ രാജീവ് ​ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ​ഗെയിംസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4 മണി മുതലാണ് ഉദ്ഘാടന ചടങ്ങുകൾ.

കേരളം

കേരളത്തിൽ നിന്നു 29 ഇനങ്ങളിൽ മത്സരിക്കാനായി 437 താരങ്ങളാണ് എത്തിയത്. ഉദ്ഘാടന ചടങ്ങിൽ ബാസ്ക്കറ്റ് ബോൾ താരം പിഎസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലും കേരളത്തിന്റെ പതാകയേന്തും.

മൗലി

ഹിമാലയൻ മലനിരകളിൽ കാണപ്പെടുന്ന ഹിമലായൻ മൊണാലാണ് ​ഗെയിംസിന്റെ ഭാ​ഗ്യ ചിഹ്നം. ഉത്തരാഖണ്ഡിന്റെ സംസ്ഥാന പക്ഷി കൂടിയാണിത്. ഈ പക്ഷിയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഭാ​ഗ്യ ചിഹ്നത്തിന്റെ പേര് മൗലി എന്നാണ്. ഉന്നതങ്ങളിലേക്ക് എന്നാണ് ​ഗെയിംസിന്റെ ആപ്തവാക്യം.

ഹരിതമയം

ഇലക്ട്രോണിക് മാലിന്യം ഉപയോ​ഗിച്ചു നിർമിച്ച മെഡലുകളാണ് ഇത്തവണ കായിക താരങ്ങൾക്ക് സമ്മാനിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പഴയ ലോഹങ്ങൾ എന്നിവ ഉപയോ​ഗിച്ചു നിർമിച്ച നിശ്ചല മാതൃകകൾ മത്സര വേദികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. സൗരോർജ വൈദ്യുതിയാണ് ഉപയോ​ഗിക്കുന്നത്. മത്സരാർഥികളുടേയും, ഓഫീഷ്യൽസിന്റേയും യാത്രയ്ക്ക് ഇലക്ട്രിക്ക് ബസുകളായിരിക്കും. ഇത്തരത്തിൽ അടിമുടി ഹരിത മയമാണ് ​ഗെയിംസ്.